ശലഭത്താര

ശലഭത്താര

കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായ് ഒരു വഴിത്താര സൃഷ്ടിച്ചെടുക്കുക എന്നതാണ് ‘ശലഭത്താര’ യുടെ ആശയം. ഈ പാതയിൽ പലയിടങ്ങളിലായി ശലഭങ്ങളുടെ ലാർവഭക്ഷണസസ്യം (ലാഭസ) ഒരുമിച്ച് നട്ടുവളർത്തി ഒരു ‘ശലഭക്കാവ്’ ഒരുക്കി, ഈ ശലഭങ്ങളെ സംരക്ഷിക്കുകയും ഈ കാവുകളുടെ കണ്ണി മുറിയാത്ത ഒരു ചങ്ങല സൃഷ്ടിക്കുകയുമാണ് ലക്ഷ്യം ഇതിനായി പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത് ബുദ്ധമയൂരി, ചുട്ടിമയൂരി, പുള്ളിവാലൻ, ചുട്ടി കറുപ്പൻ, നാരകകാളി, ഗരുഡ ശലഭം, നാട്ടുറോസ്, ചക്കര ശലഭം, നീല കടുവ, കരിനീല കടുവ എന്നീ പത്തു ശലഭങ്ങളെയാണ്.(എല്ലാ ശലഭങ്ങളുടെയും ലാഭസ വെച്ചുപിടിപ്പിക്കുക എന്നത് തന്നെയാണ് പരമമായ ലക്ഷ്യം)

എന്തുകൊണ്ട് ഈ പത്തു ശലഭങ്ങൾ?
ബുദ്ധമയൂരി നമ്മുടെ സംസ്ഥാനശലഭമാണ്.ഈ ശലഭം ലോകത്ത് സഹ്യാദ്രിപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു. ഇതിന്റെ ലാഭസയായ മുള്ളിലം (കരിമുരുക്ക്, മുള്ളുമുരുക്ക്) ചുട്ടിമയൂരിയുടെ ലാഭസയായ തീപ്പെട്ടിമരം (കമ്പിളി) എന്നിവ എളുപ്പത്തിൽ വെച്ചു പിടിപ്പിക്കാവുന്ന മരങ്ങളാണ്. സാമൂഹ്യ വനവൽകരണം, ശലഭോദ്യാനം, മിയാവാക്കി, എന്നിങ്ങനെയുള്ള ഹരിതവൽക്കരണ പരിപാടികളുടെ ഭാഗമായോ അല്ലാതെയോ ഈ മരങ്ങൾ നട്ടുവളർത്താറില്ല. പാഴ്മരമായി കണക്കാക്കുന്ന ഇവ നമ്മുടെ നാട്ടിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. നാട്ടുറോസ്, ചക്കര ശലഭം, ഗരുഡശലഭം എന്നിവയുടെ ലാഭസയായ ഗരുഡക്കൊടി അഥവാ കരളയത്തിൻറെ പ്രത്യേകത ശലഭങ്ങളെ കാണുന്നതു പോലെ നമ്മുടെ നാട്ടിൽ ഈ സസ്യത്തിനെ കണ്ടെത്താനാവില്ല. തുറന്ന സ്ഥലങ്ങളിൽ ഇവയ്ക്ക് ഈ പൂമ്പാറ്റ പുഴുക്കളോട് മത്സരിച്ച് സ്വതന്ത്രമായി വളരാൻ കഴിയില്ല എന്നതാണ് കാരണം. ഈ ചെടി കുറ്റിക്കാടുകളിൽ മറ്റു ചെടികളുടെയും വളളിപടർപ്പുകളുടെയും മറവിൽ ഒളിച്ചാണ് മുളച്ചു വളരുക. ഇങ്ങനെ വളരുന്ന ഇവയുടെ മണം പിടിച്ചു വരുന്ന ശലഭങ്ങൾക്ക് ഇവയുടെ ഇലകണ്ടെത്താൻ കഴിയില്ല. പൂമ്പാറ്റ മറ്റു മാർഗ്ഗങ്ങളില്ലാതെ വരുമ്പോൾ ശലഭം മററിലകളിൽ മുട്ട ഉപേക്ഷിച്ചു പോകുന്നു. ഈ മുട്ടകളിൽ ഏതാനും ശലഭപ്പുഴുക്കൾ മാത്രം കരളയത്തിലെത്തുന്നു അവ ജീവചക്രം പൂർത്തിയാക്കുന്നു. കരളയം തുറന്ന സ്ഥലത്ത് ചെറിയ കമ്പുകളിലോ പന്തലുകളിലോ പടർത്തി വളർത്താൻ നമ്മൾ ശ്രമിക്കുമ്പോൾ പൂമ്പാറ്റകൾ മുട്ടകൾ എല്ലാം ചെടികളിൽ തന്നെ നിക്ഷേപിക്കുകയും അവയെല്ലാം വിരിയുകയും ദിവസങ്ങൾ കൊണ്ട് ചെടി ഇല്ലാതാവുകയും ഒരു പുഴു പോലും പൂമ്പാറയാവാതെ പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

അത്കൊണ്ട് ഇലകൾ ധാരാളമുള്ള ഒരു ചെറുമരത്തിലോ കുറ്റിച്ചെടിയിലോ വേണം പടർത്തി വിടാൻ മറ്റ് ചെറു വള്ളികളും ഇതോടൊപ്പം വളരാന നുവദിക്കുക. ഒരിക്കൽ പിടിച്ചുകിട്ടിയാൽ രക്ഷപ്പെട്ടോളും.

