കൊതുകുതീനിത്തുമ്പികൾ: കൊതുകുനിവാരണത്തിന് ഒരു പരിഹാരമാര്‍ഗം

കൊതുകുതീനിത്തുമ്പികൾ: കൊതുകുനിവാരണത്തിന് ഒരു പരിഹാരമാര്‍ഗം

“ഹൌ! നാശം പിടിച്ച കൊതുക്!” ഈ ഭൂമുഖത്ത് സിംഹത്തിന്‍റെ കടിയേറ്റവരോ ആനയുടെ കുത്ത് കൊണ്ടവരോ അത്രയധികം ഉണ്ടാവാൻ വഴിയില്ല; എന്നാൽ ‍ കൊതുകുകടിയേല്‍ക്കാത്തവർ ‍ ആരുമുണ്ടാവില്ല! സംശയമുണ്ടെങ്കിൽ ഒരു സര്‍വേ നടത്തി നോക്കിക്കോളൂ!

എന്തെല്ലാം നമ്മൾ പ്രയോഗിച്ചു നോക്കുന്നു, ഒരു രാത്രിയെങ്കിലും ഒരു കൊതുകുകടിയെങ്കിലും ഏല്‍ക്കാതെ ഒന്നുറങ്ങാൻ! പുകച്ചു നോക്കി; സാമ്പ്രാണി, കുന്തിരിക്കം, പച്ചില, ഉണക്കയില, തേങ്ങാക്കുല അങ്ങിനെ പലതും. പുല്തയിലം, ഒടോമോസ്, ഗുഡ്നൈറ്റ്, ബാഡ്നൈറ്റ് ഇവയൊക്കെ ദേഹത്ത് തേച്ചോ, വിഷപ്പുക വലിച്ചുകേറ്റിയോ – ചത്താലും വേണ്ടില്ല, കൊതുകു കടിക്കരുത്; അത്രയേയുള്ളൂ നമ്മുടെ ഒരു എളിയ ആഗ്രഹം; എന്നിട്ടും കിം ഫലം?

Mosquito Tasmania crop

ഇടയ്ക്കു ഒരു ശാസ്ത്രഞ്ജൻ പറഞ്ഞു: വീടിനും ചുറ്റും ചിരട്ടകളിലോ പാത്രങ്ങളിലോ വെള്ളം നിറച്ചു വെക്കുക; കൊതുകുകള്‍ സംഘങ്ങളായി വന്നു അവിടെ മുട്ടയിടും; കൂത്താടി പരുവത്തിന് എടുത്തു കളഞ്ഞാൽ മതി. ഞാനും ഒന്ന് പരീക്ഷിച്ചു. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ‍ഒരു പെൺ കൊതുക് ഫ്രണ്ടിനോട് പറയുന്നത് കേട്ടു: “എടീ, ഈ ബാലൻ ‍ സാർ നല്ല മനുഷനാ; ഒള്ള വെള്ളക്കെട്ടുകള്‍ പോരാഞ്ഞിട്ട് നമുക്ക് മുട്ടയിടാൻ ഇദ്ദേഹം നല്ല ഫൈവ് സ്റ്റാർ ‍ സൌകര്യമാ ഒരുക്കിയിരിക്കുന്നെ. മുട്ടയിട്ടു മുട്ടയിട്ടു മതിയായി!”
“എടീ മണ്ടി! അത് ചതിയാ! അങ്ങേരത് എടുത്തുകളയും . ഞാനും എന്റെ കുടുംബത്തിലുള്ളോരും ഒടേലും ചാലിലുമൊക്കെത്തന്നാ മുട്ടയിടുന്നെ! ആർക്കുവേണം അങ്ങേരുടെ ഫൈവ് സ്റ്റാർ ചിരട്ട!”

