പെരിയാറിന്റെ ഹൃദയത്തിൽ പറവകളോടൊപ്പം

പെരിയാറിന്റെ ഹൃദയത്തിൽ പറവകളോടൊപ്പം

പെരിയാർ കടുവ സങ്കേതത്തിൽ പക്ഷികളുടെ കണക്കെടുപ്പിനായി പോകുമ്പോൾ ആശങ്ക മഴ പണി തരുമോ എന്നതിനെ ചൊല്ലി മാത്രമായിരുന്നു. മനസ്സിൽ ഒരു കുഞ്ഞു മോഹവും, ഒരു കടുവയെ കാണാൻ ഭാഗ്യമുണ്ടാകണേ എന്നും.

മെയ് 10 നു രാത്രി കണ്ണൂരിൽ നിന്നും കോട്ടയത്തേക്കുള്ള ബസിൽ എനിക്കും സിദ്ധാർഥിനും ഒപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു, ജിഷ. പുലർച്ചെ 5 മണിയോടെ കോട്ടയത്തെത്തി. അവിടെ നിന്നും കുമളി ബസിൽ, കുമളി എത്തുമ്പോൾ സമയം 8 .30. മലപ്പുറം കൂട്ടുകാരെ വിളിച്ചു എത്തേണ്ട സ്റ്റേഷൻ ഉറപ്പിച്ചു. ഒരു ഓട്ടോയിൽ ഫോറെസ്റ് ഡോർമിറ്ററിയിലേക്കു ഒരു 10 മിനിറ്റ് യാത്ര. മുളംകാടുകളിൽ കിളികളുടെ ബഹളം. അവിടെ എത്തി ഒന്ന് ഫ്രഷ് ആയി പ്രാതൽ കഴിച്ചു പുറത്തിറങ്ങി. അപ്പോഴേക്കും ചിലരെ അട്ട സ്വീകരിച്ചിരുന്നു. അത് മുൻകൂട്ടി കണ്ടു പുൽതൈലം പുരട്ടിയ എന്റെ മുന്നിൽ അട്ട പരാജയം സമ്മതിച്ചു. കുറച്ചു കഴിഞ്ഞു ഹാളിൽ എല്ലാരും ഒത്തുകൂടി. പരിപാടിയുടെ വിശദീകരണവും പരസ്പരം പരിചയപ്പെടലും ഒരു ഗ്രൂപ്പ് ഫോട്ടോ എടുപ്പും. അത് കഴിഞ്ഞു വന്നപ്പോഴാണ് കുറച്ചു ഫേസ്ബുക് ഫ്രണ്ട്സിനെ ആദ്യമായി കാണുന്നത്. അതിന്റെ ആഹ്ലാദം പങ്കിട്ടത് കൊണ്ട് പോയ തലശ്ശേരി സ്പെഷ്യൽ പലഹാരം വിതരണം ചെയ്തുകൊണ്ടാണ്. അപ്പോഴേക്കും 21 ക്യാമ്പുകളിലേക്കും ഉള്ള ആളുകളെ തിരഞ്ഞെടുത്തിരുന്നു. എന്റെ കൂടെ സിദ്ധാർഥും സുജീഷും പിന്നെ 3 പെൺകുട്ടികളും. രണ്ടുപേർ ഫോറെസ്റ്ററി കോളേജിലെ സ്റുഡന്റ്സ്, ഒരാൾ കുമളിയിൽ തന്നെ പ്ലസ്ടു വിദ്യാർത്ഥിനി, മാളു എന്ന മാളവിക, മമ്മു എന്ന മമത, പിന്നെ അശ്വതിയും. ഉച്ച ഭക്ഷണ ശേഷം എല്ലാരും ബേസ് ക്യാമ്പുകളിലേക്ക് യാത്രയായി. ഞങ്ങൾക്ക് പോകേണ്ടത് മുല്ലക്കുടിയിലേക്കായിരുന്നു. ബോട്ടിൽ 2 മണിക്കൂർ യാത്രക്കൊടുവിൽ അവിടെ എത്തുമ്പോൾ സമയം അഞ്ചായി. ബോട്ട് യാത്രക്കിടയിൽ ആനകളും മ്ലാവുകളും പിന്നെ 12 നീർനായകളേയും 200 ൽ കൂടുതൽ നീർക്കാക്കകളെയും മറ്റു ചില നീർപറവകളെയും കാണാൻ കഴിഞ്ഞു. അതെല്ലാം അപ്പോൾ തന്നെ ലിസ്റ്റ് ആക്കി.