നമ്മുടെ നാട്ടിൽ കുറ്റി കാടുകളും ഇടനാടൻ കുന്നുകളും ചെങ്കൽ കുന്നുകളും രണ്ടു ജാതി നീലക്കടുവകളുടെയും ആവാസസ്ഥലമാണ്. ഇവയുടെ ലാഭസ ആയ അപ്പൂപ്പൻ താടി വള്ളി അഥവാ വട്ടകാക്കകൊടി. വലിയ മരങ്ങളിൽ പടർന്നു വളരുന്ന വള്ളികളിലാണ് ഇതിന്റെ പൂവും കായും (അപ്പൂപ്പൻ താടി) ഉണ്ടാവുക. മഴക്കാലത്ത് മാത്രം വേരിൽ നിന്ന് മുളച്ചു പൊന്തുന്ന ഒരു ചെടിയായ് ഇന്നിത് മാറിയിരിക്കുന്നു. വളരാൻ അനുവദിക്കാത്തത് കൊണ്ട് പൂവും കായും ഉണ്ടാവാറില്ല അത് കൊണ്ട് തന്നെ ഇവയുടെ വിത്തുകളായ വലിയ അപ്പൂപ്പൻ താടികൾ നാട്ടിൻപുറങ്ങളിൽ ഇന്ന് അപൂർവ കാഴ്ചയാണ്. ഇതും കാലാന്തരത്തിൽ വികസന പ്രവാഹത്തിൽ നമുക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള ചെടിയാണ് അതോടൊപ്പം അവയെ ആശ്രയിക്കുന്ന നീലകടുവകളും ‘മാസ്ക്’ നിശാശലഭവും ഇല്ലാതാവും. കേവലം ഈ നാലു ചെടികൾ പൂർണമായോ ഭാഗികമായോ ഇല്ലാതാവു മ്പോൾ നമുക്ക് നഷ്ടമാവുന്നത് ഈ പത്തു ശലഭങ്ങൾ ആണ്. ഇന്നത്തെ രീതിയിൽ മുന്നോട്ടു പോയാൽ ആസന്നമായ ഒരു പ്രകൃതി ദുരന്തമായിരിക്കുമത്. പ്രകൃതിയുടെ താളം തെറ്റുമ്പോൾ മനുഷ്യൻ ഒന്നും ചെയ്യാൻ കഴിയാതെ വീട്ടിലടച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലെങ്കിലും നമ്മൾ വഴിമാറി ചിന്തിക്കണം. ഇതൊരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു സംഘടനയുടെയോ സർക്കാരിന്റെയോ മാത്രം ഉത്തരവാദിത്തമല്ല. എല്ലാവരുടെയും ബാധ്യതയാണ്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഹ്യാദ്രിയുടെ താഴ്വാരങ്ങളിലെ മനുഷ്യ വാസ കേന്ദ്രങ്ങളിലൂടെ ഈ ചെടികൾ സമൃദ്ധമായി വളരുന്ന, സംരക്ഷിക്കപ്പെടുന്ന ഒരു പാത; “ശലഭത്താര”; സൃഷ്ടിക്കുകയാണ് പ്രാഥമിക ലക്ഷ്യം, ഇതിനായി ഒരു റൂട്ട് മാപ്പ് തയ്യാറാക്കി സ്കൂളുകൾ മറ്റ് പൊതു സ്ഥാപനങ്ങൾ പൊതു സ്ഥലങ്ങൾ എന്നിവ കണ്ടെത്തി അധികാരികളുടെ അനുവാദത്തോടെയും അംഗീകാരത്തോടെയും ഈ ചെടികൾ നട്ട് വളർത്തുക എന്നതാണ് ആശയം. ഇതിനായി വിവിധ സർക്കാർ വകുപ്പുകൾ താൽപ്പര്യമുള്ള സ്വകാര്യ വ്യക്തികൾ സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവർക്ക് സഹകരിക്കാം, പ്രവർത്തിക്കാം ഇതിനായി പണപ്പിരിവ് കൊട്ടിഘോഷങ്ങൾ എന്നിവ നടത്താതിരിക്കുക. ഫലപ്രാപ്തിയും പ്രകൃതി സംരക്ഷണവും ആണ് നമ്മളുദ്ദേശിക്കുന്ന കർമ്മവും ലക്ഷ്യവും; അതിന് ധനവും ഘോഷവുമല്ല ആത്മാർപ്പണവും ലക്ഷ്യബോധവും ആണ് വേണ്ടത്. ഈ പരിപാടിയുടെ തുടർ ഘട്ടങ്ങളിൽ അല്ലെങ്കിൽ തുടക്കത്തിൽ തന്നെ കൂടുതൽ ശലഭങ്ങളെയും കൂടുതൽ ലാഭസ സസ്യങ്ങളേയും ഉൾപ്പെടുത്താനാവും. ഈ പ്രാഥമിക ശലഭത്താരകളിൽ നിന്ന് പടിഞ്ഞാട്ടും കിഴക്കോട്ടും പോകുന്ന ‘ശലഭവഴികളും’ നമുക്ക് സൃഷ്ടിക്കാനാവും. കേരളത്തിൽ ശലഭങ്ങൾ എല്ലായിടത്തും ചിരഞ്ജീവികളായി സംരക്ഷിക്കപ്പെടും ഈ രീതിയിൽ ഇത്തരം ‘ശലഭക്കാവുകൾ’ വരുമ്പോൾ. ഇത്തരം ശലഭക്കാവുകൾ മറ്റനേകം സസ്യ ജന്തുജാലങ്ങൾക്കും സംരക്ഷണമേകും. “വളരെ സുന്ദരമായ സ്വപ്നം തന്നെ” എന്ന പരിഹാസമാവാം; പക്ഷെ നടക്കാത്ത സ്വപ്നമാണോ? ആണെങ്കിൽ, നമ്മൾ സ്വയം ലജ്ജിക്കുക.

