മഴക്കാല യാത്രകൾ എന്നെ സംബന്ധിച്ച് അത്ര ഇഷ്ടമുള്ള സംഗതിയല്ല. എങ്കിലും പക്ഷികളെ സ്നേഹിക്കുന്ന എനിക്ക് അവയ്ക്കിടയിൽ കഴിയുക രസമായതുകൊണ്ടാണ് സൈലന്റ് വാലി സർവ്വേക്കു പോകാൻ തീരുമാനിച്ചത്. 4,5 ദിവസങ്ങൾ കാട്ടിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുക ഒരു സുഖമാണ്. ടെൻഷൻ ഫ്രീ ലൈഫ്. അങ്ങനെ ബുധനാഴ്ച രാവിലെ പുറപ്പെടാൻ തീരുമാനിച്ചു. 11 മണിയുടെ ട്രെയിനിൽ കോഴിക്കോട് പോയി അവിടുന്ന് ബസിൽ മണ്ണാർക്കാട് ചെന്നിറങ്ങാമെന്നു ഉറപ്പിച്ചു. നാലു ദിവസത്തെ കമ്യൂട്ടഡ് ലീവ് എടുത്തിരുന്നെങ്കിലും സ്കൂളിൽ ഒന്ന് പോകേണ്ടി വന്നു. അതും കഴിഞ്ഞു 10. 20 നു ഒരു ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുക്കുമ്പോഴാണ് 10 മണിക്ക് പോകേണ്ട ട്രെയിൻ ലേറ്റ് ആയി വന്നത്. ഉടൻ അതിൽ കേറി. അധികം തിരക്കില്ലായിരുന്നു.
ഒന്നര മണിക്കൂറോളം യാത്ര കഴിഞ്ഞു കോഴിക്കോട് ഇറങ്ങി നമ്മുടെ പ്രിയപ്പെട്ട ആനവണ്ടിയിൽ കേറി സൈഡ് സീറ്റിൽ ഇരുന്നു. വഴിയിൽ മരങ്ങളിൽ കാണുന്ന കൊറ്റില്ലങ്ങളുടെ ലിസ്റ്റ് ഇട്ടുകൊണ്ടാണ് യാത്ര. മൂന്നുമണിയോടെ മണ്ണാർക്കാട് ഇറങ്ങി ഭക്ഷണം കഴിച്ചു, വീണ്ടും ബസിൽ മുക്കാലി ചെന്നിറങ്ങുമ്പോൾ അഞ്ചുമണി ആകാറായിരുന്നു. കൂടെ ഇറങ്ങാൻ കോഴിക്കോടുനിന്നുള്ള ഒരാളും കാസർഗോഡുനിന്നുള്ള മാക്സിമും ഉണ്ടായിരുന്നു. അല്പദൂരം നടന്നു താമസസ്ഥലമായ ഫോറെസ്റ് ബംഗ്ലാവിൽ എത്തുമ്പോഴും മഴ അല്പം പെയ്തുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ചുപേർ എത്തിയിരുന്നു. പരിചയം പുതുക്കി തമാശകൾ പങ്കിട്ട് ഭവാനി പുഴയുടെ തീരത്തേക്കിറങ്ങി, മഴച്ചാറ്റൽ ഉള്ളതുകൊണ്ട് ഒരു സുഖമില്ല. കിളികളും കുറവ്. പുഴ കാണാൻ നല്ല ഭംഗി. സന്ധ്യ ആയതോടെ തണുപ്പും കൂടെ കൂടി. കുറച്ചു നേരം കൂടി സംസാരിച്ചിരുന്ന ശേഷം അത്താഴം കഴിഞ്ഞു നേരത്തെ കിടന്നു.
