ലോക സമുദ്രദിനവാരാഘോഷത്തിന്റെ ഭാഗമായി, തോട്ടപ്പള്ളി കടൽത്തീരത്തു അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പ്രതീകാത്മകമായി നീക്കി. തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കും വൃത്തിയാക്കി.
ഗ്രീൻ റൂട്സിന്റെയും, യുവവേദി പുന്തലയുടെയും പ്രവർത്തകർ സംയുക്തമായി ഈ പരിപാടിയിൽ പങ്കെടുത്തു.
തോട്ടപ്പള്ളി മുതൽ പല്ലനവരെയും തോട്ടപ്പള്ളി മുതൽ ഹാർബർ വരെയും ഉള്ള തീരം പലവിധ മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.കൂടുതലും ഉപയോഗശൂന്യമായ ചെരുപ്പുകളും, തെർമോകോൾ, മദ്യക്കുപ്പികൾ, സിറിഞ്ചുകൾ, പ്ലാസ്റ്റിക്ക് കവറുകൾ തുടങ്ങി നാനാവിധമായ മാലിന്യങ്ങൾ.
ഏകദേശം 100 മീറ്റർ ചുറ്റളവിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ 15 ചാക്കോളം വരും. അവയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പലതു കഴുകി എടുക്കാൻ പോലും കഴിയുന്നവ അല്ല, കാരണം പൊടിഞ്ഞുപോകുന്ന അവസ്ഥയിലാണ് പലതും. അങ്ങിനെ കഴുകിയാൽ അവ പൊടിഞ്ഞു മൈക്രോ പ്ലാസ്റ്റിക് ആയി വീണ്ടു ശല്യമായി തുടരും.മൈക്രോ പ്ലാസ്റ്റിക്കുകൾ കടലിലും ജലാശയങ്ങളിലും കലരുന്നത് മത്സ്യങ്ങൾഭക്ഷിക്കാൻ ഇടയാകുന്നുണ്ട്.ആ മത്സ്യങ്ങൾ തിരികെ നമ്മളിലേയ്ക്കു തന്നെ മടങ്ങി എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ്. അത്തരം പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ ആരുംവങ്ങാത്തതും ഞങ്ങളെ ബുദ്ധിമുട്ടിച്ചു. അതുപോലെ തന്നെ പരിഹരിക്കാൻ ആകാത്ത പ്രശ്നമായി അവശേഷിച്ച മാലിന്യം ആയിരുന്നു ചെരുപ്പുകളും, കുപ്പികളും, മരുന്നു വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും.
മാലിന്യ നിർമാർജനം വളരെ ചിന്തിച്ചു ക്രിയാത്മകമായി ഇടപെടേണ്ടുന്ന ഒന്നാണ്. അല്ലെങ്കിൽ മാറാരോഗങ്ങൾ പെരുകും. ക്യാൻസർ രോഗം പനി പോലെ വ്യാപകമാകുന്നതിന് കാരണവും നമ്മൾ തന്നെ. അജൈവ മാലിന്യങ്ങളിൽ അധികവും പുനരുപയോഗിക്കാൻ കഴിയുന്നവ അല്ല .അത്തരം വസ്തുക്കളുടെ നിർമാണവും വ്യാപനവും രാജ്യത്തെ ഭരണകർത്താക്കൾ യുക്തിപൂർവം ഇടപെട്ടില്ലെങ്കിൽ പൊതു സമൂഹം രോഗഗ്രസ്ഥരാകും. ഖരമാലിന്യ സംസ്കരണം കൃത്യമായ രീതിയിൽ കേരളത്തിൽ ഒരിടത്തും നടക്കുന്നില്ല അതും പൊതു സമൂഹം ചിന്തിക്കേണ്ട വിഷയമാണ്.കേരളത്തിലെ തോട്ടപ്പള്ളി എന്ന കൊച്ചു പ്രദേശത്തെ 100 മീറ്റർ ചുറ്റളവിലെ അവസ്ഥ ഇതാണെങ്കിൽ ഇന്ത്യയിലെ അവസ്ഥ ചിന്തിച്ചു നോക്കൂ?.
എങ്ങിനെ പരിഹരിക്കും ഈ പ്രശ്നം?