പ്രളയാനന്തര കാഴ്ചകൾ  ഭാഗം1

പ്രളയാനന്തര കാഴ്ചകൾ ഭാഗം1

പ്രളയം കഴിഞ്ഞ ചാലക്കുടിപ്പുഴ ‘തടദ്രുമങ്ങളെ തകർത്തു’ * ( ഇടശ്ശേരി) പാഞ്ഞ കാര്യമൊക്കെ മറന്ന് മെലിഞ്ഞ് ശാന്തയായി ഒഴുകുന്നു. തീരങ്ങളിൽ മനോഹരങ്ങളായ പണ്ടില്ലാത്ത മണൽത്തിട്ടകൾ രൂപം കൊണ്ടിരിക്കുന്നു. പുഴയിലേക്കിറക്കി പലരും കെട്ടിയ മതിലുകളെ തകർത്തെറിഞ്ഞ് വെള്ളം തന്റെ സ്ഥലങ്ങൾ വീണ്ടെടുത്തിരിക്കുന്നു. ഇതിലും ബലവത്തായ കെട്ടുമായി മനുഷ്യർ വരുന്നതു വരെ.


തുമ്പൂർമുഴി മുതൽ ആറങ്ങാലി വരെയുള്ള ചാലക്കുടിപ്പുഴയുടെ ഓരങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. പലയിടത്തു നിന്നും വന്നു ചേർന്ന പരിസ്ഥിതിസ്നേഹികൾ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ public policy and governance course നു പഠിക്കുന്ന വിദ്യാർഥികൾ, പരിസരവാസികൾ, സ്കൂൾ കുട്ടികൾ, വില്ലേജ് ഓഫീസറായ സുരേഷ്, RRC (River Research Centre) യിൽ പ്രവർത്തിക്കുന്ന രജനീഷ്. ഇവരുടെ കൂടെ ഞാനും കൂടി. പരിയാരത്തുള്ള ഇണ്ണുനീലി വായനശാലയുടെ ആഭിമുഖ്യത്തിലാണ് യാത്ര. ചാലക്കുടിയിലെ ഒരു ചുമട്ടുതൊഴിലാളിയായ, അക്ഷരാഭ്യാസമില്ലാത്ത ഒരു സ്ത്രീയായിരുന്നു ഇണ്ണുനീലി. ആരോരുമില്ലാത്ത അവരുടെ കുടിലുണ്ടായിരുന്ന ഭൂമിയിലാണ് വായനശാല നിൽക്കുന്നത്.7000 പുസ്തകങ്ങളുണ്ട്. ഉത്സാഹികളായ ഒരു പാട് സാമൂഹ്യപ്രവർത്തകരുണ്ട്. അവരാണ് പരിസ്ഥിതി പഠനവും ക്യാമ്പും യാത്രകളുമെല്ലാം സംഘടിപ്പിക്കുന്നത്.

തുമ്പൂർമുഴിയിലെത്തിയപ്പോൾ മൂന്നു പതിറ്റാണ്ടിനു മുൻപ് ജലസേചനവകുപ്പിൽ ഒരു ട്രെയ്നിയായി അവിടെ ജോലി ചെയ്തിരുന്ന ദിവസങ്ങൾ മനസ്സിൽ തെളിഞ്ഞു. സുഗന്ധപ്പുല്ലിന്റെ മണം നിറഞ്ഞു നിൽക്കുന്ന കാട്, മലയ്ക്കിടയിലൂടെ ഒതുക്കുകൾ കയറിയെത്തുന്ന കരിങ്കൽ ചുമരുകളുള്ള പഴയ ഓഫീസ് കെട്ടിടം. ഒരു ലസ്കറും മറ്റൊരു ട്രെയ്നിയായ ജലജയും ഞാനും അവിടെ അങ്ങനെ ഇരിക്കും. തുമ്പൂർമുഴി തടയണയിലൂടെ ഒഴുകുന്ന പുഴയുടെ ശബ്ദവും സുഗന്ധപ്പുൽ മണവും പശ്ചാത്തലം. ഫ്ലാഷ്ബാക്കവസാനിപ്പിച്ച് തൽ സമയത്തിലേക്ക് വരാം.

തുമ്പൂർ മുഴിയിൽ അന്നില്ലാത്ത ഒരു തൂക്കു പാലം വന്നിരിക്കുന്നു. പൂന്തോട്ടത്തിനായി കെട്ടിയ കൽ ക്കെട്ടുകൾ ഇടിഞ്ഞു കിടക്കുന്നു. വെള്ളപ്പൊക്കത്തിലൊഴുകി വന്ന വലിയ മരങ്ങളും ചില്ലകളും അവിടവിടെ തങ്ങിക്കിടക്കുന്നു.പാർക്കിലെ പല മരങ്ങളും ചാഞ്ഞു കിടക്കുന്നു. മഴ പൂഴ്ന്തു വിളയാടി ഓടിയിറങ്ങിയ പൂന്തോട്ടം.

