ഉഷ്ണമേഖലാ മഴക്കാടുകളിൽ, വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു തുമ്പിയാണ് Camacinia harterti. മലേഷ്യ, തായ്ലൻഡ് , വിയറ്റ്നാം, ചൈന, ബ്രൂണൈ, ഇന്തോനേഷ്യ (സുമാത്ര) എന്നീ രാജ്യങ്ങളിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പിയെ 2017 ൽ അരുണാചൽ പ്രദേശിലെ നംഡഫ നാഷണൽ പാർക്കിൽ (Namdapha National Park) നിന്നുമാണ് സൂവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് . Journal of Threatened Taxa – യുടെ ഏറ്റവും പുതിയ ലക്കത്തിലാണ് Arajush Payra, K.A. Subramanian, Kailash Chandra, Basudev Tripathy എന്നിവരുൾപ്പെട്ട ഗവേഷക സംഘത്തിന്റെ ഈ നിർണായക കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരർത്ഥത്തിൽ ഇന്ത്യയിൽ നിന്നും ആദ്യമായല്ല Camacinia harterti റിപ്പോർട്ട് ചെയ്യപ്പെടുന്നത്. Friedrich Ris 1913-ൽ ഈ തുമ്പി സിക്കിമിൽ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇന്ത്യൻ തുമ്പി പഠനത്തിന്റെ പിതാവായ C.F. Fraser 1920 ൽ ഇതിനെ ബംഗാളിലെ തുമ്പികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ തൃപ്തികരമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ ഫ്രേസർ അദ്ദേഹത്തിന്റെ The Fauna of British India-യിൽ (vol 1-3; 1933-36) ഈ തുമ്പിയെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ K.D.P Wilson 2018 ൽ Camacinia harterti – യെക്കുറിച്ച് പ്രസിദ്ധീകൃതമായ രേഖകളെല്ലാം പഠിച്ചതിന് ശേഷം Ris – ന്റെ 1913 -ലെ കണ്ടെത്തൽ ശരിയാണെന്ന് സ്ഥാപിക്കുകയുണ്ടായി. കൂടാതെ 2018-ൽ പശ്ചിമ ബംഗാളിലെ ബക്സ ടൈഗർ റിസർവിൽ നിന്നും ദത്തപ്രസാദ് സാവന്ത് ഇതിന്റെ പെൺതുമ്പിയുടെ ചിത്രം പകർത്തിയിട്ടുണ്ട്.
Camacinia gigantea, Camacinia harterti, Camacinia othello എന്നിങ്ങനെ മൂന്ന് സ്പീഷീസുകളാണ് Camacinia ജീനസിൽ ഉള്ളത്. ന്യൂഗിനിയ, Aru ദ്വീപുകൾ, സോളമൻ ദ്വീപുകൾ, വടക്കൻ ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് Camacinia othello കാണപ്പെടുന്നത്. കുറച്ചു കൂടി വ്യാപകമായി കാണപ്പെടുന്ന Camacinia gigantea ഇന്ത്യ തുടങ്ങി കിഴക്കോട്ട് വിയറ്റ്നാം വരെയും അവിടെ നിന്നും തെക്കോട്ട് ന്യൂഗിനിയ വരെയും കാണപ്പെടുന്നു.
മനോഹരമായ തിളങ്ങുന്ന നിറങ്ങളുള്ള വലിയ തുമ്പികളാണ് Camacinia harterti. ചിറകുകൾക്ക് ഏകദേശം 50 മില്ലീമീറ്ററോളം വലുപ്പമുള്ള ഇവയുടെ ഉദരത്തിന് 41 മില്ലീമീറ്റർ വലുപ്പമുണ്ട്. ശിരസ്സിന്റെ മുൻഭാഗത്തിന് ഓറഞ്ചു കലർന്ന മഞ്ഞ നിറമാണ്. തവിട്ടും ഇളം നീലയും കലർന്ന നിറങ്ങളിലാണ് കണ്ണുകൾ.
ഉരസ്സിന് മഞ്ഞ കലർന്ന തവിട്ട് നിറമാണ്. ഉദരത്തിന്റെ ആദ്യത്തെ മൂന്ന് ഖണ്ഡങ്ങൾക്ക് മഞ്ഞ നിറവും അഞ്ചു മുതൽ ഒൻപത് വരെയുള്ള ഖണ്ഡങ്ങൾക്ക് തിളങ്ങുന്ന ചുവപ്പ് നിറവുമാണ്. നാലാമത്തെ ഖണ്ഡത്തിന്റെ മുകൾ ഭാഗത്തിന് ഓറഞ്ച് നിറവും കീഴ്ഭാഗത്തിന് മഞ്ഞ നിറവുമാണ്. തവിട്ട് കലർന്ന കറുപ്പ് നിറത്തിലുള്ള പത്താം ഖണ്ഡത്തിന്റെ മുകളിലായി ഒരു ഓറഞ്ച് പാട് കാണാം. സുതാര്യമായ ചിറകുകളുടെ തുടക്ക ഭാഗത്ത് മഞ്ഞ നിറം വ്യാപിച്ചു കാണാം. ചിറകിലെ പൊട്ടിന് കറുത്ത നിറമാണ്. തവിട്ട് കലർന്ന കറുപ്പ് നിറത്തിലാണ് കാലുകൾ. പെൺതുമ്പികൾക്ക് ആൺതുമ്പികളുടെ അത്ര തന്നെ നിറഭംഗിയില്ല.
പശ്ചിമഘട്ടത്തിലുള്ള മഞ്ഞ വരയൻ വർണ്ണ തുമ്പിയെപ്പോലെ (Lyriothemis tricolor ) ഈ തുമ്പികളും മഴക്കാടുകളിലെ വന്മരങ്ങളിലുള്ള പോടുകളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് മുട്ടയിടുന്നത്.
ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്നും 1890-ൽ Ferdinand Karsch എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഈ തുമ്പിയെ ആദ്യമായി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. അന്ന് മുതൽ ഇന്നുവരെ ആകെ 31 Camacinia harterti തുമ്പികളെ മാത്രമാണ് (ആണും പെണ്ണുമായി) കണ്ടെത്തിയിട്ടുള്ളത്. ഇത്രയും അത്യപൂർവ്വമായ ഈ തുമ്പിയെ അരുണാചൽ പ്രദേശിൽ നിന്നും വീണ്ടും കണ്ടെത്തിയത് ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലകളിലെ തുമ്പികളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം.
Image: Camacinia harterti female by Dattaprasad Sawant
ആൺതുമ്പിയുടെ ചിത്രങ്ങൾ കാണുന്നതിന് ഈ വെബ്സൈറ്റ് സന്ദർശിക്കുക: https://odonatavietnam.blogspot.com/2015/04/camacinia-harterti-verified.html
അവലംബം: Payra, A., K.A. Subramanian, K. Chandra & B. Tripathy (2020). A first record of Camacinia harterti Karsch, 1890 (Odonata: Libellulidae) from Arunachal Pradesh, India12(8): 15922–15926
https://doi.org/10.11609/jott.465312815922-15926