വങ്കണനീലി; ഒരു പകൽപാറിരാശലഭം

വങ്കണനീലി; ഒരു പകൽപാറിരാശലഭം

Image - Haneesh K M. [CC0]

പൂമ്പാറ്റകൾക്ക് മലയാളത്തിൽ പേരിടുന്നതിനു മുമ്പ് പേരിട്ട് വിളിച്ച പകൽപാറിരാശലഭമാണ് വങ്കണ നീലി. 1991ലാകണം ജാഫറിന്റെ വെള്ളവയറൻ കടൽപ്പരുന്ത് ഗവേഷണ കാലത്ത് , ഞങ്ങൾ ഒന്നിച്ച് കാവുതീണ്ടി നടന്ന നാളുകളിൽ എസ്കെമാ പെർക്കോള എന്ന നിശാശലഭം വങ്കണ മരത്തിൽ ( വല്ലഭം, കരക്കണ്ടൽ, കരേലിയ ബ്രാക്കിയേറ്റ) മുട്ടയിടുന്നത് കണ്ടത്. ഇലപ്പീപ്പിയുണ്ടാക്കുന്ന വങ്കണയിലെ പുഴുവിനെ കുട്ടിക്കാലം മുതൽക്കെ കണ്ട് പരിചയമുണ്ടെങ്കിലും ശലഭം മുട്ടയിടുന്നത് ആദ്യമായി കാണുകയാണ്. അപ്പോ വിളിച്ചതാണ് വങ്കണ നീലിയെന്ന പേര്.

Eggs of Blue tiger Moth
Image – Rison Thumboor from Thrissur, India [CC BY 2.0] via Wikimedia Commons

1995 വരെ പൂമ്പാറ്റക്ക് മലയാളം പേരില്ലെങ്കിലും ഈ നിശാശലഭത്തിന് പാടിയപ്പുഴക്കരയിലെ കാവു മുറ്റത്ത് ഞങ്ങൾ പേരു വിളിച്ചു. കാരയിൽ കണ്ടമത്തെ വലിയ ഏഴിലം പാലമരത്തിൽ ഒറ്റപ്പെട്ടു പോയ ഒരു WBSEG യുടെ കഥ അറിഞ്ഞന്വേഷിച്ചു പോയതായിരുന്നു ഞങ്ങൾ.

കമലപ്പരുന്ത്, കാനാക്കൻ എന്നൊക്കെ വിളിപ്പേരുള്ള കടൽപ്പരുന്തിലൊന്നിനെ ഒരു പട്ടാളക്കാരൻ തന്റെ ഉന്നം നാട്ടാരെ ബോധ്യപ്പെടുത്താൻ വർഷങ്ങൾ മുമ്പെ വെടിവെച്ചുകൊന്നതായിരുന്നത്രേ. പയ്യന്നൂരിന്റെ തന്നെ സ്ഥലവൃക്ഷമായ കൂറ്റൻ ഏഴിലം പാലമരത്തിൽ , ചീര വേവാൻ കാത്തു നില്ക്കാതെ പടക്കു പോയി തിരിച്ചു വരാതെ തെയ്യമായ കാരണവരുടെ ചീര വെന്തോ അമ്മേ എന്ന ജീവിത കാമന നിറഞ്ഞ അന്വേഷണമായ- കണ്ണമ്മാൻ തെയ്യത്തിന്റെ വാചാലിനൊപ്പം എത്രയെത്ര കളിയാട്ടക്കാലങ്ങളിൽ വിരഹിണിയായ / വിധുര നായ ആ പക്ഷിയുടെ അനുനാസികാസ്വരവും മുഴങ്ങിയിരുന്നുവെന്ന് അറിഞ്ഞു കൂടാ.. കാരയിലെ പാലമരം മുറിച്ച് ക്ഷേത്രം നവീകരിച്ച് രണ്ട് പതിറ്റാണ്ടു കഴിഞ്ഞു.

Caterpillar. Image – Rison Thumboor from Thrissur, India [CC BY 2.0]
Pupa. Image – Baluperoth [CC BY-SA 4.0]

മഴക്കാലത്ത് തളിർത്തു നില്ക്കുന്ന വങ്കണയിലയിൽ നിറയെ കുത്തുവിളക്കുപിടിച്ച പോലെ നിറുങ്ങനെ നില്ക്കുന്ന ശലഭപ്പുഴക്കളാണ് ചുറ്റും. മഞ്ഞയുടെ പ്രൈമറി ടച് ചിൽ മയിൽ നീല പൂശി മേഘകറുപ്പ് കുത്തിയ പുഴുവിനെപ്പോലെ തന്നെ നീലയുടെ വർണ ഭേദത്തിൽ മുങ്ങി പകൽനേരം പറക്കുന്ന നിശാശലഭമാണ് വങ്കണ നീലി. തോറ്റം പോലെ തന്നെ തെയ്യവും നിറത്തിലും ചടുലതയിലും ഒരുപോലെ..

Back to Top
%d bloggers like this: