ബിൽ നം. 149 : ജൂൺ 18ന് സബ്ജക്ട് കമ്മിറ്റിയുടെയും 22ന് നിയമസഭയുടെയും പരിഗണനക്ക് വരുന്നു.
2008 – ലെ നിയമം : 28/2008
- നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും രക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു.
- സുതാര്യമായി, പൊതുജനങ്ങൾക്ക് അഭിപ്രായം നൽകാൻ അവസരം നൽകിയും, അത് പരിഗണിച്ചും ആയിരുന്നു നിയമനിർമ്മാണം.
- ഒരു പരിധിവരെ പരിവർത്തനം ചെയ്യുന്നതിനെ പിടിച്ചുനിർത്താൻ സാധിച്ചു.
2018 – ലെ ഭേദഗതി ബിൽ (149)
- എങ്ങനെയെല്ലാം അവശേഷിക്കുന്ന അല്പം നെൽവയലുകളും തണ്ണീർത്തടങ്ങളും പരിവർത്തനം ചെയ്യാം എന്നു ലക്ഷ്യമിട്ടാണ്.
- എല്ലാം ഒളിച്ചുവച്ച് ജനങ്ങൾക്കും നിയമനിർമ്മാണസഭാ സാമാജികർക്കും അഭിപ്രായം പറയാനുള്ള അവസരം പരമാവധി നിഷേധിച്ചുകൊണ്ട്, അവരെ അവഗണിച്ചുകൊണ്ടാണ് നിയമനിർമ്മാണം.
- ഒരു പിരിധിയുമില്ലാതെ നെൽവയൽ തണ്ണീർത്തടം പരിവർത്തനം നടത്താൻ അവസരം നൽകുന്നു.
എന്തുകൊണ്ട് എതിർക്കണം ?
ഭേദഗതി ബില്ലിലെ പ്രധാന വീഴ്ചകൾ പറയാം:
-
- “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി” എന്നൊരു പുതിയ വർഗ്ഗീകരണം ഇതിലുണ്ട്. (പേജ് (2) (V) XVII എ).
അടിസ്ഥാന നികുതി രജിസ്റ്റർ (BTR) ൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും, ഡാറ്റാ ബാങ്ക് വഴി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടില്ലാത്തതുമായ ഭൂമി എന്നാണർത്ഥം. ഇത്തരം ഭൂമിയെ റെഗുലറൈസ് ചെയ്യാൻ പുതിയതായി ഉപവകുപ്പുകൾ 27 -ാം വകുപ്പിൽ ചേർത്തിരിക്കുന്നു. – പേജ് 12, 15-ാം വകുപ്പ് കാണുക
“വിജ്ഞാപനം ചെയ്യപ്പെടാത്ത” എന്ന പ്രശ്നം നീക്കാനുള്ള ഏറ്റവും ലളിതമായ പോം വഴി വിജ്ഞാപനം ചെയ്യുക എന്നതാണ്. സർക്കാർ വിചാരിച്ചാൽ അത് സാധിക്കും. അധികാരത്തിലെത്തിയാൽ ആറുമാസത്തിനകം അപ്രകാരം ചെയ്യുമെന്ന ഉറപ്പ് ഇടതുമുന്നണിയുടെ പ്രകടനപത്രികയും പിന്നീട് റവന്യു – കൃഷി മന്ത്രിമാരും നൽകിയിരുന്നതാണ്. സാധിക്കാത്ത കാര്യമല്ല അവർ പറഞ്ഞത്. പക്ഷെ പറച്ചിൽ മാത്രമുണ്ടായി, പ്രവർത്തി ഉണ്ടായില്ല.
ഇപ്പോഴും 600 ഓളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഡാറ്റാ ബാങ്ക് അന്തിമവിജ്ഞാപനത്തിന് തയ്യാറായിട്ടില്ല. പൂർണ്ണമായവയിൽ തന്നെ തെറ്റുകൾ അനവധിയുണ്ടെന്ന് പരാതിയുണ്ട്. ഇത് തെറ്റ് തിരുത്തി പൂർണ്ണമാക്കുകയാണ് വേണ്ടത്. നിയമാനുസ്യതമല്ലാത്ത പുതിയ ഒരു വർഗ്ഗീകരണം നടത്തി കാര്യങ്ങളെ സങ്കീർണ്ണമാക്കുകയല്ല വേണ്ടത്.
