പക്ഷികളുടെ ലോകത്തെക്കുറിച്ച് തെല്ലും പരിചയമില്ലാത്ത ഒരു കാലത്താണ് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് വയനാട്ടിലെ പനമരം പ്രദേശത്തുള്ള നെൽവയലുകളിലേക്ക് പക്ഷികളെ കാണുന്നതിനുവേണ്ടി ആദ്യമായി പോകുന്നത്. കണ്ട് ആസ്വദിക്കുക എന്നുള്ളത് മാത്രമായിരുന്നു അന്നത്തെ യാത്രയുടെ പ്രേരണ. ആദ്യ ദിവസത്തെ യാത്ര തന്നെ ഞങ്ങൾക്ക് അത്ഭുതകരമായിരുന്നു. നൂറുകണക്കിന് തൂക്കണാം കുരുവികൾ, നാളിതുവരെ ഞങ്ങൾ കണ്ടിട്ടില്ലാത്ത നീലക്കോഴികൾ, പലതരം പരുന്തുകൾ, ഒട്ടനേകം കൊറ്റികൾ, വരമ്പൻ പക്ഷികൾ നീർക്കാക്കകൾ, ശര പക്ഷികൾ, കത്രിക പക്ഷികൾ അങ്ങനെ അങ്ങനെ അങ്ങനെ ഒരുപാട് പേർ… സ്വപ്ന സമാനമായ ഒരനുഭവമായിരുന്നു ആ ദിവസം. എണ്ണം കൊണ്ട് ഇത്രയധികം പക്ഷികളെ ഒരുമിച്ച് കാണുന്നത് ആദ്യമായിട്ടായിരുന്നു സ്വർണവർണമുള്ള നെൽവയലുകൾക്ക് മേലെ സായന്തനത്തിൽ ചാഞ്ഞു വീഴുന്ന വെയിലും അതിലേക്ക് മഴ പോലെ പെയ്തിറങ്ങുന്ന പക്ഷികളുടെ കൂട്ടങ്ങളും. ഇരുപത് വർഷത്തിനിപ്പുറവും ആ ദിവസം ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളിലൊന്നായി ഇന്ന് ഓർമ്മയിൽ ഉയർന്നുനിൽക്കുന്നു. സ്വന്തം നാട്ടിൽ ഇത്രയേറെ പക്ഷികൾ ഉണ്ട് എന്ന അറിവ് എന്റെ നാടിനോട് എനിക്ക് അഭിമാനവും സ്നേഹവും വർദ്ധിപ്പിച്ചു….
തുടർന്നിങ്ങോട്ട് ഞങ്ങൾ പനമരത്ത് നിത്യസന്ദർശകനായി മാറി. അപ്പോഴാണ് നാട്ടുകാർ പറഞ്ഞ് അറിഞ്ഞത് അവിടെ പുഴയിൽ ഒരു തുരുത്ത് ഉണ്ടെന്നും അതിൽ ധാരാളം പക്ഷികൾ വരാറുണ്ട് എന്നും. അങ്ങനെയാണ് ഒരു വൈകുന്നേരം ആദ്യമായി പനമരം കൊറ്റില്ലം കാണുന്നത്. പനമരം പുഴയുടെ നടുവിൽ ഒരു ചെറിയ പച്ചത്തുരുത്ത്. തുരുത്തിൽ പ്രധാനഭാഗം നിറയെ മുളങ്കൂട്ടങ്ങൾ. ഒരുഭാഗത്ത് ഏതാനും ചെറിയ മരങ്ങളും മരങ്ങൾക്കു കീഴിൽ പുല്ലും കുറ്റിക്കാടുകളും ഇടതിങ്ങി വളർന്നു നിൽക്കുന്നു. പുഴ മുറിച്ചു കടന്നാൽ പോലും തുരുത്തിന് അകത്തേക്ക് നടന്നു കയറുക എന്നത് ദുഷ്കരമാകുന്ന വിധം ഇടതിങ്ങിയ സസ്യാവരണം.
