കോൾ നിലങ്ങൾ എന്നും എന്നെ സമ്പന്തിച്ചിടത്തോളം ഒരുപാട് അത്ഭുതങ്ങളുടെ കലവറയാണ്. കൃഷിയും, ജൈവ വൈവിധ്യങ്ങളും ആരെയും മോഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുമെന്ന് നിസംശയം പറയാൻ സാധിക്കും. കോൾ നിലങ്ങളെക്കുറിച്ച് ഞാൻ കേൾക്കാൻ തുടങ്ങിയത് ഏകദെശം നാലു വർഷങ്ങള്ക്കു മുന്നെയാണ്. അന്നൊന്നും ഇവിടേക്കു വരണമെന്നോ കാണണമെന്നോ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല പക്ഷെ യാത്രചെയ്യുവാൻ എന്നും എനിക്കിഷ്ടമാണ്. അങ്ങനെയിരിക്കെയാണ് ഏകദെശം ആറു മാസ്സങ്ങൾക്കു മുന്നേ എൻ്റെ ഭാര്യ ഗ്രിഷ്ശ്മ പാലേരി എന്നോടു ചോദിച്ചു “എന്റ്റെ കൂടെ കോളിലേക് ഒന്ന് കൂട്ടു വരാമോ, സാധാരണ വരുന്ന കുട്ടിക്ക് എന്തോ അസൗകര്യം ഉണ്ട്”, പറയാൻ മറന്നു ഭാര്യ KFRI യിൽ വൈൽഡ് ലൈഫ് ഡിപ്പാർട്മെൻറ്റിൽ റിസർച്ചർ ആണു. നാലു വരഷത്തോളമായി ആൾ കോൾ നിലങ്ങളിലെ പക്ഷികളെ കുറിച്ചു ഗവേഷണം നടത്തുന്നു. അങ്ങനെ പകുതി മനസോടെ ഏകദെശം രാവിലെ 10.30 ആയിക്കാണും ഞാൻ അയാളുടെ ബൈകിൽ കയറി ചുട്ടു പൊള്ളുന്ന വെയിലത്തു കൂടിയുളള ഒരു യാത്ര. കുറച്ചുസമയം കഴിഞ്ഞപ്പോൾ റോഡിൽ നിന്നും ബൈക്ക് ഒരു ബണ്ട് റോഡിലേക്ക് തിരിഞ്ഞു, അപ്പോൾ ഞാൻ ചോദിച്ചു ഇതെവിടെയാ, അയനിക്കാട് കോളിലെത്തി എന്നു മറുപടിയും കിട്ടി. ഒരല്പദൂരം കൂടി മുന്നോട്ടു പോയപ്പോൾ എനിക്കു എൻറ്റെ കണ്ണുകളെ പ്പോലും വിശ്വസിക്കാൻ കഴിയാത്ത അത്രയും മനോഹരമായ കാഴ്ച്ചയാണ് ഞാൻ അവിടെ കണ്ടത്. ആയിരക്കണക്കിന് വർണക്കൊക്കുകളും, അരിപ്രാവുകളും, ആറ്റക്കുരുവികളും, ഇണക്കാത്തേവൻമാരും, ഓലഞ്ഞാലിയും, കുളകൊക്കുകളും, കഷണ്ടികൊക്കുകളും, ചായമുണ്ടികളും, ചാരമുണ്ടികളും, ചെമ്പൻ ഐബിസുകളും, ചെമ്പോത്തും, ചെറിയ നീർകാക്കയും, ചേരക്കോഴിയും അടങ്ങുന്ന നീണ്ട നിരതന്നെയായിരുന്നു എന്നെ കോളിലേക് വരവേറ്റത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വന്യ മനോഹരമായ ഒരു കാഴ്ച്ച, ഏതോ ഒരു വലിയ പക്ഷി സങ്കേതത്തിൽ എത്തിയപോലെ, അത്രയും നേരം ഉണ്ടായിരുന്ന ഉറക്കം തൂങ്ങലും മടുപ്പും എല്ലാം എവിടേക്കോ വിട്ടകന്നു, അവിടെക്കണ്ട ഓരോ കാഴ്ചയും ക്യാമറ-ഫ്രെമിയിൽ എന്നപോലെ എന്നും എന്റ്റ മനസ്സിൽ മായാതെ കിടക്കുന്നു. അന്നുമുതൽ മുടങ്ങാതെ സമയം കിട്ടുമ്പോഴും അല്ലെങ്കിൽ സമയമുണ്ടാക്കിയും ഞാൻ കോൾപാടവുകളിൽ എത്താറുണ്ട്, ഒരോ സമയം കോളിലെത്തുമ്പോഴും അമ്മ മക്കൾക്കെന്നപോലെ ഓരോ നിറകയ്യോടെയും നിറഞ്ഞ മനസ്സോടെയും, ഒരു സർപ്രൈസ്സോഡയും മാത്രമേ എന്നെ എന്നും സ്വീകരിച്ചിട്ടുള്ളു. പക്ഷി നിരീക്ഷം ഒരു നേരം പോക്കായി മാത്രം കൊണ്ടുനടന്നിരുന്ന എനിക്ക് പക്ഷികളും ആവാസ വ്യവസ്ഥയുമായുള്ള ബന്ധത്തിൻറ്റെ അനുഭവവും നേര്കാഴ്ചയും ബാലപാടവും പറഞ്ഞുതന്നതു കോൾനിലങ്ങൾ ആണെന്ന് നിസംശയം പറയാം. ഇത്രയും മനോഹരമായ ഒരു ആവാസ വ്യവസ്ഥ വളരെ വിരളമായെ ഞാൻ കണ്ടിട്ടൊള്ളൂ. സന്തോഷത്തിനൊപ്പം ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളുടെ നേര്കാഴ്ചകളും കണ്ടിട്ടുണ്ട്, ടുറിസം വികസനം എന്നതിന്റ്റ മറവുപറ്റി അനാവശ്യമായ മനുഷ്യൻറ്റ കടന്നുകയറ്റവും കോൾനിലങ്ങൾ അതിൻറ്റ അകാല വർദ്ധക്യത്തിലേക്കും, അകാല ചരമത്തിലേക്കും ആണ് നീങ്ങുന്നത് എന്നാലോചിക്കുമ്പോൾ മനസ്സിൽ നിറഞ്ഞാടുന്നത് വേദന മാത്രമാണ്. ഇത്രയും കാലം നമ്മളെ ഊട്ടിയ, ദാഹത്തിനു ശമനമേകിയ നമ്മുടെ പ്രിയപെട്ടവളെയാണ് നമ്മൾ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം മനസ്സിനു തരുന്ന വേദന ചെറുതല്ല. അടുത്ത ഒരു വേമ്പനാട്ടു കായലിന്റ്റ അവസ്ഥ നമ്മളെയും കാത്തിരിക്കുന്നു.
ഇ ലേഖനം എഴുതുവാനുണ്ടായ സാഹചര്യം പറയാം, കഴിഞ്ഞ ഞായറാഴ്ച (11—03-2018) ഏകദെശം നാലു മാണിയാടുകൂടി പതിവ് പക്ഷി നിരീക്ഷണത്തിനായി ഞാനും ഭാര്യയും കൂടി പുല്ലഴി കോൾ പടവിലെത്തി പാലം കടക്കുമ്പോൾ മുതൽ തന്നെ പതിവു കൂട്ടുകാരെല്ലാം (ചെറിയ മീൻകൊത്തി, ചെങ്കണ്ണി തിത്തിരി, ചിന്നമുണ്ടി, നാടൻ താമരക്കോഴി, etc..) പതിവുതെറ്റിക്കാതെ ഞങ്ങളേയും പ്രതീക്ഷിച്ചെന്നപോലെ കാത്തിരിപ്പുണ്ടായിരുന്നു. ബണ്ട് റോഡിലൂടെയുള്ള