രാവിലെ 8. 30 നു മണ്ണാർക്കാടുനിന്നും എന്റെ ക്യാമ്പിൽ കൂടെയുള്ള സുജീഷും തമിഴ്നാട്ടുകാരായ രണ്ടുപേരും വരുമെന്ന് അറിയിച്ചിരുന്നെങ്കിലും വണ്ടി ലേറ്റ് ആയി. സുജീഷുമായി വണ്ടി എത്തി, മറ്റു രണ്ടുപേരും ഇനീം വന്നില്ല. ഞങ്ങളെ നെല്ലിപ്പതി സ്റ്റേഷനിൽ ഇറക്കി അവിടുന്ന് വേറെ ജീപ്പിൽ ഷോളയൂർ എത്തിക്കുമെന്നായിരുന്നു വിവരം കിട്ടിയത്. ഗൂളിക്കടവ് കഴിഞ്ഞു ഹരിതാഭമായ വഴികളിലൂടെ നെല്ലിപ്പതി ഫോറെസ്റ് ഓഫീസിൽ എത്തി. കുറച്ചു നേരം പിന്നെയും കാത്തു നിൽക്കേണ്ടി വന്നു അവർ വരാൻ. അവർ എത്തിയ ശേഷം വീണ്ടും യാത്ര, ഷോളയൂർ ഫോറെസ്റ് സ്റ്റേഷനിൽ എത്തുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു. അവിടെ നല്ല സൗകര്യമുള്ള ഓഫീസും ചുറ്റുപാടുകളും. പക്ഷെ അവർക്കു നിർദ്ദേശം കിട്ടാതിരുന്നതുകൊണ്ടു ഒരു അരക്ഷിതാവസ്ഥ. എന്തായാലും ഞങ്ങൾക്ക് റൂം അനുവദിച്ചു, ഫുഡ് അടുത്തുള്ള ഹോട്ടലിൽ പോയി കഴിച്ചു വന്നു. മുറ്റത്തിന് നേരെ മുന്നിൽ താഴെ ആയി ഒരു ആൽമരം നിൽപ്പുണ്ട്. പഴങ്ങൾ ഇല്ലാത്തതിനാൽ കിളികൾ കുറവ്. തൊട്ടടുത്തുള്ള കാട്ടിൽ നിന്നും പഫ് ത്രോട്ടേഡ് ബാബ്ബ്ലർന്റെ പാട്ടു ഇടതടവില്ലാതെ കേൾക്കുന്നുണ്ട്. ഇടയ്ക്കു ദൂരെ നിന്നും മയിലും കരയുന്നുണ്ട്. പുറകുവശത്തു പോകേണ്ട, ആനയുണ്ട് എന്നായിരുന്നു ഓഫീസിൽ നിന്നുള്ള നിർദ്ദേശം. ഞാനും സുജീഷും മുറ്റത്തിനരികിൽ കിടക്കുന്ന ബെഞ്ചിൽ ഇരിപ്പായി. മഞ്ഞച്ചിന്നൻമാർ, നാട്ടു ബുൾബുൾ, ചോലക്കുടുവൻ ഇവരൊക്കെ ഉണ്ട്. കൂടുതലായി ബഹളമൊന്നുമില്ല. ഇടയ്ക്കു പൊടിയുന്ന മഴ. സന്ധ്യയോടെ നല്ല തണുപ്പ് കേറിവന്നു. നൈറ്റ് കാൾ ഒന്നുമില്ല. 7. 30 ഓടെ ഫുഡ് കഴിച്ചു വന്നു. കുറച്ചു ലേറ്റ് ആയി സ്റ്റേഷൻ ഓഫീസർ വന്നതിൽ പിന്നെയാണ് പ്രോഗ്രാം പ്ലാനിംഗ് ആയത്. കാലത്തു കുറവൻപാടി എസ്റ്റേറ്റിൽ എത്തിക്കും. അവിടെയാണ് ഞങ്ങൾക്ക് സർവ്വേ ചെയ്യേണ്ട സെല്ലുകൾ. താമസം അവിടെ ശരിയാക്കിയിട്ടുണ്ട്.
