ചെടികൾ മൊത്തം സാധുക്കളും പാവങ്ങളും ആണെന്നൊരു പൊതു അഭിപ്രായമുണ്ടല്ലോ. എന്നാൽ നമ്മുടെ കേരളത്തിലും കുഞ്ഞ് പ്രാണികളേയും കീടങ്ങളേയും കെണിവെച്ച് പിടിച്ച് ശാപ്പിട്ട് തങ്ങൾക്ക് വേണ്ട പോഷകങ്ങൾ സംഘടിപ്പിക്കുന്ന രണ്ട് ചെടിവർഗ്ഗങ്ങളുണ്ട്. മണ്ണിൽ ആവശ്യമുള്ളത്രയും നൈട്രജൻ ഘടകങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് ‘ഫ്രഷ് പ്രാണിജ്യൂസ്’ കുടിച്ച് ഇവർ കാര്യം സാധിക്കുന്നത്. മുറുക്കാൻ ചെല്ലവുമായി വഴിയാത്രക്കാരെ ആകർഷിച്ച് പനയിൽ കയറ്റി കൊന്ന് ചോരയും മാംസവും ഊറ്റിക്കുടിക്കുന്ന കള്ളിയങ്കാട്ട് യക്ഷിയെപ്പോലെ ചില സൂത്രവിദ്യള്ളുണ്ട് ഇവർക്ക്. പരിണാമവഴിയിൽ ആർജ്ജിച്ച അമ്പരപ്പിക്കുന്ന ചില അതിജീവന അനുകൂലനങ്ങൾ. പേടിക്കേണ്ട, വളരെ കുഞ്ഞുപ്രാണികളെ പിടികൂടാനുള്ള കഴിവും വലിപ്പവും മാത്രമേ ഇവയ്ക്കുള്ളു.
സൂര്യപ്രഭയിൽ പുൽനാമ്പുകളിൽ തിളങ്ങുന്ന മഞ്ഞുതുള്ളികൾ പോലെ ഇലകളിലെ രോമത്തലപ്പുകളിൽ പശിമയുള്ള തേന്തുള്ളികൾ ഏന്തിനിൽക്കുന്ന സൂത്ര ചെടിയാണ് ‘ഡ്രോസെറ’.. ഗ്രീക്ക് ഭാഷയിൽ മഞ്ഞുതുള്ളി എന്നർത്ഥമുള്ള ഡ്രൊസോസ് എന്നവാക്കിൽ നിന്നാണ് ഈ മനോഹരമായ പേരുകിട്ടിയത്. കാൽപ്പനിക പ്രഭ ചൊരിയുന്ന ‘സൺ ഡ്യു’ എന്ന ഇംഗ്ലീഷ് പേരും ഉണ്ട്. ലോകത്ത് ആകെ നൂറോളം സ്പീഷിസ് ഡ്രൊസെറ ചെടികളുണ്ടെങ്കിലും കേരളത്തിൽ മൂന്നിനങ്ങളെയാണ് ഇതുവരെയായി കണ്ടെത്തീട്ടുള്ളത്. Drosera indica എന്ന ഇനത്തിന് അക്കരപ്പൂട,അടുകണ്ണി, തീപ്പുല്ല്അഴുകണ്ണി എന്നൊക്കെ പല നാടുകളിൽ പല പേരുണ്ട്.
കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലും പൈതൽമലയിലും ഒക്കെ ഇവ ധാരാളം വളരുന്നുണ്ട്.. വേര് ഒരു പേരിന് മാത്രമാണ് . നിലത്ത് ഉറച്ച് നിൽക്കാനും ജലം വലിച്ചെടുക്കാനും ഉള്ള സഹായം. പ്രധാന പോഷകങ്ങളത്രയും ഇരപിടിയിലൂടെയാണ് നേടുന്നത്.. നല്ല തേന്തുള്ളികൾ തിളങ്ങിനിൽക്കുന്ന പൂവാണെന്ന് കരുതി ‘കിട്ടിപ്പോയ്’ എന്നാർത്തുവിളിച്ച് പറന്നടുക്കുന്ന കുഞ്ഞ് പ്രാണികൾ ഈ പശയിൽ മുഖം തൊടുന്നതോടെ കെണി പ്രവർത്തിക്കും. ഒട്ടിപ്പിടിച്ചവരെ രക്ഷപ്പെടാൻ അനുവദിക്കാതെ ഡ്രൊസെറ വിശ്വരൂപം പുറത്തെടുക്കും.
