ജന്മനാ പോരാളികളത്രെ രാജഹംസങ്ങൾ. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ചൂടേറിയ ഉപ്പുതടാകങ്ങളിൽ പിറന്നു വീഴുന്ന നിമിഷം മുതൽ കാട്ടുനായകളോടും കഴുതപ്പുലികളോടും തുടങ്ങി സിംഹങ്ങളോട് വരെ മല്ലടിക്കേണ്ടുന്ന ജീവിതം. മറ്റു മൃഗങ്ങൾക്ക് കൊടിയ വിഷമായേക്കാവുന്ന സയാനോ ബാക്ടീരിയ ആൽഗേ വരെ അകത്താക്കിയെന്നിരിക്കും. പ്ലവകങ്ങളും ഞണ്ട് ഞവണിക്യാദികളും യഥേഷ്ടം ഭക്ഷിച്ച് അവയിലെ ബീറ്റാ കരോട്ടിനാൽ ദേഹം മുഴുവൻ ‘പിങ്കി’ച്ച്, ഇണയെ ആകർഷിക്കാനായി മനോഹര നൃത്തം കാഴ്ചവച്ച് തിന്നും മദിച്ചും ഇണ ചേർന്നും ദേശാടനം ചെയ്തും ജീവിക്കുന്ന സുന്ദര പക്ഷികൾ…
അത്തരമൊരു വർഗത്തിന്റെ പ്രതിനിധിയായ ഒരു ഹംസകുമാരനെയാണ് (അതോ കുമാരിയോ?) എന്റെ തൊഴിലിടത്തിനു തൊട്ടടുത്ത്, കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയത്. ബീച്ചിൽ ഫ്ലെമിംഗോ വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞു അക്ഷരാർത്ഥത്തിൽ ഓടുക തന്നെയായിരുന്നു. കഴിഞ്ഞ രണ്ടു സീസണിലും പുള്ളിലും മനക്കൊടിയിലും ഒക്കെ ഈ വി ഐ പി വന്നിട്ടുണ്ടെങ്കിലും കാണാൻ പോയിരുന്നില്ല. ഇത്തവണ കണ്ടേ അടങ്ങൂ എന്ന വാശിയിൽ അങ്ങ് പോയി. ബീച്ചിൽ എത്തിയപ്പോൾ ദാണ്ടേ നിൽക്കുന്നു കുറേ ചിന്ന മുണ്ടികളോടൊപ്പം തിരകളോട് മത്സരിച്ചു തീറ്റ തേടുന്ന ഒരു കൊച്ചു രാജഹംസം! ഞാൻ പതുക്കെ അടുത്തു ചെല്ലുന്നതൊന്നും കൂസാതെ മടങ്ങിപ്പോകുന്ന തിരകളിൽ കൊക്കുകളാഴ്ത്തി വെള്ളം അരിച്ചു കളഞ്ഞു കക്ക തിന്നുകയാണ് കക്ഷി. പിന്നെ എപ്പോഴോ പല പോസിലും ചിത്രം പകർത്താനായി എന്റെ മുന്നിൽ സർക്കസ് കളിച്ചു കൊണ്ടിരുന്നു അവൻ. കടപ്പുറത്തെ നട്ടുച്ച വെയിൽ എന്നെ പൊള്ളിക്കുന്നതോ പാന്റും ഷൂസുമടക്കം തിര നനച്ചു കൊണ്ടിരിക്കുന്നതോ ഞാൻ ഗൗനിച്ചില്ല. അവന്റെ കണ്ണുകളിലേക്ക് നോക്കി. പുറമേ ഓടിത്തിമിർക്കുന്നുണ്ടെങ്കിലും ആ കണ്ണുകളിൽ ഒരു വിഷാദഭാവമുണ്ടോ? ഒരു വൻ ചുഴലി അവനിൽ നിന്ന് കുട്ടുകാരെ അകറ്റിയതിന്റെ? ഒരുമിച്ച് പറക്കുന്നതിനിടയിൽ വീണു പോയതിന്റെ… അറിയില്ല.
ഇ- ബേഡ് ചെക്ക് ലിസ്റ്റില്‍ നൂറ്റിയഞ്ചാം സ്പീഷീസായി അവനെ ചേർക്കുമ്പോഴും പ്രതീക്ഷയായിരുന്നു – അവന്റെ അടുത്ത താവളത്തിൽ കൂട്ടുകാരുടെ കൂടെ ചേർന്നിട്ടുണ്ടാകും എന്ന്.
ഇപ്പോൾ അവന്റെ മരണവാർത്ത ഞാനറിയുന്നത് ഞെട്ടലോടെയാണ്. തെരുവുനായകളുടെ കടിയേറ്റും മനുഷ്യരുടെ കല്ലേറ് കൊണ്ടും ചിറകൊടിഞ്ഞ് അവശനായാണ് അവൻ മരിച്ചതെന്ന് പറയുന്നു. സത്യാവസ്ഥയെന്തെന്ന് അറിയില്ല. എന്നിരുന്നാലും നമ്മുടെ സഹജീവികളായ, ഭൂമിയുടെ അവകാശികളായ ഈ മിണ്ടാപ്രാണികളെ ഉപദ്രവിച്ചിട്ട് എന്ത് മനഃസുഖമാണ് ചിലർക്കൊക്കെ കിട്ടുന്നത്?
One thought on “തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…”