ബൈക്ക് യാത്ര നല്ല ഓഫ് റോഡിങ്ങ് അനുഭവവും തന്നുകൊണ്ടേയിരുന്നു. പാലം ഇറങ്ങിയപ്പോൾ ഒരുവശം പുഴയ്ക്കൽ ചാലും റോഡിൻറ്റ മറുവശം അവിടവിടെയായി ചോറ പുല്ലും നിറഞ്ഞു നിൽക്കുന്നുണ്ട് (ചോറ പുല്ല് പലതരം പക്ഷികളുടെ ആവാസ വ്യവസ്ഥയിൽ ഉൾപ്പെടുന്നു; ഉദാഹരണത്തിനു ആറ്റക്കറുപ്പൻ, ആറ്റച്ചെമ്പൻ, ചുട്ടീയാറ്റ,കൈതക്കള്ളൻ എന്നിങ്ങനെ പോകുന്നു ആ നീണ്ട നിര ) സാധാരണയായി ഇരുപതോ മുപ്പതോ ചുട്ടീയാറ്റളെ ഉണ്ടാവാറുള്ളു അതിനു വിപരീതമായി അൻപതിൽ കൂടുതൽ ചുട്ടീയാറ്റകൾ കണ്ണിനു കുളിർമ്മ നൽകി. പോക്കുവെയിലേറ്റു തിളങ്ങുന്ന ചുട്ടീയാറ്റളെ പുള്ളികൾ ഒരു കൗതുകം തന്നെയാണ്. ബൈക്കിൽ പിന്നയും മുന്നോട്ടു നീങ്ങി, നെല്ല് കൊയ്തു തുടങ്ങിയിരിക്കുന്നു, മഞ്ഞ വാലുകുലുക്കി യുടെ ഒരു കൂട്ടമാണ് പിന്നെ ഞങ്ങളെ സ്വീകരിച്ചത് ഏകദെശം നൂറോളം വരും എന്നുതോന്നുന്നു, പിന്നയും മുന്നോട്ടു നീങ്ങി കോളിൻറ്റ അകത്തേക്ക്. ഉണങ്ങി കൊയ്യാൻ കാത്തുകിടക്കുന്ന നെൽപ്പാടം കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്നു, അവിടവിടായി നെൽവയലുകൾക്കിടയിൽ ഒളിച്ചുകളിക്കുന്ന പോതപ്പൊട്ടൻമാരും, കാണുമ്പോൾ മിന്നിമറിയുന്ന അതീവ കുങ്കുമം വിതറിയപോലുള്ള സുന്ദരീ-സുന്ദരന്മാരായ ചുവന്ന മുനിയകുട്ടങ്ങളേയും കണ്ടു, ചുവപ്പിൽ വെള്ളകുത്തുകളുള്ള മുനിയകൾ പച്ച ചോറ പുല്ലിനകത്തു ഒളിഞ്ഞും തെളിങ്ങും കളിക്കുന്നതു കാണാൻ വല്ലാത്ത ഭംങ്ങിയാണ്. കൊതിയൂറുന്ന ആ കാഴ്ച്ചയിൽ നിന്നും മനസ്സില്ലാ മനസ്സോടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ബണ്ട് റോഡിന്റ്റ രണ്ടു വശങ്ങളിലും അങ്ങിങ്ങായി ചോറ പുല്ലും റോഡിനൊരുവശത്തായി ചെറിയ വെള്ളമൊഴുകുന്ന നീർച്ചാലും ഉണ്ട്. നീർച്ചാലിന എതിർ ദിശയിലേക്കു പിന്തുടരുവാൻ തീരുമാനിച്ചു, അപ്പോഴാണ് ദൈവീക (കന്യസ്ത്രീ കൊക്ക്) പേരുള്ള കുറച്ചു പേർ ഞങ്ങളെ എത്തി നോക്കിയതു. ഞങ്ങൾ ക്യാമറ എടുത്തതും നാണിച്ചെന്നോണം അവർ പറന്നകന്നു, വേറെ കുറച്ചുപേർ തിരക്കിലായിരുന്നു