ഈയിടെ ഇടപ്പിള്ളിയിൽ എൻ്റെ വീടിൻ്റെ നേരെ മുമ്പിലുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ ഒരു ആഞ്ഞിലിയിലെ ഉയരത്തിലുള്ള ശാഖയിൽ കാട്ടുതേനീച്ചകൾ ഒരു വലിയ കൂടു വെച്ചു. ഈ തേനീച്ചകൾ ഒരു പണിക്കാരനെ ഭീകരമായി ആക്രമിച്ച് അയാൾക്ക് രണ്ടു ദിവസം ICU വിൽ കിടക്കേണ്ടിവരുകയും ചെയ്തു. ചെറിയ തോതിലുള്ള തേനീച്ചക്കുത്തുകൾ വേറെ ചിലർക്കും കിട്ടി. ഒരു കുട്ടിക്ക് കുത്ത് കിട്ടിയത് കാരണം കുട്ടികളെ ആരും ഒറ്റയ്ക്ക് പുറത്തു വിടാതായി.അടുത്തുള്ള പറമ്പുകളിലെ പണിയ്ക്കു പണിക്കാർ തയ്യാറാകാത്ത സാഹചര്യവും വന്നു.
അങ്ങനെ വന്നപ്പോൾ ചിലർ ഇടപെട്ട് രാത്രി ഈ കൂടു കത്തിക്കാൻ 5000 രൂപയുടെ contract കൊടുത്തു.
അങ്ങനെ ഇരിയ്ക്കവെ ആണ് സംഗതികൾക്ക് അതിശയകരമായ ഒരു വഴിത്തിരിവുണ്ടാകുന്നത്. രണ്ടു തേൻ കൊതിച്ചിപ്പരുന്തുകൾ (Oriental Honey Buzzards) പറന്നുവന്ന് തേൻ കൂടുകൾ തിന്നാൻ തുടങ്ങി. (ദേശവാസികളായിട്ടു തന്നെ Honey buzzards/ തേൻ കൊതിച്ചി പരുന്തുകളെ കാണുന്ന പ്രദേശമാണ് ഇടപ്പിള്ളി. ഇടപ്പിള്ളി Social Forestry Campus ലെ ഒരു മരത്തിൽ മൂന്ന് Honey buzzards നെ ഒരുമിച്ച് കണ്ടിട്ടുണ്ട്.)കൂട് കത്തിക്കുന്ന ആൾക്കാർ രാത്രി എട്ട് മണിയോടെ ചൂട്ടും പന്തവും മണ്ണെണ്ണയും ഏണിയും തോട്ടിയും സന്നാഹങ്ങളുമായി വന്നു. അപ്പോൾ ഞാൻ പരുന്തുകൾക്ക് രണ്ടു ദിവസം കൂടി കൂട് തിന്നാൻ അവസരം കൊടുക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു. അതിനു ശേഷം നോക്കിയിട്ട് കൂട് കത്തിക്കുന്ന കാര്യം തീരുമാനിക്കാമെന്ന് പറയുകയും ചെയ്തു. അത് കൂട് കത്തിയ്ക്കാൻ വന്നവർക്ക് സമ്മതമായി. രാത്രി ഇവരെ മരത്തിൻ്റെ മുകളിൽ കയറ്റുന്ന risk ഒഴിവാക്കാമല്ലോ എന്നാലോചിച്ച് അയൽപക്കക്കാരും സമ്മതിച്ചു.

തേൻ കൊതിച്ചികൾ രണ്ടു ദിവസം കൊണ്ട് തേൻ കൂടുകൾ മുഴുവനായി തിന്നു തീർത്തു. അതോടെ തേനീച്ചകളെയും കാണാതായി.
അങ്ങനെ ഞങ്ങൾ നാട്ടുകാർക്ക് പണലാഭവും പക്ഷികൾക്ക് ഭക്ഷണവും കിട്ടി.

I live very next to this place and I knew what happened. Anyway you saved the bees life. God bless- Nandu