കാലത്ത് ഏഴുമണിയോടെ ഇറങ്ങണം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. ഞാനും സുജീഷും ഇറങ്ങിയെങ്കിലും മറ്റുള്ളവർ ഇറങ്ങുമ്പോഴേക്കും 8 കഴിഞ്ഞു. അവിടെ മഴയാണെന്നു കുറവൻപാടി എസ്റ്റേറ്റിൽ നിന്നും വിളിച്ചിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞു. ജീപ്പ് ഓടിക്കൊണ്ടേയിരുന്നു. താഴ്വാരങ്ങളിലെ പുൽമേടുകളിൽ ആട്ടിന്പറ്റങ്ങളും കാലികളും. അട്ടപ്പാടി ഗ്രാമങ്ങളിൽ ആടുകളുടെ ആധിപത്യം ആണ്, മറ്റേതൊരു ഗ്രാമത്തെക്കാളും എന്ന് തോന്നുന്നു. ഒരു മണിക്കൂറിൽ കൂടുതൽ ഓടി. ഹെയർപിൻ ബെൻഡ് പോലുള്ള വഴികൾ പിന്നിട്ടു ഒരുമൺപാതയിലേക്കു വണ്ടി തിരിഞ്ഞു കേറി, അധികം ആൾതാമസമില്ലാത്ത വഴി. മഴപെയ്തു വഴുക്കലുള്ള മൺപാത. കുത്തനെയുള്ള ഒരിറക്കം. ഒരു വശത്തു താഴ്ചയിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. വണ്ടിയുടെ നാലു ചക്രങ്ങളും നാലുഭാഗത്തേക്കു പോകുന്ന അവസ്ഥ. ബ്രെക്ക് ചവിട്ടി നിർത്തി നിർത്തി വണ്ടി താഴേക്കിറക്കുമ്പോൾ ശരിക്കും ദൈവത്തെ വിളിച്ചുപോയി, ഒന്ന് വലത്തോട്ട് നീങ്ങിയാൽ, ഹമ്മേ. …..എങ്ങനെയോ ഇറങ്ങി. അടുത്ത വഴിയിൽ താഴ്ന്നു കിടക്കുന്ന ഫെൻസിങ് വയർ ഉയർത്തി വണ്ടി പിന്നെയും ഒരു കുഞ്ഞുവീടിന്റെ മുറ്റത്തുകൂടെ ഒരു പ്ലാവിൻ ചുവട്ടിൽ പോയി നിന്നു. ഇനി നടക്കുകയെ രക്ഷയുള്ളൂ.
കോട പുതച്ചു നിൽക്കുന്ന, മനോഹരമായ പച്ചപ്പട്ടുപോലെ നിറഞ്ഞു പരന്ന് താഴേക്കിറങ്ങുന്ന കുന്ന്.ഇടയിലൂടെ മൺപാത നീളുന്നു. ചാറ്റലായി ഉതിരുന്ന മഴനീർതുള്ളികൾ. ഞങ്ങളെ കണ്ട് ആഹ്ലാദത്തോടെ കരിയിലകൾക്കു മുകളിൽ കേറി നിന്നു നൃത്തം ചെയ്യുന്ന അട്ടകൾ. കാലിൽ പുൽതൈലം പുരട്ടിയിരുന്നെങ്കിലും പുൽതൈലം ആവാതെ ഒഴിഞ്ഞുപോയ ഭാഗത്തു വാശിയോടെ കടിച്ചു കൊണ്ടിരുന്നു, അവ. ഒരു കിലോമീറ്ററിൽ കൂടുതൽ നടന്നു, എസ്റ്റേറ്റിലെ താമസ സ്ഥലത്തു എത്തുമ്പോഴും കോടയുടെ പുതപ്പായിരുന്നു ചുറ്റിലും.