© www.periyartigerreserve.org

ക്യാമ്പ് പെരിയാർ തടാകകരയിൽ തന്നെ ആയിരുന്നു. നല്ല സൗകര്യമുള്ള സ്ഥലം. 3, 4 റൂമുകൾ ഉണ്ടെങ്കിലും ഒരു ഹാൾ മാത്രമാണ് ക്ലീൻ ആയി ഉണ്ടായിരുന്നത്. ബാത്റൂം, ടോയ്‌ലറ്റ്‌ എല്ലാം നല്ല സൗകര്യമായിട്ടുണ്ട്. ഫോറെസ്റ് വാച്ചർമാർ അടക്കം 6 പേരാണ് ഉള്ളത്. അവർ മുകളിൽ വേറെ കെട്ടിടത്തിൽ ആണ്. ചുറ്റും ട്രെഞ്ച് ഉണ്ട്. അത് ഒരിക്കൽ ആന ഇടിച്ചു കേറിയതുകൊണ്ടു ഇപ്പോൾ സൈഡ് കരിങ്കല്ല് കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുണ്ട്. ഞാൻ അവരോടു ചോദിച്ചു ഒരു ചൂൽ വാങ്ങി റൂമൊക്കെ തൂത്ത് വൃത്തിയാക്കി. കിടക്കാനുള്ള സൗകര്യം ഉണ്ടാക്കി .(അവർ ഒന്ന് ക്ലീൻ ചെയ്തിട്ടിരുന്നു ) ലഗേജ് എല്ലാം അടുക്കി വച്ചു. അപ്പോഴേക്കും അവർ കാപ്പി കുടിക്കാൻ വിളിച്ചു. കോൺക്രീറ്റ് തൂണുകൾക്കു മീതെ പലക അടിച്ചു ഉണ്ടാക്കിയ റൂമുകൾ. താഴെ ഫുഡ് കഴിക്കാനായി നല്ലൊരു ടേബിൾ, കസേരകൾ ഒക്കെ ഉണ്ടായിരുന്നു. തൂണുകൾക്കു മുകളിൽ ഇംഗ്ലീഷുകാർ പണിത വാച്ച് ടവർ പോലുള്ള അതിനു മുകളിൽ കേറി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ഞങ്ങൾ മെല്ലെ പുറത്തിറങ്ങി. മലബാർ വിസിലിംഗ് ത്രഷ് മനോഹരമായി ചൂളം വിളിക്കുന്നുണ്ടായിരുന്നു. ഹിൽ മൈനകളും കൂടെ ഉണ്ട്. അവയെ കവച്ചു വെക്കാനെന്നോണം പേക്കുയിൽ കൂവിക്കൊണ്ടിരിക്കുന്നു. കാടിന്റെ ശബ്ദം. ഞങ്ങൾ താഴേക്ക് ഡാം തടാകം വരെ ഒന്ന് വന്നു മടങ്ങി. അതുവരെ കണ്ട പക്ഷികളെയൊക്കെ ലിസ്റ്റ് ചെയ്തു. ഇരുട്ടായതോടെ സോളാർ ലൈറ്റിന്റെ സുരക്ഷയിലേക്കു ഒതുങ്ങി. പരസ്പരം കത്തിവച്ചു സമയം കളയുമ്പോഴും പുറത്തെ രാവിൻറെ നിശബ്ദതയെ കീറിമുറിച്ചെത്തുന്ന ശബ്ദങ്ങളെ തിരിച്ചറിയുകയായിരുന്നു എന്റെ പണി. ചീവിടുകളും പുള്ളുനത്തും ഇടയ്ക്കു പേക്കുയിലും കരയുന്നുണ്ട്. ആനയുടെ ചിഹ്നം വിളി കേൾക്കുമൊന്നു തിരയുകയായി ഞാൻ. നോ രക്ഷ. 9 ആയപ്പോൾ ഫുഡ് റെഡി. ചോറും സാമ്പാറും കഴിച്ചു നേരത്തെ കിടന്നു. നിലത്തു വിരിക്കാൻ ഹീറ്റ് ലോൺ ഷീറ്റ് ഉണ്ട്. അതിൽ ബെഡ് ഷീറ്റ് വിരിച്ചു കിടന്നു, തണുപ്പുണ്ട്, എന്നാലും സഹിക്കാവുന്നതേ ഉള്ളൂ. ചീവീടുകളുടെ പാട്ടു കേട്ട് ഉറങ്ങി .

