എഴുതിയത്: എസ്. പ്രശാന്ത് നാരായണൻ, ജിനേഷ് പി. എസ്., സജിത്ത് നീലമ്പേരൂർ, അരുണ്‍ സി. ജി., മിഥുൻ പുരുഷോത്തമൻ, സന്ദീപ് ദാസ്, ടോംസ് അഗസ്റ്റിൻ , വിവേക് പുലിയേരി, അഭിനന്ദ് ചന്ദ്രൻ, ബിജോയ് കെ. ഐ., അൽ ബാദുഷ് എ., ബി. ശ്രീകുമാർ
അഡ്മിൻസ് – ബേർഡ് വാച്ചേഴ്സ് ഓഫ് കേരള
‘ജീവിതത്തിൽ ഒരിക്കലെങ്കിലും പക്ഷികളെ നിരീക്ഷിക്കാതിരുന്നവർ ഈ ലോകത്ത് ഉണ്ടാവില്ല’ മേല്പറഞ്ഞ വാക്യത്തെ അനുബന്ധിച്ച് നോക്കിയാൽ, ലോകത്തുള്ളവരെയെല്ലാം നമുക്ക് പക്ഷിനിരീക്ഷകരായി കണക്കാക്കാം. വളരെ സാധാരണമായി കാണുന്ന പല പക്ഷികളെയും നമുക്ക് തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. എന്നിരുന്നാലും ഒരു അങ്ങാടിക്കുരുവിയും (House Sparrow), വരമ്പനും (Pipit) തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് പറയാൻ പ്രയാസം നേരിടുകയും ചെയ്യുന്നു. ഇവയെ കുറിച്ച് കൂടുതൽ അറിയുവാനുള്ള ഒരുവന്റെ അന്വേഷണമാണ് അവനെ പക്ഷിനിരീക്ഷകനായി മാറ്റുന്നത്. പക്ഷിനിരീക്ഷണം ഇന്ന് ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ഒരു വിനോദോപാധിയാണ്. എന്നിരുന്നാലും പക്ഷിനിരീക്ഷണം കേവലം വിനോദോപാധിയായി മാത്രം കാണാനും സാധിക്കുകയുമില്ല. പക്ഷിനിരീക്ഷണം ഒരുവനെ ആദ്യം പ്രകൃതിയിലേക്കും, പിന്നീടു പ്രകൃതിനിരീക്ഷണത്തിന്റെയും, മറ്റു വൈജ്ഞാനിക തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. അതിനു് എടുത്തു പറയേണ്ട ഒരു ഉദാഹരണം ആണ് ഇന്ദുചൂഡന്റെ (കെ. കെ. നീലകണ്ഠൻ) “കേരളത്തിലെ പക്ഷികൾ” എന്ന പുസ്തകം. ഈ പുസ്തകം വായിച്ചിട്ടുള്ള ബഹുഭൂരിപക്ഷവും പക്ഷിനിരീക്ഷകർ മാത്രമല്ല, വലിയ പ്രകൃതിസ്നേഹികളും അതിന്റെ സംരക്ഷകരും ആയി മാറി എന്നതാണ് പിൽക്കാല ചരിത്രത്തിൽനിന്നും നമ്മൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്.
പക്ഷികളുടെ വിവിധങ്ങളായ ആകൃതിയും, വർണ്ണ വ്യതിയാനങ്ങളും, കളകൂജനവും, ലോകമൊട്ടുക്കും കാണപെടുന്നു എന്നുള്ളതുകൊണ്ടും പക്ഷിനിരീക്ഷണം വളരെ ആനന്ദദായകവും എളുപ്പം ഏവർക്കും വശമാക്കാൻ കഴിയുന്നതതുമാണ്. കിളികളെ കാണുവാനും, അറിയുവാനുമുള്ള താത്പര്യവും, അതിനായി ചിലവഴിക്കാൻ സമയവുമുള്ള ഏതൊരുവനും ഒരു പക്ഷിനിരീക്ഷകാനായി മാറുവാൻ സാധിക്കും. ഒറ്റപെട്ട സമുദ്രങ്ങളിലും, ദ്വീപുകളിലും, മരുഭൂമികളിലും, പർവ്വത പ്രദേശങ്ങളിലും, വനമേഖലകളിലും, നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ഇവ വസിക്കുന്നു. ആയതിനാൽ തുടക്കകാർക്ക് ആദ്യമൊക്കെ പക്ഷികളെ തേടി വളരെ ദൂരം അലയേണ്ടിയതായിവരില്ല. അതിനാൽ തുടക്കക്കാര്‍ക്ക് ആദ്യകാലങ്ങളിൽ തങ്ങളുടെ വീടിനുചുറ്റുമുള്ള ആവാസവ്യവസ്ഥകളില്‍ പക്ഷി നിരീക്ഷണത്തിൽ എര്പ്പെടുവാൻ സാധിക്കും.
