അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ?

അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ?

“അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ? എന്തു രസാ ഇതുങ്ങൾ വഴിയിലൂടെ നടക്കണ കാണാൻ…!”

“വാങ്ങിയിട്ട് നമ്മൾ എവിടെ വളർത്തും?”

“നമ്മുടെ കോഴിക്കൂട്ടിൽ ഇട്ടാൽ പോരേ?”

“അപ്പോൾ ഇവർക്ക് എല്ലാ ദിവസവും വെള്ളത്തിൽ നീന്തി നടക്കേണ്ടേ?”

“അതിന് നമ്മുടെ വീടിനു പുറകിൽ പാടമില്ലേ?”

“ആലോചിക്കട്ടെ….”

സാധാരണ music academy യിലേക്കുള്ള വഴിയിൽ താറാവിൻ കുഞ്ഞുങ്ങളെ വിൽക്കുന്നത് കാണുമ്പോൾ ഉണ്ടാകാറുള്ള സംഭാഷണം ഇങ്ങനെ അവസാനിക്കും.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഇസബെല്ലയെയും കൂട്ടി പാടത്തേക്കിറങ്ങിയപ്പോൾ കുറച്ച് ആഞ്ഞിലിക്കുരുക്കളും കൈയ്യിലെടുത്തു. ബണ്ട് റോഡിനരുകിലൂടെ നടക്കുമ്പോൾ ഇടയ്ക്കൊക്കെ ഓരോന്ന് നിക്ഷേപിച്ചാൽ അതിന് ഭാഗ്യമുണ്ടെങ്കിൽ ചുമ്മാ അങ്ങു വളർന്നുകൊള്ളും. ആ ജോലി അവളെ ഏൽപ്പിച്ചു.

മഴക്കാലം തുടങ്ങാനുള്ള തയ്യാറെടുപ്പുകളെല്ലാമുണ്ട്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ മൺവഴി നിറയെ ചെളിയാകും, പുല്ലു നിറയും, കിളികളുടെ എണ്ണം കുറയും, കുട്ടികളോടൊപ്പം പാടത്തേക്കിറങ്ങുന്നതിന്റെ എണ്ണം കുറയും. അതു കൊണ്ട് ഇന്നത്തെ യാത്ര ഇത്തിരി സ്പെഷ്യലാണ്.

വഴിയിലുടനീളം പലതരം കിളികൾ നിറഞ്ഞിരിക്കുന്നു. നീലക്കോഴികൾക്ക് കളറിത്തിരി കൂടിയതു പോലെ. പല തരം munia കൾ വളരെ friendly ആയി “ഫോട്ടോയെടുത്തോളൂ” എന്ന ഭാവത്തിൽ ഇരുന്നു തന്നു. തത്തകൾ പ്രായം തെറ്റി വളർന്ന നെൽക്കതിരുകൾ മുറിച്ചെടുക്കാൻ മൽസരിക്കുന്നു. വേലിത്തത്തകൾ കൂട്ടം കൂടിയിരുന്ന് പൊടിമണ്ണിൽ കളിക്കുന്നു, കുളിക്കുന്നു.

“ദേ അപ്പാ, താറാവുകൾ!! കുറേയെണ്ണമുണ്ട്.”

അന്യദേശത്തു നിന്ന് വന്ന് താറാവുകൃഷി നടത്തുന്നവർ പാടത്തെ വെള്ളത്തിലിറങ്ങി താറാവുകളെ കൂട്ടിലാക്കാൻ വേണ്ടി തയ്യാറെടുക്കുന്നു.

“ഞാനിനി എങ്ങോട്ടുമില്ല. എനിക്കിവരെ കാണണം.”

കൂടെ നല്ല തണുത്ത കാറ്റും.

തീറ്റ തിന്നാൻ മൽസരിക്കുന്നവർ, വെള്ളത്തിൽ നീന്തിക്കളിച്ചു മതിയാവാത്ത ന്യൂ ജെൻ കുട്ടികൾ, കൂട്ടിൽ കയറും മുൻപേ ഒരു റൗണ്ടുകൂടി പോയി വരാമെന്നു കരുതി ഒളിച്ചോടുന്നവർ, കൂട്ടിൽ കയറാനുള്ള വിളിക്കു വേണ്ടി കാത്തിരിക്കുന്ന മര്യാദ രാമൻമാർ….. അങ്ങനെ ഒരു പ്രൈമറി സ്കൂൾ ഇൻറർവെൽ പോലെ പാടം നിറഞ്ഞ് താറാവു കൂട്ടം.

കൂട്ടിൽ കയറാനുള്ള വിളി കേട്ട് ആദ്യത്തെയാൾ കാലെടുത്തു വച്ചതോടെ അതിനടുത്തായി മോളും ഇരിപ്പുറപ്പിച്ചു.

“എല്ലാവരെയും കൂട്ടിൽ കയറ്റിയിട്ടേ ഞാൻ വീട്ടിലേക്ക് വരുന്നുള്ളു.”

ഇവരിങ്ങനെ വരി വരിയായി കൂട്ടിലേക്ക് നടന്നു കയറുന്നത് കാണാനൊരു ചന്തമൊക്കെയുണ്ട്.

30 മിനിട്ടെടുത്ത് അവസാനത്തെയാളും കൂട്ടിൽ കയറിക്കഴിഞ്ഞപ്പോൾ എണ്ണം കുറഞ്ഞിട്ടുണ്ടോയെന്ന് അവർക്കൊരു സംശയം.

“മൊത്തം എത്രയെണ്ണം ഉണ്ടായിരുന്നു?”

“1480”

“ഇവരെ എങ്ങനെ എണ്ണിയെടുക്കും? എല്ലാം ഒരേ പോലിരിക്കുന്നു.”

“അത് എളുപ്പമല്ലേ!”

ഒരു ഗ്രൂപ്പിനെ ഒരു വശത്താക്കി എണ്ണുന്ന വിധം അവർ കാണിച്ചു തന്നു.

നമുക്കറിയാത്ത എത്രയധികം ടെക്നോളജികൾ..

അവസാനം അവരുടെ എണ്ണം കുറഞ്ഞിട്ടില്ല എന്ന് ഉറപ്പു കിട്ടിക്കഴിഞ്ഞപ്പോഴാണ് എന്റെ താറാവു കുട്ടിക്ക് ആശ്വാസമായത്.

യാത്ര പറഞ്ഞു പോരാൻ നേരം കുറച്ചു സമയത്തെ കുട്ടി സൗഹൃദത്തിനു സമ്മാനമായി ഒരു താറാവിൻ മുട്ടയും.

കുറേ വർഷങ്ങൾ കഴിഞ്ഞ് അവളുടെ ഓർമ്മകളിൽ കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നടക്കുമ്പോൾ ഈ താറാവിൽ കൂട്ടം തീർച്ചയായും ഉണ്ടാകും.

നല്ല ഓർമ്മകളാണ് കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം.

Back to Top