ചരിത്രത്തിന്റെ നാൾ വഴികളിൽ ഉയർന്ന ഒരു സ്ഥാനമുണ്ട് തിരുന്നാവായയ്ക്ക്. ചാവേറുകളുടെ രക്തപ്പുഴ താണ്ടി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെട്ട കേരള ചരിത്രത്തിലെ ആദ്യത്തെ ട്രേഡ് ഫെയര്‍ – മാമാങ്കം. നാട്ടുരാജക്കന്മാര്‍ക്കു വേണ്ടി പൊരുതാന്‍ വന്ന ചാവേറുകള്‍ നോമ്പ്നോറ്റു പരിശീലനം നടത്തിയിരുന്ന ചങ്ങമ്പള്ളി കളരി. മാമാങ്കത്തിലെ പടയാളികളെ പരിചരിക്കാന്‍ അപൂർവ പച്ചമരുന്നുകൾ സൂക്ഷിക്കപ്പെട്ട മരുന്നറകൾ. ധീരന്മാരായ ചാവേറുകളുടെ കബന്ധങ്ങൾ ആനകളെ ഉപയോഗിച്ചു ചവിട്ടി താഴ്ത്തിയ മണിക്കിണർ. നാട്ടുരാജാക്കന്മാര് കൂട്ടം കൂടിയിരുന്ന് തീര്പ്പുകല്പിച്ചിരുന്ന നിലപാടുതറ. കാലത്തിന്റെ കുത്തൊഴിക്കില്‍ ഈ രാജഭരണ സ്മരണകളെല്ലാം ഇവിടെ സ്മാരകങ്ങളായി.
ഇതിന്റെയൊക്കെ തിരുശേഷിപ്പുകള്‍ ഇന്നും ഇവിടെ സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ടെങ്കിലും ഇവിടം ഇന്ന് പ്രശസ്തമാക്കുന്നത് പേരാറിന് തീരത്തെ വിഖ്യാതമായ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രവും, എഴുനൂറോളം ഹെക്ടറില്‍ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന മനോഹരങ്ങളായ താമരക്കായലുകളും (വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിൽ ഏറ്റവും കൂടുതൽ താമരകൃഷിയുള്ളത് തിരുന്നാവായയിലാണ് ), ഈ നീര്‍ത്തടങ്ങളിലും നിളയോരങ്ങളിലുമായി കാണപ്പെടുന്ന ജൈവ പക്ഷിയിനങ്ങളുടെ ബാഹുല്യവും ചേര്‍ന്നാണ്.
പൂക്കൈതകൾ അതിർത്തി ഒരുക്കിയ തോടുകള്‍, കൈവഴികൾ. നീണ്ടു നിവർന്നു കിടക്കുന്ന നിള, അതിൽ മണലെടുത്തു ചിലയിടങ്ങൾ ദ്വീപുകളായി തീർന്നതിൽ ചങ്ങണ പുൽക്കാടുകൾ. അവിടെയാണ് തങ്ങളുടെ സ്വർഗ്ഗമാക്കി ഗൃഹസ്ഥാശ്രമം ഒരുക്കിയിരിക്കുന്നത്, ഒരുപറ്റം നീർപ്പറവകൾ.
കേരളത്തിൽ ഈ അടുത്തകാലത്തായി സർവ സാധാരണമായ ഒരു നീർപക്ഷിയാണ് ചേരാക്കൊക്കൻ (OPEN BILLED STORK). എന്നാൽ ഇവ കൂടു വെക്കുന്നയിടം കേരളത്തില്‍ അപൂർവമാണ്. നമ്മുടെ സംസ്ഥാനത്തു കാണപ്പെടുന്ന ഏറ്റവും വലിയ ചേരാകൊക്കൻ കോളനി തിരുനാവായയിലെ ”തിരുത്തി” എന്ന പ്രദേശത്തെ താമരക്കായലിനു നടുവിലുള്ള പാഴ്മര കൂട്ടങ്ങളിലാണ്. മറ്റേതു ജീവിക്കുമെന്നതുപോലെ പറവകൾക്കും പ്രധാന ശത്രു മനുഷ്യനാണ്. ഇവിടെ ചതുപ്പുകൾ താണ്ടി ദുർഘട സ്ഥാനത്തുള്ള കൊറ്റി താവളത്തിൽ മനുഷ്യന് എത്തിപ്പെടാൻ സാധ്യമല്ലെന്ന സാധ്യത മനസ്സിലാക്കിയാവണം അവ അവിടം തങ്ങളുടെ സാമ്രാജ്യമാക്കിയത്.
