ചിത്രശലഭ ഉദ്യാനം വിദ്യാലയങ്ങളിൽ

ചിത്രശലഭ ഉദ്യാനം വിദ്യാലയങ്ങളിൽ

  1. പൂക്കളുള്ള സസ്യങ്ങൾ
  2. ചിത്രശലഭ ആഹാര സസ്യങ്ങൾ
  3. ആയൂർവേദ സസ്യങ്ങൾ
  4. നിരീക്ഷണം രേഖപെടുത്തൽ
  5. വിത്ത് സസ്യങ്ങൾ വിതരണം ചെയ്യൽ

ചിത്രശലഭ ഉദ്യാനം വിദ്യാലയങ്ങളിൽ എന്ന ആശയം കുട്ടികളിൽ പ്രകൃതി സ്നേഹം വളരുവാൻ സഹായിക്കുന്നു. നിരീക്ഷണ പാടവം മെച്ചപ്പെടുത്തി പുതിയ തലങ്ങളിൽ ഉയരുവാൻ വിദ്യാർത്ഥികൾക്കാകുന്നു. ഇതുവഴി സസ്യ , ജന്തു വൈവിധ്യത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കുവാനും, അവയെ സംരക്ഷിക്കുക എന്ന ആവശ്യം നിറവേറ്റുവാനും സാധിക്കുന്നു. നിരവധി ഉദ്യാന മാതൃകകൾ ഉണ്ട് , എങ്കിലും വിദ്യാലയങ്ങളിൽ പ്രയോഗിക്കുവാൻ പറ്റിയ ഒരു മാതൃക ഇവിടെ അവതരിപ്പിക്കുന്നു. കാഴ്ച്ച, നിരീക്ഷണം, പഠനം എന്നീ മേഖലകൾ ഉൾക്കൊള്ളിച്ചാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമായ പരിചരണവും, സൂര്യപ്രകാശവും ജല ലഭ്യതയും ഉദ്യാനം നിലനിൽക്കുന്നതിന് ആവശ്യമാണ്.

വിവിധ നിറങ്ങളിലും തേൻ നിറഞ്ഞതും ആയ പൂക്കളുടെ കൂട്ടമാണ് ആദ്യം ഒരുക്കേണ്ടത് . നാട്ടു പൂക്കൾ തെരഞ്ഞെടുക്കുക ഇത് സ്വദേശ ശലഭ ഇനങ്ങൾക്ക് കൂടുതൽ ആകർഷകമാകും . സസ്യങ്ങളുടെ തനത് സ്വഭാവം അനുസരിച്ച് ഒറ്റക്കോ , കൂട്ടമായോ , വരി വരി ആയോ നട്ട് പരിപാലിക്കുക. തിങ്ങിനിറഞ്ഞ വർണ്ണാഭമായ ചുറ്റുപാടാണ് വേണ്ടത്. ശ്രദ്ധിക്കുക, എല്ലാ പൂക്കളും എല്ലാ ശലഭ ഇനങ്ങളും ഇഷ്ടപ്പെടുന്നില്ല. അതിനാൽ ആവശ്യമായവ മാത്രം നട്ട് സ്ഥലം ലാഭിക്കാം. ഒരു പ്രതേക കാലാവസ്ഥ ഇഷ്ടപെടുന്ന ചിലയിനം പൂക്കൾ / സസ്യങ്ങൾ കൃത്യ സമയത്ത് തന്നെ നട്ട് പരിപാലിക്കണം. സസ്യങ്ങളുടെ ഉയരം ഒന്നര മീറ്റർ മുകളിൽ വരുന്നവ വെട്ടി ഒരു നിരയാക്കണം. ഇത് കുട്ടികൾക്ക് കാണുന്നതിന് സൗകര്യം ആയിരിക്കും .

ശലഭ ആഹാരസസ്യങ്ങൾ ഉദ്യാനത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് ഒരു രീതിയുണ്ട്. ഏതെല്ലാം ശലഭങ്ങൾ കൂടുതലായി വന്നു പോകുന്നു എന്ന് കണ്ടെത്തി അവയ്ക്ക് ആവശ്യമായ നാട്ടു സസ്യങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി ആദ്യം പൂക്കൾ ഉൾപ്പെടുന്ന ഉദ്യാനം നിർമിച്ചു നിരീക്ഷിക്കണം. ശലഭ ആഹാരസസ്യങ്ങളുടെ എണ്ണം, അകലം , നടുന്ന സ്ഥലം, കാലഘട്ടം എന്നിവ പട്ടിക രൂപത്തിൽ ക്രമീകരിച്ചിട്ടുണ്ട് . ഒരു കാര്യം ശ്രദ്ധിക്കുക , ധാരാളം സ്ഥലം കൂടുതൽ ശലഭങ്ങളെ ആകർഷിപ്പിക്കുവാനാകും.