നേരം വെളുത്തു തുടങ്ങി ഏകദേശം 10 മണി വരെയും, വൈകുന്നേരം 4 മണിക്ക് ശേഷവും ആണ് നിരീക്ഷണത്തിന് യോജിച്ച സമയം. എന്നിരുന്നാലും പരുന്തു വർഗത്തിലെ പക്ഷികൾ പ്രധാനമായും നല്ല വെയിലുള്ള പകൽ സമയങ്ങളിലാണ് കൂടുതലായി കാണുന്നത്. തുടക്കക്കാർ നിരീക്ഷണത്തിനായി പുറപ്പെടും മുൻപ് കയ്യിൽ അത്യാവശ്യമായി കരുതേണ്ട രണ്ടു വസ്തുക്കളാണ് ഒരു ചെറിയ കൈപുസ്തകവും പേനയും (GPS, വടക്കുനോക്കിയന്ത്രം എന്നിവ കൂടിയുണ്ടെങ്കിൽ ഉത്തമം). നാം കാണുന്ന കിളികളുടെ വിവരങ്ങൾ മനസ്സില്‍ സൂക്ഷിക്കുന്നതിനെക്കാൾ നല്ലത് പുസ്തകത്തില്‍ കുറിച്ചിടുന്നതാണ്. എന്തെന്നാൽ മനസ്സിൽ സൂക്ഷിക്കുന്ന പല വിവരങ്ങളും നമ്മൾ നിരീക്ഷണത്തിനിടയിലും അതിനുശേഷവും മറന്നു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. നിരീക്ഷണം നടത്തുന്ന സ്ഥലത്തിന്റെ പേര്, തീയതി, ആവാസവ്യവസ്ഥ, കാലാവസ്ഥ, നിരീക്ഷണത്തിൽ പങ്കെടുത്തവർ, കണ്ട പക്ഷികൾ ഏതൊക്കെ, അവയുടെ എണ്ണം, അവയുടെ ചെയ്തികൾ എന്നിവ കൈപുസ്തകത്തിൽ നിർബന്ധമായും രേഖപെടുത്തണം. പിന്നീടു പ്രസ്തുത വിവരങ്ങൾ ഒരു ഡയറി അല്ലെങ്കിൽ ഒരു വലിയ പുസ്തകത്തിലേക്ക് പകർത്തി എഴുതി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ് (ഇന്ന് നമ്മൾ കുറിച്ച് വെക്കുന്ന കാര്യങ്ങൾ e-bird (http://ebird.org/content/india/) പോലുള്ള ഇന്റർനെറ്റ് പേജുകളിൽ അപ്ലോഡ് ചെയ്തു സൂക്ഷിക്കാവുന്നതാണ്). കാരണം വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ ഡയറികുറിപ്പുകൾ ഒരു സ്ഥലത്തെ പക്ഷികളെക്കുറിച്ചുള്ള എണ്ണം, കാണുന്ന സമയം, വന്നുപോകുന്ന കാലയളവ്, തുടങ്ങി അമൂല്യമായ അറിവുകൾ ശാസ്ത്രലോകത്തിനു (ornithology) സംഭാവന ചെയ്തേക്കാം. ദൂരദർശിനികളുടെയും (binocular, spotting-scope), ക്യാമറകളുടെയും സഹായമുണ്ടെങ്കിൽ ഒരുവന് പക്ഷി നിരീക്ഷണത്തിൽ വളരെവേഗം മുന്നേറുവാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും മേൽപറഞ്ഞവ ഇല്ലെങ്കിൽ കൂടി, പക്ഷിനിരീക്ഷണം നടത്തുവാൻ സാധിക്കുന്നതാണ്.
