പണത്തിനു മീതെ പറക്കാത്ത നിയമങ്ങള്‍!
ഇത്തവണത്തെ തണ്ണീര്‍ത്തട സംരക്ഷണ ദിനത്തിന്റെ പ്രസക്തിയെന്താണെന്നുവെച്ചാല്‍, തണ്ണീര്‍ത്തടങ്ങളുടെ മരണമണി മുഴങ്ങാന്‍ പോകുന്ന പ്രത്യേക നിയമഭേദഗതിയുമായാണ് ഭരണകൂടം ഇതിനെ വരവേല്‍ക്കുന്നത് എന്നതാണ്. ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റിയ തണ്ണീര്‍ത്തട സംരക്ഷണ നിയമമായിരുന്നു 2008-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഒരു ദശകത്തിനുശേഷം അതേ പാര്‍ട്ടിതന്നെ ആ നിയമത്തില്‍ വെള്ളംചേര്‍ത്തുകൊണ്ട് നിയമഭേദഗതി അവതരിപ്പിച്ചിരിക്കുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. പ്രാദേശികമായിട്ടുണ്ടാവുന്ന പ്രതിരോധങ്ങളെപ്പോലും ചെറുക്കുക എന്ന ഉദ്ദേശത്തിലായിരിക്കണം പഞ്ചായത്തിനുണ്ടായിരുന്ന അധികാരങ്ങള്‍ പോലും നിയമ ഭേദഗതിയില്‍ എടുത്തു കളഞ്ഞത്. ബേസിക് ടാക്സ് രജിസ്റ്റര്‍ (BTR) തിരുത്താന്‍ കഴിയുക എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. കയ്യില്‍ കാശുള്ളവന് എപ്പോള്‍ നികത്തിയ വയലായാലും നിയമസാധുത കിട്ടുമെന്നതാണ് ഏറ്റവും വലിയ ദുരന്തം. പണത്തിനു മീതെ പറക്കാത്ത നിയമങ്ങള്‍!