എന്നാൽ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറ്റൊരു പഠനത്തിൽ ഏർപ്പെട്ടിരിക്കയാണ് ശാസ്ത്രജ്ഞന്മാർ. രാസവസ്തുക്കൾ ‍ ഉപയോഗിക്കാതെ, പരിസ്ഥിതിമലിനീകരണം ഒഴിവാക്കി എങ്ങിനെ കൊതുകുകളെ നിയന്ത്രിക്കാം എന്നാണവര്‍ നോക്കുന്നത്. ഇതിനു ജൈവനിയന്ത്രണം (ബയോകണ്ട്രോൾ) എന്ന് പറയും. ഈ പഠനങ്ങളിലൂടെ കണ്ടുപിടിച്ചിട്ടുള്ള ഫലപ്രദമായ രീതികളിൽ ഒന്നാണ് തുമ്പികളെ ഉപയോഗിച്ചുള്ള കൊതുകുനിയന്ത്രണം.

Big Bluet - Enallagma durum, Leesylvania State Park, Va. - 5976294016

ആരാണീ തുമ്പികൾ

പറന്നു നടക്കുന്ന തുമ്പികളെ കണ്ടിട്ടില്ലാത്തവർ ‍ ആരുമുണ്ടാവില്ല; എന്നാൽ തുമ്പികളുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും വെള്ളത്തിലാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? തുമ്പികൾ വെള്ളത്തിൽ മുട്ടയിടുന്നു; അത് വിരിഞ്ഞുണ്ടാകുന്ന ലാര്‍വകളിൽ ചില ജാതികൾ മാസങ്ങളോളവും ചിലത് അഞ്ചുവര്‍ഷങ്ങൾ വരെയും വെള്ളത്തിലാണ് കഴിഞ്ഞുകൂടുന്നത്. ഭയങ്കര വിശപ്പാണ് ഇവര്‍ക്ക്; വായിലൊതുങ്ങുന്ന എന്തിനേയും ശാപ്പിടും. പക്ഷെ, ഇഷ്ടഭോജ്യം കൊതുകിന്റെ കൂത്താടികളാണ്. പറക്കുന്ന തുംബികളായതിനു ശേഷവും കൊതുകുകളെയും മറ്റു ക്ഷുദ്രജീവികളെയും അവ പിടിച്ചുതിന്നും.

ആരാണീ കൊതുകുകൾ

ഈഡിസ്, അനോഫിലിസ്, ക്യുലക്സ് വര്‍ഗങ്ങളിൽ പെടുന്ന കൊതുകളെ പേടിച്ചേ പറ്റൂ. ഇവയുടെ പെണ്ണുങ്ങൾ നിവൃത്തിയുണ്ടെങ്കിൽ മനുഷ്യരക്തം കുടിക്കുകയും, ലക്ഷക്കണക്കിന്‌ ആളുകളെ ബാധിക്കുന്ന പലതരം അസുഖങ്ങൾ പരത്തുകയും ചെയ്യുന്നു. മലേറിയ, മന്തുരോഗം എന്നിവ കൂടാതെ, ഡെന്‍ഗി പനി, ചിക്കുന്‍ ഗുനിയ തുടങ്ങി പലതരം മാരകരോഗങ്ങൾ കൊതുകുകൾ മൂലമാണ് പകരുന്നത്.

Anopheles stephensi

തുമ്പികൾ Vs കൊതുകുകൾ

മ്യാന്മാറിന്റെ തലസ്ഥാനമായ യാന്ഗൂൻ (രണ്ഗൂൻ ‍) ഒരു മണ്‍സൂണ് ‍ കാലത്ത് ഡെന്‍ഗുപ്പനിയുടെ പിടിയിലമര്‍ന്നു. ഇതു പടര്‍ന്നുപിടിച്ചതിനു ഈഡസ് ഈജിപ്തി എന്ന കൊതുകൾ ആണ് ഉത്തരവാദികളെന്നു കണ്ടെത്തി. കുടിവെള്ളം നിറച്ചുവെച്ച പാത്രങ്ങളിലാണ് അവ കൂടുതലും മുട്ടയിട്ടുപെരുകിയത്. ക്രോകതെമിസ് സെര്‍വിലിയ ( മലയാളത്തില്‍ വയല്തുമ്പി എന്ന് പേര്) എന്ന തുമ്പിയുടെ പാതിവളര്‍ച്ചയെത്തിയ ലാര്‍വകളെ ഈ പാത്രങ്ങളില്‍ നിക്ഷേപിച്ചു. വളരെ പെട്ടെന്നുതന്നെ കൊതുകിന്‍റെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി ആന്റണി സെബാസ്ടിയൻ മുതല്‍പേർ ‍ നടത്തിയ ഈ പരീക്ഷണത്തില്‍ (1990) കണ്ടെത്തി. രാസകീടനാശിനികളെക്കാൾ വളരെക്കൂടുതൾ ഫലപ്രദവുമായിരുന്നുവത്രേ.