രൂപാന്തരണം സംഭവിച്ച് തണ്ടുപോലെയുള്ള ഇലകൾ നിമിഷാർദ്ധം കൊണ്ട് വളഞ്ഞ് കുനിഞ്ഞ് പ്രാണീക്ക് ചുറ്റും പിണഞ്ഞ് മറ്റ് രോമങ്ങളിലെ പശനിറഞ്ഞ തേൻകുടുക്കകൾ കൊണ്ട് മൂടി അതിനെ ചലനരഹിതമാക്കി കൊന്നുകളയും. സ്രവിപ്പിക്കുന്ന എൻസൈമുകൾ കൊണ്ട് ദഹിപ്പിച്ച് പോഷകങ്ങൾ മുഴുവനും ഇലകൾ വലിച്ചെടുക്കും.. ബാക്കിയായ ചണ്ടി കാറ്റിൽ പൊടിഞ്ഞുണങ്ങി പാറിപ്പോയ്ക്കോളും. ഒന്നുമറിയാത്തപോലെ തേന്തുള്ളികളുമേന്തി പ്രാണികളെ വീണ്ടും ചതിക്കാൻ, നിഷ്കളങ്ക ഭാവത്തിൽ നിവർന്ന് കാത്തുനിൽക്കും..
നമ്മുടെ ധാരണകളെ മുഴുവൻ ഞെട്ടിക്കുന്ന സുന്ദര പുഷ്പികളാണ്.രണ്ടാമത്തെകൂട്ടർ. സൂത്രസഞ്ചിയും ആയി ജീവിക്കുന്ന യൂറ്റ്രികുലേറിയവിഭാഗക്കാർ. . തണ്ണീർ തടങ്ങളിലും ചതുപ്പുകളിലും വെള്ളം കെട്ടിനിൽക്കുന്ന വയലുകളിലും പൊങ്ങിനില്ക്കുന്ന യൂറ്റ്രികുലേറിയ ഓറിയ (Utricularia aurea),യൂറ്റ്രികുലേറിയ സ്റ്റെല്ലാരിസ്(Utricularia stellaris) എന്നീ ഇനങ്ങളുടെ മഞ്ഞപൂക്കൾ നമ്മൾ കാണാറുണ്ട്. ഇവർ പക്ഷെ ഇരപിടിയൻ ചെടികളാണെന്നകാര്യം ശ്രദ്ധിച്ചിരിക്കില്ല.. നീലയും വയലറ്റും പുഷ്പങ്ങളുമായി വയലിലും നനവാർന്ന ചെങ്കൽ പാറപ്പരപ്പുകളിലും കാണുന്ന കാക്കപ്പൂവും ഇതേ കുടുംബത്തിൽ പെട്ട സസ്യമാണ്. യൂറ്റ്രികുലേറിയ റെട്ടികുലേറ്റ (Utricularia reticulata) , യൂറ്റ്രികുലേറിയ സെസിലി ( Utricularia cecilii)എന്നീ നാവുളുക്കുന്ന പേരുള്ള ഇനങ്ങളാണ് മാടായിപ്പാറയിലും ബ്ലാത്തൂർ പാറപ്പരപ്പുകളിലും നീലക്കടൽ തീർത്ത് ഓണക്കാലത്ത് സാധാരണയായി കാണുന്നതെങ്കിലും ഒന്നര സെന്റീമീറ്റർ മാത്രം ഉയരമുള്ള ‘യൂട്രികുലേറിയ മൈന്യൂട്ടിസിമ’ (Utricularia minutissima) എന്ന കുള്ളൻ ഇനവും ഉണ്ട്. 1989 ഇൽ കാസർകോടെ മുള്ളെരിയയിൽ നിന്ന് ശ്രീ എം.കെ ജനാർദ്ധനം കണ്ടെത്തിയ യൂട്രികുലേറിയ മലബാറിക്ക എന്ന ഇനം ഇവിടെ മാത്രമേ ഉള്ളു. ലോകത്തെങ്ങുമായി ഇരുന്നൂറ്റി ഇരുപതിലധികം ഇനം കാക്കപ്പൂ ചെടികൾ ഉണ്ടെങ്കിലും കേരളത്തിൽ 22 യൂട്രികുലേറിയ സ്പീഷിസുകളെയാണ് ഇതുവരെയായി കണ്ടെത്തീട്ടുള്ളത്. നെൽ വയലുകളിൽ കാണുന്നതിനാൽ ചിലപ്രദേശങ്ങളിൽ നെല്ലിപ്പൂ എന്നും പേരുണ്ടിവർക്ക്.
