Urban Canopy – നഗരത്തിരക്കിലെ ഇത്തിരിപ്പച്ച

Urban Canopy – നഗരത്തിരക്കിലെ ഇത്തിരിപ്പച്ച

ജാപ്പനീസ് കൃഷി വിദഗ്ദ്ധൻ മസനോബു ഫുക്കുവോക്ക പുനരാവിഷ്കരിച്ച സീഡ് ബോംബ് കൃഷി രീതിയിൽ വളവും മണ്ണും കൂട്ടി കുഴച്ചെടുത്ത ഉരുളകൾക്കുള്ളിൽ വിത്തുകൾ കടത്തിവച്ച് ഉണക്കിയെടുത്ത് മണ്ണുള്ള ഇടങ്ങളിൽ നിക്ഷേപിക്കുന്നു. നശിച്ചുപോകാതെ കിടക്കുന്ന ആ വിത്തുകൾ അനുകൂലസാഹചര്യം വരുമ്പോൾ  മുളച്ചുപൊന്തുന്നു.

Kochi Metro City. Image – Urban Canopy Documentary film

ഇവിടെ കേരളത്തിലും പ്രകൃതിസ്നേഹത്തിന്റെ വിത്തുകൾ ഉള്ളിൽ വഹിച്ചു നടക്കുന്ന ചില വിത്തുരുളകൾ ഗ്രീൻ ഗ്രെയ്സ്‌ എന്ന സംഘടനയിലൂടെ തങ്ങളുടെ സന്ദേശം പരത്തുന്നുണ്ട്. കാലാനുസൃതമായ മാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് മലിനീകരണ വിപത്ത്, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവർ നമ്മോടു സംവദിക്കുന്നു.

കൊച്ചി നഗരത്തിലെ അവശേഷിക്കുന്ന  പച്ചത്തുരുത്തുകളിൽ ഒന്നായ കളമശ്ശേരിയിലെ ഒരു ചെറിയ പ്രദേശത്തെ മുൻനിർത്തി അത്തരം ആവാസവ്യവസ്ഥയുടെ പ്രയോജനം, പ്രാധാന്യം, അവ നേരിടുന്ന ഭീഷണികൾ , ഇത്തരം ഭൂഭാഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ അത്യാവശ്യകത എന്നിവയെക്കുറിച്ച് അപൂർവ്വ സുന്ദരമായ ദൃശ്യങ്ങളും ഈ ഭൂമികയെ നേരിട്ടറിഞ്ഞ ഏതാനും വ്യക്തികളുടെ അനുഭവ വിവരണവും  സഹിതം ഒന്നര വർഷത്തോളം നീണ്ട സപര്യക്കൊടുവിൽ സാങ്കേതികത്തികവോടു കൂടി, എം.ജി. സുജിത്തും അർപ്പണബോധമുള്ള ഗ്രീൻ ഗ്രെയ്‌സ് ടീമംഗങ്ങളും ചേർന്ന് ഒരുക്കിയ URBAN CANOPY എന്ന ഡോക്യൂമെന്ററി നമ്മുടെ ഹൃദയത്തിലും നന്മയുടെ, പച്ചപ്പിന്റെ, പ്രകൃതി സംരക്ഷണസന്ദേശത്തിന്റെ ഒരു വിത്തു വിതയ്ക്കും എന്നു നിസ്സന്ദേഹം പറയാം.

എവിടെയെല്ലാമോ എപ്പോഴൊക്കെയോ ആ വിത്തുകൾ കിളിർത്ത് പച്ചക്കുടകൾ നിവരും എന്നു  തന്നെയാണ് പ്രതീക്ഷ.അന്തരിച്ച പ്രകൃതി ഉപാസകൻ ശ്രീ ബൈജു വാസുദേവനായി സമർപ്പിച്ച ഈ ഹ്രസ്വചലച്ചിത്രം കവയിത്രി ശ്രീമതി വിഎം ഗിരിജ ആലപിക്കുന്ന മഴയെക്കുറിച്ചുള്ള മനോഹരമായ ഒരു കവിതയോടെയാണ് സമാപിക്കുന്നത്.

Back to Top