ഓസ്ട്രേലിയയിലെ അഡലെയ്‌ഡ് പക്ഷിസങ്കേതം

ഓസ്ട്രേലിയയിലെ അഡലെയ്‌ഡ് പക്ഷിസങ്കേതം

കല്ലറയില്‍ നിന്നും തലയാഴത്തിനുള്ള വഴിയച്ചന്‍ റോഡിലുള്ള പാടശേഖരങ്ങളില്‍ ഡിസംബർ‍ ജനുവരി മാസങ്ങളില്‍ രാവിലെ പത്തുമണിയോടെ ചെന്നു നിന്നാല്‍ പലപ്പോഴും തലയ്ക്കു മുകളിലൊരു ഹുംകാര ശബ്ദം കേള്‍ക്കാം. കോള്‍നിലങ്ങളിലെയും കുട്ടനാട്ടിലെയും വിശാലമായ പാടശേഖരങ്ങളില്‍ എല്ലാ വേനലിലും വിരുന്നു വരുന്ന “എരണ്ടകള്‍” എന്ന പൊതുപ്രാദേശിക നാമത്തിലറിയപ്പെടുന്ന ദേശാടനക്കിളികളുടെ വരവാണത്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിക്കാനൊരല്‍പം താത്പര്യമുള്ളവരുടെ മുന്നിലേക്ക് അവയിങ്ങനെ ആയിരക്കണക്കിന് വെള്ളിപ്പാത്രങ്ങള്‍ പോലെ പൂവത്തുംകരിയിലെക്കും വലിയകരിയിലേക്കുമൊക്കെ വന്നു വീഴുന്നത് കാണാം. പെരുംതുരുത്തില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണുന്ന വിശാലമായ പുഞ്ചപ്പാടങ്ങള്‍ കുട്ടിക്കാലത്ത് കൌതുകവും അത്ഭുതവുമായിരുന്നെങ്കിലും അന്നൊന്നും പക്ഷികളെ കാർയമായി ശ്രദ്ധിച്ചിട്ടില്ല. ഈ പക്ഷികളൊക്കെ കുമരകം പക്ഷിസങ്കേതത്തില്‍ നിന്ന് വരുന്നവയാണ് എന്നായിരുന്നു അന്ന് ലഭ്യമായ പ്രാദേശികജ്ഞാനം. പിന്നീട് ശ്രീകുമാർ‍ സാറിനൊപ്പം പോയപ്പോഴാണ് ഇവിടെ വന്നു വീഴുന്ന പക്ഷികളെ മുഴുവന്‍ കൊള്ളാനുള്ള സൌകര്യമൊന്നും നമ്മളവിടെ കുമരകത്ത് ബാക്കിവച്ചിട്ടില്ലെന്ന് മനസിലായത്. നമ്മുടെ നാട്ടില്‍ കാണുന്ന നല്ലൊരു ശതമാനം പക്ഷികളും ഇവിടെ കൂടുകൂട്ടുന്നവയല്ല എന്ന അറിവും കൌതുകകരമായിരുന്നു. അതിരുകളും മതിലുകളുമില്ലാതെ അവയിങ്ങനെ ലോകം ചുറ്റുകയാണ്.

Image Attribution – www.naturalresources.sa.gov.au

അടുത്തിടെ കേട്ട ഒരു തെരുവുപ്രചാരണഗാനത്തിലെ വരികളിങ്ങനെയാണ്. കവിയാരെന്നറിയില്ല. “കാക്കകള്‍ മുള്‍വേലി പാറിപ്പറന്നാല്‍ പരദേശിയാവാത്തതെന്തുകൊണ്ടമ്മേ?” എന്ന് കുട്ടി ചോദിക്കുമ്പോള്‍..
“ജീവികള്‍ക്കിത്തരം ഭേദമില്ലുണ്ണീ മണ്ടത്തരങ്ങള്‍ മനുഷ്യർ‍ക്കുമാത്രം” എന്നാണമ്മ പറയുന്നത്.