2008 – നിയമത്തിലെ “നെൽവയൽ” എന്നതിന്റെ നിർവ്വചനവും (2-ാം വകുപ്പ് 12-ാം ഉപവകുപ്പ്) 2008ന് മുമ്പ് പരിവർത്തനം ചെയ്ത ഭൂമിയെക്കുറിച്ച് പ്രാദേശിക നിരീക്ഷണ സമിതി R.D.O. വിന് റിപ്പോർട്ട് ചെയ്യണമെന്ന 5 (4) (IV) വകുപ്പും പ്രകാരമുള്ള നടപടികൊണ്ട് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. - 5 (4) (IV) വകുപ്പ് എടുത്ത് കളഞ്ഞു. – പേജ് 3 ൽ 3 (2)
2018 – ലെ ഭേദഗതിയിൽ ഈ വകുപ്പ് മുഴുവനായും എടുത്ത് കളഞ്ഞിരിക്കുന്നു. ഇത് എടുത്ത് കളയാതിരിക്കുകയും സമിതിയുടെ റിപ്പോർട്ട് പ്രകാരമോ, അതല്ലെങ്കിൽ ഡാറ്റാ ബാങ്കിൽ റിമാർക്സായി രേഖപ്പെടുത്തിയിട്ടുള്ള വിവരത്തെ പ്രാഥമിക റിപ്പോർട്ടായി പരിഗണിച്ച് അതുപ്രകാരമോ, 2008 – ന് മുമ്പുള്ള കെ.എൽ. യു. ഓർഡറിലെ നിയമങ്ങൾക്കനുസരിച്ച് നടപടിയെടുക്കാൻ R.D.O. വിനെ ചുമതലപ്പെടുത്തുകയും മാത്രമാണ് ചെയ്യേണ്ടതുള്ളൂ. - പ്രാദേശിക – സംസ്ഥാന സമിതികളുടെ അധികാരം വെട്ടിനീക്കി :
• പൊതു ആവശ്യത്തിന് പരിവർത്തനം ചെയ്യാൻ അനുവദിക്കുന്നത് സംബന്ധിച്ച് 2008 – ലെ നിയമപ്രകാരം പ്രാദേശിക സമിതിക്കും സംസ്ഥാന സമിതിക്കും “ശുപാർശ” ചെയ്യാനുള്ള അധികാരം മാറ്റി “റിപ്പോർട്ട് “ ചെയ്യാനുള്ള ചുമതല മാത്രമാക്കി.
• പരിവർത്തനം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി,
• സമീപപ്രദേശത്ത് നെൽകൃഷി “ഏതെങ്കിലും ഉണ്ടെങ്കിൽ” എന്ന് കൂട്ടിച്ചേർത്തിരിക്കുന്നു. (നെൽകൃഷിയില്ലാതെ തരിശാണെങ്കിൽ പരിവർത്തനം ചെയ്യാം എന്ന് അർത്ഥം)
• പരിവർത്തനം നെൽകൃഷിയെ ബാധിക്കുമോ എന്ന് പരിശോധിക്കണമെന്നും പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മാത്രമാക്കി ചുരുക്കി.
• ടി റിപ്പോർട്ട് രണ്ടുമാസത്തിനകം നൽകണമെന്നും, അതുണ്ടായില്ലെങ്കിൽ “നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റ് അധികാര സ്ഥാപനത്തിൽ നിന്നും” റിപ്പോർട്ട് ആവശ്യപ്പെട്ട് അതിനനുസരിച്ച് ഉത്തരവിടാനും സർക്കാരിന് ഈ നിയമം അധികാരം നൽകുന്നു. ഫലത്തിൽ വിദഗ്ദ്ധരുടെ സമിതിയെ മറികടന്ന് ഉദ്യോഗസ്ഥസമിതിക്കോ ഒരുപക്ഷേ സ്വകാര്യ ഏജൻസിക്കോ തീരുമാനിക്കാമെന്ന വ്യവസ്ഥയായി. - പൊതു ആവശ്യം
പൊതു ആവശ്യങ്ങൾക്കുള്ള സ്കീമുകൾക്ക് എന്നതിനോടൊപ്പം “പദ്ധതികൾക്ക് എന്നും കൂടി” കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് മലബാർ ഗോൾഡ്, ആറന്മുള വിമാനത്താവളം തുടങ്ങിയ അനേകം സ്വകാര്യ പദ്ധതികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. - വഴി അടക്കാനുള്ള വഴി