ഔഷധമൂല്യം ഉള്ളവയാണ് മിക്ക സസ്യങ്ങളും. ഏത് സസ്യം ഏത് തരം രോഗത്തിന് ഉത്തമം എന്ന് താഴെ ചേർത്തിരിക്കുന്ന പട്ടികവായിച്ച് കണ്ടെത്തുക. ചില ഒറ്റ മരുന്ന് സസ്യങ്ങൾ ഉൾപ്പെടുത്തുന്നത് ചില സന്ദർഭങ്ങളിൽ ഗുണകരമായി തീരുന്നതാണ് . ഇവയുടെ ശാസ്ത്രിയ നാമം, മലയാളനാമം, സസ്യ കുടുംബം, ഔഷധ ഗുണം തുടങ്ങിയ വിവരങ്ങൾ പൊതുവായി പ്രദർശിപ്പിക്കുന്നത് യഥാർത്ഥ ഔഷധ /സസ്യങ്ങളെ തിരിച്ചറിയുന്നതിന് സഹായിക്കുന്നു .

നിരീക്ഷണം രേഖപെടുത്തുകവഴി ശലഭ ഉദ്യാനത്തിന്റെ പുരോഗതിയും നിലവിലെ ആവാസവ്യവസ്ഥയുടെ ഏറ്റകുറച്ചിലുകളും മനസിലാക്കുന്നതിന് സഹായിക്കും . കൂടാതെ ഇത് ഭാവിയിൽ മറ്റുപലർക്കും ഉപകാരപ്പെടാവുന്ന ഗവേഷണ വിഷയം ആണ്.
ശലഭങ്ങളുടെ സ്വഭാവം , നിറം , വലുപ്പം , രൂപം ,പറക്കുന്ന രീതി , ആഹാര സസ്യം എന്നിവ നോക്കി ശലഭ ഇനം ഏത് എന്ന് കണ്ടുപിടിക്കാം , അഞ്ചു കുടുംബങ്ങളിലായി കേരളത്തിൽ 322+ ഇനം ഉണ്ട് അവയിൽ 2cm മുതൽ 20cm വരെ വലിപ്പം ഉള്ളതും നിലം പറ്റി വളരെ സാവധാനം പറക്കുന്നതും 60km/hr വേഗത്തിൽ പായുന്നവയും ഉണ്ട് . കൂടാതെ വളരെ സാധാരണമായതും അപൂർവ്വവും ആയ ശലഭ ഇനങ്ങളും ഉണ്ട് . ചിലകാലങ്ങളിൽ മാത്രം കാണുന്നവ എല്ലാ കാലങ്ങളിലും കാണുന്നവ ഇങ്ങനെ ശലഭ ലോകം വളരെ വലുതാണ് . നമ്മുടെ രാജ്യത്ത് മറ്റു ജീവികളെ പോലെത്തന്നെ ശലഭങ്ങളെയും നിയമം വഴി പരിപാലിച്ചിരിക്കുന്നു . ചില ഇനം ശലഭങ്ങളെ പിടിക്കുന്നത് ആന ,കടുവ എന്നിവ പോലെ, അതേ പ്രധാനത്തോടുകൂടി സംരക്ഷിച്ചിരിക്കുന്നു. നിയമം തെറ്റിച്ചാൽ അവർക്ക് പത്തു വർഷം ജയിൽ വാസം വരെ ലഭിക്കും.
സാധാരണയായി 50 മുതൽ 100 വരെ ശലഭങ്ങളെ ഒരുവർഷ കാലയളവിൽ ഒരു സ്ഥലത് കാണുവാൻ കഴിയും. കണ്ട ശലഭ ഇനം , എപ്പോൾ , എത്രയെണ്ണം , കണ്ട സ്വഭാവം , മുട്ടയിടൽ , കാലഘട്ടം തുടങ്ങിയ സവിശേഷതകൾ ആണ് പ്രധാനമായും ശേഖരിക്കേണ്ടത് .ചിത്രങ്ങൾ ഉൾകൊള്ളിച്ചു വിവരണം വിപുലപ്പെടുത്താവുന്നതാണ് .

മറ്റുള്ളവരിലേക്കും പ്രകൃതി സംരക്ഷണ സന്ദേശം എത്തിക്കുന്നതിന് സഹായമാകുവാൻ ഒരു ശലഭ ഉദ്യാനത്തിന് കഴിഞ്ഞു എങ്കിൽ അതാണ് ഏറ്റവും നല്ലകാര്യം . അധികമായി വരുന്ന സസ്യങ്ങൾ , വിത്തുകൾ എന്നിവ പാഴാക്കാതെ മറ്റു ശലഭഉദ്യാന നിർമാണത്തിന് വേണ്ടി വിതരണം ചെയ്യുക. ഉദ്യാനം സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം നൽകുക . മറ്റു ശലഭഉദ്യാനങ്ങൾ സന്ദർശിക്കുക . നാടിനെ കാത്തു പരിപാലിക്കണമെങ്കിൽ ഇനി വരുന്ന തലമുറ കാടിനേയും ,അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കപെടെണ്ടതുണ്ട്‌. അവയുടെ നിലനിൽപ്പ് ആണ് നമ്മുടെ ജീവൻ നിലനിർത്തുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നു .

നന്ദി ..!!

( പട്ടികകൾ പൂർണരൂപം അറിയുവാനും, സംശയനിവാരണത്തിനും മെസേജ് ബോക്സിൽ ആവശ്യപ്പെടുക 🦋😊🌿)

Back to Top