കവ: ചാറ്റൽ മഴയിൽ കുളിരുന്ന സുന്ദരി

കവ: ചാറ്റൽ മഴയിൽ കുളിരുന്ന സുന്ദരി

ഞങ്ങൾ എത്തുമ്പോഴും കവയിൽ മഴ പെയ്യുകയായിരുന്നു. ഒരു മാത്ര നേരത്തേക്ക്, പിന്നെ പിണങ്ങിപോകുന്ന കുട്ടിയെ പോലെ മായും. വെയിലിന്റെ തലോടൽ ഒരു സുഖമായി തോന്നുമ്പോൾ വീണ്ടും ചിണുങ്ങിയെത്തും, മഴ, ഒരു കുറുമ്പിയെ പോലെ.

Image: Mohammed Sayeer

മലപ്പുറം കൂട്ടുകാരുമൊത്ത് മലമ്പുഴയിലേക്കുള്ള യാത്രയുടെ അവസാനം കവയിൽ ആയിരുന്നു. എപ്പോഴും എന്നതുപോലെ ഇത്തവണയും ആദ്യമെത്തിയത് ഞാനും സിദ്ധാർഥുമായിരുന്നു. തെളിഞ്ഞ വെയിലിൽ മലമ്പുഴയിലെത്തി താമസ സൗകര്യം റെഡിയാക്കി ഉച്ചഭക്ഷണവും കഴിച്ചു ഞങ്ങൾ ഡാം പാർക്കിലേക്ക് ( മലമ്പുഴ ഗാർഡൻ ) പോയി. ആദ്യം ഗാർഡനുതൊട്ടുള്ള സ്നൈക്ക്പാർക്കിൽ കേറി പാമ്പുകളുമായി ഒരു കൂടിക്കാഴ്ച. അവിടുന്നിറങ്ങി പൂന്തോട്ടത്തിലേക്കു, ആകെകാടുപിടിച്ചുകിടക്കുന്നു. ആളുകൾ കുറവായിരുന്നു. രണ്ടു ആനറാഞ്ചികൾ ഒരുമിച്ചു ഇരതേടുകയുംഇടയ്ക്കിടെ ഒരുമിച്ചു പറന്നുവായുവിൽ നൃത്തം വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വയൽ വരമ്പൻമാർ കുറച്ചുപേരുമുണ്ട്. കൂടെ കുറെ അണ്ണാറക്കണ്ണന്മാരും. വെറുതെ പാർക്കിൽ ഒന്ന് കറങ്ങി വരുമ്പോഴേക്കും വേലിത്തത്തകളുടെ ചേക്കേറൽ സമയം ആയിരുന്നു, പിന്നെ 30 ഓളം പനംകൂളന്മാരും ഡാമിനെ പ്രദക്ഷിണം വെക്കുന്നുണ്ട്. ചാറ്റൽ മഴ തുടങ്ങുമ്പോഴേക്കും ഞങ്ങൾ പിൻവാങ്ങി.

Image: Mohammed Sayeer


അത്താഴം നേരത്തെ കഴിച്ചു റൂമിൽ വന്നു. രാത്രി വരുമെന്ന് പറഞ്ഞിരുന്ന നസ്രുവിനെയും കൂട്ടരെയും ഒന്ന് വിളിച്ചു നോക്കി. അപ്പോഴാണ് പറയുന്നത് പാതിരാത്രിയാവും വരാൻ എന്ന്. അവർക്കു കൂടെ റൂം പറഞ്ഞു ഉറപ്പിച്ചു നേരത്തെ കിടന്നു. പിന്നീട് 12 കഴിഞ്ഞു അവരെത്തി. കൂടെയുള്ള ശ്രീനില, സിജി, ഇവരെ എന്റെ കൂടെ റൂമിൽ വിട്ടു, സിദ്ധാർഥ്നസ്‌റു, സയീർ ഡോക്ടർ, നജീബ്, റിനാസ്, അരുൺ ഭാസ്കർ, മകൻ ദിലീപൻ എന്നിവരോടൊപ്പം അവരുടെ റൂമിലുംകിടന്നു.

Image: Siji PK
Image: Siji PK

പുലർച്ചെ അഞ്ചിന് തന്നെ ഉണർന്നു, ആറുമണി ആകുമ്പോഴേക്കും കവയിലേക്കുള്ള പുറപ്പാട് പൂർത്തിയായി. അങ്ങനെ ഇളം തണുപ്പിൽ, മഴപെയ്തു തോർന്ന വഴിയിലൂടെ യാത്ര. മഴ ചതിക്കും എന്നൊരു പേടി ഉണ്ടായിരുന്നു. നല്ല കാഴ്ച, പച്ചപ്പിന്റെ കുളിര്‌ കണ്ണിനും മനസ്സിനും. മഴയായതുകൊണ്ടാവാം പക്ഷികൾ ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു നല്ല പോയിന്റിൽ വണ്ടി നിർത്തി ഇറങ്ങി. കാനകത്രികക്കിളികൾ ഇലക്ട്രിക്ക് ലൈനിൽ ഇരിക്കുകയും ഇടയ്ക്കിടെ ഒരു കറക്കം കറങ്ങി വരുന്നുമുണ്ട്. പ്രിനിയകൾ ” കില് കില് ” പാടുന്നുണ്ട്. കുറച്ചു മാറിയുള്ള ചതുപ്പിൽ പുള്ളിച്ചുണ്ടൻ താറാവും താമരക്കോഴിയും. അതിനു അതിരിടുന്ന പുൽകൂട്ടത്തിൽ ഒരു ആട്ടക്കാരൻ ഞങ്ങളെ കണ്ടു പതുങ്ങി. ആനറാഞ്ചികളും മരംകൊത്തികളും മരതകപ്രാവും ചാരവരിയൻ പ്രാവും പിന്നെയും കുറെപേരും തൊട്ടടുത്തുള്ള അരയാൽ മരത്തെ കൈവശപ്പെടുത്തിയിട്ടുണ്ട്. അപ്പോഴേക്കും സുജിത്തും സംഘവും എത്തി. അവിടെ കുറെ നേരത്തെ സ്കാനിംഗ് കഴിഞ്ഞു വീണ്ടും മുന്നോട്ടു വിട്ടു. അടുത്ത സ്റ്റേഷൻ ഒരു പാലത്തിനു സമീപമായിരുന്നു. ഒരുവശം കുന്നും മറുവശം വിശാലമായ ചതുപ്പും. അവിടെ നല്ലൊരു കിളിക്കൂട്ടം ഞങ്ങൾക്ക് ദർശനം തരാനുണ്ടായിരുന്നു.

