കേരളാ ജൈവകർഷക സമിതി – 2018 സംസ്ഥാനതല പ്രതിനിധിസമ്മേളനം – പ്രമേയം

കേരളാ ജൈവകർഷക സമിതി – 2018 സംസ്ഥാനതല പ്രതിനിധിസമ്മേളനം – പ്രമേയം

2018 ജൂൺ 30, ജൂലൈ 1 തീയതികളിൽ കേരളാ ജൈവകർഷക സമിതിയുടെ മലപ്പുറം ജില്ലയിലെ തിരൂർ ജെ.എം.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നസംസ്ഥാനതല പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച നെൽവയൽ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട പ്രമേയം

വികസനത്തിന്റെ മറപിടിച്ച് 2008ലെ നെൽവയൽ തണ്ണീർത്തട നിയമം 2018 ജൂൺ 25 ന് സർക്കാർ ചില ഭേദഗതികൾ വരുത്തിയിരിക്കുകയാണ്. പൊതു ആവശ്യം എന്ന പേരിൽ വൻകിട പദ്ധതികൾക്കു വേണ്ടി നിർബാധം വയൽ നികത്താൻ അനുവദിക്കുക, 2008 ന് മുമ്പ് നികത്തിയ വയലുകൾ, ഭൂമി വിലയ്ക്കനുസരിച്ച് നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കിൽ വിഞ്ജാപനം ചെയ്യപ്പെടാത്ത വയലുകളെ നെൽവയലായി കണക്കാക്കാക്കാതിരിക്കുക, പ്രാദേശിക സമിതികളുടെ അധികാരം എടുത്തു കളയുക തുടങ്ങിയ അപകടകരമായ മാറ്റങ്ങളാണ് പുതിയ നിയമത്തിൽ കൊണ്ടു വന്നിരിക്കുന്നത്.

കേരളത്തിന്റെ ചെരിഞ്ഞ ഭൂപ്രകൃതി കാരണം നമുക്ക് കിട്ടുന്ന മഴയുടെ നല്ലൊരു ശതമാനം ജലവും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒഴുകി കടലിലേക്കെത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ജലം മണ്ണിൽ പിടിച്ചു നിർത്താൻ സഹായിക്കുന്ന കാടുകളുടെയും കാവുകളുടെയും അളവ് ഗണ്യമായി കുറഞ്ഞു. മലയോര പ്രദേശങ്ങളിൽ ജലം നഷ്ടപ്പെടുത്തുന്ന നാണ്യവിളകളുടെ അളവ് വർദ്ധിക്കുകയുമുണ്ടായി. ഒപ്പം ഉപരിതല ജലസ്രോതസ്സുകളായ കുളങ്ങൾ, കിണറുകൾ ചെറിയ തടാകങ്ങളും മറ്റും ഇല്ലാതായി കൊണ്ടിരിക്കുന്നു. കേരളത്തിലെ പുഴകളിൽ പലതും മണൽ വാരലും മലിനീകരണ ഭീഷണിയും നേരിട്ടു കൊണ്ടിരിക്കുന്നു. കായലുകളുടെ വിസ്തീർണം കുറഞ്ഞു വരുന്നു. ഇങ്ങനെ കേരളത്തിലെ മിക്ക ശുദ്ധജല സ്രോതസ്സുകൾ വഴി ലഭിക്കേണ്ട ജലത്തിന്റെ അളവ് വർഷം തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി കുഴൽ കിണർ കുഴിച്ച് വ്യാപകമായ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന പ്രവണത കേരളത്തിലും ആരംഭിച്ചിരിക്കുകയാണ്. ഭൂഗര്‍ഭ ജല വകുപ്പിന്റെ പഠനങ്ങൾ പറയുന്നത് കേരളത്തിലെ ഭൂഗര്‍ഭ ജലം വർഷം തോറും കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്നാണ്. ഇങ്ങനെ പോകുകയാണെങ്കിൽ കേരളം അപകടകരമായ രീതിയിൽ ജല ക്ഷാമത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.

മഴവെള്ളം മണ്ണിലേക്കിറക്കി ഭൂഗര്‍ഭ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടങ്ങളാണ് നെൽവയലുകൾ. എന്നാൽ നെൽവയലുകളുടെ അളവ് പരിതാപകരമായ രീതിയിൽ കഴിഞ്ഞ കുറെ ദശകങ്ങളായി കുറഞ്ഞു വന്നു. അതിനൊരൽപം ആശ്വാസം എന്ന രീതിയിലായിരുന്നു 2008 ലെ നിയമം.
കേരളത്തിന്റെ അവശേഷിക്കുന്ന നെൽവയൽ സംരക്ഷിക്കുന്നതിൽ ഇത് ഒരു നല്ല പങ്ക് വഹിച്ചെങ്കിലും ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നതിലോ തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിലോ വേണ്ടത്ര ശുശ്കാന്തി കാണിക്കാത്തതിനാൽ ഈ നിയമം കാരണം നെൽകൃഷി വർദ്ധിക്കുകയുണ്ടായില്ല.

അതേ സമയം 2008 നെ അപേക്ഷിച്ച് നെൽകൃഷി ഏറെ കുറയുകയുമുണ്ടായി.

നെൽകൃഷിയും നെൽവയലും

നെൽവയലും നെൽകൃഷിയും തമ്മിലുള്ള ബന്ധം നിലവിൽ നെൽവയൽ നികത്താതെ നിൽക്കുന്ന പ്രദേശങ്ങളെടുത്തു പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുന്നതാണ്. ഇന്ന് കേരളത്തിൽ നെൽവയലുകൾ കൂടുതലും അവശേഷിക്കുന്നത് പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്. ഇതിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്നത് പാലക്കാട് ജില്ലയിലാണ്.
എന്നാൽ ജലസേചന സൗകര്യം കുറഞ്ഞതും നെൽകൃഷി ചെയ്യാൻ മറ്റു അടിസ്ഥാന സൗകര്യങ്ങളില്ലാതായതും നാണ്യവിളകൾക്ക് വഴി മാറിയതും നഗരവൽക്കരണമൂലം നെൽകൃഷി ചെയ്യാൻ പറ്റാത്തതുമായ പല പ്രദേശങ്ങളിലും ഇന്ന് വ്യാപകമായി നെൽവയലുകൾ നികത്തിയിട്ടുമുണ്ട്.
കേരളത്തിന്റെ കൃഷിയോഗ്യമായ ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെൽകൃഷി. കേരള ഡിപ്പാർട്ട്മെന്റ് ഓഫ് എക്കൊണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സിന്റെ കണക്കനുസരിച്ച് 2016-2017ൽ നെൽകൃഷി ചെയ്യുന്ന വയലുകളുടെ അളവ് നിലവിൽ 1,71,398 ഹെക്ടർ ആണ്. 1975-76 കാലഘട്ടത്തിൽ ഇത് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഇതാ വീണ്ടും കുറഞ്ഞ് ഹെക്ടറായി മാറിയിരിക്കുന്നു.

ഇത് 1975-76 അപേക്ഷിച്ച് 80.43 ശതമാനമാണ് കുറഞ്ഞത്. 2008 ശേഷം ഏകദേശം 61000 ഹെക്ടർ നെൽകൃഷി വീണ്ടും കുറഞ്ഞു. അതായത് നെൽവയൽ നീർത്തട സംരക്ഷണ നിയമം വന്നതിനു ശേഷവും നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 40 വർഷം കൊണ്ട് 80 ശതമാനം നെൽകൃഷി കുറഞ്ഞെങ്കിൽ ഇങ്ങനെ പോയാൽ വരുന്ന ഇരുപത് വർഷം കൊണ്ട് കേരളത്തിൽ നെൽകൃഷി തന്നെ ഇല്ലാതാകും. നെൽകൃഷി പ്രചരിപ്പിക്കുന്ന രീതിയിലുള്ള നയങ്ങളുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. നെൽകൃഷി ഇല്ലാതാകുന്നതോടു കൂടി പതുക്കെ നെൽവയലുകളും കൂടി നഷ്ടപ്പെടുന്നു.

നെൽവയൽ സംരക്ഷിക്കണമെന്ന് പറയുന്നത് കേവലം ഭക്ഷ്യസുരക്ഷ മാത്രമല്ല. അത് ജലസംരക്ഷണവും കാർഷിക ആവാസ വ്യവസ്ഥയുടെ സംരക്ഷണവുമാണ്. വിവിധ തരം പക്ഷികൾ, ശലഭങ്ങൾ, തുമ്പികൾ, എട്ടുകാലികൾ, തവളകൾ, ഞണ്ടുകൾ, ഇങ്ങനെ അനേകം ജീവികളുടെ ആവാസ വ്യവസ്ഥയാണ് ഈ വയലുകൾ. വയലുകൾ ഇല്ലാതാകുന്നതോടു കൂടി ഉൾനാടൻ മത്സ്യ സമ്പത്ത് ഇല്ലാതാകുന്നു. കാട് സംരക്ഷിക്കുന്നതു പോലെ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെൽവയലുകൾ. പക്ഷേ കാർഷിക ആവാസ വ്യവസ്ഥയുടെ നട്ടെല്ലായ ഈ വയലുകൾ വഹിക്കുന്ന പാരിസ്ഥിതിക സേവനം വിലമതിക്കാനാകാത്തതാണ്. അതിനാൽ വയലുകൾ സംരക്ഷിക്കുന്നവർക്ക്
അതിന്റെ പാരിസ്ഥിതിക സേവന മൂല്യം കണക്കിലെടുത്ത് അതിന്റെ ഒരു നിശ്ചിത ശതമാനം റോയൽറ്റി ലഭിക്കാൻ അർഹതയുണ്ട്.

