തുമ്പിക്കുളം

തുമ്പിക്കുളം

ഈ വർഷം പ്രളയകാലത്തിന് ശേഷം മൺസൂൺ ഒന്ന് ക്ലച്ച് പിടിച്ചത് ഓണക്കാലത്താണെന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ കുളങ്ങളും തോടുകളും (അവശേഷിക്കുന്നവ 😐) നിറഞ്ഞിരിക്കുന്നു. രാത്രിയായാൽ ഇവിടങ്ങളിൽ തവളകളുടെ കച്ചേരിയാണ്. പകലുകൾ തുമ്പികളുടേതാണ്. കലണ്ടർ നോക്കിയല്ലല്ലോ തുമ്പികളും മറ്റു ജീവജാലങ്ങളും ജീവിതചക്രം ക്രമീകരിക്കുന്നത്? അതുകൊണ്ട് ഈ വർഷം മഴ നന്നായി കിട്ടിയ ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ജന്തുലോകത്ത് ‘മൺസൂൺ എഫക്ട്’ ശരിക്കും കാണാനാകുന്നത്.

തുമ്പികളുടെ സ്വന്തം തുമ്പിക്കുളം 😍

പണ്ട് വയനാടിന്റെ പ്രധാന ആകർഷണീയത ഇവിടത്തെ പക്ഷികളായിരുന്നു. രാവിലെ നേരത്തെ ഉണർന്ന് അളിയൻസിന്റെ ബൈനോക്കുലറുമെടുത്ത് പുരപ്പുറത്തേക്ക് ഒറ്റപ്പാച്ചിലാണ്. അവിടെ ഒരു മണിക്കൂർ ചിലവഴിച്ചാൽ കാണാം- തീക്കുരുവിയെ (Orange Minivet), പച്ചമരപ്പൊട്ടനെ (Indian Black-lored Tit), കുറിക്കണ്ണൻ കാട്ടുപ്പുള്ളിനെ (Orange-headed Thrush), മറ്റനേകം പക്ഷികളെ. എന്നാൽ ഇപ്പോൾ ഓട്ടം താഴെ പാടത്തുള്ള ഒരു ചെറിയ കുളത്തിലേക്കാണ്, തുമ്പികളെ കാണാൻ! 😊

വയനാടൻ തണുപ്പിനെ തോൽപ്പിച്ച് നേരത്തെ ഉണരേണ്ടതില്ല എന്നതും തുമ്പിനിരീക്ഷണത്തിന്റെ മെച്ചമാണ്. ജൂലൈ മാസത്തിൽ ചെന്നെത്തിനോക്കിയപ്പോൾ കാണാനായത് വെറും 5-6 ഇനം തുമ്പികളെ. ഓണക്കാലമായപ്പോൾ ഇത് 18 ആയി. തുമ്പികളെ സംബന്ധിച്ച് ഇത് വലിയ എണ്ണമാണ്, ഒരു കൊച്ചു ആവാസവ്യവസ്ഥയിൽ 50 ഇനം പക്ഷികളെ കാണും പോലെ! ഇതിൽ കേരളത്തിൽ അത്ര സാധാരണമല്ലാത്ത നീല കുറുവാലനും (Palpopleura sexmaculata) പെടുന്നു. തുമ്പികളുടെയും തവളകളുടെയും ഈ ചെറു താവളത്തിൽ നിന്ന് നടന്നുകയറുമ്പോൾ മനസ്സുനിറയെ സന്തോഷം, ക്യാമറനിറയെ ചിത്രങ്ങൾ- ശരിക്കും ഓണസദ്യ ഉണ്ട ഫീൽ! 😇

ചുറ്റിനുമുള്ള വയലിലുമുണ്ട് തുമ്പികൾ- ത്രിവർണ്ണൻ വ്യാളി (Orthetrum luzonicum) 🐲
ഉച്ചവെയിലിൽ തിളങ്ങി കാട്ടുപ്പുൽചിന്നൻ (Agriocnemis splendidissima) 💎
കാട്ടുപൂത്താലികൾ (Pseudagrion malabaricum) പ്രണയത്തിൽ 💙
ഇവന്റെ കളർ… ഹാ.. അന്തസ്സ്!
നീലച്ചിന്നൻ(Aciagrion approximans krishna) 👣
അകത്താക്കുന്നത് നൂഡിൽസ് അല്ല!
നാട്ടുകടുവ (Ictinogomphus rapax) പെൺ സിന്ദൂരച്ചിറകനെ (Trithemis aurora) തട്ടുന്നു ☠️
സുന്ദരൻ സെക്യൂരിറ്റിക്കാരൻ-
സിന്ദൂരച്ചിറകൻ (Trithemis aurora)
സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ, ഇത് ഞാനല്ല!
തുമ്പികളെ ശാപ്പിടാൻ പതുങ്ങിയിരിക്കുന്ന പോക്കാച്ചി തവള (Hoplobatrachus tigerinus) 🐸

സ്കൂളുകളിലും കോളേജുകളിലും ശലഭോദ്യാനം (Butterfly garden) പോലെ സൃഷ്ടിക്കാവുന്നതാണ് തുമ്പിക്കുളങ്ങൾ- മൂന്നോ നാലോ അടി ആഴമുള്ള, ഓരങ്ങളിൽ നാട്ടുചെടികൾ വളരുന്ന ഒരു ജലസംഭരണി. കുട്ടികൾ കാണട്ടെ തുമ്പികൾ പോർവിമാനങ്ങളെപ്പോൽ വായുവിൽ യുദ്ധം ചെയ്യുന്നത്, വെള്ളത്തിലും ചെടികളിലും മുട്ടയിടുന്നത്, ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങുന്നത്, തവളകളെ പറ്റിച്ച് ആകാശം കീഴടക്കുന്നത്! കുട്ടികൾക്ക് പ്രകൃതിയെ സ്നേഹിക്കാനുള്ള അവസരത്തിനൊപ്പം ജലസംരക്ഷണത്തിനുള്ള ഒരു ഉപാധി കൂടിയാകും ഈ തുമ്പിക്കുളങ്ങൾ. ആശയത്തിന് ക്രെഡിറ്റ് ഒന്നും വേണ്ട, ഇതൊന്നു നടന്ന് കണ്ടാൽ ഞാൻ കൃതാർഥൻ! 😉

(പിൻകുറിപ്പ്- കുളങ്ങൾക്ക് ചുറ്റും ബലവും, ഉയരവുമുള്ള വേലി കെട്ടണം. ഇല്ലെങ്കിൽ ‘പ്രകൃതിസ്നേഹം മൂത്ത്’ ചില വിരുതന്മാർ കുളത്തിൽ പോകാൻ സാധ്യത കാണുന്നു. 🙁)

Back to Top