എളനാടും ഷാമയും പിന്നെ ഞങ്ങളും

എളനാടും ഷാമയും പിന്നെ ഞങ്ങളും

പെട്ടെന്നാവും ഞങ്ങളുടെ തീരുമാനങ്ങളൊക്കെ, അത് യാത്രയായാലും, വീട്ടുകാര്യമായാലും. എന്നാലോ തെറ്റാറില്ല, വിജയമാവുകയും ചെയ്യും. അതുതന്നെയാണ് കഴിഞ്ഞ അവധി ദിവസവും സംഭവിച്ചത്. തൃശൂർ കോളിൽ കുങ്കുമക്കുരുവിയെ കാണാൻ വേണ്ടിയാണു ഞങ്ങൾ സ്നേഹപൂർവ്വം ‘ ആശാൻ ‘ എന്ന് വിളിക്കുന്ന ഷോബിയെ വിളിച്ചു കാര്യം പറഞ്ഞത്. കൂടെ വിഷ്ണുവിനെയും. രണ്ടുപേരും റെഡി.

ചാറ്റൽ മഴയുടെ അകമ്പടിയുമായാണ് വടക്കുംനാഥന്റെ മുന്നിൽ ട്രെയിൻ ഇറങ്ങുന്നത്. മഴ പെയ്താൽ കോളിൽ ചെളിയിലൂടെ നടന്നുള്ള നിരീക്ഷണം പണിയാകും, അതുകൊണ്ടു നമുക്ക് വേറെ സ്ഥലം നോക്കാം എന്നായി ആശാൻ. അങ്ങനെ യാത്ര എളനാട് എന്ന് തീരുമാനിച്ചു. മഴയൊഴിഞ്ഞ, സൂര്യഭഗവാൻ എഴുന്നേൽക്കാൻ മടിച്ച, പുലരിയുടെ നേർത്ത കുളിരിൽ ഞങ്ങൾ യാത്രയായി. എളനാട് എത്തുമ്പോൾ ആകാശത്തിനു തിളക്കം വെച്ചിരുന്നു. പുലർച്ചെ പെയ്ത മഴയിൽ കുതിർന്ന വഴിത്താരയിൽ ഒരു പുലിയുടെ കാൽപ്പാടുകൾ ! ഇവിടെ പുലിയുണ്ടോ, ആനയുണ്ടോ എന്നൊക്കെയുള്ള എന്റെ സംശയത്തിന് ഇതുവരെ ഇല്ല എന്നായി ആശാൻ. എന്നാൽ പിന്നെ ഞാൻ വന്നതറിഞ്ഞു കാണാൻ എത്തിയതാവും. പുലിയെങ്കിൽ പുലി. തുടക്കത്തിൽ പക്ഷികളുടെ ആക്ടിവിറ്റി കുറവായിരുന്നു. ഇലക്കിളികൾ, പഫ് ത്രോട്ടഡ്‌ ബാബ്ലർ, മൊണാർക്, ഓലഞ്ഞാലി, മഞ്ഞക്കിളികൾ ഇവയൊക്കെ മാത്രം.

എന്റെ വലിയൊരു ആഗ്രഹം ഷാമയെ കാണണം എന്നായിരുന്നു. മാങ്കുളത്തുവച്ചു കിട്ടിയിട്ടുണ്ട്. പക്ഷെ അത്ര സുഖമായിരുന്നില്ല, ആ കാഴ്ച. വിഷ്ണുവിന് ജംഗിൾ ഔലെറ്റ്നെ (അവന്റെ ഭാഷയിൽ ജംഗിൾ ഓംലറ്റ് ) കാണണം, അല്ല അതിന്റെ നല്ലൊരു ഫോട്ടോ എടുക്കണം എന്നായിരുന്നു. അതിന്റെ കരച്ചിൽ കേൾക്കാനുണ്ട്. ആളെ കാണുന്നില്ല. മണ്ണാത്തിപ്പുള്ളുകൾ പറന്നുകളിക്കുന്നുണ്ട്.ലളിതയുടെ ശബ്ദവും ഇടതടവില്ലാതെ ഉയരുന്നുണ്ട്. അല്പം ദൂരെ നിന്നും പുള്ളിച്ചിലപ്പന്റെ ചൂളംവിളി. കാടിന്റെ നിശബ്ദതയിൽ ആ ചൂളംവിളി ഒരു ആഹ്ലാദമാണ് തോന്നിക്കുക. സ്ഥിരമായി കാണാറുള്ള മീൻകൂമനെ കുറച്ചുനേരം പരതിനോക്കി. ആളെ കാണാനില്ല. കിന്നരിപ്പരുന്തിന്റെ ”കികികീ ”ശബ്ദവും അപ്പുറത്തുനിന്നും കേൾക്കാനുണ്ട്. കുറച്ചുനേരം അവിടെയൊക്കെ ഒന്ന് നോക്കി ഞങ്ങൾ മുന്നോട്ടേക്കു നീങ്ങി.