ഒരു പക്ഷിയെ പുതുതായി നിങ്ങൾ കണ്ടാൽ അതിനെ തിരിച്ചറിയുന്നതിനായി ആദ്യമായി നിങ്ങള്‍ രേഖപെടുത്തേണ്ടുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ് 1) നമുക്ക് വളരെ സുപരിചിതമായ ഒരു പക്ഷിയുമായി തുലനം ചെയ്തു അതിന്റെ വലുപ്പം, 2) ആകൃതി, 3) സ്വഭാവം (ഇരിക്കുന്ന, ഇര തേടുന്ന, പറക്കുന്ന രീതികൽ, ഒറ്റയയിട്ടോ അതോ കൂട്ടമായിട്ടാണോ കാണുന്നത് തുടങ്ങിയവ), 4) ആവാസവ്യവസ്ഥ, 5) വീക്ഷിക്കുന്ന പക്ഷി അവിടെ കാണുവാനുള്ള സാധ്യത, 6) ശബ്ദം, 7) നിറങ്ങളും അതിന്റെ ശരീരത്തിലെ വിതരണം എന്നിവയാണ്. കഴിയുമെങ്കിൽ വീക്ഷിക്കുന്ന പക്ഷിയുടെ ഒരു ഏകദേശ രേഖാചിത്രം വരച്ചു അതിൽ നിറങ്ങൾ, അവയുടെ വിതരണം തുടങ്ങിയവ രേഖപ്പെടുത്തുക. ക്യാമറ ഉപയോഗിക്കുന്നവർ ആണെങ്കിൽ പക്ഷിയുടെ ഒരു ചിത്രം എടുക്കുന്നത് വളരെ നല്ലതായിരിക്കും. ചില കോണുകളിൽ നിന്നുള്ള ക്യാമറ ചിത്രങ്ങൾ ഒരു പക്ഷിയെ, മറ്റൊരു ജാതി അല്ലെങ്കിൽ ജെനുസ്സിൽപെട്ട പക്ഷിയായി തോന്നിപ്പിക്കം! ആയതിനാൽ എല്ലായിപ്പോഴും പക്ഷിയെ തിരിച്ചറിയുന്നതിനായി ക്യാമറ ചിത്രങ്ങളുടെ കൂടെ അവയുടെ മറ്റു സ്വഭാവ, ആഹാര സമ്പാദന രീതി തുടങ്ങിയവ കൂടി നന്നായി നിരീക്ഷിക്കെണ്ടുന്നതുണ്ട് എന്ന് ക്യാമറയുമായി നിരീക്ഷത്തിനു പോകുന്നവർ ഓർത്തിരിക്കെണ്ടുന്നതാണ്. കുറിച്ചെടുക്കുന്ന വിവിരങ്ങൾ പക്ഷികളെ കുറിച്ച് പ്രതിപാദികുന്ന പുസ്തകങ്ങൾ, ഇന്റർനെറ്റ് (www.birder.in, www.orientalbirdclub.org), വിവരങ്ങളുമായോ താരതമ്യം ചെയ്തു ഏതു പക്ഷിയെ ആണ് നമ്മള് ദർശിച്ചതെന്നു തിരിച്ചറിയാൻ സാധിക്കും. അതു പോലെ തന്നെ മുതിർന്ന അനുഭവസമ്പത്തുള്ള മറ്റു പക്ഷിനിരീക്ഷകരോട് ഈ വിവരങ്ങൾ പങ്കുവെച്ചും നമ്മള് കണ്ട പക്ഷിയുടെ പേര് കണ്ടെത്താവുന്നതാണ്. നമ്മള് കാണുന്ന എല്ലാ പക്ഷികളെയും തിരിച്ചറിയുവാൻ സാധിക്കുകയില്ല എന്നാ വസ്തുത പക്ഷിനിരീക്ഷണം തുടങ്ങുന്നവർ മനസ്സിലാക്കിവെക്കുന്നത് വളരെ നല്ലതാണു. പക്ഷിനിരീക്ഷകനും, പക്ഷിയും തമ്മിലുള്ള ദൂരം, പ്രകാശത്തിന്റെ ലഭ്യത, എത്ര നേരം കാണുവാൻ സാധിച്ചു തുടങ്ങിയ കാര്യങ്ങളും പക്ഷികളെ തിരിച്ചറിയുന്നതിൽ വളരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സാധാരണമായി കാണുന്ന പക്ഷികളെ നന്നായി പരിചയപെട്ടു കഴിയുമ്പോൾ പുതുതായി ഒരു പക്ഷിയെ കണ്ടാൽ അവ ഇന്ന വർഗത്തിൽ പെട്ടതയിരിക്കും എന്ന് ഒരുവന് പെട്ടന്ന് ഊഹിക്കുവാൻ സാധിക്കും.
