ശാന്തിവനം തനിയേ ഉണ്ടായതാണെന്ന് തത്വത്തിൽ പറയാമെങ്കിലും സാങ്കേതികമായ് അത് ഉണ്ടാക്കിയെടുത്തതാണു. രവീന്ദ്രനാഥ് എന്ന കേരളത്തിലെ ആദ്യ കാല പരിസ്ഥിതി ചിന്തകന്മാരിലൊരാളുടെ സ്വകാര്യ ഭൂമിയാണത്. ഒരു പുല്ലു പോലും പറിക്കാതെ ,മണ്ണിളക്കാതെ ,കരിയിലകൾ നീക്കി ഭൂമിയുടെ പുതപ്പ് കളയാതെ നിരവധി വർഷങ്ങൾകൊണ്ടാണു ആ കാവ് രൂപപ്പെട്ടത് /രൂപപ്പെടുത്തിയത്. പ്രകൃത്യോപാസകനായ ജോൺസി മാഷും പശ്ചിമഘട്ടത്തിന്റെ വിജ്ഞാനകോശമായ സതീഷ്ചന്ദ്രൻ സാറും ചേർന്നാണു കാവിനു പേരിട്ടത് – ശാന്തിവനം.
ഇന്ന് മീന മേനോനാണീ കാവിന്റെ കാവലാൾ. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റി റ്റ്യൂട്ടിന്റെ വിത്ത് ബാങ്കുകളിലൊന്നാണിവിടം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്നുപോലും സസ്യശാസ്ത്ര പഠിതാക്കൾ ഈ ഭൂമി അന്വേഷിച്ചെത്തുന്നുണ്ട്,ജൈവവൈവിധ്യങ്ങളേക്കുറിച്ച് പഠിക്കാൻ. നമ്മുടെ നിത്യഹരിതവനങ്ങളിൽ കാണുന്നതരം മരങ്ങളും സസ്യലതാദികളും വൈൽഡ് ഓർക്കിഡുകളും ഇവിടെ കാണാം. ദേശാടകരായ ശലഭങ്ങളും പക്ഷികളും ഇവിടെ താവളമാക്കാറുണ്ട്. ഈ കടുത്ത വേനൽച്ചൂടിൽ നിരവധി പക്ഷികുടുംബങ്ങൾക്ക് അത്താണിയാണിവിടത്തെ മൂന്ന് വലിയ കുളങ്ങളും.
വ്യാവസായികാവശ്യങ്ങൾക്കു വേണ്ടി വലിക്കുന്ന മന്നം ചെറായി 110 കെ.വി വൈദ്യുതി ലൈൻ കടന്നു പോകുന്നത്… അല്ല, കടത്തിവിടുന്നത് ശാന്തിവനത്തിലൂടെയാണു. ഗൂഗിൽ എർത്തിന്റെ സാറ്റലൈറ്റ് കണ്ണിലൂടെ നോക്കിയാൽ മനസിലാകും അതിനേക്കാളെറെ എളുപ്പമുള്ള വഴികൾ ഉണ്ടെന്ന്. ജനവാസമുള്ള സ്ഥലത്ത ലൈൻ വലിക്കാതെ ഭൂഗർഭകേബിളുകളുമിടാനാകും. ശാന്തിവനത്തിന്റെ കൃത്യം മധ്യഭാഗത്തായാണു ലൈനിന്റെ ഒരു ടവർ പോലും. അതായത് ശാന്തിവനമെന്ന, ഇന്ന് അവിടങ്ങളിലെ കിണറുകളിൽ വെള്ളമെത്തിക്കുന്ന, പറവൂരിനു ശുദ്ധവായു നൽകുന്ന ഓക്സിജൻ സിലിൻഡറായ ഭൂഭാഗമാണു ഇല്ലാതാകാൻ പോകുന്നത്.
നവകേരളം കെട്ടിപ്പടുക്കുന്നത് ഇങ്ങനെയൊക്കെയാണെന്നാണല്ലോ..
പ്രകൃതിയെ മാനിക്കാത്ത വികസനം നമ്മുടെ മുദ്രാവാക്യമായി മാറിയിട്ട് കാലങ്ങളായി. കഴിഞ്ഞ മഴക്കാലത്തും ഇപ്പോൾത്തന്നേയും നാം അനുഭവിക്കുന്നത് അവയുടെ ഫലങ്ങൾ തന്നെയാണു.
ശാന്തിവനത്തെ സംരക്ഷിക്കേണ്ടത് പറവൂരിന്റെ ഉപരി ,കേരളത്തിന്റെ മുഴുവൻ ആവശ്യവുമാണു.
പ്രതികരിക്കണം..