ഇതൊന്നും അവർ അറിയുന്നേ ഇല്ല കൊതിയും പെറുക്കിയും ഇരിക്കുന്നു (കാലിമുണ്ടി,പെരുമുണ്ടി, ചിന്നമുണ്ടി). കൂട്ടത്തിൽ കൗതുകം തോന്നിയത് കഷണ്ടിയും (കഷണ്ടിക്കൊക്ക്) കാണിച്ചു ഒരുകൂട്ടർ നീർച്ചാലിനകത്തുനിന്നു പറന്നു പൊങ്ങി. യാത്ര തുടർന്ന് കൊണ്ടേയിരുന്നു. അതിനിടക്ക് നീർച്ചാലിലും വശങ്ങളിലുമായി പലതരത്തിലുള്ള ക്കാടകളും (നീർക്കാട, പുള്ളിക്കാടക്കൊക്ക്, ചോരക്കാലി, പച്ചക്കാലി) സാന്നിദ്ധ്യം അറിയിച്ചുകൊണ്ടേ ഇരുന്നു, മനോഹരമായ ശബ്ദത്തിനുടമയാണ് അവർ. ദൂരെ കരണ്ടിൻ കമ്പിയിലിരിന്നും പറന്നും നടക്കുന്ന വയൽക്കോതി കത്രിക, വരയൻ കത്രിക എന്നിവരെയും കണ്ടു, എന്തിനെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും പറന്നുകളിക്കുന്നത് കാണാൻ നല്ല രസം തോന്നി. ഇതിനിടക്കെല്ലാം കുറേ കുഞ്ഞന്മാർ വലിയ വലിയ കൂട്ടങ്ങളായി ഒരേ ലക്ഷ്യം ലക്ഷ്യമാക്കി പോവുന്നുണ്ടായിരുന്നു അവിടേക്കു ഏകദേശം ഒരു കിലോമീറ്റർ ദൂരം ഉണ്ടാകും, അവിടേക്കു പോകുന്ന വഴി ആകാശത്തു പലതരം ശരപക്ഷികളെ (ചിത്രകൂടൻ ശരപക്ഷി, അമ്പലംചുറ്റി) എന്നിവർ അലക്ഷ്യമായി പറക്കുന്നുണ്ടായിരുന്നു. മുന്നോട്ടു നീങ്ങുംതോറും പലതരത്തിലുള്ളവർ മുഖം കാണിച്ചു, അതിൽ പ്രധാനിയാണ് ഞവണിപൊട്ടൻ, കൊക്കിനിടയിലെ ദ്വാരം കാണിച്ചു പരിഭവം പറയും പോലെ തോന്നും നില്പുകണ്ടാൽ. അതിനിടക്കാന് അവനെനിക്ക് മുഖം തന്നത് മുൾവാലൻ ചുണ്ടൻ കാട നോക്കല്ലേ നോക്കിയാൽ ഞാൻ പോവുമേ എന്നു പറയും പോലെ തോണി, ആൾ വലിയ നാണക്കാരനും കൂടിയാണ് കേട്ടോ, അതിനിടക്കു നീർച്ചാലിൽ മുഖം നോക്കുന്ന പലതരം പൊന്മാൻമാർ(ചെറിയ മീൻകൊതി, പുള്ളി മീൻകൊതി, കാക്ക മീൻകൊതി,മീൻകൊതിചാത്തൻ) വന്നും പോയിയും ഇരുന്നു. ചെറിയ മീൻകൊത്തിയെ കണ്ടാൽ “ഞാനിപ്പോ ചാടും പിടിച്ചോ” എന്നു തോന്നും നില്പുകണ്ടാൽ, എന്നാൽ അടുത്ത് ചെന്നാൽ വാണം വിട്ടപോലൊരു പോക്കാണ്. പുള്ളി മീൻകൊത്തിയെ കണ്ടാൽ അനിമൽ പ്ലാനറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് ടീവി യിൽ കണ്ട പോലെ തോന്നും