കുറച്ചൊക്കെ മണ്ടത്തരങ്ങള്‍ കയ്യിലുണ്ടെങ്കിലും പക്ഷികളുടെ ദീർ‍ഘദൂരദേശാടനത്തെപ്പറ്റി മനുഷ്യർ‍ ചിലതൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. ഭൂമിയിലെ കരയുടെ ഭൂരിഭാഗവും ഉത്തരാർ‍ദ്ധഗോളത്തിലായതിനാല്‍ സ്വാഭാവികമായും കൂടുതല്‍ പക്ഷികളും ആ ഭാഗത്തുതന്നെയാണ് കൂടുകൂട്ടുന്നതും മറ്റും. എന്നാല്‍ തണുപ്പുകാലത്ത് നിലനില്‍പ്പിന്റെ ഭാഗമായി, തണുപ്പ് കുറഞ്ഞ, ഭക്ഷണലഭ്യത കൂടുതലുള്ള തെക്കന്‍ പ്രദേശങ്ങളിലേക്ക് പോകുകയും വീണ്ടും ചൂടുകാലമാകുമ്പോള്‍ തിരികെ വരികയും ചെയ്യുന്നു. എല്ലാവർ‍ഷവും ഒരേ സമയത്ത് ഒരേ പാത പിന്തുടർ‍ന്ന് ഇവരെങ്ങനെയാണ് വരുന്നതെന്ന് GPS യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ അത്ഭുതപ്പെടുക തന്നെ വേണം. ഈ വാർ‍ഷികചടങ്ങുകള്‍ പക്ഷികളുടെ ഉത്ഭവകാലത്ത് തന്നെ തുടങ്ങിയെന്നും അവയുടെ ജീനില്‍ തന്നെ ഇവയൊക്കെ കുറിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് അനുമാനങ്ങള്‍.

Australian wood duck [Chenonetta jubata]

നിലനില്പിനാവശ്യമായ വിഭവങ്ങളുടെ, അഭാവമാണ് ദേശാടനത്തിന്റെ അടിസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. ഉത്തരാർ‍ദ്ധഗോളത്തില്‍ ജീവിക്കുന്ന പക്ഷികള്‍ തണുപ്പ്കാലമാകുമ്പോള്‍ ഭക്ഷണവും വാസസ്ഥലവും തേടി തെക്കോട്ടും തുടർ‍ന്ന് വസന്തകാലമാകുമ്പോള്‍ തിരിച്ചും പറക്കുന്നു. ദേശാടനത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷികളെ വേണമെങ്കില്‍ നാലായി തിരിക്കാം. ചില പക്ഷികളെ നമ്മുടെ നാട്ടില്‍ എല്ലാക്കാലത്തും കാണാം. ഉദാഹരണമായി കാക്ക മൈന തുടങ്ങിയവ. അവ നമ്മുടെ നാട്ടിലെ സ്ഥിരവാസക്കാരാണ്. ചെറിയ ദൂരം സഞ്ചരിക്കുന്ന രണ്ടാമതൊരു തരം പക്ഷികളുണ്ട്. ചെറിയ പഴങ്ങളൊക്കെയുള്ള മരങ്ങളില്‍ വേനല്‍ക്കാലത്ത് നോക്കിയാല്‍കാണാം, മനുഷ്യരെ അത്രക്ക് ഭയമില്ലാത്ത ചില ചെറുപക്ഷികളെ. ഇവരൊക്കെ പത്തോ അറുപതോ കിലോമീറ്ററൊക്കെ സഞ്ചരിച്ചു വരുന്നവയാണ്. കോട്ടയം ഭാഗത്തെ റെയില്‍വേലൈനുകളുടെ ഇരു വശവുമുണ്ടായിരുന്ന തൊണ്ടിപ്പഴങ്ങള്‍ തിന്നാന്‍ പച്ച പ്രാവുകളെപ്പോലെ ചില കാട്ടുപക്ഷികളൊക്കെ വരാറുണ്ട്. അന്തർ‍സംസ്ഥാനസേവനം നടത്തുന്നവരാണ് മൂന്നാമത്തേത്. നമ്മുടെ പറമ്പിലൊക്കെ കാണുന്ന കാലിക്കൊക്കിനെ കണ്ടിട്ടില്ലേ. മഴക്കാലമായാല്‍ ഇവരുടെ നിറമൊക്കെ മാറി സ്വർ‍ണനിറമാകും. ഇണചേരാനുള്ള തയ്യാറെടുപ്പാണ്. കുറച്ചു ദിവസത്തേക്ക് ഇവരെ കാണില്ല. കൂടുകൂട്ടാന്‍ വേണ്ടി തമിഴ്നാട്ടിലൊക്കെയാണ് പോകുന്നതത്രേ.

Magpie-lark [Grallina cyanoleuca]

രാജ്യങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമപ്പുറം സഞ്ചരിക്കുന്നവരാണ്, ദേശാടകരിലെ മിന്നും താരങ്ങളായ നാലാമത്തെ വിഭാഗം. ആധുനികസാങ്കേതികവിദ്യകളുടെയൊന്നും സഹായമില്ലാതെ ഇവരെങ്ങനെയാണ് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ച് എല്ലാ വർ‍ഷവും ഒരേ സ്ഥലത്തു തന്നെ എത്തുന്നതെന്നത് അത്ഭുതമായിതോന്നും. ഇവയുടെ ജീനുകളില്‍ തന്നെ ദേശാടനത്തിനുള്ള ത്വര ഉണ്ടെന്നാണ് നിഗമനം. (“Zugunruhe” എന്ന പെരുമാറ്റത്തെക്കുറിച്ചൊന്നു വായിച്ചു നോക്കൂ ). സൂര്യന്റെ സ്ഥാനവും, ഭൂമിയുടെ കാന്തികപ്രഭാവവുമൊക്കെ ഉപയോഗപ്പെടുത്തിയാണ് ഇവരുടെ ദിശാനിർ‍ണയം. പറക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തൊലിക്കടിയില്‍ സംഭരിക്കുന്ന കൊഴുപ്പ് കൂടുതല്‍ ഊർ‍ജം ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. പറക്കുന്നതിനിടയില്‍ ഇരതേടലൊഴിവാക്കുകയും ചെയ്യാം

Silver gull [Chroicocephalus novaehollandiae]

ഇത്തരത്തില്‍ പക്ഷികള്‍ സ്ഥിരമായി യാത്രപോകുന്ന ചില പറക്കല്‍പാതകളെ നിരീക്ഷകർ‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുറോപ്പിന്റെ മധ്യഭാഗത്തുനിന്നും വടക്കന്മേഖലയില്‍ നിന്നുമൊക്കെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേഅറ്റത്തെക്കും ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപുകളിലേക്കുമൊക്കെ പക്ഷികള്‍ ദേശാടനം ചെയ്യുന്ന അത്തരമൊരു പാതയെ “central Asian flyway” എന്നാണ് വിളിക്കുന്നത്. ഈ പാത പിന്തുടരുന്ന പക്ഷികളാണ് കോള്‍നിലങ്ങളിലും കുട്ടനാട്ടിലുമൊക്കെ നാം ധാരാളമായി കാണുന്ന “ദേശാടനപ്പക്ഷികള്‍”. സാധാരണ നെല്കൃഷിയൊക്കെ കഴിഞ്ഞു ചതുപ്പ്നിലങ്ങള്‍ ഒഴിച്ചിടുന്ന സമയത്താണ് ഇവയുടെ വരവ്. നമ്മുടെ പഴയകാല കാർ‍ഷികകലണ്ടറുകള്‍ തയ്യാറാക്കുന്നതില്‍ ഒരു പക്ഷെ ഇവരുടെ വരവിനും പങ്കുണ്ടായിരുന്നിരിക്കാം. തൃശ്ശൂർ‍, മലപ്പുറം ജില്ലകളിലെ കോള്‍-നിലങ്ങളെയും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി കിടക്കുന്ന വേമ്പനാട് നീർ‍ത്തടങ്ങളെയും ചേർ‍ത്ത് പൊതുവായി പറയുന്ന കോള്‍-വേമ്പനാട് നിലങ്ങളിലാണ് ഇത്തരം ദേശാടനപ്പക്ഷികള്‍ വരുന്നതെന്ന് പറയുമെങ്കിലും, കേരളത്തിലുടനീളം, ഇത്തരം ദീർ‍ഘദൂരദേശാടകരുടെ സാന്നിദ്ധ്യം കാണാറുണ്ട്.


Central Asian, East Asian–Australasian, and West Pacific migratory bird flyways. Image via Wikimedia Commons

ലോകത്തെ തന്നെ ഏറ്റവും ദൈർ‍ഘ്യമുള്ള ഇത്തരം സഞ്ചാരപാതകളിലൊന്നാണ് ഉത്തരധ്രുവത്തിനടുത്തുള്ള അലാസ്ക മുതല്‍ ഏതാണ്ട് അന്റാർ‍ട്ടിക്ക വരെ നീണ്ടുകിടക്കുന്ന “East-Asian Australasian Flyway”. ഇരുപത്തിരണ്ടു രാജ്യങ്ങളിലൂടെ അമ്പതു ലക്ഷം പക്ഷികള്‍ ഇതുവഴി ഓരോ വർ‍ഷവും കടന്നുപോകുന്നുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ഈ പാതയിലെ പ്രധാന താവളങ്ങളില്‍ ഒന്നാണ് തെക്കന്‍ ഓസ്ട്രലിയയിലെ Adelaide. കേരളം പോലെ തന്നെ “പച്ചയാം വിരിപ്പിട്ട Adelaide മലനിരകളില്‍ തലചായ്ച്ചും St.Vincent ഉള്‍ക്കടലിന്റെ സ്വച്ഛാബ്ധിമണല്ത്തിട്ടാം പാദോപധാനംപൂണ്ടും പള്ളികൊണ്ടീടുന്ന” ഒരു ഭൂപ്രദേശമാണിത്. “Adelaide Hills” എന്നറിയപ്പെടുന്ന മലനിരകളും കടല്‍ത്തീരവും തമ്മിലുള്ള ശരാശരി ദൂരം ഇരുപത് കിലോമീറ്റർ‍ മാത്രമാണ്. നൂറ്റിയിരുപതോളം പക്ഷികളെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ നാല്പ്തോളമെണ്ണം ദീർ‍ഘദൂരദേശാടകരാണ്, അതും സൈബീരിയയില്‍ നിന്നുമൊക്കെ. ഈ പ്രദേശത്തിന്റെ പാരിസ്ഥിതികപ്രാധാന്യം മനസിലാക്കിയാണ് തീരപ്പക്ഷികള്‍ (shorebirds) കൂടുതലായി എത്തുന്ന അറുപതു കിലോമീറ്റർ‍ തീരം “Adelaide International Bird Sanctury” എന്ന പേരില്‍ രണ്ടായിരത്തിപതിനാറില്‍ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കുന്നത്.

കേരളമുള്‍പ്പെടുന്ന ട്രോപ്പിക്കല്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗംഭീരജൈവവൈവിധ്യമൊന്നും ഇല്ലെങ്കിലും പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഇണങ്ങിജീവിക്കുന്നതിലും ഇവിടുള്ളവരുടെ ജീവിതരീതിയും സംസ്കാരവും ഒരുപാട് വികസിതമാണ്. ഇപ്പോഴും നിലനില്‍ക്കുന്ന, ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള സമൂഹങ്ങളിലൊന്നായ ഓസ്ട്രേലിയന്‍ അബോറിജിനല്‍ വംശജരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും പ്രകൃതിശക്തികള്‍ക്കാണ് പ്രാധാന്യം. നമ്മുടെ ഈ പക്ഷിസങ്കേതത്തിനു “വീനായ്‌ചിനായ്‌ചി-പാന്കെർ‍-അ (Winaityinaityi Pangkara) ” എന്നാണ് അബോറിജിനല്‍ വംശമായ “കൌർ‍ണ”യുടെ ഭാഷയില്‍ പറയുന്നത്. പക്ഷികളുടെ സ്വർ‍ഗം എന്നാണ് അർ‍ഥം. വിദേശികളുടെ വരവോടെ വന്‍തോതില്‍ പ്രകൃതിനശീകരണം ഉണ്ടായെങ്കിലും നിയതമായ ബ്രിട്ടീഷ്‌ രീതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഏറ്റവുമധികം പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സമൂഹങ്ങളിലൊന്നായി ആസ്ട്രേലിയ മാറുകയായിരുന്നു.
Adelaide നഗരത്തിനു വടക്കായി ജനവാസകേന്ദ്രങ്ങളിലൂടെ അറുപത് കിലോമീറ്റർ‍ തീരപ്രദേശമാണ് നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. രസകരമായ ഒരു കാര്യം ഇന്ത്യയിലെ പോലെ തന്നെ 1972 ലെ ഒരു വന്യജീവി നിയമമാണ് ഇവിടെയും വന്യജീവിസംരക്ഷണത്തിന്റെ അടിസ്ഥാനമെന്നതാണ്. സംരക്ഷിതകേന്ദ്രമെന്നാല്‍ കമ്പിവേലി കെട്ടിയോ മറ്റോ വേർ‍തിരിച്ചിട്ടൊന്നുമില്ല. സുരക്ഷാപ്രശ്നങ്ങളൊഴിച്ചാല്‍ മിക്കവാറുമെല്ലായിടത്തും ഏതു സമയത്തും പ്രവേശിക്കാം. ചില ഭാഗങ്ങളില്‍ കാല്‍നടയായി മാത്രമേ സഞ്ചാരം അനുവദിച്ചിട്ടുള്ളൂ. സൈക്കിള്‍ സവാരി ഇവിടത്തെ പ്രിയവിനോദങ്ങളില്‍ ഒന്നാണ് . ചിത്രങ്ങളെടുക്കുന്നതിനു നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മറ്റുള്ളവരുടെ സ്വകാർതയെ മാനിക്കുവാനും ജീവജാലങ്ങള്‍ക്ക് ദോഷം വരുത്തുവാതിരിക്കാനും ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ഉരഗവർ‍ഗങ്ങളെയും സൂക്ഷിക്കണം. വ്യക്തമായ നിർ‍ദേശങ്ങളും അറിയിപ്പുകളും അതാതിടങ്ങളില്‍ പ്രദർ‍ശിപ്പിച്ചിട്ടുള്ളതിനു പുറമേ GPS മാപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റുകളിലും ലഭ്യമാണ്.

ഈസ്റെരുമായി ബന്ധപ്പെട്ടു ഒരാഴ്ചയോളം അവധികിട്ടിയപ്പോഴാണ് സങ്കേതം ഏതാണ്ട് മുഴുവനായി സന്ദർ‍ശിക്കാന്‍ കഴിഞ്ഞത്. ഒക്ടോബറില്‍ വന്നു തുടങ്ങുന്ന പക്ഷികള്‍ ഏപ്രില്‍ പകുതിയോടെ തിരിച്ചുപോകുമെങ്കിലും സാധാരണ കാണാന്‍ സാധ്യതയുള്ള Black Swan, red Caped Plover, Masked lapwing, Silver Gull, Australian Pelican, White faced Heron, Grey teal പിന്നെ അത്ര സാധാരണമല്ലാത്ത Australian Shelduck എന്നിവയുള്‍പ്പെടെ ഇരുപതോളം നീർ‍പ്പക്ഷികളെ കാണാന്‍ സാധിച്ചു. red knot ന്റെ നൂറോളം വരുന്നൊരു കൂട്ടവും stint കളുടെ അമ്പതിനുമേല്‍ വരുന്നൊരു കൂട്ടവും അവിടെയുണ്ടായിരുന്നു. കൊതുമ്പുവള്ളം പോലൊരു ചെറിയ കയാക്ക് വാടകക്കെടുത്താല്‍ തീരത്തോട് ചേർ‍ന്ന് തുഴഞ്ഞുപോയി പക്ഷികളെ കാണാം. വള്ളം തുഴയുന്നതില്‍ ശ്രദ്ധപതിപ്പിച്ചതിനാല്‍ ഇത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. കണ്ടലുള്ള സ്ഥലങ്ങളില്‍ കരയോടടുപ്പിക്കാന്‍ കഴിയാത്തവിധം വേലികെട്ടിതിരിച്ചിട്ടുണ്ട്. ഇങ്ങനെ തുഴയുമ്പോള്‍ പലപ്പോഴും പെലിക്കനുകള്‍ കയ്യെത്തും ദൂരത്ത്‌ വന്നപ്പോഴാണ് അവയുടെ ഭീമാകാരം ബോധ്യമായത്. കറുത്ത അരയന്നങ്ങള്‍ ചെറുതിരകള്‍ക്കൊപ്പിച്ച് നീന്തുന്നത് കൌതുകകരമായ കാഴ്ചയാണ്. മനുഷ്യരില്‍ നിന്ന് വലിയ ഉപദ്രവമില്ലാത്തതിനാലാകാം പക്ഷികള്‍ നമ്മുടെ വളരെ അടുത്തൊക്കെ വരും.