ശലഭക്കാവുകളും ശലഭോദ്യാനവും തമ്മിലുള്ള ആശയപരമായ വ്യത്യാസം പറയാം. ശലഭോദ്യാനം എന്നു പറയുമ്പോൾ നമ്മുടെ മനസിലെത്തുക നിറയെ പൂക്കളുള്ള ഒരു ഉദ്യാനമാണ് (മിക്കയിടത്തും ചില ലാഭസയും ഉണ്ട്) പ്രാഥമികമായി ഇവയുടെ ലക്ഷ്യം ശലഭങ്ങളെ ആകർഷിക്കുക എന്നത് തന്നെയാണ്. ഇവ ഒരു തരം മധുശാലകളാണ്. തേൻ നുകരുക എന്നത് അനിവാര്യമായ ഒരു പ്രവർത്തിയല്ല ശലഭങ്ങൾക്ക്. പ്യൂപ്പയിൽ നിന്ന് പുറത്തിറങ്ങിയാൽ ആണിന് പെണ്ണിനെ കണ്ടെത്താനും പെണ്ണിന് ലാഭസ കണ്ടെത്താനും ആണ് ഊർജവും അതിനായി ചിലപ്പോൾ തേൻ നുകരലും ആവശ്യമാവുന്നത്. മിക്കപ്പോഴും ഇതിനാവശ്യമായ ഊർജത്തിനുള്ള കൊഴുപ്പ് ഇവയുടെ ശരീരത്തിലുണ്ടാവും. പല ശലഭങ്ങളെയും പൂക്കളിൽ കാണാൻ പ്രയാസമാണ് അവ മറ്റ് സ്രോതസ്സുളെ ആശ്രയിക്കുകയോ അല്ലെങ്കിൽ ഒരിക്കലും ഇത്തരം ആഗിരണങ്ങൾക്കു മുതിരാറോ ഇല്ല എന്നതാണ് കാരണം. നല്ല വെയിലത്ത് തേൻ നുകർന്നു നടക്കുന്ന ഈ ‘മധുപാനി’കൾ ചിലപ്പോഴെങ്കിലും കർത്തവ്യങ്ങൾ മറന്ന് അവിടെ തന്നെ ചുറ്റികറങ്ങുകയാണ് പതിവ്. അത് കൊണ്ട് തന്നെ ശലഭോദ്യാനങ്ങളിൽ പൂച്ചെടികളോടൊപ്പം അവിടെ വരുന്ന എല്ലാ ശലഭങ്ങളുടെയും ലാഭസ നട്ട് വളർത്തണം. എന്നാൽ ശലഭത്താരയിൽ ലാഭസയ്ക്കാണ് പ്രാധാന്യം തേനിനുള്ള പൂച്ചെടികൾ പരിസരങ്ങളിലുള്ളത് തന്നെ മതിയാകും. കൂട്ടാളികളുമായി ചര്ച്ച ചെയ്യുക. ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.

പ്രതീക്ഷയോടെ സ്നേഹത്തോടെ
ബാലകൃഷ്ണൻ വളപ്പിൽ
23 ഓഗസ്റ്റ് 2021

Back to Top
%d bloggers like this: