ലോക തണ്ണീര്‍ത്തട ദിനചിന്തകള്‍

2013-02-02 ൽ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

ഡോ. വി എസ് വിജയന്‍
ഫെബ്രുവരി 2 – ലോക തണ്ണീര്‍ത്തട ദിനം. 1971-ലെ ഇതേ ദിനത്തിലാണ്, ലോകമെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങള്‍ ദ്രുതഗതിയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ശോചനീയാവസ്ഥയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കാസ്പിയന്‍ സമുദ്രതീര പട്ടണമായ (ഇറാനിലെ) റാംസറില്‍ ലോകനേതാക്കള്‍ ഒന്നിച്ചുകൂടിയത്. ജൈവവൈവിധ്യ സംരക്ഷണത്തില്‍ വിശിഷ്യ, മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം നീര്‍ത്തടങ്ങള്‍ക്കുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക, മനുഷ്യരുടെ ദൈനംദിന ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്ന തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരിക്കുക, നീര്‍ത്തടങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷോപലക്ഷം പക്ഷിവര്‍ഗ്ഗങ്ങളെ വംശനാശത്തില്‍നിന്ന് സംരക്ഷിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു അന്താരാഷ്ട്ര ഉടമ്പടിയില്‍ അന്ന് ലോകനേതാക്കള്‍ എത്തിച്ചേര്‍ന്നു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും മുന്‍നിര്‍ത്തിയുള്ള ‘റാംസര്‍കണ്‍വെന്‍ഷന്‍’ രൂപംകൊണ്ടതങ്ങനെയാണ്. ചരിത്രപരമായ ഈ അന്താരാഷ്ട്ര ഉടമ്പടി നിലവില്‍വന്നതിനുശേഷം ഇന്നോളവും ഫെബ്രുവരി 2 ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കപ്പെട്ടു വരുന്നു.
നീര്‍ത്തട സംരക്ഷണത്തിന് പ്രചാരം നല്‍കുന്നതോടൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ നീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട ഒരു ആശയം എല്ലാ വര്‍ഷവും റാംസര്‍ കണ്‍വന്‍ഷന്‍ കാര്യനിര്‍വ്വഹണവിഭാഗം മുന്നോട്ടുവെയ്ക്കാറുണ്ട്. ”അന്താരാഷ്ട്ര ജല സഹകരണ വര്‍ഷമായി” ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 2013-ലെ പ്രഖ്യാപിത ആശയം ”നീര്‍ത്തടങ്ങളും ജലവും” എന്നതാണ്.  നീര്‍ത്തടങ്ങളും ജലലഭ്യതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പരിശോധിക്കുകയും ജനസമക്ഷം വെളിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.
”നീര് ഇല്ലെങ്കില്‍ നീര്‍ത്തടങ്ങളില്ല;
നീര്‍ത്തടങ്ങളില്ലെങ്കില്‍ നീരുമില്ല”
എന്ന രീതിയില്‍ നീരും നീര്‍ത്തടങ്ങളും പരസ്പരപൂരകങ്ങളാണെന്നുള്ളത് തര്‍ക്കമറ്റ കാര്യമാണ്.
റാംസര്‍ കണ്‍വന്‍ഷനിലെ ഒരു സഖ്യരാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ നീര്‍ത്തടങ്ങളുടെ സംരക്ഷണം, സുസ്ഥിര വിനിയോഗം എന്നിവ സംബന്ധിച്ചിടത്തോളം നമ്മുടെ സമീപനം തികച്ചും വിരുദ്ധവും നിരാശാജനകവുമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് അവതരിക്കപ്പെടുന്ന നമ്മുടെ ഒട്ടുമിക്ക വികസന പ്രക്രിയകളും നിലവിലുള്ള നീര്‍ത്തടങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിലൂടെയാണ് മുന്നേറുന്നത്. സാലിം അലി പക്ഷിശാസ്ത്ര- പ്രകൃതിചരിത്ര പഠനകേന്ദ്രം നടത്തിയ ഒരു പഠനപ്രകാരം 1992 മുതല്‍ 2002 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ ഭാരതത്തിലെ നീര്‍ത്തടങ്ങളുടെ വ്യാപ്തിയില്‍ ഉണ്ടായ ഇടിവ് 38 ശതമാനം ആണ്. തീര്‍ച്ചയായും ആശങ്കാജനകമായ ഒരു വെളിപ്പെടുത്തല്‍ തന്നെയാണിത്. ഇതേ കാലയളവില്‍ രാജ്യത്ത് 2.77 മുതല്‍ 2.92 ലക്ഷത്തോളം കുളങ്ങളും ജലസംഭരണികളും ഇല്ലാതായി. തമിഴ്‌നാട്ടില്‍ മാത്രം 2.52 ഹെക്ടറില്‍  താഴെയുള്ള ഏകദേശം 20706 നീര്‍ത്തടങ്ങള്‍ നശിക്കപ്പെട്ടു. 1999 മുതല്‍ 2011 വരെയുള്ള  കാലയളവില്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് 20 ലക്ഷം ഹെക്ടറോളം വിസ്തൃതിയുള്ള  നീര്‍ത്തടങ്ങളാണ്.
കേരളത്തിലാകട്ടെ, 2005-ല്‍ നടത്തിയ ഒരു ഉപഗ്രഹ നിരീക്ഷണ പഠനപ്രകാരം 1992 മുതല്‍ 2005 വരെയുള്ള 13 വര്‍ഷങ്ങള്‍കൊണ്ട് നഷ്ടപ്പെട്ടത് 25741 ഹെക്ടര്‍-ഏകദേശം 18 ശതമാനത്തോളം നീര്‍ത്തടങ്ങളാണ്. 2004 മുതല്‍ 2011 വരെ നടത്തിയ മറ്റൊരു നിരീക്ഷണത്തില്‍ 7 വര്‍ഷം കൊണ്ട് 71681 ഹെക്ടര്‍ നീര്‍ത്തടങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെട്ടതായി കണ്ടെത്തി. 1975 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 5.66 ലക്ഷം ഹെക്ടര്‍ വയലേലകളാണ്. നെല്‍വയലുകള്‍ നീര്‍ത്തടങ്ങളുടെ അതേ ധര്‍മ്മം നിര്‍വ്വഹിക്കുന്നവയാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
നീര്‍ത്തടങ്ങള്‍ നല്‍കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സേവനങ്ങളെപ്പറ്റിയും അവയുടെ മൂല്യത്തെപ്പറ്റിയുമുള്ള അുജ്ഞതയാണ് ഇന്നത്തെ അനിയന്ത്രിതമായ നീര്‍ത്തട ശോഷണ പ്രക്രിയക്ക് ആക്കംകൂട്ടുന്നത്. ഈ അവബോധമില്ലായ്മ കൊണ്ടുതന്നെയാണ് ‘പാഴ്‌നിലങ്ങള്‍’, ‘വെള്ളക്കെട്ടു പ്രദേശങ്ങള്‍’ എന്നൊക്കെ നീര്‍ത്തടങ്ങളെ മുദ്രകുത്തുന്നത്. ഭൂസര്‍വ്വേകളിലാകട്ടെ, ഏതെങ്കിലും അംഗീകൃത ഭൂവിഭാഗങ്ങളില്‍പോലും ഇവയെ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. ഉദാഹരണത്തിന് ആറന്‍ന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കെ ജി എസ് ഗ്രൂപ്പിനുവേണ്ടി നടത്തപ്പെട്ട പ്രസ്തുത പ്രദേശത്തിന്റെ പാരിസ്ഥിക ആഘാത പഠന റിപ്പോര്‍ട്ട് ഇത്തരത്തില്‍പ്പെട്ട ഒന്നായിരുന്നു!
