നമുക്കിത് അസാധാരണമായി തോന്നാം പക്ഷേ അവർക്കിത് സാധാരണയായിരിക്കാം.
നമ്മുടെ നായിക ചെറുപ്പമായിരുന്നു. ആരു കണ്ടാലും ഒന്നു നോക്കുന്ന പ്രായം. പക്ഷേ ആദ്യം തന്നെ ചെന്നുപെട്ടത് ഏതാനും വേട്ടക്കാരുടെ മുൻപിൽ. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ അവൾക്കു നഷ്ടപ്പെട്ടത് ഒരു ചിറകായിരുന്നു.
ചിറകൊടിഞ്ഞ അവളുടെ വേദന മനസ്സിലാക്കി അടുത്തു ചെന്നതും ശുശ്രൂഷിച്ചതും അടുത്ത സ്കൂളിലെ ഒരു ജോലിക്കാരനായിരുന്നു. ഇനി പറക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അവളും അയാളുടെ വീട്ടിലെ ഒരംഗമായി മാറി. കാലം കടന്നു പോയി.
ചിറകൊടിഞ്ഞതാണെങ്കിലും സുന്ദരിയായ അവളെ കണ്ടു മോഹിച്ച് ഒരു ദിവസം നമ്മുടെ നായകൻ വന്നെത്തി. തണുപ്പുകാലം തുടങ്ങുന്നതു വരെ അവൻ അവളോടൊപ്പം പാർത്തു. ഇതിനിടയിൽ അവർക്ക് 5 കുട്ടികളും ഉണ്ടായി.
തണുപ്പുകാലം തുടങ്ങുമ്പോൾ ചിറകുള്ള കിളികളെല്ലാം ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെയുള്ള ചൂടുള്ള ദേശങ്ങൾ തേടി യാത്രയാകും. അതുപോലെ നമ്മുടെ നായകനും നായികയെ വിട്ടു കുട്ടികളോടൊപ്പം പറന്നു പോയി.
നായിക തണുപ്പു കാലം മുഴുവനും വീടിന്നുള്ളിൽ കഴിഞ്ഞു. മാർച്ച് മാസം തുടങ്ങി തണുപ്പുകാലം അവസാനിക്കാറായപ്പോൾ പുറത്തിറങ്ങി വീടിനു മുകളിൽ കൂടുണ്ടാക്കാനാരംഭിച്ചു. അതോടൊപ്പം പ്രിയതമനു വേണ്ടിയുള്ള കാത്തിരിപ്പും.
മാർച്ച് മാസം മൂന്നാമത്തെയാഴ്ച നമ്മുടെ നായകൻ 6 മാസത്തെ ദേശാടനത്തിനു ശേഷം തിരിച്ചെത്തി, നായികയോടു ചേർന്നു. അടുത്ത തണുപ്പു കാലം തുടങ്ങും വരെ അവർ ഒരുമിച്ചു താമസിച്ചു. തണുപ്പു കാലം തുടങ്ങിയപ്പോൾ വീണ്ടും യാത്രയായി.
ഇങ്ങനെ തുടർച്ചയായി 15 വർഷങ്ങൾ. ഇതിനിടയിൽ അവർക്ക് 58 കുട്ടികൾ ഉണ്ടായി. സാധാരണയായി മാർച്ച് 24 നാണ് നായകൻ തിരിച്ചെത്തുക. അതിനു ദിവസങ്ങൾക്കു മുൻപേ നായിക കൂടൊരുക്കി ആകാശത്തേക്കു നോക്കി കാത്തിരിക്കാൻ തുടങ്ങും.
ഈ പ്രണയം പ്രസിദ്ധമായപ്പോൾ 2017ൽ ഇവരുടെ മാർച്ചിലെ സമാഗമം live stream ചെയ്തു തുടങ്ങി. ക്രൊയേഷ്യയെന്ന രാജ്യം മുഴുവനും ഈ നായകന്റെ തിരിച്ചു വരവിനായി കാത്തിരിക്കാനും തുടങ്ങി. ഗ്രീസിലെ കൊടുങ്കാറ്റു കാരണം 2017ൽ നമ്മുടെ നായകൻ ഏപ്രിൽ മാസത്തിലാണ് തിരികെയെത്തിയത്.
ഈ വർഷവും അവൻ യാത്രയിലാണ്. ചിലപ്പോൾ നമ്മുടെ കേരളത്തിലും ഇതിനിടെ വന്നു പോയിട്ടുണ്ടാവും. ചിലപ്പോൾ നമ്മുടെയൊക്കെ ഫോട്ടോകളിലുണ്ടാകും ഇവൻ……
Malena അവളുടെ പ്രിയപ്പെട്ട Klepetan നു വേണ്ടി നിറഞ്ഞ പ്രണയത്തോടെ കാത്തിരിക്കുന്നു……… ഓരോ ദേശാടനക്കിളിയേയും കാണുമ്പോൾ ഓർക്കുക….. ആരെങ്കിലുമൊക്കെ ഇവർക്കായി കാത്തിരിക്കുന്നുണ്ടാവും…
കടപ്പാട്: https://www.quora.com/What-is-real-love-6/answer/Iva-Izabela-Miholic?share=21280b80&srid=uyvAB
Update : “ഒരു അസാധാരണ പ്രണയകഥ” യിലെ നായകൻ 16-ാം വർഷം വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ മാർച്ച് 29 ന് എത്തിച്ചേർന്നു. Melena യുടെ കാത്തിരിപ്പിന് വിരാമം. https://www.croatiaweek.com/klepetan-returns-home-as-croatias-remarkable-love-story-goes-on/
2016 Klepetanന്റെ തിരിച്ചുവരവിന്റെ നിമിഷങ്ങള്‍. ♥️
One thought on “ഒരു അസാധാരണ പ്രണയകഥ”