ഒരു രാത്രി മുഴുവൻ ഉറങ്ങാതെ പുലർച്ചെ 4 മണിക്ക് ബോംബെയിൽ നിന്നും ഉള്ള കൊറിയൻ എയർ ഫ്ലൈറ്റിലാണ് ആദ്യത്തെ വിദേശയാത്ര ചെയ്യുന്നത്. 10 മണിക്കൂറോളം പറന്നു പറന്ന് സോളിനടുത്തുള്ള ഇഞ്ചോൺ എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി ജോലി ചെയ്യാൻ പോകുന്ന യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വരാമെന്ന് ഏറ്റിരുന്നു. ബോംബെയിൽ വന്ന് ഇന്റർവ്യൂ നടത്തിയ മുഖ പരിചയം ഉണ്ട്. 30 മിനിട്ടോളം ഇമിഗ്രേഷൻകാരുടെ ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോഴാണ് അമ്പരന്നു പോയത്.
അവിടെ കാണുന്ന കൊറിയൻമാർക്കൊക്കെ ഒരേ മുഖച്ഛായ. അവർക്ക് നമ്മളെ കണ്ടാൽ തിരിച്ചറിയാമെന്ന ബോധമൊന്നും അപ്പോൾ തോന്നിയില്ല. ആകെപ്പാടെ വണ്ടറടിച്ചു നിൽക്കുമ്പോഴാണ് ക്ലോൺ സെറ്റിലെ ഒരാൾ മുൻപോട്ടു വന്നത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഓർമ്മയിലെവിടെയോ തെളിഞ്ഞു വന്നു. ആദ്യമായി ജപ്പാനിലും ചൈനയിലുമൊക്കെ പോയി ഇറങ്ങുമ്പോഴും ഇതേ അവസ്ഥയുണ്ടാകും.
പറഞ്ഞു വന്നത്, ആദ്യമായി പക്ഷി നിരീക്ഷണത്തിന് ഇറങ്ങുമ്പോഴും ഇതേ അവസ്ഥയാണ്. ആദ്യത്തെ സവാരിയിൽ മനസ്സിൽ നിറഞ്ഞു നിന്നത് പൊൻമാനാണ്. കുറേയേറെ എണ്ണത്തിനെ കണ്ടെങ്കിലും എല്ലാം ഒരേ പോലെയിരുന്നു. പിന്നീടു കുറേക്കാലം കൊണ്ടാണ് ഈ ഫീൽഡിലെ ചേട്ടൻമാരും ചേച്ചിമാരുമൊക്കെ പത്തു മിനിട്ടു കൊണ്ട് പത്തിരുപത് സ്പീഷ്യസ് നെയൊക്കെ ebird ൽ റെക്കോർഡ് ചെയ്യുന്നതിന്റെ ഗുട്ടൻസ് മനസ്സിലാകുന്നത്.
ഇന്ത്യയിൽ കാണപ്പെടുന്ന പൊൻമാൻസ് 12 തരം. രണ്ടു വർഷം കൊണ്ട് എനിക്കു കാണാൻ കഴിഞ്ഞത് 4 തരം മാത്രം. ബാക്കി 8 തരം എപ്പോൾ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം എന്ന പ്രതീക്ഷയും സ്വപ്നവുമൊക്കെയാണ് പക്ഷി നിരീക്ഷണത്തിന്റെ ത്രിൽ.