ഒരു 2 കിമീ ദൂരത്തുള്ള സർക്കാർ വെറ്റിനറി സർവ്വകലാശാലാ ഫാമിലാണ് പിന്നെ ഞങ്ങൾ പോയത്. ഒരു ഭീകര ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ പൊട്ടിയും പൊളിഞ്ഞും അവിടെയുമിവിടെയും ചിതറിക്കിടക്കുന്നു. ഒടിഞ്ഞു മടങ്ങിയ ട്രാക്ടറുകൾ, ജീപ്പുകൾ, പൊളിഞ്ഞ ഓഫീസ് കെട്ടിടങ്ങൾ. ചുവന്ന മൺചോര ഒലിപ്പിച്ചു കൊണ്ട് കീറി മുറിഞ്ഞ മല, തൊട്ടടുത്ത്.ചുവപ്പിനപ്പുറമിപ്പുറം കാട് പച്ചച്ച് തന്നെ നിൽക്കുന്നുണ്ട്. ഉരുണ്ട് കിടക്കുന്ന കല്ലുകൾക്കും പാറകൾക്കും മണ്ണട്ടികൾക്കുമടിയിൽ നാൽ‌പ്പത് പശുക്കളുടെ മൃതദേഹങ്ങളുണ്ട് എന്ന് അവിടെയുള്ളവർ പറഞ്ഞു. ബാക്കിയായ ആലകളിൽ പശുക്കൾ അയവിറക്കുന്നുണ്ട്. വിട്ടുപോയ കൂട്ടുകാരുടെ ഓർമ്മകളാവാം.

കൂടപ്പുഴ, പരിയാരം തടയണസൈറ്റുകളും സന്ദർശിച്ചു. തടയണകളുടെ ഷട്ടറുകൾ പൊട്ടിപ്പോയിരിക്കുന്നു. പല സ്ഥലത്തും പുഴ ഒരു ഭാഗം കാർന്നും മറുഭാഗത്ത് മണൽ കൂട്ടിയിട്ടും സ്വന്തം വഴി കണ്ടെത്തിയൊഴുകുന്നു. കൂടപ്പുഴയിലുള്ള വൻ കാഞ്ഞിരമരത്തിനടിയിൽ നിന്ന് മണ്ണൂർന്നു പോയി വേരുപടലങ്ങൾ ഉള്ള മണ്ണിൽ അള്ളിപ്പിടിച്ചു നിൽക്കുന്നു. എല്ലായിടത്തും തരിമണൽ വന്നു കൂടിയിട്ടുണ്ട്. ചിലയിടങ്ങളിൽ മണൽ‌പ്പളിക്ക് മേൽ കളിമണ്ണും അട്ടിയിട്ടുണ്ട്. പുഴയോരത്തെ ചില മരങ്ങൾ ഉണങ്ങി നിൽക്കുന്നുണ്ട്, പ്രത്യേകിച്ച് ജാതി മരങ്ങൾ. വെള്ളത്തിന്റെ ആഴം കൂടിയിട്ടുണ്ടെന്ന് ആസ്പത്രിക്കടവിലെ മീൻപിടുത്തക്കാരൻ പറഞ്ഞു.

വീട്ടുമുറ്റങ്ങളിൽ കിടക്കകളും, സോഫാകുഷ്യനുകളും, കസേരകളും, വാഷിംഗ് മെഷീനുകളും വെയിൽ കായുന്നു. പുസ്തകങ്ങൾ ഉണക്കാൻ വെച്ചിരിക്കുന്നു. അയകൾ മുഴുവൻ തുണികൾ. വഴിവക്കുകളിൽ ഉപയോഗശൂന്യമായ ഫർണ്ണീച്ചർ മുതൽ പാത്രങ്ങൾ വരെ കുന്നു കൂട്ടിയിട്ടിരിക്കുന്നു. പ്ലാസ്റ്റിക് വേസ്റ്റ് സർവ്വത്ര.ഇടിഞ്ഞു വീണ മതിലുകളാണ് എല്ലാ തെരുവുകളിലെയും മറ്റൊരു കാഴ്ച. High tension വൈദ്യുതിക്കമ്പികൾ പൊട്ടി ക്കിടക്കുന്നുണ്ട്

ആളുകൾ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്. വീട് വൃത്തിയാക്കിയാക്കി മടുത്തിരിക്കുന്നു. എന്നിട്ടും മലവെള്ളത്തിന്റെ ഒരു മണം ബാക്കി നിൽക്കുന്നു.ചുമരുകളിൽ വെള്ളം എത്തിയ ഇടം വരെ ചെളിപ്പാടുകൾ. Flood mapping ഒരേകദേശ രൂപത്തിൽ നടത്താൻ ശ്രമിച്ചു. അനുഭവങ്ങളുടെ ഒരു വെള്ളച്ചാട്ടമാണ് ഒഴുകിയിറങ്ങിയത്. ( അത് അടുത്ത ഭാഗത്തിൽ)

Back to Top