ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ്‌കൗണ്ട് 2019 – ഫെബ്രുവരി 15 മുതൽ 18 വരെ
എന്താണ് ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് ?
ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകരും വിദ്യാർത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഒത്തുചേരുന്ന ഒരു പക്ഷിനിരീക്ഷണോത്സവമാണ് ഗ്രേറ്റ് ബാക്ക്‌യാർഡ് ബേഡ് കൗണ്ട്. എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ നാലു ദിവസമാണ് ഇത് സംഘടിപ്പിക്കുക. 2013 മുതൽ ഇന്ത്യൻ പക്ഷിനിരീക്ഷകരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ഗ്രേറ്റ് ബാക്ക് യാർഡ് ബേർഡ് കൗണ്ടിന്റെ ഇന്ത്യൻ പതിപ്പ് GBBC India എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
എന്തിനാണിത് ?
ഏറ്റവും പ്രധാനമായി ഇതൊരു വിനോദമാണ്. അതേ സമയം വളരെയധികം വിലപ്പെട്ട മറ്റു ചില ലക്ഷ്യങ്ങൾ കൂടി ഇതിനുണ്ട്. പക്ഷികളുടെ എണ്ണത്തെക്കുറിച്ച് ഓരോ വർഷവും ലഭിക്കുന്ന ഈ കണക്കുകൾ ഉത്തരം കിട്ടേണ്ട പല ചോദ്യങ്ങൾക്കും മറുപടിയാവുന്നു.
ഒന്നാമതായി നാട്ടിൽ ഏതൊക്കെ ഭാഗത്ത് ഏതൊക്കെ പക്ഷികളാണ് കാണപ്പെടുന്നത് എന്ന അറിവ്. കൂടാതെ കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ മാറ്റങ്ങളും അവയെ എങ്ങനെയൊക്കെ ബാധിക്കുന്നു, മുൻവർഷത്തെ അപേക്ഷിച്ച് പക്ഷികളുടെ എണ്ണത്തിലും അവയുടെ വാസപ്രദേശങ്ങളിലും മാറ്റമുണ്ടോ മുതലായ വിവരങ്ങൾ, ഇനി ഒന്നും പോരെങ്കിലോ, നിങ്ങളുടെ കൂട്ടുകാരെ പക്ഷിനിരീക്ഷണത്തിലേയ്ക്ക് വഴിതിരിച്ചുവിടാനുള്ള ഒരു അവസരം കൂടിയാണിത്. കഴിയുമെങ്കിൽ പ്രാദേശികമായി ചെറുതോ വലുതോ ആയ ഒരു പരിപാടിയാക്കി തന്നെ നിങ്ങൾക്കീ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിന്റെ ഭാഗമായി നടത്താം
എന്ന് ?
2019 ലെ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് ഫെബ്രുവരി 15 മുതൽ 18 വരെയുള്ള നാലു ദിവസമാണ് നടത്തുന്നത്. നിങ്ങൾക്ക് കഴിയുന്ന ഏതൊരിടത്തും. അത് വീടിന്റെ പിന്നിലോ കാട്ടിലോ റോട്ടിലോ വയലിലോ വളപ്പിലോ ആവട്ടെ, 15 മിനുറ്റ് നേരം പക്ഷിനിരീക്ഷണം നടത്തുക. നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന എല്ലാ സ്പീഷീസ് പക്ഷികളുടെയും പേരും എണ്ണവും രേഖപ്പെടുത്തുക. പലജാതി പക്ഷികളെയും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമേ വേണ്ട. നിങ്ങൾ തിരിച്ചറിയുന്നവ തന്നെ ധാരാളം. ഇങ്ങനെ ഒരാൾക്ക് കഴിയുന്നത്ര 15 മിനുറ്റ് നിരീക്ഷണക്കുറിപ്പുകൾ നാലു ദിവസം കൊണ്ട് തയ്യാറാക്കുക. www.ebird.org/india എന്ന വെബ് സൈറ്റ് വഴി നിങ്ങളുടെ നിരീക്ഷണക്കുറിപ്പുകൾ അയച്ചുതരുക. ഇ ബേർഡ് നിങ്ങളിതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിൽ വളരെയെളുപ്പം അതിൽ പ്രവേശിക്കാനും നിരീക്ഷണക്കുറിപ്പുകൾ നൽകാനും കഴിയും.
ആരാണ് നടത്തുന്നത് ?
പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ഇന്ത്യയിലെ കൂട്ടായ്മയായ ബേർഡ് കൗണ്ട് ഇന്ത്യ കളക്റ്റീവ് എന്ന പ്രസ്ഥാനമാണ് ഇന്ത്യയിൽ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് സംഘടിപ്പിക്കുന്നത്.
അറിയാമോ !
2018 ലെ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിന്റെ ഭാഗമായി 1440 പേർ രാജ്യമെമ്പാടും പക്ഷിനിരീക്ഷണത്തിനിറങ്ങുകയും 825 ജാതികളെ ആകെ കണ്ടെത്തുകയും ചെയ്തു. അവരൊന്നിച്ച് 11800 നിരീക്ഷണക്കുറിപ്പുകളാണ് നാലു ദിവസം കൊണ്ട് നൽകിയത്.