ഉപ്പുങ്ങൽക്കടവിലെ വയൽചിന്തകൾ

ഉപ്പുങ്ങൽക്കടവിലെ വയൽചിന്തകൾ


പരമ്പരാഗത കൃഷിരീതികളെല്ലാം പാടെ മറന്ന് യന്ത്രവൽകൃതകൃഷിരീതികളിലേക്ക് കർഷകർ മാറുന്ന, മാറിക്കഴിഞ്ഞ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. വരമ്പത്ത് ഉടമ കുടയും പിടിച്ചു നിൽക്കുന്നതും, പണിക്കാർ പാടത്തിറങ്ങി കൃഷി ചെയ്യുന്നതുമെല്ലാം കാണാകാഴ്ച്ചകളായി മാറി. പകരം ടാക്ടറും, ടില്ലറും, കൊയ്തു യന്ത്രവും, മെതിയന്ത്രവുമെല്ലാമായി കൃഷിയിടം ഫാക്ടറിക്ക് തുല്യമായി. യന്ത്രങ്ങളുടെ കടന്നുവരവിന് കാരണമായി തൊഴിലാളി ക്ഷാമവും, തൊഴിൽ പ്രശ്നങ്ങളും പറഞ്ഞു കേൾക്കുന്നു. നെൽകൃഷി കുറച്ചെങ്കിലും ഇന്ന് അവശേഷിക്കുന്നത് ഈ യന്ത്രവത്കൃത കൃഷിരീതികളിലൂടെയാണ്..

ഇക്കഴിഞ്ഞ ACW – Uppungal Kadavu Team ന് കോൾ നിലങ്ങളിലെ പക്ഷി സർവ്വേ വേറിട്ട ചില കാഴ്ചകൾകൂടി സമ്മാനിച്ചു. ഈ ആധുനിക യുഗത്തിലും തൊഴിലാളി പ്രശ്നങ്ങളില്ലാതെ, ഒരു പാടശേഖരം മുഴുവൻ മനുഷ്യ അധ്വാനത്തിലുടെ നെൽകൃഷിചെയ്യുന്ന് അത്യപൂർവ്വ കാഴച്ചക്ക് സാക്ഷ്യം വഹിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അന്യം നിന്നുവരുന്ന പരമ്പരാഗത കൃഷിരീതികളുടെ തിരിച്ചു വരവാണോ, അതോ കർഷകന്റെ തിരിച്ചറിവാണോ ?

പക്ഷേ ഇവിടെയും ആശ്രയും അന്യ സംസ്ഥാന തൊഴിലാളികൾ തന്നെ. പക്ഷേ ഇവരെക്കൊണ്ട് കൃഷി ചെയ്യിക്കുമ്പോൾ സാമ്പത്തികലാഭമുണ്ടെന്നാണ് പാടശേഖര ഉടമകളുടെ അഭിപ്രായം. ആരോഗ്യമുള്ള ഞാറ്റടികൾ തെരഞ്ഞെടുത്ത് നടാൻ യന്ത്രങ്ങൾക്കാവില്ലല്ലൊ ? അത്തരം പോരായ്മകളൊന്നും നമ്മുടെ തൊഴിലാളികൾക്കില്ല. ആരോഗ്യമുള്ള ഞാറ്റടികളിലുടെ വിളവിൽ വർദ്ധനവ് ലഭിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ട്രാക്ടറും കൊയ്തുയന്ത്രവുമെല്ലാം പാടവരമ്പിന് കാര്യമായ ക്ഷതങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ ഞാറ് നടുന്നതിലുള്ള വൈദഗ്ദ്ധ്യം എടുത്ത് പറയേണ്ടതാണ്. കേരളത്തിൽ അന്യം നിന്നുപോകുന്ന നെൽകൃഷിയുടെയും, പരമ്പരാഗത കൃഷി രീതികളുടെയും തിരിച്ചുവരവിന് ഈ അന്യ സംസ്ഥാന തൊഴിലാളികളുടെ അധ്വാനശേഷി കാരണമാകട്ടേയെന്ന് – പ്രത്യാശിക്കുന്നു. ഇതെല്ലാം കേരളത്തിലെ പുതുതലമുറക്ക് ഒരു പക്ഷേ കൗതുക കാഴ്ചകളായേക്കാം.

Back to Top