22-ലേറെ വ്യത്യസ്ത സേവനങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും നീര്‍ത്തടങ്ങളും അവയുടെ അനുബന്ധ ആവാസ വ്യവസ്ഥകളും നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ഭക്ഷണവും ജലവും നല്കുന്നു എന്ന സുപ്രധാന സേവനത്തിനുപരി കാലാവസ്ഥ നിയന്ത്രണം, ജലനിയന്ത്രണം, പ്രത്യേകിച്ച് ഭൂഗര്‍ഭജലവിതാന നിയന്ത്രണം, നീരുറവകളുടെ പരിരക്ഷണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നീ പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള ആഘാതങ്ങളുടെ ലഘൂകരണം, മണ്ണൊലിപ്പ് നിയന്ത്രണം, മണ്ണ് രൂപീകരണം, ജലശുദ്ധീകരണം, മാലിന്യ സംസ്‌കരണം എന്നിങ്ങനെ ഒട്ടും അപ്രധാനങ്ങളല്ലാത്ത സേവനങ്ങള്‍ കൂടി നീര്‍ത്തടങ്ങള്‍ വഹിക്കുന്നുണ്ട്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നീര്‍ത്തടങ്ങളുടെ സേവനമൂല്യം ഹെക്ടറൊന്നിന് 2,22,4350 രൂപയോളമാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത് ഉള്‍നാടന്‍ നീര്‍ത്തടങ്ങളുടെ കാര്യത്തില്‍മാത്രം. തീരദേശ നീര്‍ത്തടങ്ങളുടെ കണക്കാക്കപ്പെട്ട സേവനമൂല്യമാകട്ടെ ഹെക്ടറൊന്നിന് 1,07,67,450 രൂപയോളമാണ്! ജൈവവൈവിധ്യ സമ്പന്നമായ ആവാസവ്യവസ്ഥകള്‍ നല്‍കിവരുന്ന വിവിധ സേവനങ്ങളുടെ സാമ്പത്തികമൂല്യം കണക്കാക്കുക എന്ന ഉദ്ദേശത്തോടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ”സഹസ്രാബ്ദ നീര്‍ത്തട ആവാസവ്യവസ്ഥാ മൂല്യനിര്‍ണ്ണയ പഠനത്തില്‍” വെളിപ്പെട്ടതാണ് മേലുദ്ധരിച്ച കണക്കുകള്‍. ഇതിന്‍പ്രകാരം കേരളത്തില്‍ ഇന്നുള്ള 160590 ഹെക്ടറോളം വരുന്ന നീര്‍ത്തടങ്ങളില്‍ നിന്നും 234000 ഹെക്ടറോളം വരുന്ന നെല്‍വയലുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന സേവനങ്ങളുടെ സാമ്പത്തികമൂല്യം 122868 കോടി രൂപയോളമാണ്. ഓര്‍ക്കുക, ഇത് എല്ലാ വര്‍ഷവും മുടങ്ങാതെ ലഭിക്കുന്നതുമാണ്. ഇതര രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തുമ്പോഴുള്ള ശരാശരി കണക്ക് മാത്രമാണിത്. കേരളത്തിലെ കാര്യം മാത്രമെടുക്കുകയാണെങ്കില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണ പ്രകൃതത്തോടുകൂടിയവയായതിനാല്‍ ഇവയില്‍നിന്ന് ലഭിക്കുന്ന സേവനമൂല്യം യഥാര്‍ത്ഥത്തില്‍ രണ്ടോ, മൂന്നോ ഇരട്ടി കൂടുതലാണ്. അതായത്, ഇവയുടെ പ്രതിവര്‍ഷ സേവനമൂല്യം 245736 കോടി രൂപ മുതല്‍ 368604 കോടി രൂപയോളം വരും!
ആറന്‍മുള വിമാനത്താവളത്തോടനുബന്ധിച്ച് തദ്ദേശവാസികളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധം ഒരുപക്ഷേ, കാലാകാലങ്ങളിലായി അവര്‍ അനുഭവിച്ചുപോന്ന പാരിസ്ഥിതിക സേവനങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന ചിന്തമൂലമാകാം. അവരുടെ വാദമുഖങ്ങള്‍ ഇപ്രകാരമാണ്:
പമ്പാ നദിയില്‍ വെള്ളപ്പൊക്കമുണ്ടാകാറുള്ള അവസരങ്ങളില്‍ അധിക ജലത്തെ ഉള്‍ക്കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തും ഒരു പരിധിവരെ സംരക്ഷിക്കുന്നത് ഈ നീര്‍ത്തടങ്ങളാണ്. തന്നെയുമല്ല, കിണറുകളിലെയും, കുളങ്ങളിലെയും ജലവിതാനം പരിധിവിട്ട് താഴ്ന്നുപോകാതെ നിലനിര്‍ത്തുന്നതും കടുത്ത വേനലില്‍ നിന്ന് പരിരക്ഷ നല്‍കി ചുറ്റുമുള്ള പ്രദേശങ്ങളെ സംരക്ഷിക്കുന്നതും ഈ നീര്‍ത്തടങ്ങളാണ്. ഒരു ദശാബ്ദത്തിലേറെയായി നെല്‍കൃഷി നടത്തുന്നില്ലെങ്കില്‍പോലും ഈ നിലങ്ങള്‍ നികത്തപ്പെടാതെ സംരക്ഷിച്ചു പോരുന്നതും അവ നല്‍കുന്ന മേല്‍സേവനങ്ങള്‍മൂലമാണ്.
