ഊത്തപിടിത്തം

ഊത്തപിടിത്തം

എഴുതിയത് ജിതിൻ ദാസ്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (സൗത്ത്‌വെസ്റ്റ് മണ്‍സൂണ്‍) ജൂണ്‍ ആദ്യത്തോടെ കേരളത്തിലെത്തും. കേരളം അടക്കം പല പ്രദേശങ്ങളിലെയും നല്ലൊരു ശതമാനം മത്സ്യങ്ങള്‍ക്ക് (കടല്‍ മത്സ്യങ്ങള്‍ക്കും ശുദ്ധജലമത്സ്യങ്ങള്‍ക്കും) പ്രജനനകാലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവാണ്.

ശുദ്ധജലാശയ മത്സ്യങ്ങള്‍ കാലവര്‍ഷം കൊണ്ട് വെള്ളം കെട്ടുന്ന ഇടങ്ങളിലേക്ക്, വയലുകള്‍, ചെറുതടാകങ്ങള്‍, കൈത്തോടുകള്‍, കൃത്രിമ കനാലുകള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് കൂട്ടത്തോടെ നദികളില്‍ നിന്നും മറ്റും സഞ്ചരിച്ചു ചെന്ന് പ്രജനനം നടത്തി തിരിച്ചു പോകുന്നു. മണ്‍സൂണിന്റെ ആദ്യ ആഴ്ചയിലാണിത് സംഭവിക്കുക. പുതുവെള്ളത്തിലേക്ക് പ്രജനനം നടത്താന്‍ മീനുകള്‍ കുതിച്ചു കയറുന്നതിനെ (ഫ്ലഡ്പ്ലെയിന്‍ ബ്രീഡിങ്ങ് റണ്‍) ഊത്ത, ഊത്തയിളക്കം, ഊത്തകയറ്റം എന്നൊക്കെ മലയാളത്തില്‍ വിളിക്കും.

ഊത്തപിടിത്തം:

ഊത്തകയറ്റത്തിന്റെ സമയത്ത് മീന്‍ പിടിക്കാന്‍ എളുപ്പവുമാണ്. പുതുവെള്ളത്തിലേക്കുള്ള മീനിന്റെ പാതകളിലെ തന്ത്രപരമായ ഇടങ്ങളില്‍ ഇവയെ കൂട്ടത്തോടെ കിട്ടും എന്നതു തന്നെ കാരണം. ഇങ്ങനെ മീന്‍ പിടിക്കുന്നതിനെ ഊത്തപിടിത്തം എന്ന് മലയാളത്തില്‍ വിളിക്കുന്നു.

നിരവധി രീതിയില്‍ ഊത്തപിടിക്കാറുണ്ട് നാട്ടില്‍. ഇവയെ താരതമ്യേന നിരുപദ്രവകരമായ രീതികള്, അപകടകരമായ രീതിയികള്‍ എന്ന് ഞാന്‍ രണ്ടായി തിരിക്കുന്നു – മീന്‍ ഭക്ഷണവും വരുമാനവുമാണ് പലര്‍ക്കും എന്നതിനാല്‍ വിനാശകരമല്ലാത്ത മത്സ്യബന്ധന രീതികള്‍ അനുവദിക്കേണ്ടതാണ്. അതേസമയം, കേരളത്തിലെ 44 പുഴകളും മണല്‍ വാരല്‍, മലിനീകരണം, അമിത മത്സ്യബന്ധനം തുടങ്ങിയവ മൂലം ശുഷ്കിക്കുകയും വെള്ളക്കെട്ടുകളും വയലുകളും ഒക്കെ നിര്‍മ്മാണപ്രവൃത്തിയും മറ്റും മൂലം ഇല്ലാതെയാകുകയോ വന്‍‌ജലാശയങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയോ ചെയ്യുന്ന ഇക്കാലം പണ്ട് അനുവദിച്ചിരുന്ന പല രീതികളും ഇന്ന് വിനാശകാരിയായി മാറുകയും ചെയ്തിട്ടുണ്ട്.

താരതമ്യേന നിരുപദ്രവകരമായ രീതികള്‍

  1. വെട്ട്
    ഊത്തയിളകുമ്പോള്‍ പുതുവെള്ളത്തില്‍, പ്രധാനമായും വയലിലെ ചാലുകളിലും കൈത്തോടുകളിലും രാത്രി വെട്ടുകത്തിയും ടോര്‍ച്ചുമായി ഇറങ്ങി ആളുകള്‍ വരാല്‍, മുഷി, കുറുവ തുടങ്ങിയ മീനിനെ വെട്ടിപ്പിടിക്കും. ചെളിയിലോ മറ്റോ കുടുങ്ങിയ മീനിനെയാണു മിക്കപ്പോഴും കിട്ടാറ്, ഒരാള്‍ക്കോ കുടുംബത്തിനോ ഉള്ള അത്ര ക്യാച്ച് ഒക്കെയേ ഉണ്ടാവാറുള്ളൂ.
  2. ഒറ്റാല്‍
    വെട്ടുപോലെ തന്നെ ഒറ്റാല്‍ (മുളയോ ഈറയോ കൊണ്ട് നിര്‍മ്മിച്ച രണ്ടറ്റവും തുറന്ന കോണ്‍ ആകൃതിയുള്ള ട്രാപ്പ്) ഉപയോഗിച്ചും ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ മീന്‍പിടിക്കാറുണ്ട്. ഇതും രാത്രി വെളിച്ചം ഉപയോഗിച്ചാണ് മിക്കപ്പോഴും ചെയ്യാറ്. തീരെ ആഴം കുറഞ്ഞ ഇടങ്ങളില്‍ നിന്നും മിതമായ അളവില്‍ മീന്‍ കിട്ടും.
  3. കുത്തുവല
    രണ്ട് ദണ്ഡുകള്‍ക്കുള്ളില്‍ കൂടുപോലെയുള്ള ചെറിയ വലയുമായി ഒഴുക്കുള്ള ഇടങ്ങളില്‍ താഴ്തി നില്‍ക്കുകയും വലയില്‍ മീന്‍ കയറിയാല്‍ പൊക്കി അതിനെ പിടിക്കുകയും ചെയ്യുന്ന രീതിയാണിത്.

വിനാശകരമായ ഊത്തപിടിത്ത രീതികള്‍

  1. അടിച്ചില്‍, പത്താഴം, കൂട്
    ഇവയെല്ലാം മീനുകള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ സഞ്ചാരപഥം അടച്ച് കെണിയിലാക്കുന്ന രീതികള്‍ (fishing weirs) . പ്രജനനകാലം ശുദ്ധജലമത്സ്യങ്ങള്‍ പുതുവെള്ളത്തിലേക്ക് കയറുന്ന വഴികള്‍ കണ്ടെത്തി അവയില്‍ പത്താഴമോ അതിന്റെ മറ്റു രൂപങ്ങളായ കൂട് തുടങ്ങിയവയോ കെട്ടും. മീനുകള്‍ക്ക് കുടുങ്ങാനുള്ള കെണിയൊരുക്കി ബാക്കി ഇടങ്ങള്‍ അടച്ചുകെട്ടുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്താല്‍ ആ വഴിസഞ്ചരിക്കുന്ന എല്ലാ മീനുകളും അതില്‍ പെട്ടുപോകും.പരിസരത്തെ മീനുകളെ ഒട്ടാകെ പ്രജനനം നടത്താനനുവദിക്കാതെ പിടിക്കാന്‍ പത്താഴത്തിനു കഴിയുന്നതുകൊണ്ട് ഇവ വ്യാപിച്ചാല്‍ മത്സ്യങ്ങളുടെ അംഗബലം തകര്‍ന്നു പോകും.പത്താഴങ്ങള്‍ ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു എന്നാല്‍ ഇവയ്ക്ക് വലിയ വിനാശശേഷിയുണ്ടെന്നും വളരെ നേരത്തേ തന്നെ ലോകം തിരിച്ചറിഞ്ഞിരുന്നു. 800 വര്‍ഷം മുന്നേയാണ് ഇംഗ്ലണ്ടില്‍ പത്താഴം നിരോധിച്ചത്!

    കേരളത്തിലും ഇപ്പോള്‍ പത്താഴം നിയമവിരുദ്ധമാണ്.

  2. നഞ്ച്
    പുതുവെള്ളക്കെട്ടുകളില്‍ വിഷം കലക്കി മീന്‍ പിടിക്കുന്ന പതിവും ചിലര്‍ക്കുണ്ട്. ഇതിനെ നഞ്ചു കലക്കല്‍ എന്നു പറയും. ആ പ്രദേശത്തെ ജലജീവികളെ ആകെ കൊല്ലുകയാണ് നഞ്ചുകലക്കുമ്പോള്‍ ചെയ്യുന്നത്. മീന്‍‌പിടിത്തക്കാരന്‍ അയാള്‍ കണ്ട വലിപ്പമുള്ള മീനുകള്‍ മാത്രം എടുത്തു പോകുന്നു. ഊത്തയിളങ്കുമ്പോഴോ മറ്റേതു സമയത്തോ ജലാശയങ്ങളില്‍ നഞ്ചു കലക്കുന്നത് വിനാശകരമായ ക്രൂരതയാണെന്നു മാത്രമല്ല നിയമവിരുദ്ധവുമാണ്.
  3. തോട്ട
    വിഷത്തിനു പകരം സ്ഫോടകവസ്തുക്കള്‍ നാടന്‍ കൈബോംബുകളോ പാറമടയില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ ഉപയോഗിച്ചോ നഞ്ചിന്റെ അതേ ഫലം ഉണ്ടാക്കുന്ന രീതിയാണ് തോട്ട പൊട്ടിക്കല്‍. ഫലവും നഞ്ചുകലക്കലിന്റേതു തന്നെ. ഇതും നിരോധിച്ച പ്രവൃത്തിയാണ്.
  4. വൈദ്യുതി
    പവര്‍ ലൈനുകളും ഇന്‍‌വേര്‍ട്ടറുകളും കൊണ്ട് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് മീന്‍ പിടിക്കുന്ന രീതിയാണിത്, ഇതിനും ആവാസവ്യവസ്ഥയെ നല്ലൊരളവില്‍ തകര്‍ക്കാന്‍ കഴിയും എന്നു മാത്രമല്ല, മനുഷ്യര്‍ക്കും അപകടകരമായേക്കാം എന്നതിനാല്‍ നിയമവിരുദ്ധം തന്നെ.

( ഗൂഗിൾപ്ലസ്സില്‍ മനോജ് ആവശ്യപ്പെട്ടതുപ്രകാരം വേഗത്തില്‍ എഴുതിയതാണ്. ഇവിടെയും കിടക്കട്ടേന്നു വച്ചു. തെറ്റുപിഴവുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക)

Back to Top