സഹ്യപർവ്വതനിരകളിൽ നിന്നും പുതിയ ഒരു തുമ്പി കൂടി…

സഹ്യപർവ്വതനിരകളിൽ നിന്നും പുതിയ ഒരു തുമ്പി കൂടി…

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിൽ നിന്നും പുതിയ ഒരിനം തുമ്പിയെ കൂടി കണ്ടെത്തിയിരിക്കുന്നു. അത്യപൂർവമായ ജീവജാതികൾക്ക് പേരുകേട്ട അഗസ്ത്യമല ബിയോസ്ഫിയർ റിസർവ്വിൽ നിന്നും Zoological Survey of India -യിലെ ശാസ്ത്രജ്ഞരായ ശ്രീ. ആർ. ബാബു, ശ്രീ. കെ.എ. സുബ്രഹ്മണ്യൻ എന്നിവരാണ് ഈ തുമ്പിയെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. അഗസ്ത്യമല ജൈവമണ്ഡലത്തിന്റെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടുന്ന വനമേഖലയിൽ നിന്നാണ് ഈ കടുവാതുമ്പിയെ ഗവേഷകർ കണ്ടെത്തിയത്. Gomphidae (കടുവത്തുമ്പികൾ) തുമ്പി കുടുംബത്തിൽ ഉൾപ്പെടുന്ന പുതിയ തുമ്പിയുടെ ശാസ്ത്രീയ നാമം Gomphidia podhigai (അഗസ്ത്യമല എന്നു തന്നെയാണ് podhigai എന്ന പ്രാചീന തമിഴ് വാക്കിന്റെ അർത്ഥം).

Copyright : Zootaxa

ഇന്ത്യയിലാകമാനം 7 സ്പീഷീസുകളാണ് Gomphidia എന്ന ജീനസിൽ ഉള്ളത് (പുതിയ സ്‌പീഷീസ് ഒഴികെ ). ഇവയിൽ 3 എണ്ണം പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ഇവിടെ കാണപ്പെടുന്ന G fletcheri, G kodaguensis, G platyceps എന്നീ 3 സ്‌പീഷീസുകളും പശ്ചിമ ഘട്ടത്തിലെ സ്ഥാനീയ തുമ്പികളാണ്. ഇവയിൽ G. kodaguensis (പുഴക്കടുവ തുമ്പി) ഒഴിച്ച് മറ്റു സ്പീഷീസുകളുടെ type specimen മാത്രമാണുള്ളത് (അവയുടെ സമീപകാല റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല ).

വനപ്രദേശങ്ങളോട് ചേർന്ന് കാണപ്പെടുന്ന പുഴക്കടുവ (G. Kodaguensis) തുമ്പിയോട് കാഴ്ചയിൽ സാമ്യമുള്ളതാണ് പുതിയ തുമ്പി. കറുത്ത ശരീരത്തിൽ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ കാണാം. പുഴക്കടുവ തുമ്പിയിൽ നിന്നും വ്യത്യസ്തമായി ഈ തുമ്പിയുടെ ഉദരത്തിലെ എട്ടാമത്തെയും ഒമ്പതാമത്തെയും ഖണ്ഡങ്ങൾ (S8 & S9) മുഴുവനായും കറുത്തനിറത്തിൽ ഉള്ളതാണ്. ഈ പ്രത്യേകത വെച്ച് ഈ തുമ്പിയെ പുഴക്കടുവ തുമ്പിയിൽ നിന്നും വളരെ എളുപ്പത്തിൽ തിരിച്ചറിയാം. മറ്റു കടുവാ തുമ്പികളെ പോലെ വനപ്രദേശങ്ങളിലെ കാട്ടരുവികൾ തന്നെയായിരിക്കണം ഈ തുമ്പിയുടെയും ആവാസവ്യവസ്ഥ എന്നാണ് ഗവേഷകരുടെ അനുമാനം. ഇതിന്റെ പെൺതുമ്പിയെ കണ്ടെത്തിയിട്ടില്ല.

പശ്ചിമഘട്ടത്തിലെ തുമ്പികളിൽ വളരെ കുറച്ചുമാത്രം പഠനങ്ങൾ നടന്നിട്ടുള്ള ഒരു ജനുസ്സാണ് Gomphidia. ഈ ജനുസ്സിൽ പെട്ട പല തുമ്പികളുടെയും പെൺതുമ്പികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഇവയുടെ ആവാസവ്യവസ്ഥ, ലാർവയുടെ വളർച്ചാഘട്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വളരെ പരിമിതമായ അറിവുകൾ മാത്രമാണ് നമുക്ക് ഉള്ളത് എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമഘട്ടത്തിൽ നിന്നും ഏകദേശം 60 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ജനുസ്സിൽ പെട്ട ഒരു പുതിയ തുമ്പിയെ കണ്ടെത്തുന്നത്.

എന്തായാലും കേരളത്തിലെ തുമ്പി നിരീക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആവേശകരമായ ഒരു വാർത്തയാണിത്. പശ്ചിമഘട്ടത്തിന്റെ കേരളത്തിലുള്ള വനമേഖലകളിലും ഇതിനെ കാണാൻ സാധ്യതയുണ്ട്. ഈ നിർണായക കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ( ജൈവവർഗീകരണ വിഭാഗത്തിലെ അന്താരാഷ്ട്ര ജേണലായ Zootaxa- യുടെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്).

Back to Top