കഴിഞ്ഞ ദിവസങ്ങളിൽ എന്റെ പ്രീയ സുഹൃത്തുക്കളായ ബാലകൃഷ്ണൻ വളപ്പിൽ (Balakrishnan Valappil), ഹനീഷ് (Haneesh Km), പമേല സായ് (Pamela Sai) തുടങ്ങിയവർ അവർ വർഷങ്ങളായി ഏറെ സമയവും ഊർജ്ജവും ചെലവഴിച്ചു ജന്മം നൽകിയ സൃഷ്ടികൾ ആർക്കും പുനരുപയോഗിക്കാനുള്ള അനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് സമർപ്പിക്കുകയുണ്ടായി.
എന്നാൽ പലരും അതിന്റെ മൂല്യവും പ്രയോജനങ്ങളും സംബന്ധിച്ചു പല സംശയങ്ങളും പ്രകടിപ്പിച്ചുകണ്ടു. പൊതു പകർപ്പവകാശ അനുമതിപത്രങ്ങളെക്കുറിച്ചും ഏറ്റവും പ്രശസ്തമായ ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങളെക്കുറിച്ചും വിശദീകരിക്കാം.
പകർപ്പവകാശമുള്ള ശ്രഷ്ടികളുടെ സ്വതന്ത്രമായ വിനിയോഗം സാധ്യമാക്കുന്ന അനേകം പൊതു പകർപ്പവകാശ അനുമതിപത്രങ്ങളിൽ ഒന്നാണ് ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം (Creative Commons license, CC). ഒരു ശ്രഷ്ടാവിന് തന്റെ ശ്രഷ്ടികൾ പൊതുജനം ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ അവയുപയോഗിച്ചു കൂടുതലായെന്തെങ്കിലും ശ്രഷ്ടിക്കുകയോ ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ അനുമതിപത്രം ഉപയോഗിക്കാം. എന്നാൽ ഇത്തരം അനുമതിപത്രമില്ലാതെ പ്രസിദ്ധീകരിച്ച ശ്രഷ്ടികൾ ശ്രഷ്ടാവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശനിയമത്തിന്റെ ലംഘനമാണ്. അവ നമുക്ക് കണ്ടാസ്വദിക്കാമെങ്കിലും ഒരുകാര്യത്തിനും ഉപയോഗിക്കാനാകില്ല. ഇതിനൊരു പരിഹാരമാണ് ക്രിയേറ്റീവ് കോമൺസ് പോലുള്ള പൊതു പകർപ്പവകാശ അനുമതിപത്രങ്ങൾ. ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം ശ്രഷ്ടാവിന്റേയും ഉപയോക്താവിന്റെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നു. ഉപയോക്താവിന് വീണ്ടു ശ്രഷ്ടാവിനെ സമീപിക്കേണ്ട ആവശ്യമില്ല. അനുമതിപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കണമെന്നുമാത്രം.അതുകൊണ്ട് ശ്രഷ്ടാവുമായി ബന്ധപ്പെടാൻ സാധ്യമല്ലെങ്കിലും ശ്രഷ്ടികൾ പാഴായിപ്പോവുകയില്ല.
വ്യത്യസ്ഥങ്ങളായ വ്യവസ്ഥകളോടുകൂടിയ നിരവധി അനുമതിപത്രങ്ങളുണ്ട്. ക്രിയേറ്റീവ് കോമൺസ് എന്ന ലാഭരഹിത സ്ഥാപനം 2002 ഡിസംബർ 16-ൽ ആണ് ആദ്യമായി ഈ അനുമതിപത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. അഞ്ചു പ്രാവശ്യം ഈ അനുപാതിപത്രങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കുകയുണ്ടായി.വേർഷൻ 4.0 ആണ് ഏറ്റവും പുതിയത്.
ക്രിയേറ്റീവ് കോമൺസ് പ്രസിദ്ധീകരിക്കുന്ന നിരവധി അനുമതി പത്രങ്ങളിൽ CC BY, CC BY-SA, CC0 എന്നിവ തികച്ചും സ്വതന്ത്രം ആയി കണക്കാക്കപ്പെടുന്നു.
പകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന ശ്രഷ്ടികൾക്ക് എല്ലാം അനുമതി പത്രങ്ങൾ ഉപയോഗിക്കാം.[5] പുസ്തകങ്ങൾ, നാടകങ്ങൾ, സിനിമകൾ, സംഗീതം, ലേഖനങ്ങൾ, ചിത്രങ്ങൾ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ എന്നിവക്കെല്ലാം ഈ അനുമതി പത്രങ്ങൾ ഉപയോഗിക്കാം. സോഫ്ട്വെയറിനു ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.
വിവിധതരം അനുമതിപത്രങ്ങൾ:
1. CC BY: ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം.
2. CC BY-SA: ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; പക്ഷെ മറ്റൊരാൾക്ക് നിങ്ങളുടെ പുനർസൃഷ്ടികളും അതേപോലെതന്നെ ഉപയോഗിക്കാനുള്ള അനുവാദം നൽകണം. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം.
3. CC BY-NC: വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം.
4. CC BY-ND: ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ ചെയ്യാം; എന്നാൽ മാറ്റം വരുത്തി ഉപയോഗിക്കുവാൻ അനുവാദമില്ല. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം.
കൂടുതൽ വിവരങ്ങൾ: https://ml.wikipedia.org/wiki/Creative_Commons_license
വിക്കിമീഡിയ കോമ്മൺസിലുള്ള ചിത്രങ്ങൾ ഉപയോഗിക്കാൻ: https://commons.wikimedia.org/…/Commons:Reusing_content_out…
വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി