ജൈവകൃഷി പൂർണമാകുന്നത് നാടൻ വിത്തുകൾ കൂടി ഉപയോഗിക്കുമ്പോഴാണ്.
എന്നാൽ സങ്കരയിനം വിത്തുകളുടെ വരവോടു കൂടി കൃഷിഭവൻ സൗജന്യ നിരക്കിൽ കർഷകർക്ക് അത് മാത്രമായിരുന്നു നൽകി വന്നിരുന്നത്. അതിനാൽ മിക്ക നാടൻ നെൽ വിത്തുകളും നഷ്ടപ്പെട്ടു. ഇന്ന് കർഷകർ ജൈവകൃഷിയിലേക്ക് മാറിതുടങ്ങിയപ്പോൾ നേരിട്ട പ്രധാന പ്രശ്നവും നാടൻ വിത്തുകളുടെ ലഭ്യതകുറവായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു പിടി ജൈവകർഷകരും ജൈവകർഷക കൂട്ടായ്മകളുടെയും ഇടപെടലിന്റെ ഭാഗമായി ഇപ്പോൾ കേരളത്തിന്റെ പല ഭാഗത്തും നാടൻ വിത്തുകൾ സംരക്ഷിക്കുന്നുണ്ട്. വയനാട്ടിലെ പനവല്ലിയിലെ തണൽ അഗ്രോ ഇക്കോളജി സെന്റർ, പയ്യന്നൂർ നല്ലഭൂമി, പൈതൃകം ചാത്തമംഗലം, നിറവ് വേങ്ങേരി, കൊപ്പം അഭയം, ആറങ്ങോട്ടുകര പാഠശാല, പൊന്നാനി നല്ലഭക്ഷണ പ്രസ്ഥാനം, പള്ളിപ്പുറം നാട്ടുകോലായ, ഫെയർ ട്രേഡ് അലയന്‍സ് കേരള, തിരുനെല്ലി അഗ്രോ പ്രൊഡ്യൂസർ കമ്പനി, വെള്ളാങ്ങല്ലൂരിൽ സാലിം അലി ഫൗണ്ടേഷൻ, തുടങ്ങിയ സംഘടനകളും കേരളാ ജൈവകർഷക സമിതി പ്രവർത്തകരും ഒരു ലാഭേച്ചയുമില്ലാതെ കഴിഞ്ഞ കുറെ നാളുകളായി നാടൻ വിത്ത് സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
അവർക്കൊക്കെ അഭിമാനിക്കാവുന്ന കാര്യമാണ് ഇപ്പോൾ സീഡ് അതോറിറ്റി വഴി സർക്കാർ ചെയ്യാൻ പോകുന്നത്. നാടൻ 9നെൽവിത്തുകൾ നാടൻ വിത്ത് കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും ശേഖരിച്ച് കൃഷിഭവൻ വഴി ആവശ്യമുള്ള കർഷകർക്ക് നൽകാൻ പോകുന്നു.
2018 ജനുവരി 30 ന് സീഡ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ജൈവകർഷക സമിതിയുടെ സഹകരണത്തോടു കൂടി അന്നത്തെ അഡീഷണൽ ഡയറക്ടർ ശ്രീ എ. എ. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന നാടൻവിത്ത് സംരക്ഷകരുടെ യോഗത്തിലാണ് നാടൻ വിത്ത് സംഭരിക്കാനുള്ള കാര്യത്തിൽ തീരുമാനമാകുന്നത്.
വെള്ളാങ്ങല്ലൂരിൽ നിന്ന് 1700 കിലോ കുറുവയും ചിറ്റേനിയും സംഭരിച്ചു കഴിഞ്ഞു. വയനാട്ടിലെ തിരുനെല്ലിയിൽ നിന്ന് രണ്ടര ടൺ തൊണ്ടിയും പാൽതൊണ്ടിയും വലിയ ചെന്നെല്ലും സംഭരിക്കാൻ പോകുന്നു. പലയിടത്തുനിന്നുമായി ഇങ്ങനെ ഈ വർഷം 20 ടൺ നാടൻ നെൽവിത്തുകളാണ് സംഭരിക്കുന്നത്. സീഡ് അതോറിറ്റിയുടെ മാനദണ്ഡങ്ങളനുസരിച്ച് ലാഭിൽ കൊണ്ടുപോയി അങ്കുരണശേഷിയും മറ്റും പരിശോധിച്ച ശേഷമാണ് വിത്തുകളെടുക്കുക. ജൈവകർഷകരിൽ നിന്നും മാത്രമേ വിത്തുകൾ ശേഖരിക്കൂ.
അടുത്ത സീസണിൽ നാടൻ നെൽവിത്ത് കൃഷി ചെയ്യാൻ താൽപര്യമുള്ളവർ ഉടൻ തങ്ങളുടെ കൃഷി ഭവനുകളുമായി ബന്ധപ്പെടണം. അതാതു പ്രദേശത്തിനിണങ്ങിയ വിത്തുകൾക്കായിരിക്കും മുൻതൂക്കം നൽകുക. പഞ്ചായത്തിന്റെ പദ്ധതി സ്കീമിനനുസരിച്ച് സൗജന്യ നിരക്കിൽ നാടൻ നെൽവിത്തുകൾ കർഷകർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പഞ്ചായത്ത് ഭരണസമിതിയോട് അതിന് വേണ്ടി സമ്മർദ്ദം ചെലുത്തിയാൽ മതി.
കൂടുതൽ ആവശ്യക്കാർ വരുമ്പോൾ അടുത്ത പ്രാവശ്യം കൂടുതൽ വിത്തുകൾ സംഭരിക്കും. അതിനു വേണ്ടി കൂടുതൽ നാടൻ വിത്ത് കർഷകരെ സീഡ് അതോറിറ്റി തയ്യാറാക്കും.
ഇതിന് വേണ്ടി പ്രവർത്തിച്ച കൃഷിമന്ത്രി ശ്രീ വി. എസ് സുനിൽകുമാറിനും സർക്കാരിനും അഭിനന്ദനങ്ങൾ.!