മെയിൻ റ്റൈൻ ചെയ്യാതെ ഇട്ടിരിക്കുന്ന എസ്റ്റേറ്റ് കാടുകേറി കിടക്കുന്നു. കുറച്ചു ഏലം, കാപ്പി, കവുങ്ങുമരം, തുടങ്ങിയവ ഉണ്ട്. കാപ്പിക്കുരു ഉണക്കാനായുള്ള കോൺക്രീറ്റു ചെയ്ത തറ മുറ്റത്തിനപ്പുറം. തൊട്ടുകിടക്കുന്ന ചെറു പൂന്തോട്ടം. ഭംഗിയുള്ള ചെമ്പരത്തിപ്പൂക്കൾ. ബ്രിട്ടീഷ്കാരനായ ആദ്യഎസ്റ്റേറ്റ് ഉടമ പണികഴിപ്പിച്ചതാവാം കരിങ്കൽ ഭിത്തിയുള്ള കെട്ടിടം, ഡ്രാക്കുളയുടെ കോട്ടയെ ഓർമിപ്പിച്ചു. അവിടെ സ്ഥിരവാസം പ്രായമായൊരു തമിഴ് സ്ത്രീ ആണ്. ഒരു കറുത്തപൂച്ചയും കാട്ടുപൂച്ചയിൽ നാട്ടുപൂച്ചയ്ക്കുണ്ടായതെന്നു തോന്നിക്കുന്ന മറ്റൊരുപൂച്ചയുമാണ് കൂട്ടിനു. കുട്ടിക്കഥകളിലെ കാട്ടിലെ കുടിലിൽ തനിച്ചു താമസിക്കുന്ന വൃദ്ധയെ ഓർമ വന്നു. തൊട്ടടുത്തുള്ള വീട് ഒരു കിലോമീറ്റർ അപ്പുറത്താണ്. ആകെ മൊത്തം പേടിപ്പിക്കുന്ന സ്ഥലം. തോട്ടം നോക്കി നടത്തുന്ന കട്ടപ്പനക്കാരൻ അപ്പച്ചൻ ചേട്ടൻ (കട്ടപ്പനയിലെ ഋതിക് റോഷൻ അല്ല കേട്ടോ) അതിന്റെ ഒരു ഭാഗത്താണ് താമസം.
കാലിലെ അട്ടകളെയൊക്കെ തൂത്തുകളഞ്ഞു ഞങ്ങൾ റൂമിലേക്ക് കയറി. വരാന്തയില്ലാതെ നേരെ കേറുന്നത് ഹാളിലേക്കാണ്. അതിന്റെ വശത്തു നീളത്തിൽ മറ്റൊരു ഹാൾ. സൈഡിലൊക്കെ റൂമുകൾ. എല്ലാം അടച്ചിട്ടിരിക്കുന്നു. ചുവരിൽ ഒന്നരയാൾ പൊക്കത്തിൽ ഒരു ഡോർ കണ്ടു, കേറാൻ സ്റ്റെപ്പുകളൊന്നുമില്ല. ഹാളിലൂടെ വശം തിരിഞ്ഞു അടുക്കള. അതിനുമപ്പുറം അടുപ്പുകളുള്ള റൂം. അവിടെയും സൈഡിൽ റൂമുകൾ. ആകെ കൂടി കണ്ഫ്യൂഷൻ ആവും വീടിനുള്ളിൽ കേറുന്ന ആൾക്ക്. അടുക്കളക്കപ്പുറം മുറ്റം, മുകളിൽ ഷീറ്റിട്ടിരിക്കുന്നു. കേറുന്ന ഹാളിന്റെ മറ്റേ ഭാഗത്താണ് ഡൈനിങ്ങ് റൂമും ഒരു ബെഡ് റൂമും. ഡൈനിങ്ങ് ഹാളിൽ നിന്നും ബാക് സൈഡിൽ ഇറങ്ങുന്നിടം വരാന്തയാണ്. കെട്ടിടത്തിന്റെ ബാക് സൈഡിലും കുറെ റൂമുകൾ ഉണ്ട്, അതിൽ ഒന്നിലാണ് അപ്പച്ചൻ ചേട്ടൻ താമസം. റൂമിൽ കേറി ഒരവലോകനം നടത്തി ഞാൻ സുജീഷിനോട് പറഞ്ഞു. രാത്രി ഉറങ്ങുമ്പോ പുകയുന്ന പൈപ്പും കടിച്ചു പിടിച്ചു വോക്കിങ് സ്റ്റിക് കുത്തിനടക്കുന്ന സായിപ്പിനെ സ്വപ്നം കാണാൻ ചാൻസ് ഉണ്ട്.