Shola

പുലർച്ചെ 5 .30 നു എഴുന്നേൽക്കാനായി അലാറം സെറ്റ് ചെയ്തു വച്ചിരുന്നു. അതിനുമുന്നെ ഞാൻ ഉണർന്നിരുന്നു. സൂര്യോദയം നേരത്തെ ആയതുകൊണ്ട് 5 .30 നു ഞാൻ എഴുന്നേറ്റു .ചൂളക്കാക്കയുടെ പാട്ടിനൊപ്പം പ്രഭാത കർമ്മങ്ങളൊക്കെ തീർത്തു വന്നിട്ടും ബാക്കി 5 ഉം പുതപ്പിനുള്ളിൽ തന്നെ. എല്ലാറ്റിനേം വിളിച്ചു എഴുന്നേൽപ്പിച്ചു വിട്ടു, (നാട്ടിൽ സിദ്ധാർത്ഥിനെ എഴുന്നേൽപ്പിക്കേണ്ട പണിയേ ഉള്ളൂ. ഇവിടെ 5 എണ്ണം) എല്ലാരും വേഗം റെഡി ആയി. 6.30നു സർവ്വേ സ്റ്റാർട്ട് ചെയ്യണം. ഒരു ചൂട് കാപ്പിയും പിന്നെ ഇവിടുന്നു കൊണ്ടുപോയ അരിയുണ്ടയും കഴിച്ചു ഫോറെസ്റ് വാച്ചർമാരോടൊപ്പം കാട്ടിലേക്ക് .

ട്രെഞ്ചിനു പുറത്തിറങ്ങിയപ്പോ തന്നെ നല്ലൊരു കൂട്ടം പക്ഷികൾ. ഓറഞ്ച് മിനിവെറ്റ്, ചൂളക്കാക്ക, ഏഷ്യൻ ഫെയറി ബ്ലൂ ബേർഡ്, കാടുമുഴക്കികൾ, ആനറാഞ്ചികൾ, ലളിതക്കാക്കകൾ, വ്യത്യസ്ത ഇനം മരംകൊത്തികൾ, ……. ചാരവരിയൻ പ്രാവുകളുടെ ഒരു കൂട്ടം ഒരു ഫൈക്കസ് മരത്തിൽ. ഇടയിൽ കുറച്ചു കരിങ്കുരങ്ങുകൾ തമ്മിൽ ബഹളം ഉണ്ടാക്കുന്നുണ്ട്. വഴിയിൽ ആനപ്പിണ്ടം. തലേന്ന് രാത്രിയിൽ ഉള്ളത്. കരടികൾ കുഴിച്ച ചിതൽ പുറ്റുകൾ, കാട്ടുപോത്തിൻ കൂട്ടം നടന്നു പോയ വഴികൾ. കാട്ടിലെ ജീപ്പ് പാതയിലൂടെ കുറെ ദൂരം നടന്നു. 9 മണിയോടെ ഒരു നീർച്ചാലിനു സമീപം കുറച്ചു റസ്റ്റ്. ബിസ്കറ്റും നീർച്ചാലിലെ ഔഷധഗുണമുള്ള കാട്ടുറവയും. തെളിനീര്, നല്ല വെള്ളം. പ്രകൃതിയിൽ അലിയുന്ന പോലെ. കാടിന്റെ, പ്രകൃതി ഒരുക്കിയ ഔഷധഗുണമുള്ള വെള്ളം .