മുമ്പ് പറഞ്ഞത് പോലെ നമ്മൾ കണ്ട കാര്യങ്ങൾ എല്ലാം രേഖപെടുത്തിയാലും ചില പക്ഷികളെ കുറിച്ച് അത്യാവശ്യം വേണ്ട ചില വസ്തുതകൾ രേഖപെടുത്താൻ അല്ലെങ്കിൽ ശ്രദ്ധിക്കുവാൻ നമ്മള്‍ക്ക് സാധിച്ചു എന്ന് വരുകയില്ല. ഈ അവസരങ്ങളിൽ നാം കണ്ടത് ഇന്ന വർഗത്തിൽ വരുന്ന അല്ലങ്കിൽ ഈ പക്ഷി ആയിരിക്കുമെന്നൊ, അതുമല്ലെങ്കിൽ പേരിനൊപ്പം ഒരു ചോദ്യചിഹ്നതോടുകൂടിയോ രേഖപെടുത്തണം. നമ്മൾ വ്യക്തമായി കാണാത്ത ഒരു പക്ഷിയെ കണ്ടു എന്ന് രേഖപെടുത്തുന്നത് ‘കൊലക്കേസിൽ കള്ളാസാക്ഷി പറയുന്നതിനു തുല്യമാണ്‘ എന്നു ഇന്ദുചൂഡൻ “കേരളത്തിലെ പക്ഷികൾ” എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.
പക്ഷികളെ തിരിച്ചറിയുന്നതിനായി അവയുടെ ചിത്രങ്ങളും, ജീവിത രീതികളും, മറ്റു വിവരങ്ങളും പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങൾ ഇന്ന് മലയാളത്തിലും, ഇംഗ്ലീഷിലും ലഭ്യമാണ്. ഇവയിൽ എടുത്ത് പറയേണ്ടുന്ന രണ്ടു മലയാളം പുസ്തകങ്ങളാണ് ഇന്ദുചൂഢന്റെ ‘കേരളത്തിലെ പക്ഷികൾ’ , പി.ഒ.നമീർ, ഗ്രിമ്മെറ്റ് തുടങ്ങിയവർ ഒരുമിച്ചു രചിച്ച ‘ദക്ഷിണേന്ത്യയിലെ പക്ഷികൾ’, ‘ബേർഡ്സ് ഓഫ് കേരള’ (സലിം അലി), ”ഹാൻഡ്ബുക്ക് ഓഫ് ദി ബേർഡ്സ് ഓഫ് ഇന്ത്യ ആൻഡ് പാകിസ്ഥാൻ’ (അലിയും, റിപ്ലിയും), ‘പോക്കറ്റ് ഗൈഡ് ടു ദി ബേർഡ്സ് ഓഫ് ദി ഇന്ത്യൻ സബ് കൊണ്ടിനെന്റ്’ (ഗ്രിമ്മെട്ടും കൂട്ടരും), ‘ബേർഡ്സ് ഓഫ് സൌത്ത് ഏഷ്യ, ദി റിപ്ളി ഗൈഡ്’ (റാസ്മുസ്സെനും ആൻഡേർട്ടണും) എന്നിവയെല്ലാം നമ്മുടെ നാട്ടിലെ പക്ഷികളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന നല്ല ഇംഗ്ലീഷ് പുസ്തകങ്ങളെ ആണ്.
പക്ഷിനിരീക്ഷണത്തിൽ എർപ്പെടുന്നവർ വളരെ ഓർത്തിരിക്കെണ്ടുന്ന ചില പ്രധാന കാര്യങ്ങൾ ഇനി പറയുന്നവയാണ്, “പക്ഷിനിരീക്ഷണത്തേക്കാൾ പ്രധാനമാണ് പക്ഷിയും, അതിന്റെ ആവാസവ്യവസ്ഥയും“. ആയതിനാൽ പക്ഷിനിരീക്ഷകൻ ഒരു കാരണവശാലും പക്ഷികൾക്കോ അവയുടെ ആവസവ്യവസ്ഥയ്ക്കോ കോട്ടം വരുത്തുവാൻ പാടില്ല, തനതു ആവാസവ്യസ്ഥയുമായി ചേർന്നു നില്ക്കുന്നതായ വേഷവിതാനങ്ങൾ ഉപയോഗിക്കുക, കാടുകളിലാണെങ്കിൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാതിരിക്കുക, കഴിവതും പെട്ടന്നുള്ള ചലനങ്ങൾ ഒഴിവാക്കിയും, ശബ്ദിക്കതെയും ആയിരിക്കണം ഒരു പക്ഷിനിരീക്ഷകൻ സഞ്ചരിക്കേണ്ടുന്നത്. എന്തെന്നാൽ പക്ഷികൾ മനുഷ്യരുടെ ചെയ്തികളും, ശബ്ദവും, കണ്ടാലോ കേട്ടാലോ പറന്നുപോകുവാനോ, ഒളിക്കുവാനോ സാധ്യതയുണ്ട്. പക്ഷികളെ കാണുവാനായി അവ ഇരിക്കുന്ന സ്ഥലത്ത് നിന്നും അവയെ തുരത്തുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്. ഒരു കാരണവശാലും പക്ഷികളുടെ കൂടുകൾക്ക് അടുത്തു പോവുകയോ, മുട്ടകളെയും, കുഞ്ഞുങ്ങളെയും കയ്യിൽ എടുക്കുകയോ ചെയ്യരുത്.
