കേരളത്തിന്റെ 521ാ‍ാമത്തെ പക്ഷി; അന്ധമായ ഇബേഡ് വിരോധത്തിന് മധുരമായ മറുപടി

കേരളത്തിന്റെ 521ാ‍ാമത്തെ പക്ഷി; അന്ധമായ ഇബേഡ് വിരോധത്തിന് മധുരമായ മറുപടി

2016 ലെ ഡിസംബർ 10.. മലമ്പുഴ ഡാമിന്റെ പരിസരത്ത് ചെങ്കാലൻപുള്ളുകളുടെ (Amur Fest) ഉത്സവം നടക്കുന്നു. ഒരു നോക്കുകാണാനും ഫോട്ടോ എടുക്കാനുമായി പക്ഷിനിരീക്ഷകരുടെ ഒഴുക്കാണ് മലമ്പുഴയിലേക്ക്. അങ്ങനെ ആ കൂട്ടത്തിൽ പക്ഷിനിരീക്ഷകരായ റാഫി കല്ലേറ്റുംകരയും രവീന്ദ്രൻ കെ.സിയും സ്ഥലത്ത് പോയി പക്ഷിനിരീക്ഷണം നടത്തി. അമൂർ ഫാൽക്കണുകളുടെ റിപ്പോർട്ടിനൊപ്പം അവിടെക്കണ്ട മറ്റുപക്ഷികളും ചേർത്ത് ഇബേഡ് എന്ന പക്ഷിനിരീക്ഷകരുടെ സോഷ്യൽനെറ്റ്വർക്കിൽ ഒരു ചെക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്തു. കൂട്ടത്തിൽ ഫാൻടെയിൽ ഫ്ലൈകാച്ചേഴ്സിന്റെ അവ്യക്തമായ 3 ഫോട്ടോകളും ഉണ്ടായിരുന്നു.

ഇബേഡ് ചെക്ക് ലിസ്റ്റ് https://ebird.org/india/view/checklist/S32946646 . അന്ന് കിട്ടിയ ആട്ടക്കാരൻ പക്ഷിയെ സാധാരണയെന്നപോലെ റാഫി ഇബേഡിൽ റിപ്പോർട്ട് ചെയ്ത് White-browed fantail എന്ന സ്പീഷ്യസ്സ് ആയിട്ടാണ്.

ഒന്നരവർഷങ്ങൾക്ക് ശേഷം 20 മേയ് 2018ന് ബേഡ് കൗണ്ട് ഇന്ത്യ കൂട്ടായ്മയിലെ സന്നദ്ധപ്രവർത്തകനായ അശ്വൻ വിശ്വനാഥൻ, സ്ഥിരം ഡാറ്റ-മീഡിയ ക്വാളിറ്റി റിവ്യു ചെയ്യുന്നതിന്റെ ഭാഗമായി ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സാധാരണ പോലെത്തന്നെ അത് ഐഡി ശരിയാക്കിക്കൊണ്ട് “Spot-breasted Fantail“ ആണെന്ന് ഇബേഡിൽ റിപ്പോർട്ട് ചെയ്തു. അത് വീണ്ടും കേരളത്തിലെ പക്ഷികളുടെ റിവ്യു ക്യൂവിലേയ്ക്ക് വന്നു. ഇബേഡ് റിവ്യു വൊളന്റിയേഴ്സിന്റെ കൂടുതൽ ചർച്ചയ്ക്ക് ശേഷം അത് തിരുമാനമായി. കേരളത്തിന്റെ പക്ഷിഭൂപടത്തിലേയ്ക്ക് പുതിയ ഒരു പക്ഷികൂടെ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ശ്വേതകണ്ഠൻ ആട്ടക്കാരൻ എന്ന Spot-breasted (White-spotted) fantail. ശാസ്ത്രനാമം: (Rhipidura albogularis)

(വിവരങ്ങൾക്ക് കടപ്പാട്: പ്രവീൺ ജെ‌)


ഇത് ശ്രദ്ധയിൽപ്പെട്ടതിനുശേഷം എല്ലാവരും കൂടി അന്വേഷണം നടത്തിയതിൽ നിന്ന് പാലക്കാട്ടെ സജീവ പക്ഷിനിരീക്ഷണക്കൂട്ടായ്മയായ Young Birders Club of Palakkad ന്റെ ബേഡ് വാക്കിലും ഈ സ്പീഷ്യസ് പക്ഷിയെ കിട്ടിയിട്ടുള്ളതായി കണ്ടെത്താനായി https://ebird.org/india/view/checklist/S42916933

കേരളത്തിന്റെ നാച്ച്വറൽ ഹിസ്റ്ററിലെ 521 ാ‍ാമത്തെ പക്ഷിയെന്ന് നമുക്ക് അഭിമാനിയ്ക്കാം.

ആശംസകൾ റാഫി കല്ലേറ്റുംകര & രവീന്ദ്രൻ കെ.സി

കേരളത്തിലെ പക്ഷിനിരീക്ഷണസംഘടനകളേയും വ്യക്തികളേയും ഒന്നിപ്പിക്കുന്ന കേരള ബേഡ് മോണിറ്ററിങ്ങ് കൂട്ടായ്മയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ഒരു തരത്തിൽപ്പറഞ്ഞാൽ ഇബേഡ് എന്ന സാങ്കേതികവിദ്യയുടേയും ഇന്ത്യയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയുടേയും നേട്ടം.  ശാസ്ത്രവും ഡാറ്റയും സാങ്കേതികവിദ്യയും സമൂഹവും ആനുപാതികമായി സംഗമിക്കുമ്പോൾ ഇനിയും നമുക്ക് ഒട്ടനവധി നേട്ടങ്ങളിലേയ്ക്ക് നമുക്കൊത്തൊരുമിച്ച് സ്വപ്നം കാണേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇബേഡുമായി ബന്ധപ്പെട്ട് അമേരിക്കൻ ഗൂഡാലോചനയും ചോർച്ചാ സിദ്ധാന്തവും വിദേശഫണ്ടും രാജ്യദ്രോഹവാദവും ഒക്കെയായി ചിലർ നടത്തിയ പ്രൊപ്പഗണ്ട ക്യാമ്പയിൻ കേരളത്തിലെ പക്ഷിനിരീക്ഷകർക്കിടയിൽ ഒരുപാട് തെറ്റുദ്ധാരണകൾ പരത്താൻ അത് കഴിഞ്ഞിട്ടുണ്ട്. അവർക്കുള്ള മധുരമുള്ള മറുപടിയാണ് ഈ കണ്ടെത്തൽ. 🙂

അമേരിക്കയിലെ പ്രസിദ്ധമായ കോർണൽ യൂണിവേഴ്സിറ്റി പരിപാലിക്കുന്ന ഇബേഡ് എന്ന ടൂൾ ഉപയോഗിക്കുന്നതിന് യാതൊരു വിലക്കും ഇന്ത്യയിൽ ഇല്ലെന്ന് മാത്രമല്ല കഴിഞ്ഞ ദിവസമാണ് ഇബേഡിൽ ഇന്ത്യയിൽ നിന്നുള്ള സംഭാവനകൾ ഒരു കോടി കവിഞ്ഞത്. ലക്ഷത്തിലധികം ഫോട്ടോകളും ഓഡിയോകളും മറ്റുമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ജനകീയ പക്ഷിനിരീക്ഷണ സൈറ്റ് ആയി മാറിക്കഴിഞ്ഞു ഇബേഡ്.

സിറ്റിസൺ സയൻസ് എന്ന പൗരശാസ്ത്രത്തിന്റെ എല്ലാ ഊർജ്ജവും ആവാഹിച്ച് കൂടുതൽ കൃത്യമായ അറിവുകളിലേയ്ക്കും ജനകീയതയിലേക്കും അതുവഴി കൂടുതൽ മികച്ച സംരക്ഷണപ്രവർത്തനങ്ങളിലേയ്ക്കും സമൂഹം ഭാവിയിൽ എത്തുമെന്ന് പ്രത്യാശിക്കാം. ഇത് പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്.