ഈ ആക്ട് 27 – ലെ കൂട്ടിച്ചേർത്ത ഉപവകുപ്പുകൾ പ്രകാരം “പരിവർത്തനം” അനുവദിച്ചാൽ പലയിടങ്ങളിലും വയലിന്റെ ഉൾഭാഗത്തേക്ക് കാർഷിക യന്ത്രങ്ങളും, വിത്തും, വളവും, വിളവും കൊണ്ടുപോകുന്നതിനും കൊണ്ടു വരുന്നതിനുമുള്ള ഗതാഗത സൗകര്യം ഇല്ലാതെ നെൽവയലിന്റെ നടുഭാഗവും, തലക്കുളങ്ങളും LAND LOCKED ആയിത്തീരും. വരമ്പുകളില്ലാതാവും, വഴികൾ തുറക്കാൻ കഴിയാതെയാകും. ജലത്തിന്റെ ആഗമന – നിർഗ്ഗമന മാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് പലയിടത്തും പറയുന്നുണ്ടെങ്കിലും കർഷകരുടെയോ, കാർഷിക ആവശ്യത്തിനുള്ള യന്ത്രങ്ങളുടെയോ പോക്കുവരവിനെ വഴിയടച്ചുകെട്ടി തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഒരിടത്തും പറയുന്നില്ല. ഫലത്തിൽ ചുറ്റും നികത്തി, കൃഷി മുടക്കി, വളഞ്ഞുവെച്ച് നടുവിലുള്ള ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയക്ക് വഴി തുറന്നുകൊടുക്കുന്നു. പഞ്ചായത്ത് കുളങ്ങളുടെ കാര്യം കുളമാവും. - പിടിച്ചെടുത്ത് കയ്യൊഴിക്കാനുള്ള വകുപ്പ്
ഈ നിയമം ലംഘിക്കുന്ന വാഹനങ്ങളും അതിലുള്ള മണ്ണ്, മണൽ, കളിമണ്ണ് മുതലായവയും പിടിച്ചെടുക്കാനും അങ്ങനെ ലഭിക്കുന്ന മണ്ണ്, മണൽ, കളിമണ്ണ് മുതലായവയും “കയ്യൊഴിക്കാൻ” കളക്ടർക്ക് അധികാരം നൽകുന്നു. അതായത് ലേലം ചെയ്ത് വിൽപ്പന നടത്താം. മണ്ണ്, മണൽ, കളിമണ്ണ് മാഫിയക്ക് ഒരു IAS ഇടനിലക്കാരൻ! കളക്ടറെ മോഷണമുതൽ വിൽപ്പനക്കാരനാക്കി മാറ്റരുത്! പിടിച്ചെടുത്ത “മണ്ണ്, മണൽ, കളിമണ്ണ് ” മുതലായവ എടുത്ത സ്ഥലത്ത് തന്നെ തിരിച്ചു നിക്ഷേപിച്ച്, പൂർവ്വസ്ഥിതിയിലാക്കാൻ ഉപയോഗിക്കണമെന്ന് മാറ്റം വരുത്തണം. (പിടിച്ചെടുത്ത മണൽ പുഴയിൽ തിരിച്ചു നിക്ഷേപിക്കാനുള്ള നടപടിപോലെ). ഇതിനുള്ള ചിലവ് നിയമലംഘകരിൽ നിന്നും ഈടാക്കണം. - സങ്കട നികുതി
ഈ ഭേദഗതിയിലെ ഏറ്റവും വിചിത്രമായ കാര്യമാണിത്. സങ്കടമനുഭവിക്കുന്ന ആൾ 5000 രൂപ ഫീസായി നൽകണമത്ര!ഭേദഗതിയിൽ 27 -ാം വകുപ്പിന്റെ ഉപവകുപ്പുകൾ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഉടമയ്ക്ക് പരിവർത്തനം ചെയ്യാനുള്ള അനുവാദത്തിനായി R.D.O. യെ സമീപിക്കാമെന്നും, അദ്ദേഹത്തിന് പരിശോധിച്ച് ഉത്തരവിറക്കാമെന്നും ഈ ഉത്തരവുമൂലം “സങ്കടമനുഭവിക്കുന്നവർക്ക് ” ഉത്തരവിറക്കി ഒരു മാസത്തിനകം ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 5000 രൂപ ഫീസും സഹിതം അപ്പീൽ നൽകാമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.ആരാണ് സങ്കടമനുഭവിക്കുന്നവർ? ഉത്തരവ് നികത്തലിനെതിരാണെങ്കിൽ നിലമുടമ ഉത്തരവിന്റെ പകർപ്പും 5000 രൂപയും സഹിതം അപ്പീൽ നൽകി സന്തോഷത്തോടെ കാര്യം നേടും. ഉത്തരവ് നികത്തലിന് അനുകൂലമാണെങ്കിൽ സമീപത്തെ വയലുടമ “സങ്കടം അഭിനയിക്കും.” എങ്കിലും 5000 രൂപ കെട്ടി പരാതി നൽകാൻ മെനക്കെടില്ല (ഇന്നു നീ നാളെ ഞാൻ എന്ന് ആശ്വസിക്കും). പരിസ്ഥിതി സാമൂഹ്യ പ്രവർത്തകർക്ക് “സങ്കടമനുഭവിക്കുന്നവനാണെന്ന് ” തെളിയിച്ച്, വിവരാവകാശ നിയമപ്രകാരം സാക്ഷ്യപ്പെടുത്തിയ കോപ്പി സംഘടിപ്പിച്ച്, കഷ്ടപ്പെട്ടുണ്ടാക്കിയ 5000 രൂപയും കെട്ടിവെച്ച് ഒരു മാസത്തിനകം പരാതി നൽകണം. (ഇത് പുലിപ്പാൽ കൊണ്ടുവരുവാൻ പറയുന്നതുപോലെയാണ്)പോരായ്മകൾ ഇനിയും അനവധിയുണ്ട്. നിയമനിർമ്മാതാക്കളുടെ നിരുത്തരവാദപരമായ ലാഘവത്വത്തിന് ഒരു ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കാം:
തരിശു ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് സംബന്ധിച്ചാണ് ഭേദഗതിയിലെ 10 -ാം വകുപ്പ് (കൂട്ടത്തിൽ പറയട്ടെ ഇതിലെ നല്ലതെന്ന് പറയാവുന്ന ഏക ഭേദഗതിയാണിത്. പക്ഷേ ഇതിലെ പേജ് 10ൽ 10 -ാം വകുപ്പ് 10 – ാം ഉപവകു പ്പ് (VI) ഇങ്ങനെ പറയുന്നു “നെൽവയലിൽ ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ സ്ഥിരം നിർമ്മാണങ്ങളോ, എടുപ്പുകളോ നിർമ്മിക്കാൻ പാടുള്ളതല്ല.”
“തരിശുടമ” കാലങ്ങളായി കൊതിക്കുന്നത് പാട്ടക്കാരൻ ഞൊടിയിടയിൽ ചെയ്ത് കൊടുക്കും! രേഖാമൂലമുള്ള അനുമതി മാത്രമല്ല ചെല്ലും ചെലവും നൽകാൻ “തരിശുടമ” തയ്യാറാവും. നെൽവയലിൽ സ്ഥിരം നിർമ്മാണം പാടില്ല എന്ന കാര്യമാണ് ഭേദഗതി നിർമ്മാണം നടത്തിയവർ വിസ്മരിച്ചത്.
ജനകീയമായി നിർമ്മിച്ച നിയമത്തെ ജനകീയമായ ചർച്ചകൾക്ക് അവസരമൊരുക്കി ഭേദഗതി ചെയ്യണം എന്ന് നമുക്ക് ആവശ്യപ്പെടാം. അതിന് കുറച്ചു സമയം നഷ്ടമാകും; കുറേയേറെ നേട്ടങ്ങൾ ഉണ്ടാകും
- “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി” എന്നൊരു പുതിയ വർഗ്ഗീകരണം ഇതിലുണ്ട്. (പേജ് (2) (V) XVII എ).
എന്തൊക്കെ ചെയ്യാം?
- മുഖ്യമന്ത്രി, റവന്യൂമന്ത്രി, കൃഷിമന്ത്രി എന്നിവർക്ക് പരാതികൾ നൽകാം.
- മറ്റു നിയമസഭാംഗങ്ങളോടും, രാഷ്ട്രീയ – സാമൂഹ്യ നേതാക്കളോടും നമ്മുടെ ആശങ്ക പങ്കുവെക്കാം.
- പത്ര – ദൃശ്യ – സാമൂഹ്യ മാധ്യമങ്ങൾ വഴിയും, നേരിട്ടും പ്രചരണം.
- ജൂൺ 18 – ന് തിരുവനന്തപുരത്ത് പ്രതിഷേധം പങ്കെടുക്കുക. മറ്റു പ്രതിഷേധ പരിപാടികൾ ആലോചിക്കാം.
ബന്ധപ്പെടേണ്ട നമ്പർ – കുസുമം ജോസഫ് Ph : 9495567276, e-mail : [email protected]
ഇ- മെയിൽ, വാട്ട്സാപ്പ്, ഫേസ്ബുക്ക് ബന്ധങ്ങൾക്ക് ശ്രീനാഥ് Ph : 9605009304, [email protected]
ഫോൺ വഴി ബന്ധപ്പെടാൻ മോഹൻദാസ് എം. 9895977769, കെ. കെ. അനീഷ് കുമാർ 9496021780