copyright : www.periyartigerreserve.org

അവിടുന്ന് റോഡ് ഒഴിവാക്കി കാട്ടു കറിവേപ്പുകൾ തീർത്ത അടിക്കാടുകൾക്കിടയിലെ ആനത്താരയിലൂടെ നടന്നു തടാകത്തിന്റെ കൈവഴിയിൽ എത്തി. വഴിയിൽ കണ്ട പക്ഷികളുടെ ലിസ്റ്റ് അപ്പൊ തന്നെ ബുക്കിൽ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു ചിത്രശലഭങ്ങളും അകലെ കുന്നിൽ മേയുന്ന ആനക്കൂട്ടങ്ങളും കാട്ടുപോത്തിൻപറ്റങ്ങളും മ്ലാവുകളും നല്ലൊരു കാഴ്ചയായി .കൃഷ്ണ ശലഭങ്ങൾ, പൊന്തച്ചുറ്റി,അരളി ശലഭം ,തെളിനീല കടുവ, തുടങ്ങിയവ ഉണ്ടായിരുന്നെങ്കിലും അവയെ കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. മുന്നിലെ പക്ഷികളെ മാത്രമേ നോക്കിയുള്ളൂ. 11. 30 ആകുമ്പോ തിരികെ ക്യാമ്പിൽ. പ്രാതലും കഴിച്ചു റൂമിലേക്ക്. എല്ലാവരും അട്ടയെ കളയുകയായിരുന്നു. എല്ലാവര്ക്കും കിട്ടി, പുൽതൈലം പുരട്ടിയ എനിക്ക് ഒഴികെ. അതാണ്, പ്രകൃതി തന്നെ ഓരോന്നിനും അനുകൂലമായും പ്രതികൂലമായും വേണ്ടത് ഒരുക്കീട്ടുണ്ടാവും. കടി കിട്ടി ചൊറിയുന്നവർക്കു ഹോമിയോ ടിഞ്ചർ പുരട്ടിയപ്പോ ചൊറിച്ചിലും പോയി .

Mullakkudy Team with Forest staff

കുറച്ചു നേരം റസ്റ്റ് എടുത്തു. 1 മണിയോടെ കുളി കഴിഞ്ഞു എല്ലാരേം കുളിക്കാൻ പറഞ്ഞു വിട്ടു. അതിനിടെ ഇടയ്ക്കിടെ പുറത്തു വന്നു നോക്കികൊണ്ടിരുന്നു, ഏതെങ്കിലും പുതിയ മുഖം പ്രത്യക്ഷമാകുന്നുണ്ടോ എന്ന്. അപ്പോഴേക്കും മഴക്കാർ ഇരുണ്ടു തുടങ്ങി. ഉച്ച ഭക്ഷണം കഴിഞ്ഞു മടങ്ങുമ്പോഴേക്കും ചങ്ങാതി ചിണുങ്ങി തുടങ്ങി. 2 ആയപ്പോഴേക്കും നല്ല ശക്തിയായി പെയ്തു തുടങ്ങി. ഇനി രക്ഷയില്ല. ആഫ്‌റ്റർനൂൺ സെഷൻ ക്യാൻസൽ ചെയ്തു. റൂമിൽ കുത്തിയിരുന്ന് മഴ നോക്കി. നാലുമണി കഴിഞ്ഞതോടെ മഴ നിന്നു. അന്തരീക്ഷം അപ്പോഴും ഇരുണ്ടു തന്നെ. എന്തായാലും 5 ആയപ്പോഴേക്കും ഈയലുകൾ ആകാശത്തേക്ക് ഉയർന്നു തുടങ്ങി. അടിപൊളി ! ഒരുപാട് പക്ഷികൾ ! മരംകൊത്തികൾ, മലബാർ ട്രോഗോൺ, മിനിവേറ്റ്, തുടങ്ങി ഒരുപാടെണ്ണം ഈയൽ സദ്യ ഉണ്ണാൻ എത്തി .മരംകൊത്തികൾ ഈയലുകളെ പറന്നു പിടിക്കുന്നത് നല്ലൊരു കാഴ്ചയായിരുന്നു. കാട്ടുകോഴികളും കാടകളും നിലത്തു നടന്നും. മഴ ഉപകാരമായ അവസ്ഥ .ഇതാണ് ” ഉർവശി ശാപം ഉപകാരം ” എന്തായാലും വൈകിട്ടും 2 ലിസ്റ്റ് ഇടാൻ പറ്റി. രാത്രി ഇരുണ്ടതോടെ കാട്ടു നത്തും മീൻ കൂമനും ശബ്ദിക്കാൻ തുടങ്ങി. ഇടയ്ക്കിടെ പേക്കുയിലും. രാത്രി ഭക്ഷണം കഴിഞ്ഞു ഉറക്കം. മഴ കഴിഞ്ഞപ്പോ കുറച്ചു തണുപ്പ് കൂടി. അതിനിടെ മമത ആണെന്ന് തോന്നുന്നു ഇവിടെ കിഴക്കു ഭാഗം ഏതാണെന്നു ചോദിച്ചത്. എന്തിനെന്ന ചോദ്യത്തിന്, ഉറങ്ങുമ്പോ തല വെച്ചത് ശരിയായില്ല, അതുകൊണ്ടു ശരിക്കും ഉറങ്ങാൻ പറ്റിയില്ല എന്ന് മറുപടിയും. കേട്ടപാടെ ഞങ്ങൾക്ക് ചിരിയായി. എന്തായാലും തല വെച്ച പൊസിഷൻ മാറ്റി കിടന്നു. വിശ്വാസം, അതല്ലേ എല്ലാം .