വേനൽക്കാലമായിരുന്നതിനാൽ വൈകുന്നേരങ്ങളിൽ ചേക്കേറുന്നതിനുവേണ്ടി മാത്രമേ അവിടെ കൊറ്റികൾ വരാറുണ്ടായിരുന്നുള്ളൂ. സന്ധ്യയായതോടെ കൊക്കുകൾ ചെറിയ ചെറിയ കൂട്ടങ്ങളായി വന്നുതുടങ്ങി വന്നവർ പലരും സമീപത്ത് വട്ടമിട്ട് പറന്നു കൊണ്ടേയിരിക്കുന്നു ചിലർ മുളം കൂട്ടങ്ങളിൽ ഇടംകണ്ടത്തി വിശ്രമിക്കുന്നു. അരമണിക്കൂറിനകം ആ പ്രദേശം മുഴുവനും പക്ഷികളെ കൊണ്ട് നിറഞ്ഞു..!! ഞങ്ങൾ വരുമ്പോൾ ശാന്തമായി നിന്നു തലയാട്ടികൊണ്ടിരുന്നു മുളം കൂട്ടങ്ങളിൽ എല്ലാം പക്ഷികൾ. അവർ തലങ്ങും വിലങ്ങും പറന്നു കൊണ്ടേയിരിക്കുന്നു. ചിലർ പരസ്പരം കലഹിക്കുന്നു ശബ്ദമുഖരിതമായ കുറേ നിമിഷങ്ങൾ കഴിഞ്ഞു. ഇരുട്ടുവീണു തുടങ്ങിയതോടെ പതുക്കെ കൊറ്റില്ലം ശാന്തമായി. ആനന്ദത്തോടെ, നിർവൃതിയോടെ, അന്ന് ഞങ്ങളും അവിടെനിന്ന് മടങ്ങി.
പിന്നെ തൊട്ടടുത്ത വർഷ കാലത്താണ് ഞങ്ങൾ പനമരം കൊറ്റില്ലം കാണുന്നത്. കണ്ണുപൊത്തി കൊണ്ടുവന്ന് വിഷുക്കണിക്ക് മുന്നിലെത്തി കൺതുറന്ന ഒരു കൊച്ചുകുട്ടിയുടെ അത്ഭുതത്തോടെയാണ് നമ്മളന്ന് കൊറ്റിലും കണ്ടത്. കടും പച്ചനിറമുള്ള മുളം കൂട്ടങ്ങളിൽ നിറയെ തൂവെള്ള നിറത്തിലുള്ള വെളളരിക്കൊക്കുകൾ കൂടുകൂട്ടിയിരിക്കുന്നു. കൂടുകളിൽ എല്ലാം അടയിരിക്കുന്ന പക്ഷികൾ ചിലർ അങ്ങിങ്ങ് കൂടുകൾക്കരികിൽ വെറുതെ ഇരിക്കുന്നു. ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ പലയിനം കൊറ്റികൾ അവിടെ കൂട് കൂട്ടിയിട്ടുണ്ടെന്ന് മനസ്സിലായി. ചെറുമുണ്ടികൾ ഇടമുണ്ടികൾ, പെരുമുണ്ടികൾ, കുളക്കൊക്കുകൾ, നീർക്കാക്കകൾ അങ്ങനെ പലതരം പക്ഷികളുടെ കൂടുകൾ ഉണ്ടായിരുന്നു. കൊറ്റില്ലം സജീവമാകുന്നതോടെ അതിനെ ആശ്രയിക്കാൻ മറ്റു പല ജീവികളും എത്തിത്തുടങ്ങും. കൂട്ടിൽ നിന്നും നിലത്ത് വീഴുന്ന കുഞ്ഞുങ്ങളെ തിന്നാനായി ചീങ്കണ്ണികളും, എളുപ്പത്തിൽ ഇരപിടിക്കാൻ ആവും എന്നതുകൊണ്ടോ എന്തോ സാധാരണയായി കാടുകളിൽ കാണാറുള്ള ഷഹീൻ ഫാൽക്കൺ ഉൾപ്പെടെ പല പരുന്തുകളയും അക്കാലത്ത് അവിടെ കാണാം. കാക്കകൾ കൂട്ടിൽ നിന്നും മുട്ടയെടുത്ത് തിന്നുന്നതും കൊറ്റികളെ ശല്യം ചെയ്യുന്നതും ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ്.
ഒരുപക്ഷേ വയനാട്ടിൽ ഇന്നവശേഷിക്കുന്നതിൽ വന്യജീവികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും സചേതനമായ ഒരിടമാണ് പനമരം കൊറ്റില്ലം. ഇത്രയും ചുരുങ്ങിയ ഒരു സ്ഥലം ഇത്രയേറെ പക്ഷികൾക്ക് അഭയമാകുന്ന മറ്റൊരിടം വയനാട്ടിൽ ഇല്ല. പക്ഷിലോകത്തെ ജീവൽ പ്രവർത്തനങ്ങളിൽ അതിലോലമായ പ്രജനന കാലത്ത് അവർക്ക് അഭയമേകുന്ന ഈ പച്ചത്തുരുത്തിനെയോർത്ത് ഞങ്ങളുടെ മനസ്സ് അഭിമാനപൂരിതമായി.
അന്നുമുതൽ ഇങ്ങോട്ട് പക്ഷികളുടെ പ്രജനനകാലത്ത്, ഞങ്ങളിൽ പലരും തുടർച്ചയായി പോകുന്ന ഒരിടമായി മാറി പനമരം കൊറ്റില്ലം. ഇക്കാലയളവിൽ പനമരം കൊറ്റില്ലം അനുകൂലവും പ്രതികൂലവുമായ പല സാഹചര്യങ്ങളിലൂടെ കടന്നു പോയി. പല വൃദ്ധിക്ഷയങ്ങളും അവിടെ സംഭവിച്ചു. പുഴയിൽ നിന്നും മണൽ വാരുന്നത് കൊണ്ട് വശങ്ങൾ ഇടിഞ്ഞു വീണ് വ്യാപ്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പുഴയുടെ വഴിയിൽ നീരൊഴുക്ക് രൂപപ്പെടുത്തിയെടുത്ത ഒരു തുരുത്താണ് പിന്നീട് കൊറ്റില്ലമായി രൂപപ്പെട്ടുവന്നത്. അനന്ത കാലത്തേക്ക് ഇനിയും ഒഴുകേണ്ട ആ പുഴ എന്നുവേണമെങ്കിലും സ്വാഭാവികമായി ആ തുരുത്തിനെയും എടുത്തുകൊണ്ടു പോയേക്കാം. എന്നാൽ അങ്ങനെയൊരു തുടച്ചു നീക്കൽ നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയിലൂടെയും ആയിക്കൂടാ. കൊറ്റില്ലം സ്ഥിതിചെയ്യുന്നത് പുഴയുടെ തലപ്പത്തുള്ള രണ്ട് അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം വന്ന് സന്ധിക്കുന്ന സ്ഥലത്താണ് എന്നതും കൊട്ടില്ലത്തിൻറെ ഭാവിയെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ് കൊറ്റില്ലത്തിനു താഴെയായി നിർമ്മിച്ചിട്ടുളള തടയണ ഇപ്പോൾതന്നെ തുരുത്തിന്റെ നിലനിൽപ്പിന് ഒരു ഭീഷണിയായിട്ടുണ്ട്. 2010 നും 2013 നും ഇടയിൽ തുരുത്തിലെ മുളങ്കൂട്ടങ്ങൾ എല്ലാം പൂത്ത് ഉണങ്ങി പട്ടുപോയി… കൊറ്റില്ലത്തിൽ കൂടുവെക്കാനുളള ഇടത്തിനായി പക്ഷികൾക്ക് പരസ്പരം മത്സരിക്കേണ്ടി വന്നു. മണ്ണിൽ വീണ മുള വിത്തുകൾ മുളച്ച് വളർന്ന് അതിവേഗം തുരുത്തിനെ വീണ്ടും പച്ചപ്പണിയിച്ചു. ഒരുപക്ഷേ കാലങ്ങളായി തുരുത്തിൽ വീണുകൊണ്ടിരിക്കുന്ന പക്ഷികാഷ്ഠം തുരുത്തിലെ പുതുതായി വന്ന മുളം തൈകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടാവാം; മുളങ്കൂട്ടങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വേഗത്തിൽ പൂർവസ്ഥിതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ കൊറ്റില്ലത്തിലെ പക്ഷികളുടെ എണ്ണം കുറയുകയും ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂർവ്വസ്ഥിതിയിലേക്ക് വരികയും ചെയ്തു. ഇക്കഴിഞ്ഞ പ്രളയകാലത്ത് വെള്ളപ്പൊക്കത്തിൽ തുരുത്തിലെ ഒരു ഭാഗം പുഴ എടുത്തു പോയി. അനേകം പക്ഷിക്കൂടുകൾ പുഴയിൽ ഒഴുകി പോവുകയും ചെയ്തു. എന്നാൽ ഈ നിമ്നോന്നതികളെ എല്ലാം അതിജീവിച്ചും അനുകൂലമാക്കിയും അനേകം നീർപക്ഷികൾ ഇപ്പോഴും ഈ പ്രദേശത്തിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കൊറ്റില്ലത്തിന്റെ നിലനിൽപ് വലിയൊരു ഭാഗം നമ്മുടെതന്നെ കൈകളിലാണ് എന്ന തിരിച്ചറിവിൽ നിന്നും കൊറ്റില്ലസംരക്ഷണത്തിനു വേണ്ടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാട്ടുകാരും പഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തുടങ്ങി പലരും മുന്നോട്ടുവന്നിട്ടുണ്ട്. റോഡരികിലും കവലകളിലും സ്കൂൾ മുറ്റത്തെയുമെല്ലാം മരങ്ങളെ ആശ്രയിച്ച് കൂടുകൂട്ടിയിരുന്ന കൊറ്റികളെല്ലാം ഇന്നു ഭീഷണിയിലാണ്. കാഷ്ഠിക്കുന്നു എന്നും ദുർഗ്ഗന്ധം പരത്തുന്നു എന്നൊക്കെ പറഞ്ഞു നമ്മൾ അവരെ അവിടെ നിന്നെല്ലാം ആട്ടിപ്പായിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും ശല്യമാവാതെയും സ്വസ്ഥതയോടെയും നീർപ്പക്ഷികൾ കൂടുകൂട്ടുന്ന സ്ഥലങ്ങൾ ഇന്ന് വളരെ അപൂർവ്വമാണ്. ഈ സാഹചര്യത്തിൽ അത്യധികം പ്രാധാന്യമുള്ള ഈ സ്ഥലത്തിൻറെ സംരക്ഷണം വളരെ ശ്രദ്ധാപൂർവം നടപ്പിലാക്കേണ്ട ഒരു കാര്യമാണ്. ജൈവവൈവിധ്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ എല്ലാം ടൂറിസം കൊണ്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് അവരുടെ സംരക്ഷണത്തിനു വേണ്ടി നമ്മൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ അവർക്ക് തന്നെ ഒരു തിരിച്ചടിയാവില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
എന്നുമുതലാണ് ഈ പ്രദേശം നീർപക്ഷികൾ അവരുടെ (പ്രചാരണത്തിനുവേണ്ടി ആശ്രയിക്കാൻ തുടങ്ങിയത് എന്നതിന് രേഖകളൊന്നുമില്ല നാട്ടുകാരുടെ ഓർമ്മയിൽ നിന്നു പോലും അതിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇതിനെ ആദ്യമായി രേഖപ്പെടുത്തുന്നത് കേരളത്തിലെ തലമുതിർന്ന പക്ഷിനിരീക്ഷകനായ പി.കെ. ഉത്തമൻ ആണ്. 1987 സെപ്റ്റംബർ ആദ്യവാരത്തിൽ അദ്ദേഹം ഈ കൊറ്റില്ലം നിരീക്ഷിക്കുമ്പോൾ അവിടെ ചെറുമുണ്ടികളും നീർകാക്കകളും പെരുമുണ്ടി ഉൾപ്പെടെ മൂന്ന് ഇനം പക്ഷികളുടെ അറുപതിൽ താഴെ കൂടുകളാണ് അവിടെ കാണുകയുണ്ടായത്. 