ഇട്ടി അച്ചുതൻ വൈദ്യരുടെ കൂടി സഹായത്തോടെ കൊച്ചിയിലെ ഡച്ച്ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻറീഡ് കേരളത്തിലെ സസ്യജാലങ്ങളെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻഭാഷയിൽപ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ പോലും ഈ സസ്യത്തെക്കുറിച്ച് പരാമർശം ഉണ്ട്. ജീവലോകത്തിലെ ഏറ്റവും കൗതുകകരമായ ഇരപിടിക്കെണിസൂത്രമാണ് യൂറ്റ്രികുലേറിയ ചെടികൾക്ക് ഉള്ളത്. ഇതിന്റെ വേരുകൾക്കരികിലായി വളരെ ചെറിയ ഉള്ള് പൊള്ളയായ സൂത്ര അറയുണ്ട്.. സൂക്ഷിച്ച് നോക്കിയാലേ അതുകണ്ണിൽ പെടുകയുള്ളു. സഞ്ചിയുടെ വായ്ഭാഗത്തിന് ഒരു അടപ്പ് ഉണ്ടാകും. ആ ഭാഗത്ത് മധുര സ്രവങ്ങൾ ഊറിനിൽക്കും. വെള്ളത്തിൽ ഈ വായ്ഭാഗം പൊങ്ങി നിൽക്കുന്നുണ്ടാകും. വെള്ളക്കെട്ടുകളിലെ വളരെചെറിയ പ്രോട്ടോസോവകളും ജലോപരിതത്തിലെ പ്രാണികളും കുഞ്ഞ് ഉറുമ്പുകളും ഒക്കെ ഈ വായ്ഭാഗത്തേക്ക് ആകർഷിക്കപ്പെടും. ഇനിയാണ് കെണി. തികച്ചും മെക്കാനിക്കൽ ആയാണ് ഇതിന്റെ പ്രവർത്തനം. ഈ ബ്ലാഡറിന്റെ നേർത്ത സുതാര്യ ഭിത്തിയിലൂടെ അകത്തെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാൻ കഴിയും. വെള്ളം പുറത്ത്പോയ ഈ സഞ്ചിയിലെ വാക്വം മൂലം ഉള്ളിലോട്ട് ഒട്ടിയ കോലത്തിലാണുണ്ടാവുക. വായ്ഭാഗത്തെ ചില രോമ സംവിധാനങ്ങൾ പ്രാണിസാന്നിദ്ധ്യത്തിൽ പെട്ടന്ന്അടപ്പ് തുറക്കാൻ കാരണമാകും. അതിലൂടെ കുതിച്ച് അകത്തേക്ക് കയറുന്ന വെള്ളത്തോടൊപ്പം പാവം പ്രാണികളും ഒഴുകിക്കയറും.. കുടുങ്ങിയാൽ കുടുങ്ങിയത് തന്നെ.
കണ്ണ് ചിമ്മിതുറക്കും മുമ്പ് എല്ലാം സംഭവിച്ചിരിക്കും. സെക്കന്റിന്റെ നൂറിലൊരംശം സമയം മതി ഇതിനെല്ലാം കൂടി. വീർത്ത സഞ്ചിക്കുള്ളിലെ വെള്ളം വീണ്ടും ഓസ്മോട്ടിക്ക് മർദ്ദവ്യത്യാസം വഴി ഭിത്തിയിലൂടെ പുറത്തേക്ക് കളയും. ഉള്ളിൽ ദഹനരസങ്ങൾ സ്രവിപ്പിച്ച് കുടുങ്ങിയ പ്രാണികളുടെ ശരീരത്തിന്റെ സത്തെടുത്ത് കുശാലായി പാവം കാക്കപ്പൂചെടി ജീവിക്കും. ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പൂക്കളും ആട്ടി സാത്വികഭാവത്തിൽ അങ്ങിനെ നിൽക്കും.
എഴുതിയത്; വിജയകുമാർ ബ്ലാത്തൂർ, 3-11-17 – ദേശാഭിമാനി അക്ഷരമുറ്റത്തിൽ – ക്ലോസ് വാച്ച്
എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്