copyright: www.periyartigerreserve.org

പുലർച്ചെ പതിവ് പോലെ 5. 30 നു എഴുന്നേറ്റു. എല്ലാരേം ഉണർത്തി, ഇന്ന് നേരത്തെ പോകണം. ഉച്ചവരെ നടക്കാം എന്നൊക്കെയാണ് ഇന്നലെ തീരുമാനിച്ചത്. എന്നിട്ടും 6. 30 നു തന്നെയാണ് ഇറങ്ങിയത്. കുറച്ചു ദൂരം റോഡിൽ. പിന്നെ അടിക്കാടുകളിക്കിടയിലൂടെ കാട്ടുപോത്തുകൾ മുന്നിൽ നടന്നുപോയ വഴിയിലൂടെ. റോഡിൽ കടുവയുടെ കാൽപ്പാടുകൾ, കാഷ്ഠം. പുലർച്ചെ ഉള്ളതാവണം. റോഡ് കഴിഞ്ഞു ഇറങ്ങിയ വഴി ശരിക്കും പേടിപ്പിച്ചു. ഒറ്റയടി പാത. കരടികൾ മാന്തി പൊളിച്ച പുറ്റുകൾ. ഇരുവശവും ഉയർന്ന മരങ്ങൾ. ഇടതിങ്ങി നിൽക്കുന്നു. പക്ഷികൾ കുറവായിരുന്നു. കാടുമുഴക്കികൾ ഇടതടവില്ലാതെ ബഹളം ഉണ്ടാക്കുന്നുണ്ട്. കരിങ്കുരങ്ങുകൾ “ഗും ഗും” എന്നും ശബ്‌ദിക്കുന്നു. ഇടയ്ക്കു ഒരു ഒറ്റയാൻ കാട്ടുപോത്ത് വഴി മുടക്കി കടന്നുപോയി. വഴിയിൽ വീണു കിടക്കുന്ന മരങ്ങൾ കടന്നു ഒരു ചതുപ്പിനടുത്തെത്തി. ഹീയ്യാ …. കുറെ മലമുഴക്കികൾ പറന്നു പോകുന്ന രസികൻ കാഴ്ച ! 16 എണ്ണം കടന്നു പോയി. അപ്പോഴതാ തൊട്ടപ്പുറത്ത് മരച്ചില്ല ഒടിക്കുന്ന ശബ്ദം. ”ഒറ്റയാൻ കൊമ്പൻ ആണ്, അവൻ ഇച്ചിരി പിശകാ” എന്ന് കൂടെയുള്ള ഗാർഡ് പറഞ്ഞതും എല്ലാവരും ഉടനടി സ്ഥലം ഒഴിവാക്കി .അല്ലെങ്കിൽ ഇനീം കാണായിരുന്നു. വീണ്ടും ഇടതൂർന്ന കാട്ടു വഴിയിലൂടെ. ഒരു ഒറ്റയാൻ കാട്ടുപോത്ത് കൂടെ കടന്നു പോയി. ഒരു ഉയർന്ന പ്രദേശത്താണ് പിന്നെ ഞങ്ങൾ. അവിടെ 5 എണ്ണം അടങ്ങിയ തീക്കാക്കകളുടെ ഒരു കൂട്ടം. പിന്നെ കുറച്ചു പാറ്റപിടിയന്മാർ. വീണ്ടും മുന്നോട്ട്, ദുർഘടമായ വഴി താണ്ടി തടാകക്കരയിലേക്കു. ഗ്രീൻ ഇൻപീരിയൽ പിജിയൻ കൂടുപണിക്കുള്ള ചില്ലയുമായി മരത്തിലേക്ക് പറന്നു വന്നു. ഉയർന്ന മരത്തിലെ വള്ളികൾ പടർന്നു കേറിയ ചില്ലയിൽ കൂടുപണി നടക്കുന്നു .

