ചളവറയിലെ തുമ്പി വിശേഷങ്ങൾ

ചളവറയിലെ തുമ്പി വിശേഷങ്ങൾ

ഇളം നീല നിറമുള്ള രണ്ടു കുഞ്ഞു കണ്ണുകളാണ് ആദ്യത്തെ തുമ്പി ഓർമ്മ. വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ. പിന്നെ ഉള്ളത് കുറച്ചുകൂടി മുതിർന്നതിനു ശേഷം പാടത്തും ഗ്രൗണ്ടിലും എല്ലാം കളിക്കുമ്പോൾ മുഖത്തു വന്നിടിക്കുന്ന മഞ്ഞ തുമ്പികൾ. ആദ്യത്തേത് നാട്ടുനിലത്തൻ തുമ്പിയും രണ്ടാമത്തേത് തുലാത്തുമ്പിയും ആയിരുന്നു എന്ന് ഇന്നറിയാം, അന്നറിയില്ലായിരുന്നു.

വളരെ യാദൃശ്ചികമായാണ് തുമ്പി നിരീക്ഷണം തുടങ്ങിയത്. ചെടികളിലാണ് പണ്ട് മുതലേ താല്പര്യം. ജോലി കിട്ടിയപ്പോൾ ആദ്യം ചെയ്തത് ഒരു ക്യാമറ വാങ്ങുകയായിരുന്നു. Fuji യുടെ ഒരു ബേസിക് point & shoot ക്യാമറ. നാട്ടിലുള്ള ചെടികളുടെ ഫോട്ടോ-ഡോക്യൂമെന്റഷൻ ആയിരുന്നു ലക്ഷ്യം. പക്ഷേ 2007ൽ വാങ്ങിയ ക്യാമറ 2014 വരെ പൊടിപിടിച്ചിരുന്നു. സാഹചര്യം ശരിയല്ലായിരുന്നു. പിന്നീട് 2014ൽ വീട്ടിലിരുന്നു പണിയെടുക്കാൻ (medical transcription) തുടങ്ങിയപ്പോഴാണ് ക്യാമറ പുറത്തെടുത്തത്. രാത്രി ജോലി കഴിഞ്ഞാൽ രാവിലെ ക്യാമറയുമെടുത്ത് പറമ്പിലേക്കിറങ്ങുന്നത് പതിവായി. അപ്പോഴാണ്, അപ്പോൾ മാത്രമാണ് എന്റെ വീടിന് ചുറ്റും ഇത്രയധികം തുമ്പികളും പൂമ്പാറ്റകളും ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. ആ ചിത്രങ്ങൾ ഫേസ് ബുക്കിൽ പങ്കു വെച്ചു തുടങ്ങിയപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഒത്തിരി പ്രകൃതി നിരീക്ഷകരെ സുഹൃത്തുക്കളായി ലഭിച്ചു.

കൂടിപ്പോയാൽ ഒരു ഇരുപത് അല്ലെങ്കിൽ ഇരുപത്തഞ്ച്, അതിനപ്പുറം എന്തായാലും ഉണ്ടാവില്ല. വീട്ടിനു ചുറ്റും തുമ്പി നിരീക്ഷണം തുടങ്ങുമ്പോൾ അതായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് തുമ്പികൾ എനിക്ക് മുന്നിലേക്ക് പറന്ന് വന്നുകൊണ്ടേയിരുന്നു. ഇരുപത്തഞ്ച് മുപ്പതായി, നാല്പതായി, അൻപതായി, ഒടുവിലിപ്പോൾ അൻപത്തഞ്ചിൽ എത്തി നിൽക്കുന്നു.

സിന്ദൂരച്ചിറകൻ (Trithemis aurora)

പക്ഷികളെപ്പോലെയോ, ശലഭങ്ങളെപ്പോലെയോ പ്രകൃതി നിരീക്ഷകരുടെ ശ്രദ്ധ ലഭിക്കാത്ത (എന്നാൽ പാരിസ്ഥിതികമായ വളരെയധികം പ്രാധാന്യമുള്ള) ഒരു ജീവി വർഗ്ഗമാണ് തുമ്പികൾ. ഇപ്പോൾ ഈ സ്ഥിതിക്ക് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകൾ ഇപ്പോൾ തുമ്പി നിരീക്ഷണത്തിൽ താല്പര്യം കാണിക്കുന്നുണ്ട്. ഈ ഒരു മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന Society for Odonate Studies എന്ന സംഘടനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷം.

നാട്ടിലുള്ള ആളുകളിൽ, പ്രത്യേകിച്ചും കുട്ടികളിൽ, പ്രകൃതി നിരീക്ഷണത്തിൽ താല്പര്യം ജനിപ്പിക്കുക, തങ്ങളുടെ ചുറ്റുപാടുമുള്ള ജൈവ വൈവിധ്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ കൊച്ചു പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കൂടെ നിന്ന് പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.

ചളവറയിലെ തുമ്പി വിശേഷങ്ങൾ
(A Pictorial Handbook on the Dragonflies and Damselflies of Chalavara
Panchayath, Palakkad, Kerala)
By: Muhamed Sherif K
First Edition: May 2020
© 2020 Society for Odonate Studies CC BY 4.0.

Download link: https://archive.org/details/chalavarayile-thumbi-visheshangal/mode/2up

Back to Top