പുറത്തു അപ്പോഴും ചാറ്റൽ മഴയുണ്ട്. വേഗം സെല്ലിലേക്ക് പോകാനിറങ്ങി. മൺപാതയിലിറങ്ങി സെല്ലിലേക്കുള്ള വഴി മാപ്പുനോക്കി നടന്നു. നല്ല കോടയും ഇടയ്ക്കിടെ ചാറുന്ന മഴയും. ഒരു ശബ്ദം പോലുമില്ല. അട്ടകളെ ഇടയ്ക്കിടെ കളഞ്ഞുകൊണ്ടു വഴുക്കലുള്ള പാതയിൽ വീഴാതെ രണ്ടു കിലോമീറ്റർ നടന്നു. ഇനിയും മൂന്നുകിലോമീറ്റർ എങ്കിലും കാണും സെല്ലിലേക്ക്. മുളംകാടുകൾ കടന്നു മുന്നോട്ടു പോയിട്ടും ഒരു രക്ഷയുമില്ല. കോട മഞ്ഞു കനത്തു വന്നു. പത്തടി അകലത്തിൽ ആന നിന്നാൽ പോലും കാണില്ല. വേറെ വഴിയില്ലാതെ പിന്തിരിഞ്ഞു. റൂമിലെത്തി. കുറച്ചു കഴിഞ്ഞു ചുറ്റുപാടും ഒന്നിറങ്ങാമെന്നു വിചാരിച്ചെങ്കിലും കോട മായുന്നേയില്ലായിരുന്നു. നട്ടുച്ചക്കുപോലും സൂര്യനെ കാണാനില്ല. ഒരു കിളി നാദം പോലുമില്ല. ഉച്ചഭക്ഷണം കഴിച്ചു വീണ്ടും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു. മഴയും കോടയും വല്ലാതെ വലച്ചു കളഞ്ഞു. ഒന്ന് മാറുമ്പോൾ കാണുന്നവയെ ലിസ്റ്റ് ചെയ്യുകയല്ലാതെ മാർഗമില്ല.
രാത്രി നേരത്തെ വന്നു. അതങ്ങനെയാണ് കാട്ടിൽ നേരത്തെ രാത്രിയാവുകയും നേരത്തെ പുലരുകയും ചെയ്യും. തണുപ്പും കൂടി. പുറത്തു നിശാചാരികളുടെ ശബ്ദം വല്ലതുമുണ്ടോന്നു ശ്രദ്ധിച്ചെങ്കിലും നിശബ്ദമായിരുന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിന്റെ മൂളൽ മാത്രം. നേരത്തെ ഭക്ഷണം കഴിച്ചു. കാലിലൊക്കെ നന്നായി നിരീക്ഷിച്ചു അട്ടകളുണ്ടൊന്നു നോക്കിയാണ് കിടക്കാൻ പോയത്. 9. 30 ഓടെ അപ്പച്ചൻ ചേട്ടൻ കിടക്കുമ്പോൾ ഒരു പടക്കം പൊട്ടിക്കും. മുറ്റത്തെ ചെമ്പരത്തി തിന്നാനെത്തുന്ന കാട്ടിയെ അകറ്റാനാണ് സ്ഥിരമായുള്ള ഈ പരിപാടി. മൂന്നുനാലു ദിവസമായിട്ടു പരിസരത്തു ഒരു കടുവ ഉണ്ടെന്നും ആരൊക്കെയോ കണ്ടെന്നും ചേട്ടൻ പറഞ്ഞിരുന്നു. ഗേറ്റിനപ്പുറമുള്ള പ്ലാവിൽ ചക്കതിന്നാൻ ആനകൾ എത്താറുണ്ടെന്നും പറഞ്ഞു. പടക്കം പൊട്ടലോടെ അന്നത്തെ ദിവസത്തിന് തിരശീലവീണു.