തിരുന്നാവായ വഴി കടന്നു പോകവേ ഒരു തീവണ്ടിയാത്രക്കിടെയാണ് 2013 ൽ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ തലവൻ ശ്രീ ജാഫർ പാലോട് ചേരാക്കൊക്കന്മാരുടെ താവളം ആദ്യമായി കണ്ടെത്തിയത്. 2അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 കൂടുകള്‍. 2016 ല്‍ അത് 63 ആയി. കഴിഞ്ഞ വർഷം 80 നു മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വർഷം തോറും എണ്ണം ഗണ്യമായി കൂടുന്നുണ്ട് എന്ന് സാരം. കഴിഞ്ഞവര്‍ഷവും അദ്ദേഹം ഈ മേഖല സന്ദര്‍ശിച്ചു വിവിധ നിര്‍ദ്ദേശങ്ങള്‍ നല്കുകയുണ്ടായി.
ചേരകോഴി, ചെറുമുണ്ടി , ചിന്നമുണ്ടി , പെരുമുണ്ടി , ചായമുണ്ടി, നീർക്കാക്കകൾ എന്നിവയുടെ കൂടുകളും പാതിരാക്കൊക്കുകളുടെ വലിയൊരു താവളവും ഇതിന്റെ പരിസരങ്ങളില്‍ കാണപ്പെടുന്നു. വിശാലമായ താമരകായലിലെ താമര വള്ളികൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും നിത്യജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് നീലക്കോഴികളും താമരക്കോഴികളും സുലഭം.
കൈതക്കൂട്ടവും ഞങ്ങണപുല്ലും മറ്റു കളചെടികളും മൂർഖൻ പാമ്പുകളുടെയും കുറുനരികളുടെയും നീർനായകളുടെയും താവളം കൂടി ആയതുകൊണ്ട് പ്രദേശവാസികളോ മറ്റു പക്ഷിവേട്ടക്കാരോ ഈ ഭാഗത്തേക്ക് പോകാന്‍ ഭയപ്പെടുന്നു എന്നതാണ് ഈ പ്രദേശം ഇത്രയും വൈവിധ്യമാര്‍ന്ന ഒരു കൊറ്റില്ലമായി മാറാന്‍ കാരണം എന്നാണ് നാട്ടുകാരനും ഇവയുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്ത എം സാദിഖ് തിരുന്നാവായയുടെ അഭിപ്രായം. എന്നാൽ കൊറ്റില്ലങ്ങളിലെ മുട്ടകളെയും കുഞ്ഞുങ്ങളെയും തരം കിട്ടിയാൽ അടിച്ചു മാറ്റാം എന്ന മോഹത്താൽ വട്ടമിട്ടു പറക്കുന്ന വ്യത്യസ്തയിനം പരുന്തുവർഗക്കാരും ഇവിടെ ഉണ്ട്. ഈ പൊന്തക്കാടില്‍ നിന്ന് വെള്ളിമൂങ്ങയെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പാതിരാക്കൊക്കുകളും തരം കിട്ടിയാൽ മുട്ടകൾ തട്ടിയെടുക്കുമെന്നതാണ് അവയുടെ സാന്നിധ്യം ഈ മേഖലയില്‍ ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ കാരണമെന്ന് ജാഫര്‍ പാലോട്ട് കഴിഞ്ഞ വർഷം അഭിപ്രായപ്പെടുകയുണ്ടായി. ഭക്ഷണ സാധ്യത മുന്നിൽ കണ്ടു ധാരാളം കാക്കകളും ഇവിടെ കാണാം. തിരുന്നാവായക്കപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തും വിശാലമായൊരു കൊറ്റി താവളം ഉണ്ട്.
