മുത്തശ്ശിക്കഥകളിലെ കാലങ്കോഴി

മുത്തശ്ശിക്കഥകളിലെ കാലങ്കോഴി

യക്ഷിക്കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നതിൽ ‘ന്റെ മുത്തശ്ശിക്ക് നല്ല വിരുതാണ്.
മുത്തശ്ശീടെ കഥകളിൽ ഗസ്റ്റ്-റോളിൽ എത്തിയിരുന്ന ഒരു വില്ലൻ കഥാപാത്രമായിരുന്നു കാലൻകോഴി.

കുറച്ച് ഭീകരാന്തരീക്ഷം മെനയേണ്ടപ്പോളെല്ലാം മുത്തശ്ശി കാലൻകോഴിയെപ്പറ്റി പറഞ്ഞു തുടങ്ങും.

“ആ നാശം പിടിച്ച പക്ഷി കൂവിയാലടുത്തൊരു മരണമുറപ്പാ! ചോരക്കണ്ണും ആരേം ദഹിപ്പിക്കുന്ന നോട്ടോo ഒക്ക്യാ അതിന്.
ഞാനൊരീക്കെ കണ്ടിട്ടുണ്ട് കുട്ട്യോളെ…
തുമ്പോളിക്കാവിൽ പൂജോള് വീണ്ടും നടന്ന ദിവസാരുന്നു അത്.
പൂജ കഴിയാറായപ്പോളേക്ക് തെക്കുവശത്തെ പുളിമരത്തേന്ന് ഒരു നീട്ടികൂവല്..!
അന്നവിടെ കാലൻകോഴിയെ കണ്ടിട്ട് വല്യമ്മാമേടെ വരെ മുഖം വിളറി.”
***
കാവും നിലാവും പശ്ചാത്തലമാക്കി മുത്തശ്ശി പറഞ്ഞുകൊണ്ടേയിരുന്നു…

കഥ കേട്ട് കേട്ട് കാലൻകോഴിയെ കാണണംന് എനിക്കും മോഹായി. രാത്രീലിറങ്ങാനോ തനിയെ കാവിലേയ്ക്ക് പോകാനോ ധൈര്യമില്ലാത്തതുകൊണ്ട് മോഹം മോഹമായി തന്നെയിരുന്നു.

വർഷങ്ങൾ കഴിഞ്ഞ്, പഴങ്കഥകളൊക്കെ മറന്നു തുടങ്ങിയ സമയത്താണ് കാലൻകോഴി ആദ്യ ദർശനം തരുന്നത്. അതും ഹോസ്റ്റലിൽ വലിയൊരു ആൾക്കൂട്ടത്തിനു നടുവിൽ വെച്ച്.
ക്യാമ്പസിൽ വീണുപോയ കാലൻകോഴിയുടെ കുഞ്ഞിനെ ആരോ ഹോസ്റ്റലിലേക്ക് കൊണ്ടുവന്നതാണ്.
ഒരു പാവം മൂങ്ങ.
കെട്ടുകഥേൽ പറയുന്ന ഭീകരരൂപമൊന്നുമില്ല.

Mottled Wood Owl | Strix ocellata
https://en.m.wikipedia.org/wiki/Mottled_wood_owl

ഉണ്ടത്തല പല ആംഗിളുകളിൽ ചെരിച്ച് എല്ലാവരെയും ശ്രദ്ധയോടെ നോക്കുന്നു. എണ്ണക്കറുപ്പാണ്‌ കണ്ണുകൾക്ക്. തവിട്ടുചായയിലുള്ള തൂവലുകൾ മൃദുലമാണ്‌. ഇതിലും സോഫ്റ്റായ ഒന്നിൽ തൊട്ടിട്ടില്ലെന്ന് തോന്നിപോകും.
ചിറക് വീശിയിട്ടും ആൾക്ക് പറന്ന് പൊങ്ങുവാൻ കഴിയുന്നില്ല. ഫോറെസ്റ്റ്കാരെ വിളിച്ചു മൂങ്ങയെ ഏൽപ്പിക്കാമെന്ന് തീരുമാനിച്ചു.