ഇരുനൂറ്റിയറുപതോളം ജൈവജാതികളെയാണ് Adelaide പക്ഷിസങ്കേതത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. കർ‍ള്യു മണലൂതി, കല്ലുരുട്ടിക്കാട, red knot , തുടങ്ങി തദ്ദേശീയരും ദേശാടകരുമായ പക്ഷികള്‍ക്ക് പുറമേ കണ്ടലുകളുടെയും, മറ്റു നദി,കര,കടല്‍ എന്നിവയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളുടെയൊക്കെ സംരക്ഷണവും ലക്ഷ്യമിടുന്നു. ഇവിടെയുള്ള പല ജനവാസകേന്ദ്രങ്ങളും ഇവയോക്കെയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത് തന്നെ.

Little Pied Cormorant [Microcarbo melanoleucos]

ഇത്രയുമൊക്കെ പറയുമ്പോള്‍ ഗോഡ്വിറ്റുകളെ പറ്റി പറയാതെ വയ്യ. അലാസ്കയില്‍ നിന്നും ശാന്തസമുദ്രത്തിനു കുറുകെ ഒന്‍പത് ദിവസം കൊണ്ട് പതിനോരായിരം കിലോമീറ്റർ‍ നിർ‍ത്താതെ പറന്നു ന്യൂസിലണ്ടിലെത്തിയ ഒരു പെണ്ഗോഡ്വിറ്റാണ് രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അത്ഭുതപ്പെടുത്തിയ ദേശാടകരിലൊന്ന്. ശാന്തസമുദ്രത്തിന്റെ തെക്കന്‍ഭാഗത്ത് കുവാക അഥവാ ഗോട്വിറ്റുകളെ ആരാധിക്കുന്ന ജനങ്ങളുണ്ട്. ആർടിക് പ്രദേശത്തുനിന്നും എല്ലാ വർ‍ഷവും കൃത്യമായി Adelaide ല്‍ എത്തുന്ന ഒരു ഗോട്വിറ്റിനെ “ഗോ-ഗോ ഗോട്വിട്റ്റ്” എന്നാണു വിളിക്കുന്നത്. 2012 ല്‍ ടാഗ് ചെയ്യപ്പെട്ട ഈ പക്ഷിയെ കഴിഞ്ഞ വർഷം ചൈനയില്‍ വച്ച് കണ്ടതിനു ശേഷം പിന്നീട് ഈ വർഷം മാർ‍ച്ചില്‍ ആണ് Adelaide ല്‍ കണ്ടെത്തുന്നത്. സാധാരണക്കാർ‍ക്കിടയിലും പത്രമാധ്യമങ്ങളിലും ചർ‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അത്.