ഒരു പാറപ്പരപ്പുകേറി രാചുക്കിനെ കാണാനുണ്ടോന്നു നോക്കിയെങ്കിലും മഴ പെയ്തതിന്റെയാവാം ഒരാളുമില്ലായിരുന്നു. അവിടം കടന്നു വീണ്ടും മരങ്ങൾക്കിടയിൽ. …. നാട്ടുമരംകൊത്തിയും മഞ്ഞക്കാഞ്ചിയും ഇരതേടുന്നുണ്ട്. ഗൗളിക്കിളികൾ മരങ്ങളിൽ പാഞ്ഞുകേറുകയും ശീർഷാസനം നടത്തുകയും ചെയ്യുന്നുണ്ട്. ഇടക്കൊന്നു നിശ്ശബ്ദമായ അന്തരീക്ഷത്തിൽ പെട്ടന്നാണ് ഷാമയുടെ നിഴലാട്ടം കണ്ടപോലെ. പരസ്പരം കളിയാക്കിക്കൊണ്ടിരുന്ന ഞങ്ങൾ നിശ്ശബ്ദരായി. അതാ അല്പം മുന്നിലെ ചെറുമരത്തിൽ ഒരു ഷാമ ! കറുപ്പും കാവിയും വെള്ള അരപ്പട്ടയും ചേർന്ന തൂവൽക്കുപ്പായത്തിൽ സുന്ദരനായി, ഞങ്ങളെക്കണ്ട് അല്പം പരിഭ്രമിച്ച് ഇലച്ചാർത്തിനു പുറകിൽ ഒളിഞ്ഞിരുന്നു. ഞങ്ങൾ നിശ്ചലരായി നിന്നു.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഷാമ തന്റെ ഗാനനിർജരി തുടങ്ങി. സംഗതികൾ എല്ലാം ഒത്തിണങ്ങിയ പാട്ടിനു പുറകെ ഇണക്കിളി കൂടി എത്തിയതോടെ ഞങ്ങളുടെ ആഹ്ലാദം ഇരട്ടിയായി. വിഷ്ണുവിന് നല്ലൊരു ഫോട്ടോയും കിട്ടി. കുറേനേരം പാട്ടിൽ ലയിച്ചു നിന്ന ഞങ്ങൾ മെല്ലെ അവിടെ നിന്നും മുന്നോട്ടു നീങ്ങി.

ചെറുപാറക്കുന്നു കേറിയിറങ്ങി വീണ്ടും തമാശയുമായി കിളികളെ തേടി. അസുരത്താനും വലിയ പൊന്നി മരംകൊത്തിയും മഞ്ഞക്കിളിയും വെണ്നീലിയും കൂട്ടമായി ഇരതേടുന്നുണ്ട്. കാട്ടുനത്തിന്റെ പടം എടുക്കാനുള്ള വിഷ്ണുവിന്റെ മോഹം നടന്നില്ല. രണ്ടോ മൂന്നോ എണ്ണത്തിന്റെ ശബ്ദം കേൾക്കാം, പക്ഷെ കാണുന്നില്ല. കുറച്ചു നേരം ഒരു പാറയിൽ വിശ്രമിച്ചശേഷം ഞങ്ങൾ മടക്കമായി. വഴിയിൽ ഒരു കാട്ടുനത്തിനെ ഏതോ ഇരപിടിയൻ ഭക്ഷണമാക്കിയതിന്റെ ലക്ഷണമായി ചിതറിക്കിടക്കുന്ന തൂവലുകൾ.

മഴയുടെ ഒരു ലക്ഷണം കാണാനുണ്ട്. പെയ്താൽ പണിയാവും. വഴിയിലെ പാറയിൽ ഇത്തിരി വെള്ളത്തിൽ തവള മുട്ടകൾ വെള്ള നിറമുള്ള മുത്തുകൾ പോലെ കണ്ടു. പാതിവിരിഞ്ഞപോലെ തോന്നി. കാടിന്റെ അതിരിനോട് ചേർന്ന് റബ്ബർ തോട്ടം, കാലികൾ മേയുന്നുണ്ട്. മൂന്നു മണിക്കൂറോളം കാടിന്റെ ശാന്തതയിൽ കഴിഞ്ഞു മെല്ലെ കാടിറങ്ങി. ടെൻഷൻ എല്ലാം മറന്നു ഒരു പുനർജ്ജനി കിട്ടിയപോലെ. കൂടെ സങ്കടവും. തമാശകൾ പങ്കിട്ടു പരസ്പരം കളിയാക്കി ആശാന്റെ സ്നേഹത്തിന്റെ കരുതലിൽ കഴിഞ്ഞു വീണ്ടും തനിച്ചായത്പ്പോലെ. എളനാട് സുഖമുള്ള ഓർമകളിൽ ഒന്നായി കാത്തുവച്ചുകൊണ്ടു നേത്രാവതിയിൽ നാട്ടിലേക്കു കേറുമ്പോൾ മഴ ചിണുങ്ങി തുടങ്ങിയിരുന്നു.

Back to Top