നാട്ടറിവ്, വീട്ടറിവ്, കേട്ടറിവ് തുടങ്ങിയവയോട് പൊതുവില്‍ താല്പര്യമില്ല. കാലന്‍ കോഴി കൂവുന്നത് ആളു ചാകാന്‍ നേരമാണ് തുടങ്ങിയവയാണ് മഹാഭൂരിപക്ഷവും .”ഏകോ ഹി ദോഷോ ഗുണസന്നിപാതേ നിമ്മജ്ജതീന്ദോഃ ” എന്ന് കുമാര്‍ ഇന്‍സിഡന്റില്‍ ദാസേട്ടന്‍ പറഞ്ഞതുപോലെ ഇനി ഇതിന്റെ അടിയിലെങ്ങാനും വല്ല ശരിയും മുങ്ങിത്താണു കിടപ്പുണ്ടെങ്കില്‍ത്തന്നെ അതിനു വ്യക്തതയോ തെളിവോ പൂര്‍ണ്ണതയോ ശാസ്തീയസ്വഭാവമോ ഉണ്ടായിരിക്കുകയുമില്ല. അതിനാല്‍ ഇത്തരം അറിവുകള്‍ കണ്ടാല്‍ വായിക്കാറേയില്ല.
മീനുകളെക്കുറിച്ചുള്ള പുസ്തകം ആയതുകൊണ്ടും ശ്രീ. പൊക്കുടന്‍ പ്രശസ്തനായ വ്യക്തിയായതുകൊണ്ടുമാണ് അദ്ദേഹത്തിന്റെ ‘ചൂട്ടാച്ചി’ എന്ന പുസ്തകം കിട്ടിയപ്പോള്‍ വായിക്കാമെന്നു വച്ചത്. മീനുകള്‍ക്ക് പഞ്ചായത്തു മാറുമ്പോള്‍ പേരും മാറാറുണ്ട് മലയാളത്തില്‍ എന്നതിനാല്‍ പൊക്കുടന്‍ പറയുന്ന ഒറ്റ പേരുകളും കൊണ്ട് മീനെ എനിക്കു മനസ്സിലാവുന്നില്ല. വര്‍ഗ്ഗം തിരിക്കുകയോ സാധാരണ രീതിയില്‍ വിവരിക്കുകയോ ചെയ്തിട്ടില്ല, ഫോട്ടോ (ബ്ലാക്ക് & വൈറ്റ്) കൊണ്ടാണ് ചിലതിനെ ഊഹിക്കാന്‍ കഴിയുന്നത്. തദ്ദേശ മീനോ അധിനിവേശ മീനോ എന്ന വത്യാസമില്ല.
കട്‌ല എന്ന മീനിന്റെ മുട്ട കഴിച്ചാല്‍ മനുഷ്യന്‍ മരിച്ചു പോകും എന്നു കണ്ടതോടെ തുടര്‍ന്നു വായിക്കേണ്ടതില്ല എന്നു വരെ ആലോചിച്ചുപോയി. അപ്പോഴാണ് ഒരു വാചകം കണ്ണില്‍ പെട്ടത് ചൂണ്ടയില്‍ കാളാഞ്ചി കുടുങ്ങിയാല്‍ പുലയര്‍ കഴിക്കാന്‍ പാടില്ലായിരുന്നു, പകരം അടുത്തുള്ള മേലാളഗൃഹത്തില്‍ കൊണ്ടു കൊടുക്കണം! ഞാന്‍ പുസ്തകം വായിക്കേണ്ടത് ശാസ്ത്രപുസ്തകം എന്ന രീതിയിലല്ല എന്ന് മനസ്സിലായി. ഇത് നമ്മുടെ ദളിത് ജനതയും പുഴജീവികളുമായുള്ള, ഇതുവരെ ആരും എഴുതാത്ത തരം ബന്ധത്തെപ്പറ്റിയാണ്. അനാചാരമെന്നോ, അത്യാചാരമെന്നോ സത്യമെന്നോ അന്ധവിശ്വാസമെന്നോ വേര്‍തിരിവില്ലാത്ത നിസ്സംഗമായ വിവരണം.
നിങ്ങള്‍ക്കറിയുമായിരുന്നോ ഒരു പ്രദേശത്തെ ദളിതര്‍ക്ക് എപ്പോഴാണ് താറാവിറച്ചി രുചിക്കാന്‍ കഴിയുമായിരുന്നത് എന്ന്? നന്തന്‍ മീന്‍ തിന്നാല്‍ താറാവ് ചത്തുപോകും (കടുത്ത ഉടക്കുന്ന തരം മുള്ളാണ് ഇതിന്) . തനിയെ ചത്ത താരാവിനെ സവര്‍ണ്ണര്‍ കഴിക്കില്ല, അത് ദളിതര്‍ക്ക് ദാനം ചെയ്യും, അപ്പോള്‍ മാത്രമാണ് അവര്‍ക്ക് താറാവിറച്ചി കഴിക്കാന്‍ അവസരം ലഭിക്കുക. ചത്ത പശുവിനെ പറയര്‍ക്ക് നല്‍കുന്നതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നത്.