White-faced heron [Egretta novaehollandiae]

സംരക്ഷിതമേഖലയുടെ തെക്കേ അറ്റത്തുള്ളതും പ്രസിദ്ധവുമായ തോംപ്സണ്‍ ബീച്ചിലെ വഴികള്‍ക്ക് Heron Crescent, Kestrel Crescent, Teal Crescent , Sandpiper drive, Tern Crescent, Curlew crescent, Plover Avenue, Stint Avenue, Shearwater Way, Chat Court, Skua Court, Gannet Court, Petrel crescent, Gull Court, Prion Court എന്നീ രീതിയില്‍ പക്ഷികളുടെ പേരാണ് ഇട്ടിട്ടുള്ളത്. ഇംഗ്ലീഷ് എഴുത്തുകാരനും പക്ഷിനിരീക്ഷകനുമായിരുന്ന ജോണ്‍ റുസ്കിന്റെ ബഹുമാനാർ‍ത്ഥമാണെന്ന് തോന്നുന്നു ഒരു പ്രധാന വഴിയുടെ പേർ Ruskin road എന്നാണ്. കേരളത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ പേരില്‍ പലരെയും കളിയാക്കി വിളിക്കാറുണ്ടെങ്കിലും ഏതെങ്കിലും വഴികള്‍ക്കോ പാലങ്ങള്‍ക്കോ അങ്ങനെ പേർ നല്‍കിയതായി അറിവില്ല. ചില സ്ഥലപ്പേരുകള്‍ ഉണ്ടെന്നു തോന്നുന്നു.

Dry Creek salt crystallisation pans. Image – Gary Sauer-Thompson [CC BY-SA 2.0] via Wikimedia Commons

ടോറന്‍സ് നദിയുടെ അഴിമുഖത്തോട് ചേർ‍ന്ന് കിടക്കുന്ന ഭാഗങ്ങള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വമ്പന്‍ ഉപ്പുപാടങ്ങളാണ്. ഉപ്പു വ്യവസായം ലാഭകരമല്ലാതെ വന്നപ്പോള്‍ ചിലഭാഗങ്ങളില്‍ വ്യവസായപാർ‍ക്കുകളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എണ്‍പതോളം വർ‍ഷങ്ങളായി ഉപ്പുനിർ‍മാണത്തിന് ഉപയോഗിക്കാത്ത സ്ഥലങ്ങള്‍ പാരിസ്ഥിതികമായി വലിയ പ്രാധാന്യമുള്ളതായതിനാല്‍ സംരക്ഷിക്കപ്പെടെണ്ടതാണ് എന്ന ആവശ്യം തെക്കന്‍ ഓസ്ട്രേലിയയിലെ ഒരു പരിസ്ഥിതികൂട്ടായ്മയും പക്ഷിനിരീക്ഷകസംഘവും രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിക്കയുണ്ടായി. തുടർ‍ന്ന് വന്ന ഗവർ‍ന്മെന്റ് ഉത്സാഹത്തോടെ ഈ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. സംരക്ഷിതപ്രദേശത്തിന് പുറത്താണെങ്കിലും ഈ ഉപ്പുപാടങ്ങളിലാണ് കൂടുതല്‍ പക്ഷികളും മറ്റും

ടൂറിസം സ്റ്റേറ്റിന്റെ ഒരു പ്രധാനവരുമാനമാർ‍ഗമായതിനാല്‍ ഇവിടെ കൂടുതല്‍ വികസനം നടത്തുന്നതിനു പദ്ധതിയുണ്ട്. പരിസ്ഥിതിനാശമല്ല മറിച്ചു മനുഷ്യനെ പ്രകൃതിയോട് അടുപ്പിക്കാനാണ് ഈ നാട്ടില്‍ അത്തരം വികസനപ്രവർ‍ത്തനങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നതാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് തന്നെ അതില്‍ പാരിസ്ഥിതികമായി വലിയ ദോഷം സംഭവിക്കുമെന്ന ആശങ്കയില്ല.


  1. Go-go Godwit https://www.adelaidenow.com.au/news/south-australia/gogo-godwit-is-back-from-his-regular-flights-to-the-arctic/news-story/8c6b832607a788dda9a8b944670bbc3a
  2. Adelaide International Bird Sanctuary https://www.naturalresources.sa.gov.au/adelaidemtloftyranges/plants-and-animals/adelaide-bird-sanctuary
  3. http://www.naturalresources.sa.gov.au/files/4bbca74f-e5cd-4199-8613-a39900f191a0/saltfields-creating-bird-sanctuary-policy-gen.pdf
  4. www.wikipedia.org

Prepared by; Vishnu B

Back to Top