ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

Illustration : Abhilash Chacko Koodu Magazine January Edition, A Tribute to Dr. Latha is out. For Subscription and Enquiries, Please visit : http://koodumagazine.com/subscribe/

ശാസ്ത്രവിജ്ഞാനത്തിന്റെ അനന്ത സാധ്യതകളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക ഇടപെടലുകളിലേക്ക് സമർത്ഥമായി സമന്വയിപ്പിച്ചു എന്നതാണ് പരിസ്ഥിതികേരളത്തിന് ഡോ. ലതയുടെ സംഭാവന. ഈയൊരു ശാസ്ത്ര വിജ്ഞാന പിൻബലം തന്നെയാണ് അവരെ ഭരണകൂടത്തിലുള്ളവർക്കുകൂടി സുസമ്മതയായ പരിസ്ഥിതി പ്രവർത്തകയാക്കി മാറ്റിയത്. ഒഴുകുന്ന നദികളെക്കുറിച്ചുള്ള പഠനങ്ങളിലും അവയുടെ സംരക്ഷണ പ്രവർത്തനങ്ങളിലും ഇന്ത്യയില്‍ തന്നെ ഒന്നാം നിരയില്‍ നിൽക്കുന്നു ഡോ. ലത. പുഴയുടെ പുനരുജ്ജീവനവുമായും ജല മാനേജ്‌മെന്റുമായും ബന്ധപ്പെട്ട നിരവധി ആശയങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ അവർക്കായിട്ടുണ്ട് എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരംപോലെ ഇത്രയും ദൈർഘ്യമുണ്ടായ ഒരു പരിസ്ഥിതി സമരം കേരളം കണ്ടിട്ടില്ല. ദശകങ്ങളോളം കിണഞ്ഞു പരിശ്രമിച്ചിട്ടും വൈദ്യുതി ബോർഡിനോ മാറി മാറി വരുന്ന ഭരണകൂടങ്ങൾക്കോ ലതയുടെയും കൂട്ടരുടെയും വിജ്ഞാനത്തെയോ നിശ്ചയദാർഡ്ഡ്യത്തെയോ ഇതുവരെ തോൽപ്പിക്കാനായിട്ടില്ല.
ഡോ. ലതയുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതരാകും മുൻപേ പ്രശസ്ത തുമ്പി നിരീക്ഷകനായ സി.ജി. കിരണും പരിസ്ഥിതി കേരളത്തിനു നഷ്ടമായി. പ്രകൃതി സംരക്ഷണത്തിനായി സ്വന്തം ജീവിതം തന്നെ മാറ്റി വെച്ച് തങ്ങള്‍ ഏറ്റെടുത്ത നിയോഗം പൂർണ്ണാമാക്കുന്നതിനുമുന്നേ മടങ്ങേണ്ടിവന്ന ഡോ. ലതക്കും സി.ജി. കിരണും നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അവര്‍ തുടങ്ങിവച്ച സംരക്ഷണ ദൗത്യങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ ഊർജ്ജത്തോടെ പ്രവർത്തിക്കുക എന്നതു മാത്രമാണ്. അവരുടെ ഓർമ്മകൾ പരിസ്ഥിതി കേരളത്തിന് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളില്‍ കൂടുതല്‍ കരുത്തു പകരട്ടെ.
കൂട് മാസികയുടെ 2018 ജനുവരി ലക്കം എല്ലാ വരിക്കാർക്കും 06.01.2018 രാവിലെ കല്ലേറ്റുംകര ആര്‍.എം.എസില്‍ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Back to Top