നിങ്ങളൊരു പക്ഷിനിരീക്ഷകനാണെങ്കിൽ സ്ഥിരമായി ഫീൽഡിൽ പോകുന്നയാളാണെങ്കിൽ നല്ലൊരു ഫോട്ടോഗ്രാഫർ ആണെങ്കിൽ നിങ്ങളുടെ പ്രദേശത്തിന്റെ നാച്ച്വറൽ ഹിസ്റ്ററിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അത് നാളേയ്ക്ക് സൂക്ഷിച്ചുവയ്ക്കേണ്ടതാണെന്ന് തോന്നുന്നുണ്ടെങ്കിൽ അറിവ് പങ്കുവയ്ക്കാൻ മടിയില്ലാത്തയാളാണെങ്കിൽ ഓർഗനൈസ്ഡ് ഡാറ്റയുടെ ഭംഗി നിങ്ങളിഷ്ടപ്പെടുന്നുണ്ടെങ്കിൽ ശാസ്ത്രീയമായ രീതികളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ രാഷ്ട്രീയരാജ്യാതിർത്തികൾക്കതീതമായി പക്ഷികളെ കാണാനുള്ള മനസ്സുണ്ടെങ്കിൽ കൂട്ടായ പ്രവർത്തനങ്ങളിൽ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങൾ ഇബേഡ് ഉപയോഗിക്കണം. എന്തെന്നാൽ അതിനേക്കാൾ മികച്ച ഒരു ടൂൾ നിലവിൽ ലഭ്യമല്ല.

പുതിയ ടൂളുകളും സാങ്കേതികവിദ്യകളും വരുമ്പോൾ നമുക്ക് നമ്മുടെ ഡാറ്റയെടുത്ത് ഉടുപ്പുമാറും പോലെ പുതിയതിലേയ്ക്ക് പ്രവേശിക്കാം.നിലവിൽ നിങ്ങൾ ഇബേഡിൽ സബ്മിറ്റ് ചെയ്യുന്ന ഡാറ്റകൾ തന്നെയാണ് GBIF: The Global Biodiversity Information Facility, India Biodiversity Portal തുടങ്ങിയ ഓപ്പൺ ഡാറ്റ പോർട്ടലുകളിൽ പുനരുപയോഗിക്കുന്നത്. നിങ്ങളുടെ ചുറ്റുമുള്ള പക്ഷികളെ രേഖപ്പെടുത്താൻ നിങ്ങളല്ലാതെ വേറാരുമില്ലെന്ന് ഓർക്കുക. വ്യക്തിപരമായ ഇഗോ പ്രശ്നങ്ങളെക്കാളുപരി ആശങ്ങൾ സംസാരിക്കട്ടെ. ഈ ടൂൾ മാത്രം ഉപയോഗിക്കണമെന്ന് നിർബന്ധമൊന്നും ആർക്കുമില്ല. സിറ്റിസൺ സയൻസിന്റെ പത്ത് അടിസ്ഥാനതത്ത്വങ്ങൾ അനുസരിക്കുന്ന ഏത് ടൂളുകളും നമ്മുക്ക് ഉപയോഗിക്കേണ്ടതുണ്ട്. ഇബേഡിൽ തട്ടി നിന്നുപോകാതെ അതിനേക്കാൾ മികച്ച ഇന്ത്യൻ സങ്കേതങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ നമ്മുടെ നാട്ടിലെ ഇതിൽ ഇടപെടുന്ന പരിസ്ഥിതിസംഘടനകളും സംസാരിക്കുന്ന വ്യക്തികളും മുൻ കൈ എടുത്ത് തന്നെ തുടങ്ങേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. പ്രവർത്തികളിലൂടെ നമുക്ക് മുന്നോട്ട് പോകാം. 🙂

 

Back to Top