യവനതളിർനീലി ശലഭപ്പുഴുക്കൾക്കളുടെ അതിജീവനം

യവനതളിർനീലി ശലഭപ്പുഴുക്കൾക്കളുടെ അതിജീവനം

സംഘടിത പ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമായ പുളിയുറുമ്പുകൾ(Oecophylla smaragdina-Weaver ant) എത്രത്തോളം ആക്രമണകാരികളാണെന്ന് നമുക്കറിയാം. എന്നാൽ ഈ പുളിയുറുമ്പുകളെ അടിമകളാക്കി തങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ശലഭപ്പുഴുക്കളുണ്ട്. അതിൽ പ്രധാനികളാണ് യവന തളിർനീലി (Arhopala centaurus-Centaur Oakblue) ശലഭപ്പുഴുക്കൾ.

ഈ പൂമ്പാറ്റകളുടെ പുഴുക്കൾ, ശത്രുകീടങ്ങളിൽ നിന്നും , ചിലന്തികളിൽ നിന്നും രക്ഷ നേടാൻ പുളിയുറുമ്പുകളെ ഉപയോഗിക്കാറുണ്ട്. ഉറുമ്പുകൾ തങ്ങളെ സംരക്ഷിക്കുന്നതിനു പകരം പുഴുക്കൾ അവയുടെ ശരീരത്തിലെ ഗ്രന്ഥികളിൽ നിന്നു സ്രവിപ്പിക്കുന്ന പഞ്ചസാര കലർന്ന ദ്രവം ഉറുമ്പുകൾക്ക് നൽകന്നു.

ഇതേക്കുറിച്ച് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയ പഠനങ്ങൾ രസാവഹമാണ് . ശലഭപ്പുഴുക്കളിൽനിന്നും ദ്രവം നുകർന്ന ഉറുമ്പുകളിൽ ഡോപാമൈൻ( dopamine) എന്ന രാസവസ്തുവിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. ഈ രാസവസ്തുവാണത്രെ ഉറുമ്പുകൾ ഉൾപ്പെടയുള്ള പ്രാണികളുടെ ചലനത്തെയും ആക്രമണോത്സകതയേയും നിയന്ത്രിക്കുന്നത് . അതായത് പുഴുക്കൾ തങ്ങളുടെ ശരീര ദ്രവത്തിലടങ്ങിയ രാസവസ്തുക്കളുപയോഗിച്ച് ഉറുമ്പുകളെ പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നു.

ഇതേക്കുറിച്ചക്കുള്ള മറ്റൊരു പഠനത്തിൽ പറയുന്നത് രാസ, ദൃശ്യ തരംഗങ്ങളുടെ സംയോജനം ഉപയോഗിച്ചാണ് പുഴുക്കൾ അതിന്റെ അംഗരക്ഷകരെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതെന്നാണ്. എന്തായാലും മധുരം കഴിച്ച് അടിമകളാക്കപ്പെട്ട ഉറുമ്പുകൾ ശിഷ്ടകാലം ഈ പുഴുക്കളുടെ അടിമകളായി കൂട്ടത്തിലെ മറ്റ് ഉറുമ്പുകളിൽ നിന്നും ഒറ്റപ്പെട്ട് ശലഭപ്പുഴുക്കൾക്കൊപ്പം അവയെ സംരക്ഷിച്ച് ജീവിക്കുന്നു. പുളിയുറുമ്പുകളുടെ സഹായമില്ലെങ്കിൽ യവനതളിർനീലിശലഭങ്ങളുടെ പുഴുക്കൾക്ക് അതിജീവനം പ്രായാസമാണ്..

Back to Top