KAU-ലെ നമീർ സാറിനെ (Nameer PO) വിളിച്ചു അഭിപ്രായം ചോദിച്ചു. പറക്കാറാകുമ്പോൾ കിട്ടിയിടത്ത് തന്നെ റിലീസ് ചെയ്യുന്നതാണ് മൂങ്ങയുടെ സർവൈവലിനു നല്ലതെന്ന് സർ പറഞ്ഞു. രണ്ടു ദിവസത്തേയ്ക്ക് മൂങ്ങയെ നോക്കാനുള്ള കുറച്ച് ടിപ്സ് പറഞ്ഞു തന്നത് മനോജേട്ടനാണ് (Manoj Karingamadathil).

ആദ്യദിവസം ഒരു വലിയ കാർഡ്ബോർഡ് പെട്ടി തരപ്പെടുത്തി മൂങ്ങയെ അതിനുള്ളിൽ ഇരുത്തി. വെള്ളം ആവിശ്യത്തിന് കുടിക്കുന്നുണ്ടായിരുന്നു. കഴിക്കാൻ കൊടുത്തത് പല്ലികളെയാണ്. കൊക്കിൽ വെച്ചു കൊടുത്താൽ കഴിക്കില്ല.
കാൽ വിരലിൽ ഇട്ടു കൊടുത്താൽ മതി. നഖം വെച്ചു പല്ലിയെ ഒന്ന് ഞെരുക്കിയ ശേഷം ഒറ്റയടിക്ക് കാലൻകോഴി വിഴുങ്ങിക്കൊള്ളും.
പകൽ ഒരു ശല്യവുമില്ലാതെയാണ് കാലൻകോഴിയുടെ ഇരുപ്പ്. പക്ഷെ സന്ധ്യ കഴിയുന്നതോടെ ആള് ഉഷാറായി, കൂവാനും ചിറകടിക്കാനും ഒക്കെ തുടങ്ങും. ആകെ ബഹളം ആയപ്പോൾ ഇവനെ തിരികെ വിടാൻ തീരുമാനിച്ചു.

അന്ന് രാത്രി ജൂനിയേഴ്സിന്റെ (അവരാണ് കൂടുതലും മൂങ്ങയെ പരിചരിച്ചത്) കൂടെ കാലൻകോഴിയേം എടുത്ത് ക്യാമ്പസിലേക്കിറങ്ങി. കോളേജിന്റെ ഒരു വശത്ത് നിറയെ മരങ്ങളാണ്. അവിടെയൊരു മരത്തിന്റെ കവരയിൽ മൂങ്ങയെ ഇരുത്തി, ഞങ്ങൾ മാറി നിന്നു. അവൻ അപ്പോളേക്കും കൂവാൻ തുടങ്ങിയിരുന്നു.

ദൂരെയെവിടുന്നോ ഒരു മറുകൂവലും കേൾക്കാം… കുറച്ചുകൂടി വലിയ ശബ്‌ദമാണ്. കുറേ നേരത്തേയ്ക്ക് ഇതു തുടർന്നു. മറുകൂവൽ കൂടുതൽ അടുത്തേയ്ക്ക് എത്തുന്നതായി ഞങ്ങൾക്ക് തോന്നി. പിന്നെ അവിടെ നിന്നില്ല.

പിറ്റേന്ന് രാവിലെ വീണ്ടും അവിടെയെത്തി പരതിനോക്കി. കാലൻകോഴികുഞ്ഞിനെ അവിടെയൊന്നും കണ്ടില്ല.
അവൻ അവന്റെ കുടുംബത്തോടൊപ്പം ചേർന്നിട്ടുണ്ടാവണം…

ഒരമ്മയ്ക്ക് അതിന്റെ കളഞ്ഞുപോയ കുഞ്ഞിനെ തിരികെകൊടുത്തെന്ന ചാരിതാര്‍ഥതയോടെ ഞങ്ങൾ തിരികെ നടന്നു… ☺

ശുഭം.


കാലൻകോഴിയെ പറ്റി നിങ്ങളുടെ നാട്ടിൽ പ്രചാരത്തിലുള്ള കെട്ടുകഥകൾ കമന്റ്ബോക്സിൽ പങ്കുവയ്ക്കുമോ…?

Back to Top