പുലർച്ചെ സാധാരണപോലെ ഞാൻ ഉണർന്നെങ്കിലും ശബ്ദങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അല്പം കൂടി കിടക്കാമെന്നു വച്ചു.ലൈറ്റും ഇല്ല. പറയാൻ വിട്ടു, കാട്ടിലാണെങ്കിലും കറന്റ് കണക്ഷൻ ഉണ്ടായിരുന്നു അവിടെ. ആറുമണി കഴിഞ്ഞു എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ ചെയ്തു വന്നിട്ടും മറ്റാരും എഴുന്നേൽക്കാത്തതുകൊണ്ടു കുറച്ചു നേരം കൂടെ കിടന്നു. ഏഴുമണിയോടെ എഴുന്നേറ്റു വന്നു. സജീഷും എഴുന്നേറ്റിട്ടുണ്ട്. ‘അമ്മ എന്ന് വിളിക്കുന്ന ആ സ്ത്രീ ഞങ്ങൾക്ക് കട്ടൻ ചായ തന്നു. അതും കുടിച്ചു പുറകിലെ വരാന്തയിൽ കിളി നിരീക്ഷിക്കാനിരുന്നപ്പോഴാണ് കാലിൽ നിന്നും ചോര കുടിച്ചു മതിയായ അട്ട താഴെ വീണത്. നേരത്തെ പുറത്തിറങ്ങിയപ്പോൾ കേറിയതാവാം. എന്റെ കൂടെ സുഖമായി പുതപ്പിനടിയിൽ രക്തം കുടിച്ചു കിടന്നു. സുജീഷിന്റെ കാലിൽ രാത്രി മുഴുവൻ കടിച്ചു നിന്ന ഒന്നിനെയും അപ്പോഴാണ് കാണുന്നത്. മഴ അപ്പോഴും ഉണ്ട്. കോടയും. എന്തായാലും സെൽ വർക്ക് നടക്കില്ല, നേരത്തെ വണ്ടി വരാൻ പറയാൻ കൂടെയുള്ള ഫോറെസ്റ് ഓഫീസറോട് പറഞ്ഞു. ഇടയ്ക്കു ഒന്ന് തെളിഞ്ഞപ്പോൾ മുറ്റത്തേക്കിറങ്ങിയെങ്കിലും കിളികളൊക്കെ കുറവായിരുന്നു, ഇടയ്ക്കു കോടയുടെ മറവിൽ ഒരു സിംഹവാലൻ കടന്നു വന്നു. കുറച്ചു മരംകൊത്തികളും മൂന്നു തരം ബുൾബുളുകളും. പ്രാതൽ കഴിഞ്ഞു വേഗം റെഡി ആയി പോകാനിറങ്ങി. ജീപ്പ് മൂന്നുകിലോമീറ്ററോളം അപ്പുറത്താണ് ഉള്ളത്. അപ്പച്ചൻ ചേട്ടൻ കാലിലും ചെരിപ്പിലും ഡെറ്റോൾ പുരട്ടി തന്നു. കൂടെ കുറെ ദൂരം വരികയും ചെയ്തു. നല്ല വഴുക്കലുണ്ട് മൺപാതയിൽ. വീഴാതെ വടി കുത്തി നടന്നു. ജീപ്പിനടുത്തെത്തുമ്പോഴേക്കും കാലിൽ ഒരു ലോഡ് ചെളി ഉണ്ട്. തിരികെ ഷോളയൂർ സ്റ്റേഷനിലേക്ക്. കൂടെയുള്ള തമിഴ് പയ്യൻസ് വഴിയിൽ ഇറങ്ങി നാട്ടിലേക്കു തിരിച്ചു പോയി.
