കോളിലേക്കൊരു പക്ഷിനടത്തം

കോളിലേക്കൊരു പക്ഷിനടത്തം

ആദ്യമായി മനോജ് മാമനോടൊപ്പം കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു.
സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി.
പക്ഷെ അന്ന് മനോജ് മാമന്‍ ഒറ്റയ്കക്കായിരുന്നു.
ഇന്ന് കൂടെ ഒരു കൂട്ടുകാരിയുമുണ്ട്. 🙂

അകലേക്ക് കോള്‍നിലങ്ങളില്‍ കുറേ മനുഷ്യര്‍ നിരനിരയായി നില്‍ക്കുന്നു.
കുറേപേര്‍ ആ കടലിന് വരമ്പുണ്ടാക്കുകയായിരുന്നു.
ചില പുറംതൊഴിലാളികള്‍ മണ്ണൊരുക്കുന്നു.
കാറ്റില്‍ തുഴയുന്ന കുഞ്ഞിക്കിളികളേപോലെ വിയര്‍പ്പൊഴുകുന്ന ചെറിയ കനാല്‍.
നിറംമുക്കിയൊഴുക്കിയ വിതയൊരുക്കാത്ത പാടങ്ങളുടെ വരുമ്പുകള്‍ ചണ്ടിനിറഞ്ഞ് വലിയ പാതകളായി.
അതിലൂടെയായിരുന്നു ഞാന്‍ കോള്‍ നിലങ്ങള്‍ കണ്ടത്.ഇന്നലെ ഏട്ടനുമൊത്ത് Gowthaman Ka ഒരിക്കല്‍കൂടി കോളിലേക്ക് ഇറങ്ങാന്‍ പറ്റി.
ഒരു പക്ഷിനടത്തമായിരുന്നു പരുപാടി.
കുറേ പേര്‍ ക്യാമറകളുമായി കോള്‍പാടങ്ങളിലേക്കെത്തി.
വലുതും, ചെറുതുമായ കണ്ണുകള്‍ അവര്‍ക്കുണ്ടായിരുന്നു.
കുറേയധികം പക്ഷികളുടെ ശാസ്ത്രീയ നാമങ്ങള്‍ അവരുടെ ചുണ്ടുകള്‍ ഉരുവുട്ടുകൊണ്ടിരുന്നു.
പക്ഷികളുടെ എണ്ണമെടുത്ത് നിരനിരയായി ഞങ്ങള്‍ അപ്പുറത്തെത്തി.
താറാകൂട്ടങ്ങള്‍ കോള്‍ നിലങ്ങളിലേക്ക് ഊളിയിട്ട് മിന്‍കൊത്തി , നീന്തുന്നുണ്ടായിരുന്നു.
ആ താറാകൂട്ടങ്ങള്‍ക്ക്മേപ്പുകാരുണ്ടായിരുന്നില്ല.
അവരും ദേശാടകരാത്രേ….
ഞാനും അര്‍ജുണേട്ടനും Arjun K Mohan വിശേഷങ്ങള്‍ പറഞ്ഞ് ആ തിരയിലൂടെ മുന്‍പോട്ടുപോയി.
ആകാശത്ത് വട്ടമിട്ട പരുന്തന്മാരുടെ കാലുകള്‍ റാഞ്ചിയെടുക്കാന്‍ തരിച്ചുകൊണ്ടിരുന്നു.
ആ വിറയല്‍ കണ്ണുകളില്‍ കാണാമായിരുന്നു.
പക്ഷികളുടെ ചിറകടിനാഥത്തിന്റെ ദിശയില്‍ ഓരോ ക്യാമറകളും അകലവും, അളവുകളും മാറ്റി ചിറകിട്ടടിച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് അര്‍ച്ചനചേച്ചിയുടെ Archana K Mohan ക്യാമറ കൈയ്യില്‍ കിട്ടി.
പേരറിയാത്ത നിറങ്ങളുള്ള പക്ഷികളിലേക്ക് അഞ്ചാറ് ക്ലിക്ക്.
അവര്‍ക്കൊക്കെ നമ്മളെ കേള്‍ക്കാമായിരുന്നു.
അവരുടെ കുഞ്ഞന്‍ ചെവികള്‍ കാറ്റിന്റെ ദിശകളിലേക്ക് ചിലച്ചുകൊണ്ടിരിക്കുകയാണ്.
തന്റെ പേരുകള്‍ കേട്ട് ചിറകുള്ളവരെല്ലാവരും അടുത്ത പാടങ്ങളിലേക്ക് പതുക്കെ നീങ്ങികൊണ്ടിരുന്നു.

കോള്‍ നിലങ്ങള്‍ പക്ഷികളുടേത് മാത്രമായിരുന്നില്ല.
അവരുടെ ഇരകളുടേതുമായിരുന്നു.
അവര്‍ക്കുള്ളതും വലിയ പേരുകളാണ്.

നീളന്‍ കാറ്റ്
വെയിലൂതി
ദൂരേന്ന്
ആഞ്ഞടിച്ച് കടന്നുവരികയാണ്.
മനോജ് മാമന്‍ ഫോട്ടോയെടുക്കുന്നവരെ പകര്‍ത്തിക്കൊണ്ടിരുന്നു.
അവിടെ പണിയുന്ന ഒരു വല്ല്യേച്ചനെ പരിചയപ്പെടുത്തിതന്നു.
തലമുറകള്‍ പാട്ടത്തിനെടുത്ത കോള്‍ നിലങ്ങളില്‍ അദ്ദേഹം കൃഷിചെയ്തുകൊണ്ടിരിക്കുകയാണ്.
മണ്ണിന്റേയും, മനുഷ്യന്റേയും വിശ്വാസവു മതവും , ഒരുമയും നിറഞ്ഞ ബന്ധം അദ്ദേഹത്തിനറിയാമായിരുന്നു.
പക്ഷെ മണ്ണൊരുക്കുമ്പോള്‍ അവിടെ ജാതിയുണ്ടായിരുന്നില്ല.
കോള്‍ നിലങ്ങള്‍ അത്തരത്തില്‍ ബന്ധങ്ങളുടെ നൂലിഴകള്‍ കോര്‍ത്ത് വെള്ളം തേവി നിറച്ച്, നീരരുവികള്‍ ഉരുവംകൊള്ളിക്കുകയാണ്.
അവിടെ പതിയുന്ന കാല്‍പാതങ്ങള്‍ പതിയെ അടുത്ത മണ്ണൊരുക്കലില്‍ ഇല്ലാതാകുന്നു.
അയല്‍ക്കാരും, വയല്‍ക്കാരും, അകലേ പിറന്ന കിളികളും അവിടെ തന്റെ കാലിടങ്ങള്‍ പതിക്കുന്നു.
ഒന്നിനുമീതെ മറ്റൊന്നായി അവയെല്ലാം ഇല്ലാതാകുന്നു.

പക്ഷി നടത്തം അവസാനിക്കുമ്പോള്‍ എല്ലാവരും ഒന്ന് പരിചയപ്പെട്ടു.

അകലേയും ദൂരേയുമുള്ള ഒരേ കുടുംബക്കാര്‍.

ക്രിസ്തുമസ്സിന്റെ അപ്പം പങ്ക് വച്ച് കോള്‍ കാറ്റില്‍ എല്ലാവരും വിവിധ ദിശകളിലേക്ക് നടന്നുനീങ്ങുമ്പോള്‍‍
അവര്‍ക്കെല്ലാവര്‍ക്കും കോള്‍ നിലങ്ങള്‍ നല്‍കുന്നത് അതായിരിക്കണം.

Back to Top