copyright: www.periyartigerreserve.org

പിന്നീട് റീസെർവോയർ സൈഡിലൂടെ ആയി നടപ്പ്. പിപിറ്റുകളും വാലുകുലുക്കികളും ബുൾബുളുകളും ഗൗളിക്കിളികളും കഴിഞ്ഞു മുകളിലേക്ക് കയറിയ ഞങ്ങൾക്കിടയിൽ നിന്നും സാവന്ന രാച്ചുക്ക് മൂന്നെണ്ണം പറന്നു മാറി. നല്ലൊരു ഫോട്ടോ കിട്ടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു. വീണ്ടും നടന്നു ഒടുക്കം 12.30 ആകാറായപ്പോ തിരിച്ചെത്തി, പ്രാതൽ. കുറച്ചു വിശ്രമത്തിനു ശേഷം കുളിയും 2 .30 ആകാറായപ്പോ ഉച്ചയൂണും കഴിഞ്ഞു താഴേക്കിറങ്ങി. തടാകക്കരയിൽ കുറച്ചു നേരം ഇരുന്നു. അപ്പുറത്തെ സൈഡിൽ മ്ലാവുകളുടെ ഒരു കൂട്ടം. മറ്റൊരു സൈഡിൽ 2 പിടിയാനകളും ഒരു കൊച്ചു കുട്ടികൊമ്പനും. അമ്മയുടെ കാലുകൾക്കിടയിൽ കുട്ടിക്കൊമ്പൻ. നല്ലൊരു കാഴ്ച. കുറച്ചു നേരത്തെ നിരീക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങി. റൂമിലെത്തി അല്പം വിശ്രമം. രാത്രിയോടെ മൂങ്ങകളും ഉണർന്നു. പിറ്റേന്ന് യാത്ര തിരിക്കണമല്ലോ എന്ന വിഷമമായി പിന്നെ ഞങ്ങൾക്ക് .
തലേന്ന് രാത്രി പറഞ്ഞിരുന്നു രാവിലെ 8 .30 നു ബോട്ട് വരുമെന്ന്, അതിനുമുന്നെ ഒരു ചെറിയ നിരീക്ഷണം ആവാമെന്നും ഞങ്ങൾ ഉറപ്പിച്ചിരുന്നു. അതുപ്രകാരം 6 .15 നു ഇറങ്ങി. തടാകം മുറിച്ചു കടന്നു അപ്പുറത്തെ ഇടതൂർന്ന കാടുകളിലേക്കായിരുന്നു യാത്ര, ആനകൾ ഞങ്ങൾക്ക് മുന്നേ കടന്നു പോയതേയുള്ളൂ എന്ന് തോന്നി. അവിടെ വച്ച് വയനാടൻ ലാഫിങ് ത്രഷിനെ കിട്ടി. കാട്ടുനത്തിന്റെ കുഞ്ഞും, ആൽക്കിളിയുടെ കൂടും കണ്ടു. ഇഷ്ടംപോലെ കാടുമുഴക്കികളും ലളിതക്കാക്കകളും. ഹിൽ മൈനകൾ ഒരുപാടുണ്ട്. വിസിലിംഗ് ത്രഷും. അപ്പോഴേക്കും മടങ്ങാനുള്ള നേരമായി. തിരികെ വന്നു പ്രാതൽ കഴിഞ്ഞു ഡ്രസ്സ് മാറി ലഗേജ് ഒരുക്കി ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു എല്ലാരോടും യാത്രയും പറഞ്ഞു. വേദനയോടെ മടക്കയാത്ര. മനസ്സ് അറിയാതെ പാടി ” ഇനിയെന്ന് കാണുമെന്നായ് …………..

copyright: www.periyartigerreserve.org

ഓർമകളിൽ എന്നുമുണ്ടാവും ഈ യാത്രകൾ. കൂട്ടുകാർ, മുൻപ് കാണാതെ, അറിയാതെ, ആരൊക്കെയോ ആവുന്നു.


Back to Top