എല്ലാ കേരളീയരും തണ്ണീര്‍തടങ്ങള്‍ നല്‍കുന്ന ഇത്തരം സേവനങ്ങളെപറ്റി ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. ഇത്തരം സേവനങ്ങളുടെ മൂല്യം രൂപയുടെ കണക്കില്‍ അവതരിപ്പിക്കുക മാത്രമാണ് മേലുദ്ധരിച്ച ഐക്യരാഷ്ട്രസഭാ പഠനപദ്ധതി ചെയ്തിട്ടുള്ളത്. നീര്‍ത്തടങ്ങളെ ഉന്‍മൂലനം ചെയ്ത് ഏതൊരു വികസന പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും പ്രസ്തുത പദ്ധതിയില്‍ നിന്നുള്ള ലാഭം, ഇല്ലായ്മ ചെയ്യപ്പെട്ട നീര്‍ത്തടങ്ങളില്‍ നിന്നുള്ള സേവനമൂല്യവുമായി തട്ടിച്ചു നോക്കാന്‍ ഈ പഠനം ഉതകിയേക്കാം. സംസ്ഥാന ബഡ്ജറ്റ് പ്രകാരം 2012-13ലെ പ്രതീക്ഷിത വാര്‍ഷിക വരുമാനം 68923.92 കോടി രൂപയാണ്. ഈ തുകയാകട്ടെ നീര്‍ത്തടങ്ങളില്‍ നിന്ന് ലഭിക്കുന്ന ശരാശരി സേവനമൂല്യമായ 122808 കോടി രൂപയുടെ പകുതിമാത്രമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ വനങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്ന പാരിസ്ഥിതിക സേവനമൂല്യം കൂടി ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ പ്രതിവര്‍ഷ വരുമാനം മൊത്തം പാരിസ്ഥിതിക സേവന മൂല്യത്തിന്റെ മൂന്നിലൊന്നിനേക്കാളും കുറവായിരിക്കും. സംസ്ഥാനത്ത് നീര്‍ത്തടങ്ങളും നെല്‍വയലുകളുമില്ലാത്ത അവസ്ഥയില്‍ ബഡ്ജറ്റിലെ നമ്മുടെ വരുമാന ആവശ്യകത ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലായിരിക്കും എന്നത് ഗൗരവമായി കണക്കിലെടുക്കേണ്ട വസ്തുതയാണ്. ജലമില്ലാതെ കൃഷി നടത്താനാവില്ല; നീര്‍ത്തടങ്ങളില്ലെങ്കില്‍ ജലവുമില്ല. ഒരു വ്യവസായത്തിനും നീര്‍ത്തടങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കു സമാനമായ സേവനം നല്‍കാനുമാകില്ല. ജലം എന്ന സുപ്രധാന പ്രകൃതിവിഭവം ഇല്ലാതെ ഒരു തരത്തിലുള്ള വികസന പ്രക്രിയകളും നിലനില്‍ക്കില്ല. ജലത്തിന്റെ പ്രധാന സ്രോതസ്സുകളും, സംഭരണികളും നീര്‍ത്തടങ്ങളാണ്. പുഴകള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍, തടാകങ്ങള്‍, ജലസംഭരണികള്‍, കുളങ്ങള്‍ എന്നിവയെല്ലാം ഇത്തരം നീര്‍ത്തടങ്ങളുടെ ഗണത്തില്‍പെടുന്നവയാണ്. സംഭരണത്തിനു പുറമേ, സംരക്ഷണം, വിതരണം എന്നീ പ്രധാന ധര്‍മ്മങ്ങള്‍ കൂടി ഇവ നിര്‍വ്വഹിക്കുന്നു. എന്നാല്‍, നീര്‍ത്തടങ്ങളുടെ സംരക്ഷണം, സുസ്ഥിര ഉപയോഗം എന്നിവയെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകമായ നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. ഈ വസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ട്, 2005 ജനുവരി വരെ നടത്തപ്പെട്ടിട്ടുള്ള എല്ലാത്തരം നീര്‍ത്തട നിര്‍മ്മാര്‍ജ്ജന പ്രക്രിയകളെയും ഈ സര്‍ക്കാര്‍ ശരി വെക്കുന്നു! സ്വകാര്യസംരംഭകരോടുള്ള പ്രീണനനയത്തിന്റെ ഭാഗമായി 2008-ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വിനാശകാരികളായ പഴുതുകള്‍ ഉള്‍പ്പെടുത്തുന്നു!
