ചാള – ഒരു ചെറിയ മീനല്ല

ചാള – ഒരു ചെറിയ മീനല്ല

പോഷണമൂല്യം കൂടിയ, അതിസാന്ദ്രലോഹാംശം കുറവുള്ള ഉത്തമ ഭക്ഷ്യമത്സ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തി. ഇതില്‍ തന്നെ കോക്കാന്‍ ചാള (sardinella longiceps) മലയാളിയുടെ നിത്യഭക്ഷണത്തില്‍ പെടുന്നതാകയാല്‍ പ്രത്യേകം പരിചയപ്പെടുത്തല്‍ ഒന്നും വേണ്ട തന്നെ. ഇന്ത്യ, പാക്കിസ്ഥാന്‍, ഒമാന്‍, ഇറാന്‍, യു.ഏ. ഈ, യെമെന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമായും മത്തിപിടിത്തത്തിലെ പ്രമുഖര്‍. ഇവര്‍ ചാള വിപണിയിലെ 80% കയ്യാളുന്നു. ഇവയില്‍ തന്നെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കും രണ്ടാം സ്ഥാനം പാക്കിസ്ഥാനുമാണ്.

ചാളയും കേരളവും

കാലങ്ങളായി മലയാളികള്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന, പോഷക ഭക്ഷണമായിരുന്നു ചാള. മലബാര്‍ അപ്‌വെല്ലിങ് സോണ്‍ എന്നറിയപ്പെടുന്ന തീരക്കടല്‍ പ്രദേശത്ത് സുലഭമായ ചാളയായിരുന്നു ഔട്ട്‌ബോര്‍ഡ് എന്‍‌ജിന്‍, തുഴവള്ളം, ചാളത്തടി എന്നിവയില്‍ മത്സ്യബന്ധനം നടത്തുന്ന ചെറുകിട, സാധു മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗ്ഗവും.

ചാളയില്ലാ കേരളത്തിലേക്ക്

2012 ഇല്‍ 3.9 ലക്ഷം ടണ്‍ ചാളയാണ് കേരളത്തില്‍ പിടിച്ചത്. ഇത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടായുള്ള (ഇതിനു മുന്നേ കണക്കുകള്‍ ലഭ്യമല്ല) ചാളപിടിത്തത്തിലെ സര്‍‌വ്വകാല റിക്കോര്‍ഡ് ആയിരുന്നു . എന്നാല്‍ അതോടെ കഷ്ടകാലവും ആരംഭിച്ചു. 2013 ഇല്‍ കിട്ടിയത് ഇതിനെക്കാള്‍ 41% കുറവ്. 2014ഇല്‍ 61 ശതമാനം കുറവ്, 2015 ഇല്‍ 82 ശതമാനം കുറവ്. 2016 ഔദ്യോഗിക വിവരം ലഭ്യമല്ല, എങ്കിലും 84-87% ഓളം കുറവുണ്ട് എന്നാണ് അറിയുന്നത്. വെറും അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ 200 വര്‍ഷത്തെ സര്‍‌വകാല റിക്കോര്‍ഡുകള്‍ രണ്ടെണ്ണം – ഏറ്റവും വലിയ ക്യാച്ചും ഏറ്റവും ചെറിയ ക്യാച്ചും!

മത്തിയുടെ വന്‍‌കിട കയറ്റുമതിക്കാര്‍ ആയിരുന്ന കേരളം വിദേശരാജ്യങ്ങളില്‍ നിന്നു മത്തി ഇറക്കുമതി ചെയ്ത് ചന്തയില്‍ എത്തിക്കേണ്ട ഗതികേടിലായി. 73000 മലയാളികുടുംബങ്ങള്‍ക്ക് മത്തി‌പിടുത്തവും വിതരണവും ആയിരുന്നു പ്രധാന വരുമാനം. അവര്‍ പട്ടിണിയിലായി. മത്തി തിന്നുന്ന വലിയ മീനുകള്‍, ജലസസ്തനികള്‍, കടല്പ്പക്ഷികള്‍ എന്നിവയ്ക്കും ഭക്ഷണ ദൗര്‍ലഭ്യമായി കേരളത്തില്‍. എങ്ങനെയാണ് ഇത് സംഭവിച്ചത്? കാരണം ഒന്നല്ല, നിരവധിയാണ്.

കാര്യ-കാരണങ്ങള്‍

  1. 620 X 100 മീറ്റര്‍ സീന്‍ വലകളാണ് ദശാബ്ദങ്ങളായി ചാള പിടിത്തത്തിന് ഉപയോഗിച്ചിരുന്നത്. 2012 ആയപ്പോഴേക്ക് 1250 മീറ്റര്‍ വലകള്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ഇവ കൊണ്ട് കൂടുതല്‍ വിസ്തീര്‍ണ്ണത്തില്‍ വലയിട്ട് കൂടുതല്‍ മത്തിക്കൂട്ടങ്ങളെ കുരുക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം വള്ളങ്ങളുടെ ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ശേഷി കൂട്ടി കൂടുതല്‍ ദൂരത്തില്‍ എത്താനും കഴിഞ്ഞു.
  2. കാലാകാലം ജലനിരപ്പില്‍ നിന്നു 30 മീറ്റര്‍ ആഴത്തിലാണ് മത്തിവലകള്‍ ഇട്ടിരുന്നത് 2011 മുതല്‍ അത് 50 മീറ്റര്‍ വരെ താഴ്ത്തി. മത്തി ലഭ്യത പൊടുന്നനെ കൂടിയതിനു ഒരു പ്രധാന കാരണം ഇതായിരുന്നു.
  3. ഇതിനൊടോപ്പം റിങ്ങ് സീന്‍ വലയിടീലിലെ CPUE (ആയാസ – ലഭ്യാനുപാതം) വളരെക്കൂടുന്ന രീതികള്‍ അവലംബിക്കപ്പെട്ടു, പ്രധാനമായും ആയാസം വര്‍ദ്ധിപ്പിച്ച് ലഭ്യത പലമടങ്ങ് കൂട്ടുകയായിരുന്നു.
  4. 2012 ഇല്‍ പൊടിച്ചാള അഥവാ പ്രജനന വലിപ്പമാകാത്ത ചാളയുടെ പിടിത്തം ക്രമാതീതമായി വര്‍ദ്ധിച്ചു.
    കാരണം 1- 4 മനുഷ്യനായി കേരളത്തില്‍ ചാളകളെ അമിത ചൂഷണം ചെയ്ത് അംഗബലം കുറച്ചവ ആണെങ്കില്‍ മറ്റു പല കാരണങ്ങളും ഇതിനൊപ്പമുണ്ട്.
  5. 2013 ഇല്‍ മണ്‍സൂണ്‍ സാധാരണയിലും വളരെ അധികമായിരുന്നു. തീരക്കടലിലെ ലവണാംശം വളരെക്കുറഞ്ഞത് ചാളകളുടെ പ്രജനനത്തെയും കുഞ്ഞുങ്ങളുടെ അതിജീവനത്തെയും പ്രതികൂലമായി ബാധിച്ചു.
  6. 2014 ഇല്‍ മണ്‍സൂണ്‍ ലഭ്യത കുറഞ്ഞതും ബാധിച്ചു. കടലിലേക്ക് ചെളിവെള്ളം കലങ്ങുന്നത് കുറവ് മൂലം ചാളകളുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്ടണ്‍ വളര്‍ച്ച മുരടിച്ചു ചാളകള്‍ പട്ടിണിയിലായത് പിന്നെയും ചാളകളുടെ അംഗബലം കുറച്ചു, പ്രജനന സാദ്ധ്യതയും. 2016 വരള്‍ച്ചയും അങ്ങനെ തന്നെ.
  7. 2014-2015 കാലത്ത് കേരള തീരക്കടലില്‍ അതിഭയങ്കരമായി ജെല്ലി ഫിഷ് വര്‍ദ്ധിച്ചതും ചാളകള്‍ക്ക് ഭീഷണിയായി.
  8. അപ്‌വെല്ലിങ്ങ് – കടല്‍ വെള്ളം അടിയില്‍ നിന്നു മുകളിലേക്ക് പൊന്തുകയും അങ്ങനെ അടിത്തട്ടിലെ വളങ്ങള്‍ വെയിലുള്ള വെള്ളത്തിലെത്തി അവിടെ പ്ലാങ്ക്ടണ്‍ വളരുന്നത് മത്തിയുടെ ഭക്ഷണലഭ്യതയ്ക്ക് അത്യാവശ്യമാണ്. നമ്മുടെ തീരക്കടല്‍ – മലബാര്‍ അപ്‌വെല്‍ സോണ്‍ – മത്തികള്‍ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നത് അപ്‌വെല്ലിങ്ങ് മൂലമാണ്. അസ്ഥിരമായ മഴയും കാലാവസ്ഥയും ഇവിടത്തെ അപ്‌വെല്ലിങ്ങ് കുറച്ച് മത്തിക്ക് പ്ലാങ്ക്ടണ്‍ ലഭ്യത കുറച്ചു അവയെ പട്ടിണിയിലാക്കി.
  9. മേല്‍ പറഞ്ഞ മലബാര്‍ അപ്‌വെല്ലിങ്ങ് സോണിലെ ജലതാപം ശരാശരിയെക്കാള്‍ 1 ഡിഗ്രീ ഉയര്‍ന്നു. സമുദ്രപ്രതല ഊഷ്മ്മാവ് 0.6 ഡിഗ്രീ ഉയര്‍ന്നു. ഒരു പ്രധാന കാരണം എല്‍. നിനോ ആണ്.

കൊരങ്ങായിട്ടും കോഞ്ഞാട്ടയായിട്ടും കടലില്‍ ചാളയില്ലെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. . എന്താണ് മുന്നോട്ട് ഒരു വഴി? ഇത്തരം പ്രതിസന്ധി പരിഹരിക്കാന്‍ ഒരുപക്ഷേ കുറച്ചു വര്‍ഷത്തേക്ക് – അതായത് ബാക്കിയായവ ചില തലമുറകള്‍ പ്രജനനം ചെയ്ത് അംഗസംഖ്യ കൂടും വരെ- കേരളതീരത്ത് മത്തിപിടുത്തം നിരോധിക്കേണ്ടി വന്നേക്കും. എഴുപതിനായിരം തൊഴിലാളികള്‍ എന്തു ചെയ്യും എന്നത് ഒരു പ്രശ്നമാണ്. അവര്‍ക്ക് ഇപ്പോഴേ കാര്യമായ വരുമാനമില്ല എന്നത് വേറേയും.

[വിവരങ്ങള്‍ക്ക് കടപ്പാട് – ഡോ. കൃപ, ശ്രീ. സയ്യിദ് കോയ, ഡോ. ജയഭാസ്കര്‍, ഡോ. പ്രേമ, ഡോ. മുഹമ്മദ്, ഡോ. കലാധരന്‍, ഡോ. സോമി, ഡോ. വിവേകാനന്ദന്‍, ഡോ. സത്യാനന്ദന്‍ – CMFRI , ശ്രീമതി റോസമ്മ സ്റ്റീഫന്‍ – NIO, ഡോ. പ്രകാശ് റാവു- CCEP, WWF]

(ഫേസ്ബുക്ക് പോസ്റ്റ്)

Back to Top