ഒരു പക്ഷിനിരീക്ഷകന് തന്റെ അറിവ് പകര്‍ന്നു നല്കുവാനും, സംശയനിവാരണത്തിനും മറ്റുമായി, മറ്റുള്ള പക്ഷിനിരീക്ഷരുമായി സംവദിക്കെണ്ടുന്നത് അത്യാവശ്യമാണ്. അതിനാൽ പ്രകൃതി, പക്ഷിനിരീക്ഷണ, സംരക്ഷണം മുന്‍നിർത്തി പ്രവർത്തിക്കുന്ന സംഘങ്ങളിൽ (ഉദാ. കോട്ടയം നേച്ചർ സൊസൈറ്റി, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, വാർബ്ലെഴ്സ് ആൻഡ് വേയ്ടെഴ്സ്, കോള്‍ ബേഡേഴ്സ്…) ചേരുന്നത് നല്ലതായിരിക്കും. ഇന്ന് വിവരസാങ്കേതിക വിദ്യ വളരെയേറെ പുരോഗമിച്ചിരിക്കുന്നതിനാൽ ഫേസ്ബുക്ക്, യാഹൂ പോലുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങളിൽ ഉള്ള ബേർഡ് വാച്ചേഴ്സ് ഓഫ് കേരള’, കേരളബേർഡർ തുടങ്ങിയ കൂട്ടായ്മകളിൽ അംഗങ്ങളായി നിങ്ങള്‍ക്കും വിവരങ്ങൾ, ഫോട്ടോകൾ, ആശയങ്ങൾ തുടങ്ങിയവ കൈമാറാവുന്നതാണ്. കൂടാതെ സൂചിമുഖി, കൂട്, ഗ്രീൻലീഫ് തുടങ്ങിയ മലയാളം മാസികകളും, ന്യൂസ്ലെറ്റർ ഫോർ ബേർഡ് വാച്ചേഴ്സ്, ഇന്ത്യൻ ബേർഡ്സ്, മലബാർ ട്രോഗണ് തുടങ്ങിയ ഇംഗ്ലീഷ് മാസികകളുടെയും വരിക്കാരുവുന്നതും ഒരു പക്ഷിനിരീക്ഷകന്റെ മുമ്പോട്ടുള്ള പ്രയാണത്തെ സഹായിക്കുന്നതാണ്.
നല്ല കുറിപ്പുകൾ. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. പക്ഷികളെ കാണാൻ യോജിച്ച സമയം ഓരോ’ പ്രദേശത്തെയും ഭൂമിശാസ്ത്രത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. മരങ്ങൾ ധാരാളമുള്ള പല വളപ്പുകളിലും പകൽവെളിച്ചത്തിന്റെ ആനുകൂല്യം കൂടി ഉള്ളതുകൊണ്ട് ഉച്ച സമയം പക്ഷി നിരീക്ഷണത്തിന് വളരെഅനുകൂലമായിരിക്കും. അതുപോലെ നിരീക്ഷകനും ഇതിൽ പ്രാധാന്യമുണ്ട്. വീട്ടുജോലികൾ ചെയ്യേണ്ട ഒരു ഗൃഹനാഥ അല്ലെങ്കിൽ സാധാരണ മനുഷ്യൻ (പൊതുവേ സ്ത്രീ) ആണെങ്കിൽ നിരീക്ഷണത്തിനു യോജിച്ച സമയം പകൽ ആയിരിക്കും എന്നാണ് എന്റെ നിഗമനം.