കറുപ്പും വെളുപ്പുമല്ലാത്തതൊന്നും ഇല്ല എന്നു തന്ന പറയാം, കാക്ക മീൻകൊത്തിയാണേൽ കൊക്കിനിണങ്ങുന്ന എന്തേലും വരട്ടെ എന്നിട്ടേ ഞാൻ ചാടു എന്ന ഭാവത്തിൽ ഗൗരവത്തിൽ ഒരേ ഇരിപ്പാ. മീൻകൊതിചാത്തനാണേൽ എല്ലാം ഞാൻ കാണുന്നുണ്ട്, വരണ്ട വന്നാൽ ഞാനോടുമേ എന്നമട്ടിലാ. അങ്ങനെ നീർച്ചാലിനരികിലൂടെ വീണ്ടും വണ്ടിയോടിച്ചു അതിനിടക്ക് ചാലിന്നും പുല്ലിനും ഇടയിൽ നിന്ന് ഭയപെടുത്താനെന്നപോലെ ഛായമുണ്ടി കുതിച്ചുയരും. സമയം കളയാനില്ലാത്തതിനാൽ മെല്ലെ മുന്നേയെപ്പോഴോ നീലകണ്ഠനെ കണ്ട സ്ഥലത്തേക്ക് പോവാൻ തീരുമാനിച്ചു. പോവുമ്പോൾ വിശപ്പടങ്ങാതെ പറക്കുന്ന കരിതപ്പിയെയും ദൂരെ കാണാനുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ നീലകണ്ഠനെ കണ്ടിടത്തേക്കെത്തി, അവിടെ കായലാറ്റ കൾ തലങ്ങും വിലങ്ങും പറക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്നേ വന്നപ്പോൾ കൂടു കൂടിയിരുന്ന സ്ഥലമാണ് എന്നാൽ ഇപ്പോൾ കൂടുകളില്ല, അന്നു ഞാനിപ്പോഴും ഓർക്കുന്നു കൂടുണ്ടാക്കിയിരുന്നതു പുല്ലുകൊണ്ടാണ്, എന്തിനാണെന്നറിയില്ല വായിൽ മണ്ണുരുട്ടിക്കൊണ്ടുവരുന്നതും കാണാമായിരുന്നു, ഏകദേശം തൂക്കണാംകുരുവികളോട് സമാനമായ കൂട്. ലേശം മുന്നോട്ടു നീങ്ങിയപ്പോൾ കണ്ട കാഴ്ച ആരെയും കൊതിപ്പിക്കുന്നതായിരുന്നു ആയിരത്തിഅഞ്ഞൂറിൽ പരം ആറ്റചെമ്പൻ ചോറപുല്ലുകൾക്കിടയിലും മുകളിലുമായി ഇരിക്കുന്നു, ഞങ്ങളെ കണ്ടപ്പോൾ പറന്നകലാൻ ശ്രമിക്കുകയും വീണ്ടും തിരിച്ചു വരുകയും ചെയ്തുകൊണ്ടേ ഇരുന്നു, ആ മനോഹരമായ കാഴ്ച ക്യാമറയിൽ ഒതുക്കാനായി പിന്നീടുള്ള ശ്രമം. ശത്രൂക്കളെ കാണുമ്പോൾ ഉള്ള ആശയവിനിമയവും ഒരുമിച്ചും കൃത്യതയാർന്ന കൂട്ടത്തോടെയുള്ള പറക്കലും ഞങ്ങളെ വല്ലാതെ ആകർഷിച്ചു, അപ്പോഴും ദൂരെ നിന്നും കുട്ടം കുട്ടമായി വരുന്ന ആറ്റചെമ്പൻ കൂട്ടങ്ങളെ കാണാമായിരുന്നു. സമയം വൈകിയതു കാരണം അവിടെനിന്നും തിരിച്ചു വീണ്ടും പുല്ലഴി പാലത്തിന് അടുത്തെത്തി. അല്പം കൂടി ഇരുട്ടാൻ അതുകൊണ്ടുതന്നെ പുറനാട്ടുകര റോഡിലും കൂടി ഒന്നു പോയിനോക്കാം എന്നു വിചാരിച്ചു പോകുന്ന വഴിക്കെല്ലാം കതിർവാലൻ കുരുവിയായും വയൽകുരുവിയെയും പുല്ലിലൂടെ ഇളകിമറിയുന്നതു കാണാമായിരുന്നു.