ഇതുപോലെ അനോഫിലിസ് കൊതുകുനിയന്ത്രണത്തിൽ ബ്രാകിട്രോൻ പ്രേടന്‍സ് എന്ന തുമ്പിയുടെ ലാര്‍വകളുടെയും, ക്യുലക്സ് കൊതുകുകളുടെ നിയന്ത്രണത്തിൽ ബ്രാക്കിതെമിസ് കണ്ടാമിനാറ്റ ( ചങ്ങാതിത്തുമ്പി) തുടങ്ങി പല തുംബികളുടെയും ലാര്‍വകളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ വളരെ നല്ല ഫലങ്ങളാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ നമ്മുടെ ചെന്നയിലും ഇതു പരീക്ഷിക്കാൻ ‍ പോവുകയാണത്രേ.

ഇതെല്ലാം കേട്ടു തുമ്പികുഞ്ഞുങ്ങളെ പിടിക്കാൻ ചാടിപ്പുറപ്പെടെണ്ടാ. ഇപ്പറഞ്ഞതെല്ലാം പരീക്ഷണഘട്ടത്തിലേ ആയിട്ടുള്ളൂ. സാര്‍വത്രികമായി നടപ്പിലാക്കാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. കൊതുകുനിയന്ത്രണത്തിനു തുമ്പികളെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല; പഠനങ്ങളും പരീക്ഷണങ്ങളും നടന്നു വരുന്നതേയുള്ളൂ. ‍ വളരെ ആശാവഹമാണ് ഫലങ്ങൾ.

Pantala flavescens flock – Kole Odonata Survey 2018. Image – Vivek ChandranVivek Chandran

എങ്കിലും, മനുഷ്യര്‍ക്ക് ഉപദ്രവകാരിയെന്നു കരുതുന്ന കീടങ്ങളെ നശിപ്പിക്കാൻ അവയെക്കാൾ മാരകമായ രാസകീടനാശിനികൾ കഴിയുന്നതും ഉപയോഗിക്കാതിരിക്കുകയും അതുവഴി ജലത്തിലും മണ്ണിലും വായുവിലുമുള്ള വിഷാംശം കുറയ്ക്കാനും സാധിച്ചാൽ അത് നാം നമ്മോടും പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും ചെയ്യുന്ന ഒരു വലിയ നന്മയായിരിക്കും.


എഴുതിയത് – ബാലചന്ദ്രൻ വി

അവലംബം:

  1. Chatterjee SN, Ghosh A, Chandra G.(2007): Eco-friendly control of mosquito larvae by Brachytron pratense nymph. J Environ Health. 2007 Apr;69(8):44-8.
  2. Corbet, P.S. (1999). Dragonflies. Behaviour and ecology of Odonata. Harley Books, Colchester P.120-121.
  3. Mandal SK, Ghosh A, Bhattacharjee I, Chandra (2008) Biocontrol efficiency of odonate nymphs against larvae of the mosquito, Culex quinquefasciatus Say, 1823.G.Acta Trop. 2008 May; 106(2):109-14. Epub 2008 Feb 16.
  4. Sebastian, A., Sein, M.M., Thu, M.M. & Corbet, P.S. (1990). Suppression of Aedes aegypti (L.) (Diptera: Culicidae) using augmentative release of dragonfly larvae (Odonata: Libellulidae) with community participation in Yangon, Myanmar. Bulletin of Entomological Research 89: 223-232.
  5. Singh RK, Dhiman RC, Singh SP(2003) Laboratory studies on the predatory potential of dragon-fly nymphs on mosquito larvae. J Commun Dis. 2003 Jun; 35(2):96-101.
  6. http://timesofindia.indiatimes.com/city/chennai/Dragonfly-all-set-to-be-part-of-dengue-control-measure-in-Tamil-Nadu/articleshow/21544401.cm
Back to Top