ഈ നിയമം ഭേദഗതി ചെയ്തുകൊണ്ട് ആറന്‍മുളയിലെ നെല്‍വയല്‍ പ്രദേശങ്ങളില്‍ ഒരു സ്വകാര്യ വിമാനത്താവളത്തിനുതന്നെ അനുമതി നല്‍കിയത് സര്‍ക്കാറിന്റെ നീര്‍ത്തട-വിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഈ സംരഭത്തില്‍ 500 ഏക്കറോളം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ് ബലി കഴിക്കപ്പെടുന്നത്. ഇതിന്റെ പാര്‍ശ്വഫലമെന്നോണം 3500 ഏക്കറോളം വരുന്ന നെല്‍വയലുകള്‍ നീരൊഴുക്ക് നിലച്ച് പ്രയോജനരഹിതമാകുകയും കൂടി ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം 40 ലക്ഷം ടണ്ണോളം അരി വേണ്ടിടത്ത് വെറും 6 ലക്ഷം ടണ്‍ മാത്രം അരിയാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് അവശേഷിക്കുന്നത് വെറും 2.34 ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ്. നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ആദായം, വിമാനത്താവളത്തിന് വേണ്ടി നശിപ്പിക്കപ്പെട്ട നീര്‍ത്തടങ്ങള്‍ നല്‍കുന്ന സേവനമൂല്യത്തേക്കാള്‍ വലുതാണോയെന്ന് ചിന്തിക്കാനുള്ള ധാര്‍മ്മിക ബാധ്യത സര്‍ക്കാറിനുണ്ട്. ഈ പ്രദേശത്തെ ജനങ്ങള്‍ അനുഭവിച്ചുപോരുന്ന പാരിസ്ഥിതിക സേവനമൂല്യം പ്രതിവര്‍ഷം ഏകദേശം 315 കോടി രൂപയോളമാണ്. നെല്‍കൃഷി പുനരാരംഭിക്കുകയും മല്‍സ്യകൃഷി കൂടി ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഈ മൂല്യം 335 കോടി രൂപയായി ഉയരുന്നു. കുടിവെള്ളം കൂടി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഗവണ്‍മെന്റ് സ്വീകരിച്ചു  വരുന്നു. ഇതിന്റെ ഫലമായി നീര്‍ത്തടങ്ങള്‍ സ്വകാര്യ വ്യക്തികളുടെ അധീനതയിലാവുമെന്നതിന് യാതൊരു സംശയവുമില്ല. നിയമസഭയിലോ, പാര്‍ട്ടിതലത്തിലോ ക്രിയാത്മകമായ യാതൊരു ചര്‍ച്ചയും കൂടാതെയാണ് ഗവണ്‍മെന്റ് ഇത്തരത്തിലുള്ള പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുവരുന്നത്. ഇത് ജനാധിപത്യ ധ്വംസനം കൂടിയാണ്.
ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന പ്രഥമ അവകാശമാണ്. ഈ അവകാശത്തിന്റെ ഭാഗമായി ശുദ്ധജലവും ശുദ്ധവായുവും ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് എന്ന് സുപ്രിം കോടതി അനുശാസിക്കുന്നു. എന്നാല്‍, ഈ സുപ്രധാന അവകാശത്തിനുമേലാണ് ഇന്ന് ഭരണകൂടം തന്നെ കത്തി വച്ചിരിക്കുന്നത്.
വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ക്കെതിരേ ഭരണകൂടത്തിനുള്ളില്‍ നിന്നുതന്നെ താമസംവിനാ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ ഉയരുമെന്ന് മാത്രം ഞാന്‍ പ്രത്യാശിക്കുന്നു.
(ലേഖകന്‍ സാലിം അലി ഫൗണ്ടേഷന്‍ അധ്യക്ഷനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമാണ്.)
Back to Top