വീണ്ടെടുക്കാം കോളിനെ..

വീണ്ടെടുക്കാം കോളിനെ..

മുരിയാട് കോൾപാടത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെപ്പറ്റിയും പരമ്പരാഗത നെൽകൃഷി നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഏറെ ആഴത്തിൽ അറിവു പകരുന്നതായി ‘മുരിയാട് കോൾപാടം- പുനർജീവനം’ ചർച്ചാവേദി. മാതൃഭൂമിയുടെ നേതൃത്വത്തിൽ ആനന്ദപുരം ഗ്രാമീണ വായനശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ ആനന്ദപുരം യു.പി. സ്കൂൾ അങ്കണത്തിലാണ് ചർച്ചാവേദി സംഘടിപ്പിച്ചത്. ഒമ്പതു പേരാണ് വിവിധ മേഖലകളിലെ വിഷയങ്ങൾ അവതരിപ്പിച്ചത്. വിഷയാവതരണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

‘മുരിയാട് കോൾപാടം ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജലദാതാവ്

‘”ശുദ്ധജലം സംഭരിക്കുകയും കാലാനുസൃതമായി ലഭ്യമാക്കുകയും ചെയ്യുന്ന നീർമറിപ്രദേശമാണ് മുരിയാട്. അനിയന്ത്രിത മണലൂറ്റൽ പാടശേഖരങ്ങളുടെ ജലസംഭരണ ശേഷി കുറച്ചു. പ്രളയനിയന്ത്രണം, ഓരുജലം തടയൽ തുടങ്ങി ധാരാളം ധർമങ്ങൾ നിർവഹിക്കുന്നുണ്ട് മുരിയാട് കായൽ എന്ന് അദ്ദേഹം പറഞ്ഞു. മുരിയാട് കോൾപാടത്തിന്റെ ഇപ്പോഴുള്ള വിസ്തൃതിയെങ്കിലും ഇനി നിലനിർത്തണം. ബണ്ടുകളും റെഗുലേറ്ററുകളും ബലപ്പെടുത്തുക, ജലസേചനവകുപ്പും കൃഷിവകുപ്പും പാടശേഖരസമിതികളും തമ്മിൽ ഏകോപനമുണ്ടാവുക, വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാക്കുക, നെൽകൃഷി ആദായകരമാക്കുന്നതിനുള്ള നിർദേശങ്ങൾ സ്വീകരിക്കുക എന്നിവയും വേണം’.
ഡോ. എസ്. ശ്രീകുമാർ, ഡയറക്ടർ, പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ

‘പ്രദാനം ചെയ്യുന്നത് 24.49 ലക്ഷം തൊഴിൽ ദിനങ്ങൾ,നേരിട്ട് ലഭിക്കുന്നത് 32.79 കോടി രൂപയുടെ മൂല്യം’

‘കോൾപാടങ്ങൾ വ്യത്യസ്തമായ ഭൂവിനിയോഗത്തിലൂടെ ആകെ 24.49 ലക്ഷം തൊഴിൽദിനങ്ങളാണ് പ്രദാനം ചെയ്യുന്നത്. അവിടെ നിന്ന് നേരിട്ട് ലഭിക്കുന്നതാകട്ടെ 32.79 കോടി രൂപയുടെ വരുമാനവും.  2009ലെ പഠന പ്രകാരമുള്ള കണക്കുകളാണിത്.
 243 പക്ഷിജാതികളാണ് കോൾമേഖലയിൽ കാണപ്പെട്ടിട്ടുള്ളത്. കോൾ നിലങ്ങൾ അതിന്റെ പൂർണതയിൽത്തന്നെ സംരക്ഷിക്കണം. പാടശേഖരസമിതികളെ തണ്ണീർത്തട സംരക്ഷണ സമിതികളായി ഉയർത്തിക്കൊണ്ടു വരണം. തദ്ദേശീയ മത്സ്യകൃഷി നടത്തുക, എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്ന മിത്രകീടങ്ങളെ തിരികെക്കൊണ്ടു വരിക എന്നീ നിർദ്ദേശങ്ങളും സ്വീകരിക്കാവുന്നതാണ്.  പരിസ്ഥിതിക്ക് തെല്ലും കോട്ടം തട്ടാത്ത വിധത്തിൽ കോളിനെ എക്കോ ടൂറിസം സാധ്യതയുള്ള മേഖലയാക്കാവുന്നതാണ്.
ഡോ. പി.ഒ. നമീർ,  വന്യജീവി പഠനവിഭാഗം മേധാവി, മണ്ണുത്തി ഫോറസ്ട്രീ കോളേജ്.

‘കർമ്മപദ്ധതി ഉടൻ വേണം’    

മുരിയാട് കോളിനെ അതിന്റെ സമഗ്രതയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കർമ്മപദ്ധതി ഉടൻ തയ്യാറാക്കണം.  2017 നവംബർ മുതൽ 2019 നവംബർ വരെയുള്ള രണ്ടു വർഷം അതിതീവ്രമായ കാലാവസ്ഥാദശകളാണ് കേരളത്തിനുണ്ടായത്. ഒരു ‘ക്ലൈമറ്റ് ലെൻസ്’ സമീപനമാണ് ഇനിയുണ്ടാകേണ്ടത്. അതിന് കോൾപാടങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
എസ്. രാജു, പ്രോഗ്രാം ഡയറക്ടർ, തൃശ്ശൂർ  ‘തണല്‍’  സീറോ വെയ്സ്റ്റ് ആൻഡ് ക്ലൈമറ്റ് ആക്ഷൻ.

 ‘മുരിയാട് കോൾ 36 ജാതി ഔഷധസസ്യങ്ങളുടെ കലവറ’

‘ഏറ്റവും കുറഞ്ഞത് 36 ജാതി ഔഷധസസ്യങ്ങൾ മുരിയാട് കോളിലുണ്ട് . ഔഷധസസ്യങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യുക, അധിനിവേശസസ്യങ്ങളെ ചെറുക്കാനായി കൃഷി തരിശിടാതിരിക്കുക, കുറുമാലിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാതിരിക്കുക, രാസകളനാശിനികൾ ഉപയോഗിക്കാതിരിക്കുക, തണ്ണീർത്തടം നികത്തി റോഡിടാതിരിക്കുക എന്നിവ നിര്‍ബന്ധമാണ്‌.’
ഡോ. എം.ജി. സനിൽകുമാർ, ബോട്ടണി ഗവേഷണ വിഭാഗം മേധാവി,മാല്യങ്കര എസ്.എൻ.എം. കോളേജ്. 

 ‘എന്തു കൊണ്ടു പോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടു പോകാൻ പറ്റില്ലല്ലോ‘

‘പണ്ട് പറങ്കികൾ കുരുമുളകു വള്ളി കടൽ കടത്തി കൊണ്ടു പോയപ്പോൾ സാമൂതിരിയുടെ മന്ത്രിമാർ ആശങ്കപ്പെട്ടു. അപ്പോൾ സാമൂതിരി പറഞ്ഞത് ഇങ്ങനെയത്രെ: ‘എന്തു വേണമെങ്കിലും അവർ കൊണ്ടു പോകട്ടെ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടു പോകാൻ പറ്റില്ലല്ലോ’. അതു തന്നെയാണ് സസ്യങ്ങളുടെ കാര്യം. അവ ഏതു പ്രദേശത്ത് ഏതു കാലാവസ്ഥയിൽ വളരുന്നു എന്നത് പ്രധാനമാണ്. നമ്മുടെ പ്രകൃതിസമ്പത്ത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ, ആർജ്ജവമുള്ള ഭരണകർത്താക്കൾ ഉണ്ടാകണം.
അഷ്ടവൈദ്യൻ തൈക്കാട്ട് ദിവാകരൻ മൂസ്സ്

‘എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കേണ്ടത് അത്യാവശ്യം’

കോൾപാടങ്ങൾ വീണ്ടെടുക്കാൻ എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
കെ.എൽ.ഡി.സി, ജലസേചന വകുപ്പ്, കൃഷിവകുപ്പ്, പാടശേഖര സമിതികൾ തുടങ്ങി എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണം. എങ്കിൽ മാത്രമേ വെള്ളക്കെട്ടും മത്സ്യങ്ങളുടെ വരവുപോക്കുമെല്ലാം കോൾപാടങ്ങൾക്ക് അനുഗുണമാകുന്ന രീതി വരികയുള്ളൂ. ഷട്ടറുകളും റെഗുലേറ്ററുകളും നവീകരിക്കാത്തതും തിരിച്ചടിയാണ്.
പി. ഉണ്ണികൃഷ്ണൻ, റിവർ പ്രൊട്ടക്ഷൻ ഫോറം ഡയറക്ടർ.

‘ കോൾപ്പാടങ്ങൾ മഹത്തായ വിജ്ഞാന വിപണന കേന്ദ്രങ്ങൾ’

മഹത്തായ വിജ്ഞാന വിപണന കേന്ദ്രങ്ങളാണ് കോൾപ്പാടങ്ങൾ. എണ്ണിയാൽ തീരാത്തത്ര പാരിസ്ഥിതിക ധർമങ്ങളാണ് കോൾപ്പാടങ്ങൾ നിർവഹിക്കുന്നത്. ഒരു സർവകലാശാലയിൽ നിന്നും ലഭിക്കാത്ത അനന്തമായ നാട്ടറിവുകർ നമ്മുടെ കർഷകർക്ക് ഉണ്ടായിരുന്നു. കർഷകന്റെ പരീക്ഷണശാലയാണ് പാടങ്ങൾ. കോൾനിലങ്ങളില്ലെങ്കിൽ വംശനാശം സംഭവിക്കുന്ന മത്സ്യയിനങ്ങൾ പോലും ഉണ്ട്. നാടൻ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളും ദേശാന്തരഗമന പാതകളുമായി വർത്തിക്കുന്നു കോൾപാടം. ഇവിടെ നിന്നുള്ള മത്സ്യ ഉത്പാദനത്തിന്റെ കണക്കു പോലും സർക്കാരിന് ലഭ്യമല്ല.
ഡോ. സി.പി. ഷാജി,  കൺസർവേഷൻ ബയോളജിസ്റ്റ്

‘ഭക്ഷ്യ ഭദ്രത ഉറപ്പാക്കുന്നതിന് കോൾപാടങ്ങൾ അത്യന്താപേക്ഷിതം’

ഭക്ഷ്യ ഭദ്രതയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നതിന് കോൾപാടങ്ങൾ അത്യന്താപേക്ഷിതമാണ്. അധിനിവേശ മത്സ്യങ്ങൾ ഉൾനാടൻ മത്സ്യങ്ങൾക്ക് ഭീഷണിയാണ്.
എ. റിയാസ്,  റിസർച്ച് സ്കോളർ ,  അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്.

‘തുമ്പികൾക്ക് മുരിയാട് കോൾപാടം പ്രധാനപ്പെട്ടത്’ 

തുമ്പികൾക്ക് തൊമ്മാന-മുരിയാട് കോൾപ്രദേശങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. പാരിസ്ഥിതിക സൂചകങ്ങൾ ആണ് തുമ്പികൾ. എല്ലാ പ്രാണികളും ജൈവശൃംഖലയിൽ പ്രധാനപ്പെട്ടതാണ്.  
വിവേക് ചന്ദ്രൻ, റിസർച്ച് സ്കോളർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. 


Back to Top