ഞാറ്റുവേല കിളിയേ നീ പാട്ടുപാടി വരുമോ

ഞാറ്റുവേല കിളിയേ നീ പാട്ടുപാടി വരുമോ

ഞായറിന്റെ വേല അഥവാ വേള ആണ് ഞാറ്റുവേല ഞായർ എന്നാൽ സൂര്യൻ അപ്പോൾ ഞാറ്റുവേലയെന്നാൽ സൂര്യന്റെ സമയം കാർഷിക സമൃദ്ധിയുടെ പച്ചപ്പു തുടിക്കുന്ന ഗൃഹാതുരസ്‌മൃതിയുടെ നാളുകളാണ് മലയാളിക്കു തിരുവാതിര ഞാറ്റുവേല.
വർഷം മുഴുവൻ ഞാറ്റുവേലയുണ്ടെങ്കിലും തിരുവാതിര ഞാറ്റുവേലയെ നമ്മൾ ഓര്‍മിക്കുന്നുള്ളു.

മാടായിക്കോണം സ്കൂളിൽ നിന്നും മുൻപേ വിളിച്ചിരുന്നു. ഞങ്ങൾ ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്‌ അംഗങ്ങൾ, നിഖിലും ജെപീയും പിന്നെ ഞാനും ശലഭോദ്യാനത്തിനായുള്ള ചെടികൾ കൊണ്ടു രാവിലെ 10 മണിക്കെത്തി.
അദ്ധ്യാപകരും വിദ്യാർഥികളും ഞങ്ങളും കൂടി ഏകദേശം രണ്ടര മണിക്കൂർ കൊത്തലും കുഴിക്കലും
വെട്ടലും മുറിക്കലും നടലും പറിക്കലും (കളകൾ ) ഒക്കെയായി മണ്ണിനോടും ചെടികളോടും കട്ട സൗഹൃദത്തിലായി.

മാടായികോണത്തുള്ള ശ്രീ ചാത്തൻ മാസ്റ്റർ സ്കൂളിൽ ഔഷധ ഉദ്യാനവും ശലഭോദ്യാനവും അത്യാവശ്യം നല്ലരീതിയിൽ വളർന്നു വരുന്നുണ്ട്, (ശരിക്കും പറഞ്ഞാൽ പൂക്കളും ശലഭങ്ങളും കണ്ടു മനസ്സിൽ ഒരു ‘ക്യാമറാലഡ്ഡു പൊട്ടി’) കുട്ടികളോട് ചെറിയ രീതിയിൽ സംവദിക്കാൻ പറ്റി, നടീൽ വസ്തുക്കളും കുഴികളും തയ്യാറാക്കി വച്ചു ഞങ്ങൾ. അധ്യാപകൻ ഓരോ ക്ലാസിലെയും കുട്ടികളെ വിളിച്ചു. ചെടികൾ അവരുടെ കുഞ്ഞു കൈകൾ കൊണ്ടു തന്നെ നടുവാൻ പറഞ്ഞു . പ്രകൃതിയോട് ഇത്രയും സൗഹാർദപരമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ അവിടുത്തെ പ്രധാന അദ്ധ്യാപികയും മറ്റധ്യാപകരും പ്രത്യേകിച്ചു സംസ്കൃതാദ്ധ്യാപകൻ കിരണും വളരെയധികം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഒക്കെ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന രീതിയിൽ കണ്ടാലെ ഭാവിയുള്ളു, ഈ ലോകത്തുള്ള എല്ലാവരും പരിസ്ഥിതി പ്രവർത്തകരാകണം എന്നുള്ള ആഹ്വാനം ഈ അടുത്തു വായിച്ചതോർക്കുന്നു.

Back to Top