വരുന്ന വഴികളിലെല്ലാം പുൽകൊടികളിലൊളിക്കുന്ന കൈതകള്ളൻ മാരെയും കണ്ടു. ശരിക്കും ആ പേരു അവർക്കു യോജിക്കുന്നതുപോലെ തോന്നി ആരെയെങ്കിലും കണ്ടാൽ ഓടിമറയുന്ന കള്ളന്മാരെപ്പോലൊരു പ്രകൃതം. മുന്നോട്ടു നീങ്ങി അവിടെ ഒരു മോട്ടോർ ഷെഡ് ഉണ്ട് അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച ശരിക്കും അമ്പരപ്പിച്ചു. റോഡിലൻറ്റ സൈഡിൽ ഏകദേശം ഒന്നരകിലോമീറ്റർ നീണ്ടുകിടക്കുന്ന ഒരു ഇലക്ട്രിക്ക് ലൈൻ ഉണ്ട് ഇതിൽ നിറച്ചും ഒരു ചെറിയ വിടവുപോലും ഇല്ലാതെ ഇരിക്കുന്ന മഞ്ഞ വാലുകുലുക്കിയുടെ വലിയ ഒരു കൂട്ടം ഏകദെശം അയ്യായിരത്തിനും മുകളിൽ ഉണ്ടാവും, ഇലക്ട്രിക്ക് ലൈനിൽ ഇരിക്കുന്നതിനും കൂടുതൽ ആകാശത്തും നിലത്തുമായി ഞങ്ങൾ കണ്ടു, കണ്ണുകളെ പോലും വിശ്വസിക്കാനാവാത്ത അവസ്ഥ. അതിനിടക്കാണ് ഒരുവിരുതൻ വെള്ളി എറിയൻ ഒരു ചെറിയ നെല്ലികോഴിയെ അകത്താക്കുന്നതു കണ്ടത്. നേരം ഇരുട്ടി തിരിച്ചു പൊന്നു പോരുന്ന വഴിക്കു കരി ആള പറക്കുന്നതും കുളക്കോഴി മിന്നായം പോലെ മറയുന്നടും, രണ്ടു തരം വേലിത്തത്ത (നാട്ടുവേലിത്തത്ത, വലിയ വേലിത്തത്ത) യെയും കണ്ടു. പാലത്തിനടുത്തെത്തിയപ്പോൾ നാടൻ താമരക്കോഴിയെയും കണ്ടു.
ഇത്രയും എഴുതുവാനുണ്ടായ കാരണം ഇത്രയും വൈവിദ്ധ്യം നിറഞ്ഞ ഒരിടമാണ് ഇതെന്നും,. മനുഷ്യൻറ്റ മാത്രമല്ല ഒരായിരം ജീവികളുടെയും ആവാസ വ്യവസ്ഥിതികൂടിയാണിതെന്നും എന്നെയും നിങ്ങളേയും ഓർമപ്പെടുത്താനും കൂടിയാണ്. ഈ മേഖല അതീവ സംരക്ഷിത മേഖലയായ റാംസർ മേഖലയാണ് എന്ന ഓർമപ്പെടുത്തലും കൂടിയാണ്. ഇതിനെക്കുറിച്ചൊന്നും അവബോധം ഇല്ലാതെ ചേക്കേറുന്ന ഒരു പ്രത്യേകതരം കിളികളുണ്ട് അങ്ങകലെ അതിപ്പോ തത്തമ്മയായാലും, നാഗമോഹനായാലും, കാവിയായാലും, തീകുരുവിയായാലും, അവരുടെ പ്രശ്നം -‘ കാക്ക മുട്ട പൊൻ മുട്ട എനിക്കും കിട്ടണം പണം’.
ഡോ . നിഷാദ് പിഎം