Kava, Malampuzha (Palakkad); Image by Siji PK

കുറച്ചു ചെറുവീടുകൾ. ഒരു വീടിനു സമീപത്തുകൂടെ ചതുപ്പിലേക്കുള്ള വഴിയിലേക്കിറങ്ങി, ഞങ്ങൾ. ഒരു കാക്കരാജൻ, കൽമണ്ണാത്തികളോടൊപ്പം ഇരതേടുന്നുണ്ടായിരുന്നു. വേറെയും കിളികൾ, അയോറ, ഇലക്കിളികൾ, മഞ്ഞ കറുപ്പൻ, ബുൾബുളുകൾ. .. .. അപ്പോഴേക്കും തൊഴുത്തിൽ പശുവിനെ കറന്നിരുന്ന ഒരാൾ ആരാണവിടെ എന്നൊരു ചോദ്യം, അപ്പോഴേ ഞങ്ങൾ മതിലുചാടി ഓടി. എന്തായാലും നല്ലൊരു ആക്ടിവിറ്റി ആയിരുന്നു.

Ashy Woodswallow by Sujeesh P

അവിടുന്ന് വിട്ടപ്പോഴേ വഴീൽ ചായക്കട ഉണ്ടോ എന്നായി നോട്ടം. ഒന്ന് രണ്ടു സ്ഥലത്തു അന്വേഷിച്ചെങ്കിലും അവിടെ ഒന്നും ആയിട്ടുണ്ടായിരുന്നില്ല. അങ്ങനെ കരടിച്ചോല എത്തിയപ്പോ ഒരു കൊള്ളാവുന്ന ഹോട്ടൽ. സ്റ്റാർ ഒന്നുമല്ലേയ്. നാട്ടിൻപുറത്തെ മികച്ചത് എന്ന് പറയാം. മതിയാവോളം ചൂട് ദോശയും ഓംലെറ്റും കഴിച്ചു ഉടമ കാണിച്ചുതന്ന വഴീലൂടെ കാടിന്റെ ഒരു ഓരം ചേർന്ന് ഉള്ളിലേക്ക് കയറി. ആഹാ ആഹഹാ, സൂപ്പർ കാഴ്ച. കുറേപ്പേരെ ലിസ്റ്റിലാക്കാൻ കുറച്ചു നേരത്തെ യാത്ര സഹായിച്ചു.

വീണ്ടും മുന്നോട്ടു, ഇടയ്ക്കിടെ ചാറ്റൽ മഴ ഞങ്ങളോടൊപ്പം വരുന്നുണ്ട്. ഒടുക്കം എത്തിയത് പുഴത്തടത്തിൽ. വാനമ്പാടികളും വർണ്ണക്കൊക്കുകളും മയിലുകളും വരമ്പൻമാരും കയ്യടക്കി വച്ച കവയിൽ. യക്ഷികൾ ഒഴിഞ്ഞ കരിമ്പനകൾ ഭൂമിയെ ചക്രവാളവുമായി വേർതിരിക്കുന്ന പോലെ. മനോഹരമായൊരിടം. പെട്ടന്ന് ചാറി മാഞ്ഞുപോകുന്ന മഴ കവയെ സുന്ദരിയാക്കുന്നു. കയത്തിൽ പോത്തുകൾ, കരയിൽ മേയുന്ന കുറച്ചു പൈക്കിടാങ്ങൾ. മ്യാവൂ കരച്ചിലുമായി അകലെ മയിലുകൾ. പുഴയുടെ അപ്പുറത്തു നാലു കുഞ്ഞുങ്ങളുമായി ഏഴു വർണ്ണക്കൊക്കുകൾ, ചാരമുണ്ടികളും ചായമുണ്ടികളും സ്പോട്ട് ബിൽഡ് താറാവുകളും. ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചു മഴ തകർത്തു പെയ്യാൻ തുടങ്ങി. പിന്നെ മടക്കമല്ലാതെ വേറെ വഴിയില്ല. ഇനിയൊരിക്കൽ വരുമെന്ന് നിശബ്ദമായി വിടചൊല്ലി, തിരികെ.

Ebird Checklist https://ebird.org/view/checklist/S47089019

യാത്രകളുടെ പുസ്തകത്തിൽ ഒരു താൾ കൂടി, ഓരോ യാത്രയുടെയും അവസാനം നേർത്തൊരു നൊമ്പരം ബാക്കിയാക്കി കൂട്ടുകാർക്കു വിട, അടുത്ത യാത്ര വരെ.

Back to Top