ഫോൺ നെറ്റ് റേഞ്ചിൽ എത്തിയപ്പോഴാണ് പ്രവീൺ സാറിന്റെ മെസ്സേജ് കണ്ടത്, തിരികെ എത്തിയാൽ മെസ്സേജ് ചെയ്യാനായി. സർ നെ ഉടൻ വിളിച്ചു. വരഗംപാടി രണ്ടു സെൽ ചെയ്യാനുണ്ട്, അവിടെ മഴയില്ല, ചെയ്യാമോ എന്നായിരുന്നു സർ ന്റെ ചോദ്യം. ഉടൻ ‘യെസ്’ പറഞ്ഞു. നാലുദിവസം ലീവ് എടുത്തിട്ട് ഒരു പ്രയോജനവും ഇല്ലാതെ പോയതിന്റെ വിഷമം അതോടെ മാറി. ഷോളയൂർ എത്തി ഫ്രഷ് ആയി ഫുഡ് കഴിച്ചു ഞാനും സുജീഷും കൂടെ രണ്ടു ഫോറെസ്റ് ഗാർഡ്മാരും ഒരു ജീപ്പിൽ പുറപ്പെട്ടു, ഒരുമണിക്കൂറിൽ കൂടുതൽ യാത്രയുണ്ട്. മഴയില്ലാത്ത പ്രദേശം, പുൽമേടുകളും അധികം പൊക്കമില്ലാത്ത മരങ്ങളും മുൾച്ചെടികളുമൊക്കെയായി ഒരു വരണ്ട കാട്. മാപ്പിൽ തമിഴ്നാട് എന്നാണ് കാണുന്നത്. റോഡിൽ നിന്നും ഒരു 10 മിനിറ്റ് നടന്നു സെല്ലിലെത്തി. നൈറ്റ് ജാറിന്റെ ആവാസവ്യവസ്ഥയുള്ള പാറപ്രദേശം ആണ് കുറേഭാഗം. പക്ഷെ ഒന്നിനെയും കണ്ടില്ല. ഗ്രേ ഫ്രാൻകോളിൻ ന്റെ ശബ്ദം കേൾക്കാനുണ്ട്.മഞ്ഞച്ചിന്നൻമാർ, ഇന്ത്യൻ റോബിൻ, മൊണാർക്, തുടങ്ങി ഒരു പന്ത്രണ്ടോളം സ്പീഷീസ് ഉണ്ട്. ആ സെൽ ചെയ്തു അടുത്ത സെല്ലിലേക്ക് വീണ്ടും ജീപ്പിൽ.
അടുത്ത സെല്ലും തമിഴ്നാട്ടിലാണ്, ബോർഡർ ഏരിയ. ഒരുഭാഗത്തു ഉയർന്ന മുൾക്കാടുകളും താഴെ പുൽപ്പരപ്പും. തുറന്ന കാടാണെങ്കിലും വഴിയിൽ ആനപ്പിണ്ടം കാണാം. മുള്ളൻപന്നിയുടെ മുള്ളുകളും ഉണ്ട് വഴിയിൽ. ഗ്രാമീണർ വിറകു ശേഖരിക്കാൻ പോകുന്ന ഒറ്റയടിപ്പാതയിൽ ഇടയ്ക്കിടെ മുള്ളുകൾ ഞങ്ങളെ തടയുന്നുണ്ട്. കുറച്ചധികം ആക്ടിവിറ്റിയുണ്ട്, കിളികളുടെ. ഒരു വെള്ളിക്കണ്ണി, മാറാട്ട മരംകൊത്തി, തുടങ്ങിയവയും വെള്ളവയറൻ ഡ്രോങ്കോയും ഉണ്ടായിരുന്നു. താഴ്വാരത്ത് ചെങ്കണ്ണിയും മയിലുകളും. സെൽ തീർത്തു തിരികെ എത്തി സാറിനെ വിളിച്ചപ്പോൾ, ഇന്ന് എല്ലാരും മുക്കാലിയിലാണ് താമസം, വേഗം അവിടെ എത്തണം എന്നായിരുന്നു നിർദ്ദേശം. ജീപ്പിൽ മുക്കാലി എത്തുമ്പോൾ ഇരുട്ടിയിരുന്നു. കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മഴയും സെല്ലുകൾ ചെയ്യാൻ കഴിയാതെ പോയതും കാരണം കൂടുതൽ പേരും തിരികെ പോയിരുന്നു.
കാലത്തു നാട്ടിലേക്കു പോകണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. 7. 30 ന്റെ ബസിൽ മണ്ണാർക്കാട്. അവിടെ നിന്നും കോഴിക്കോട്. കൂടെ സുജീഷും മാക്സിമും. കോഴിക്കോടുനിന്നും ട്രെയിനിൽ തിരികെ. രണ്ടു മണിക്ക് മുന്നേ തലശ്ശേരി എത്തുമ്പോൾ കുറച്ചു ദിവസമായി പെയ്ത മഴ ഒന്ന് മാറിയിരുന്നു. ഒരു മഴയാത്രയും കുറവൻപാടി എസ്റ്റേറ്റും ഓർമകളിൽ നിറഞ്ഞു നിൽപ്പുണ്ടാകും എപ്പോഴും.