Birds of Thodupuzha – Vol 1 – July 2018

Birds of Thodupuzha – Vol 1 – July 2018

Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


ജീവിതത്തിലൊരിക്കലെങ്കിലും പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ശിലാലിഖിതങ്ങളിലും ചുവർചിത്രങ്ങളിലും തുടങ്ങി മനുഷ്യരാശിയുടെ പോയനാൾവഴികളിലെല്ലാം മനുഷ്യനും പക്ഷികളുമായുള്ള അഭേദ്യമായ ബന്ധം കാണാനാകും. പക്ഷികൾ എന്നും മനുഷ്യന് കൗതുകവും അത്ഭുതവുമായിരുന്നു.

ഒരുവന്റെ മാനസികോല്ലാസത്തിനു വേണ്ടി പക്ഷികളെ നിരീക്ഷിക്കുന്ന രസകരമായ വിനോദമാണ് പക്ഷിനിരീക്ഷണം. പ്രകൃതിയിലേക്കുള്ള ഒരു കിളിവാതിലാണിത്. ഒരേ സമയം ആനന്ദകരവും കായികവുമായ ഈ വിനോദം ലോകമെമ്പാടും ദ്രുതഗതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. കാട്, കടൽ, തണ്ണീർതടങ്ങൾ, മരുഭൂമി, വീട്ടുവളപ്പുകൾ തുടങ്ങി എല്ലാത്തരം ആവാസവ്യവസ്ഥകളിലും പക്ഷികളെ കാണാമെന്നത് പക്ഷിനിരീക്ഷണത്തെ കൂടുതൽ ജനകീയമാക്കുന്നു.

‘Birdman of India’ എന്നറിയപ്പെടുന്ന ഡോക്ടർ സാലിം അലിയാണ് ഇന്ത്യയിൽ പക്ഷിനിരീക്ഷണത്തെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ പാത പിൻപറ്റി ധാരാളം പേർ ഈ മേഖലിയിലുമെത്തി. കേരളത്തിന് പക്ഷിനിരീക്ഷണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്നത് മലയാളത്തിന്റെ സ്വന്തം നീലകണ്ഠൻ മാഷാണ്. കേരളത്തിലെ പക്ഷികൾ എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രകൃതിസ്നേഹികളുടെ എക്കാലത്തെയും മികച്ച വഴികാട്ടിയാണ്.

ഓരോ പ്രദേശത്തിനും അവിടുത്തേതുമാത്രമായ ഭൂപ്രകൃതി, മണ്ണ്, മഴ, അതിനെയെല്ലാം ആശ്രയിച്ചുവളരുന്ന സസ്യങ്ങളും ഭക്ഷ്യശൃംഖലയുമുണ്ടാകും. ഇതിനാൽ ജീവികളുടെ വൈവിധ്യവും എണ്ണവുമൊക്കെ ഓരോ സ്ഥലത്തും വ്യത്യസ്‍തമാണ്. ഒരു പ്രദേശത്തിന്റെ പ്രകൃത്യാ ഉള്ള സമ്പത്താണ് അവയുടെ ജൈവവൈവിധ്യം.

ഇടുക്കി ജില്ലയിലെ ഒരു ഇടനാടൻ പട്ടണമാണ് തൊടുപുഴ. തൊടുപുഴയുടെ കൂടുതൽ വിശേഷങ്ങൾ ഉൾപേജുകളിൽ കൊടുത്തിട്ടുണ്ട്. കാര്യമായ പ്രകൃതിപഠനങ്ങളൊന്നും തൊടുപുഴയിൽ ഇതുവരെ നടന്നിട്ടില്ല. പക്ഷികളിലൂടെ തൊടുപുഴയുടെ ജൈവവൈവിധ്യത്തിലേക്ക് വഴിതുറക്കാൻ ശ്രമിക്കുകയാണ് ഈ ചെറിയ സംരംഭം.

തൊടുപുഴയിലേതിന് സമാനമായി റബ്ബർക്കൃഷി മുന്നിട്ടു നിൽക്കുന്ന പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും ഈ ചെക്ക് ലിസ്റ്റ്  ഉപയോഗകരമാകുമെന്നു വിശ്വസിക്കുന്നു.

ചെക്ക് ലിസ്റ്റിലേക്കുള്ള ഡാറ്റ നൽകിയ നിരീക്ഷകർ, തൊടുപുഴയുടെ ഭൂമിശാസ്ത്ര-ചരിത്ര അറിവുകൾ പകർന്നുതന്ന റിട്ടയേഡ് തഹസീൽദാർ പി. അപ്പുകുട്ടൻ സാർ, നിർദ്ദേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച ശ്രീ അൽ ബാദുഷ്, ശ്രീ മനോജ് കരിങ്ങാമഠത്തിൽ, ശ്രീ പ്രേംചന്ദ് രഘുവരൻ എന്നിവർ ഈ പ്രസിദ്ധീകരണം പൂർത്തിയാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഈ അവസരത്തിൽ ഇവരെയെല്ലാം നന്ദിയോടെ സ്മരിച്ചുകൊള്ളുന്നു.

കേരളത്തിൽ ഇതിനോളം 520-ൽപ്പരം പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. സംരക്ഷിതമേഖലകളിൽ നിന്നുപരി  സാധാരണ പ്രദേശങ്ങളിൽ നിന്നുമാണ് പുതിയ കണ്ടെത്തലുകളേറെയും എന്നത് പ്രാദേശിക-പക്ഷിപഠനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. തൊടുപുഴയിൽ പ്രകൃതിനിരീക്ഷണം കൂടുതൽ ജനകീയമാകുന്നതിനൊപ്പം കേരളത്തിലെ ഓരോ പ്രദേശങ്ങളിൽ നിന്നും ഇത്തരം പഠനങ്ങൾ ഉണ്ടാകുവാൻ ഈ സംരംഭം പ്രചോദനമാകട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പ്രസിദ്ധീകരണം എല്ലാ തൊടുപുഴക്കാർക്കും സമർപ്പിക്കുന്നു.

കൗസ്തുഭ് കെ. എൻ.


Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


Related Posts

Back to Top