വയൽപ്പണിക്കാര്‍ക്ക് ഞണ്ട് പണികൊടുക്കുമെന്ന് കേട്ടിട്ടുണ്ടോ? ചെറപൊളിയന്‍ എന്ന് ഒരു ഞണ്ടിനു പേരു വന്നത് അങ്ങനെയാണ്. അധ്വാനിച്ച് ചിറകെട്ടിയാല്‍ ഇവറ്റ അതു തുരക്കും, ചിള പൊളിയുകയും ചെയ്യും . കെട്ടിയ ചിറ പൊളിഞ്ഞാല്‍ ഞാറ്റടി വെള്ളം കൊണ്ടു പോകും. ദളിതനു ഭൂവുടമയില്‍ നിന്നു ലഭിക്കുന്ന സമ്മാനം എന്തെന്ന് ഊഹിക്കാമല്ലോ?
ചിലത് വ്യക്തമായി തിരിയില്ല. ഇദ്ദേഹം കക്കുമ്മന്‍ എന്നു പറയുന്ന മീന്‍ “കക്കും കക്കും” എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുകയും ദിവസങ്ങളോളം ജലത്തിനു പുറത്ത് ജീവിക്കുകയും ചെയ്യും എന്ന് പറഞ്ഞിരിക്കുന്നു. നാട്ടിലെ പുഴജീവികളില്‍ ശബ്ദം പുറപ്പെടുവിക്കുന്ന തരം മീനെന്നു കേള്‍ക്കുമ്പോള്‍ ആദ്യമോര്‍മ്മ വരിക കരിപ്പിടി അഥവാ ക്ലൈംബിങ്ങ് പേര്‍ച്ചിനെയാണ്. പൊക്കുടന്‍ പറയുന്ന തരം ശബ്ദമുണ്ടാക്കണമെങ്കില്‍ അത് allenbatrachus grunniens എന്ന തരം ഫ്രെഷ്‌വാട്ടര്‍ ടോഡ് ഫിഷ് ആയിരിക്കാം പക്ഷേ ഇതിനെ ഗംഗാതടത്തിനു തെക്കോട്ട് കണ്ടതായി അറിവില്ല. ഒരു പക്ഷേ നമ്മുടെ പുഴയില്‍ ഉണ്ടായിരിക്കാം, മറ്റൊരു തരം റ്റോഡ് ഫിഷ് ഒരുപക്ഷേ ആരും കണ്ടെത്താതെ നമ്മുടെ പുഴയില്‍ ഉണ്ടെന്നു പോലുമാകാം.
ഗര്‍ഭരക്ഷയ്ക്കും അസുഖങ്ങള്‍ക്കും കഴിക്കുന്ന മീനുകളെപ്പറ്റി? ശാസ്ത്രീയത നോക്കിയാല്‍ മേലാള വര്‍ഗ്ഗത്തിന്റെ പ്രസവരക്ഷയ്ക്കുള്ള ആട്ടിന്‍സൂപ്പിന്റെയും ലേഹ്യങ്ങളുടെയും ശാസ്ത്രീയത കൂടി നോക്കേണ്ടി വരും. മീനിന്റെ ഔഷധഗുണങ്ങളെപ്പറ്റിയും എവിടെയെങ്കിലും എഴുതേണ്ടതുണ്ട്, അറിവ് ശാസ്ത്രീയമായതുകൊണ്ടല്ല, വൈദ്യന്‍ ചികിത്സിക്കാത്തതും ആടു പോയിട്ട് താറാവിനെയോ പശുവിന്‍ പാലോ പോലും കഴിക്കാന്‍ അവകാശമില്ലായിരുന്ന ഒരു ജനതയുടെ ആചാരങ്ങളും വിശ്വാസങ്ങളും കൂടി കുറിച്ചു വയ്ക്കപ്പെടണം എന്നതുകൊണ്ട്. ആ ജനതയ്ക്ക് ലഭ്യമായിരുന്ന മാംസാഹാരം പുഴമീനായിരുന്നു, അതില്‍ തന്നെ മേല്‍ത്തരം മീന്‍ കിട്ടിയാല്‍ അതു കഴിക്കാനവകാശം കൂടി ഇല്ലായിരുന്നു. കൈനനയാതെ മീന്‍ കിട്ടാന്‍ “അവകാശം” ഉള്ളവര്‍ക്ക് നല്ലമീനുകള്‍ നല്‍കണം.
നീര്‍നായ മുതല്‍ പെരുച്ചാഴിവരെയുള്ള ജന്തുക്കളും, ഞണ്ട്, കൊഞ്ച്, മീനുകളും ഒക്കെയടങ്ങുന്ന വയലും പുഴയും പൊന്തയുമൊക്കെ ആവാസ വ്യവസ്ഥയാക്കിയ ജീവികളും അതേപരിസരം തൊഴിലിടവും പാര്‍പ്പിടവുമാക്കിയ ദളിത് ജനതയുടെ ജീവിതവുമായുള്ള ബന്ധത്തെപ്പറ്റി അധികമാരുമറിയാത്ത, ഒരുപക്ഷേ എവിടെയും എഴുതപ്പെടാത്ത കാര്യങ്ങളുടെ സംക്ഷിപ്ത വിവരണം എന്ന നിലയില്‍ ഈ പുസ്തകം വേറിട്ടു നില്‍ക്കുന്നു.