1988 സക്കറിയാസ് എന്ന ഗവേഷകന്റെ നിരീക്ഷണത്തിൽ ഏഴിനം പക്ഷികളെ കാണുകയുണ്ടായി. തുടർന്നിങ്ങോട്ട് ഒരു പതിറ്റാണ്ടു കാലത്തേക്ക് പനമരം കൊറ്റില്ലവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ലഭ്യമല്ല. രണ്ടായിരമാണ്ടിൽ ഞങ്ങൾ നിരീക്ഷിക്കുമ്പോൾ മുന്നൂറിലധികം പക്ഷിക്കൂടുകൾ നമുക്ക് കാണാനായി. പുഴക്കരയിൽ നിന്ന് നോക്കുമ്പോൾ നമുക്ക് കാണാനാവാത്ത വിധം മുളം കൂട്ടങ്ങളുടെ മറുഭാഗത്ത് ധാരാളം കൂടുകൾ വേറെയും ഉണ്ടായിരുന്നിരിക്കണം. 2006 മുതൽ 2011 വരെ ഞങ്ങളുടെ പ്രാദേശിക പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നിരീക്ഷണങ്ങളിൽ ഇവിടെ കൂടുകളുടെ എണ്ണം കൂടിക്കൂടി വരുന്നത് ആയിട്ടാണ് കണ്ടത്. 2010 ൽ അറുന്നൂറിലധികം കൂടുകൾ കൊട്ടില്ലത്തിൽ കാണുകയുണ്ടായി. നിലനിൽപ്പിന് ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നായ അരിവാൾ കൊക്കുകളുടെ പ്രജനനം കേരളത്തിൽ ആദ്യമായി (2002ൽ) നിരീക്ഷിക്കുന്നതും പനമരം കൊറ്റില്ലത്തിലാണ്. 2010ൽ ഇവിടെ കാലിമുണ്ടികളും പ്രജനനം ചെയ്യാൻ ആരംഭിച്ചു. നാളിതുവരെ 10 വ്യത്യസ്ത ഇനത്തിൽപ്പെട്ട പക്ഷികൾ ഇവിടെ കൂടുകൂട്ടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ൽ കേരളത്തിൽ നടന്ന കൊറ്റില്ലങ്ങളിലെ പക്ഷി സർവേകളിൽ ഏറ്റവും കൂടുതൽ പക്ഷിക്കൂടുകൾ രേഖപ്പെടുത്തിയിരിക്കുന്നതും പനമരം കൊല്ലത്തിലാണ്.
കേരളത്തിലെ സുപ്രധാന കൊറ്റില്ലങ്ങളിലൊന്നായ പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണം കേവലം ആ ഒരു തുരുത്തിൽ സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പനമരത്തിനോട് ചേർന്നുകിടക്കുന്ന വിശാലമായ നെൽവയലുകളിൽ കാലങ്ങളായി തുടർന്നു വരുന്ന നെൽകൃഷിയാണ് ഇവിടെ വിരിഞ്ഞിറങ്ങുന്ന ഓരോ പക്ഷി കുഞ്ഞുങ്ങളെയും നിലനിർത്തുന്നത്. ഈ കൊറ്റില്ലത്തിൽ കൂടൊരുക്കുന്ന പക്ഷികൾ ഇരതേടാനായി ഇവിടത്തെ നെൽവയലുകളാണ് ആശ്രയിക്കുന്നത്. അനേകം പ്രളയങ്ങൾ കൊണ്ട് പുഴ തന്നെ മെനഞ്ഞെടുത്ത പുഴയുടെ പ്രളയതടങ്ങൾ (Flood Plain) ആണ് പിന്നീട് നമ്മൾ നെൽവയലുകൾ ആയി തരം മാറ്റിയെടുത്തത്. ഇവിടെ വരുന്ന പക്ഷികൾക്ക് ഭക്ഷണം നല്കുന്നത് ഇവിടുത്തെ ഈ തണ്ണീർത്തടങ്ങളും നെൽവയലുകളുമാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ഈ കൊറ്റില്ലത്തെ നിലനിർത്തുന്നത് ഇവിടുത്തെ പ്രകൃതിയും വയലുകളും കർഷകരും കാർഷിക സംസ്കാരവും ആണ്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായ ഒരു പ്രകൃതി സംരക്ഷണ പദ്ധതിയിലൂടെ മാത്രമേ ഈ കൊറ്റില്ലവും നമുക്ക് സംരക്ഷിക്കാനാവൂ.