വൈകിട്ട് അച്ഛന്റെ ഓട്ടോറിക്ഷയുമായി ബിബിൻലാൽ സ്കൂളിൽ വന്നു. എന്നെ കൂട്ടിക്കൊണ്ടുപോയി ചാട്ടക്കോഴിയെ പരിചയപ്പെടുത്താൻ….
പോകുന്ന വഴി വാ തോരാതെ അവൻ ഫ്ളോറിക്കൻ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.നിർത്താതെ….
” കറന്റടിച്ചതാണ് സർ പാവത്തിന്. ഉറപ്പാണ്. അതുകൊണ്ട് അതിന്റെ കാലൊക്കെ കുഴഞ്ഞുപോയിരുന്നു. ചുണ്ട് രണ്ടു പാതിയും തമ്മിൽ ചേരാതെ കോണിച്ചുപോയിരുന്നു…..
ഞാനിതൊക്കെ ഇത്ര കൃത്യമായി പറയാൻ കാരണം പണ്ടൊരു കാക്ക ഷോക്കടിച്ചു വീഴുന്നത് ഞാൻ കണ്ടതുകൊണ്ടാണ്. അന്ന് അതിന്റെ കാല് കുഴയുകയും ചുണ്ടിന്റെ രണ്ടുപാതികളും കുറെയേറെ നേരത്തേക്ക് കോണിച്ചുപോവുകയും ചെയ്തിരുന്നു…
അതിനെയന്ന് കുറെ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇതും ഭാഗ്യത്തിന് ഇപ്പൊ തീറ്റ തിന്നുതുടങ്ങി സാർ…
സത്യൻസാർ ( സത്യൻ മേപ്പയൂർ ) പറഞ്ഞത് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്നാണ്. പക്ഷെ, തീറ്റയൊക്കെ തിന്നാൻ തുടങ്ങിയ സ്ഥിതിക്ക് ഇതു രക്ഷപ്പെടാൻ ചാൻസില്ലേ സാർ….?”
” ചാൻസല്ല ബിബിൻ…ഷുവറാണ്. രക്ഷപ്പെടും. നമ്മളതിനെ രക്ഷപ്പെടുത്തും. നാളെ വൈകിട്ട് നമ്മളതിനെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോകും. എന്നിട്ട് അദ്ദേഹം പറയുന്നതുപോലെ രണ്ടോ മൂന്നോ ദിവസം കൂടി ശുശ്രൂഷിച്ച് അതിനെ നമുക്ക് തുറന്നു വിടാം. അതുപോരേ ? ”
” മതി സാർ….ഇതാ ഇവിടെയാണ് അത് കിടന്നത്..”
അവൻ വീട്ടിലേയ്ക്ക് തിരിയുന്ന ഇടവഴിയുടെ തുടക്കത്തിൽ ഒരു സ്ഥലം കാണിച്ചു പറഞ്ഞു.
ഞാൻ നോക്കി.
ശരിയാണ്. അതിനു മുകളിലൂടെ പവർലൈൻ കടന്നുപോകുന്നു….
വീട്ടിലെത്തിയപ്പോൾ ആദ്യം കണ്ടത് സിൽക്കി ഇനത്തിൽ പെട്ട ഒരു കറുമ്പൻ നായ്ക്കുട്ടിയെയാണ്. അപ്പുറത്ത് കൂട്ടിൽ പോലീസ് നായ്ക്കളുടെ ഇനത്തിൽ പെട്ടതൊന്ന്. അതിനപ്പുറത്ത് ഒരു കൂട്ടിൽ പലതരം പ്രാവുകൾ. അതിനുമപ്പുറത്ത് ഒരുകൂട്ടിൽ വിശിഷ്ടാതിഥി….
അവൻ പറഞ്ഞത് ശരിയാണ്. അതിപ്പോൾ ഭക്ഷണം കഴിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന് ഓഫീസിൽ നിന്ന് ബോസിന്റെ പെർമിഷനോടെ നേരത്തെയിറങ്ങി അടുത്തെവിടെയൊ വയലിൽ പോയി അവൻ പിടിച്ചുകൊണ്ടുവന്ന മണ്ണിരകളെ, കക്ഷി വലിയ പ്രയാസമൊന്നുമില്ലാതെ അകത്താക്കുന്നുണ്ട്.താഴെയുള്ള പാത്രത്തിൽ നിന്ന് നേരിട്ട് കൊത്തിയെടുക്കാൻ പ്രയാസപ്പെടുമ്പോൾ അവനോ അച്ഛനോ അതിന് മണ്ണിരയെ എടുത്തുകൊടുക്കുന്നുണ്ട്. അടുത്തു നില്ക്കുന്ന അമ്മ പ്രാവായി നായായി ഇതായി ഇനി മാഷ്ടെ കൂടെ കൂടി നാലഞ്ചു പാമ്പും കൂടിയായാൽ എല്ലാമായി എന്ന് തമാശ പറയുന്നുണ്ട്…..
അതിനിടയിൽ ബിബിൻലാൽ പക്ഷിയെത്തേടി അവിടെയെത്തിയ പത്രക്കാരെക്കുറിച്ച് പറഞ്ഞു.
” അവര് ഫോട്ടോയെടുത്തപ്പോ പക്ഷിയെ പുറത്തിറക്കി ഫോട്ടോയ്ക്ക് പോസു ചെയ്യിക്കണമെന്നു പറഞ്ഞു. അതു ചെയ്തപ്പോൾ ചിറകു വിടർത്തിപ്പിടിക്കണമെന്നായി ചിലർ. ചിലർക്ക് പക്ഷിയുടെ പടത്തിന്റെ കൂടെ എന്റെ പടവും വേണമായിരുന്നു. എന്റെ പടം ചോദിച്ചവരോട് ഞാനത്ര റെയർ ഒന്നുമല്ല പക്ഷിയാണ് റെയർ എന്നു പറയേണ്ടിവന്നു എനിക്ക് എന്ന് അവൻ പറഞ്ഞപ്പോൾ എനിക്കവനെ ചേർത്തുപിടിക്കാതിരിക്കാനായില്ല. അറിയാതെ ചോദിച്ചുപോയി…
നിന്നെ ഞാൻ ഏതു ക്ളാസ്സിലാ പഠിപ്പിച്ചതെന്ന്.