നീർപറവകളുടെ കാഷ്ഠം കൃഷിക്ക് നല്ലൊരു വളമാണെന്ന സത്യം മനസ്സിലാക്കി കര്‍ണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയിടത്തെല്ലാം കൊറ്റില്ലങ്ങൾ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ ബോധവല്‍ക്കരണം തന്നെയായാണ് തിരുന്നാവായയിലെ പ്രമുഖ പാരിസ്ഥിതിക സാംസ്കാരിക സംഘടനയായ റീ-എക്കോ അവരുടെ വിവിധ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷമായി നാട്ടിലെ കൃഷിക്കാര്‍ക്കിടയില്‍ നടത്തുന്നത്.
കൂടാതെ ഈ ഭാഗങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വളര്‍ന്നുവരുന്ന പുതുതലമുറക്കായി എല്ലാ വര്‍ഷവും ”പക്ഷിണാം ബൈഠക്’ എന്ന പേരില്‍ ദേശത്തെ പക്ഷി-ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ പക്ഷി നിരീക്ഷണത്തിൽ പരിശീലനവും നൽകി.
ശ്രീ ഉമര്‍ ചിറക്കലിന്റെയും എം.സാദിഖ് തിരുന്നാവായയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തെ റീ-എക്കോയുടെ നിരന്തര പ്രവർത്തന ഫലമായി തിരുന്നാവായയെ ഒരു പക്ഷിസംരക്ഷിത മേഖലയായി ഫോറെസ്റ്റ് ഡിപാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വനം വകുപ്പ് ഒരു വാച്ച്മാനെ ഈ പ്രദേശത്ത് സ്ഥിരം നിയമിക്കുകയും സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് . ഈ നാട്ടുകാരും തങ്ങളുടെ നാടിന്റെ അപൂർവ സൗഭാഗ്യത്തെ ഉൾക്കൊണ്ടു കഴിഞ്ഞു എന്നതാണ് ഈ സംരംഭങ്ങളുടെമുഴുവന് വിജയരഹസ്യം.
ചമ്രവട്ടം പദ്ധതി വന്നതിൽ പിന്നെ ഇവിടെ നിളയിൽ വേനലിലും വെള്ളം സുലഭമായതിനാൽ വർഷം മുഴുവൻ നീർപ്പറവകൾ സുരക്ഷിതരാണ്.
നിളാ തീരവും ബന്ദർ കടവും താമരക്കായലുകളും ആണ് ഇവിടെയുള്ള പ്രധാന പക്ഷിനിരീക്ഷണ കേന്ദ്രങ്ങൾ. മഞ്ഞക്കാലി, ചാരവരിയൻ, മഞ്ഞ വരിയൻ പ്രാവുകളും മരതക പ്രാവ് , ഉപ്പൂപ്പൻ, പിപിറ്റ് തുടങ്ങിയ നാട്ടുകാരും മണൽപ്പുള്ളുകൾ, പവിഴക്കാലികൾ, സ്നൈപ്പുകൾ തുടങ്ങിയ വിരുന്നുകാരും അടക്കം 150 ൽ പരം പക്ഷികൾ ഇവിടെ കാണപ്പെടുന്നുണ്ട്.
തിരുന്നാവായ ഇനി പക്ഷികളുടെ പേരിൽ കൂടെ ചരിത്രം രചിക്കട്ടെ.
Since a member of RE-ECHO org. could have explored more extensively and beyond organised bird watching camps thus could see number of species most of them we not even heard of. However need an earliest intervention of relevant authorities to get this precious area protected.
Thanks and regards to Lathika Teacher, Manoj K and Kole birders Group.
ഈ സംരംഭത്തിൽ റീ എക്കോ അതിന്റെ പ്രയാണം ആരംഭിച്ചിട്ടേയുള്ളൂ. ഇതു വിജയിക്കാനും ഈ ആവാസവ്യവസ്ഥ നിലനിൽക്കാനും ഞങ്ങൾക്ക് ഇനിയും ചില കടമ്പകൾകൂടി തരണംചെയ്യാനുണ്ട്. Nesting മേഖലയിൽ വേണ്ടത്ര മരങ്ങളില്ല എന്നതാണ് അതിൽ പ്രാമുഖ്യം.
We need all bireders’ support.
Thanks.
വളരെ നന്നായി എഴുതി ടീച്ചർ,ഒരു തവണ പക്ഷിണാം ബൈഠക്കിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിൽ സന്തോഷവും,അഭിമാനവും തോന്നുന്നു.