കേരളത്തിനാവശ്യമായ അരിയുടെ 85 ശതമാനവും നാം പുറത്ത് നിന്നാണ് കൊണ്ടുവരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരിയിൽ ആഴ്സനിക് പോലെയുള്ള മാരകമായ വിഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അരി പ്രധാന ഭക്ഷണമായ മലയാളിയുടെ ആരോഗ്യ നില അനുദിനം വഷളായി കൊണ്ടിരിക്കുകയും ചെയ്യുന്നു. അവശേഷിക്കുന്ന തരിശു പാടങ്ങൾ കൃഷിയോഗ്യമാക്കുകയും മുമ്പ് ഇരുപൂ കൃഷിചെയ്തിരുന്നതും എന്നാൽ ഇപ്പോൾ ഒരുപ്പൂ കൃഷിയായി ചുരുങ്ങി പോയ പാടങ്ങളെ പഴയ പടിയിലേക്ക് കൊണ്ടുവരികയും ചെയ്താൽ കേരളത്തിനാവശ്യമായതിന്റെ പകുതിയലധികം അരി ഭക്ഷണം നമുക്കിവിടെ തന്നെ ഉൽപാദിപ്പിക്കാൻ സാധിക്കും.
കേരളത്തിലെ ജനങ്ങൾക്കിടയിൽ നാട്ടരി കൃഷി ചെയ്ത് ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക വഴി മാത്രമേ നമ്മുടെ വയലുകൾ നമുക്ക് സംരക്ഷിക്കാൻ പറ്റുകയുള്ളൂ.

ജലസംരക്ഷണത്തെയും ജനാരോഗ്യത്തെയും കണക്കിലെടുത്ത് പഞ്ചായത്ത് തലം മുതൽ, നെൽകൃഷി ചെയ്ത് നെൽവയൽ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഏറ്റെടുത്താൽ മാത്രമേ ഇതിനോരു ശാശ്വത പരിഹാരം കാണാൻ കഴിയൂ.

വയലിന്റെ നെഞ്ചിൽ വികസനം വേണ്ട,
വയലില്ലെങ്കിൽ കുടിവെള്ളമില്ല,
നെൽകൃഷിയില്ലാതെ നെൽവയലില്ല,
തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരളാ ജൈവകർഷക സമിതി പ്രാദേശികാടിസ്ഥാനത്തിൽ പരിപാടികൾ സംഘടുപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

അതോടൊപ്പം നെൽവയൽ സംരക്ഷണ സമരത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റു പരിസ്ഥിതി, സന്നദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമരത്തിലേർപ്പെടുക.
വികസനത്തിന്റെ പേരും പറഞ്ഞ് നെൽവയൽ നികത്താനുള്ള ശ്രമങ്ങളെ തടയുക.
ജാഗ്രതാ സമിതികൾ രൂപീകരിക്കുക
നാട്ടു നെൽവിത്തുകളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക,
നാട്ടരി ഉപയോഗിച്ച് പാചകകളരി നടത്തുക,
അരിമേള നടത്തി നാട്ടരിക്ക് വിപണി കണ്ടെത്തുക
വയൽരക്ഷാ പരിശീലകർക്കുള്ള പരിശീലന പരിപാടി സംഘടുപ്പിക്കുക.
തുടങ്ങി ‘വയൽ രക്ഷാ കേരള രക്ഷ’ എന്ന പേരിൽ കേരളത്തിലൂടനീളം ഇത്തരം പരിപാടികൾ നടത്താൻ കേരള ജൈവകർഷക സമിതി തീരുമാനിച്ചിരിക്കുന്നു.

സാധാരണ ജനങ്ങളെ പ്രാദേശിക തലം മുതൽ വയലിന്റെ പ്രാധാന്യം
ബോധ്യപ്പെടുത്തി ജാഗരൂഗരാക്കിയാൽ മാത്രമേ അവശേഷിക്കുന്ന നെൽവയലുകൾ സംരക്ഷിക്കാൻ കഴിയൂവെന്ന് ജൈവകർഷക സമിതി മനസ്സിലാക്കുന്നു.

കേരളാ ജൈവ കർഷക സമിതി
01-07-2018

Back to Top