അതിജീവനത്തിന്റെ കിളിക്കൊഞ്ചല്‍

അതിജീവനത്തിന്റെ കിളിക്കൊഞ്ചല്‍

കാറ്റിൽ പെട്ട് കൂട് തകർന്ന് വീഴുന്നവ, കൂട്ടം തെറ്റി പോകുന്നവ, മുറിവേറ്റവ എന്നിങ്ങനെ പല വിധത്തിൽ അപകടത്തിൽ പെടുന്ന പക്ഷികളെ റെസ്ക്യൂ ചെയ്യേണ്ട അവസരം നമുക്ക് ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ അവയ്ക്ക് എങ്ങനെയുള്ള ഭക്ഷണം കൊടുക്കണം, ഏത്ര തവണ കൊടുക്കണം എന്നിങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട വാട്ട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അടക്കമുള്ള സാമുഹ്യമാധ്യമങ്ങളിലും പലരും ചോദിച്ചുകണ്ടിട്ടുള്ളതാണ്. ഇത്തരം അടിയന്തര സാഹചര്യത്തെ നേരിടാന്‍ സഹായകമായേക്കാവുന്ന ഒരു പ്രാഥമികലേഖനമാണിത്. കൂട്ടിച്ചേര്‍ക്കലുകലും സംശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി ഉള്ളടക്കം  മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജനലിന്റെ ഗ്ലാസിലിടിച്ച് പരിക്കുപ്പറ്റിയ കുഞ്ഞൻ പൊന്മാൻ [Oriental Dwarf Kingfisher] by Jaina Chakkamadathil
ഓരോ സ്പീഷീസിൽ ഉൾപെട്ട പക്ഷികൾക്കും അവയുടെ ശരീര ഘടനയിലുള്ള വ്യത്യാസം കാരണം ഭക്ഷണ രീതിയും വ്യത്യസ്തമായിരിക്കും. പ്രധാനമായും പക്ഷികൾക്കു ആറു പോഷക ഘടകങ്ങളാണാവശ്യമുള്ളത്. ജലം, പ്രോട്ടീൻ(മാംസ്യം), കാർബോഹൈഡ്രേറ്റ്(അന്നജം), ഫാറ്റ്(കൊഴുപ്പ്), വൈറ്റമിൻ(ജീവകം), മിനറൽസ്(ധാതു ലവണങ്ങൾ) എന്നിവയാണത്.  ഇതിൽ തന്നെ ഏറ്റവും പ്രാധാന്യമേറിയതാണ് ശുദ്ധജലത്തിന്റെ ലഭ്യത. ശരീര ഭാഗത്തിന്റെ 10% ജലം നഷ്ടമായാൽ അത് പക്ഷികളുടെ ജീവനു തന്നെ ഭീഷണിയാണ്. അവയുടെ ശരീര വളർച്ചക്ക് അത്യവശ്യമായ ഘടകമാണു പ്രോട്ടീൻ. വിത്തുകൾ,ചെറിയ കീടങ്ങൾ എന്നിവ നല്ല പ്രോട്ടീൻ സ്രോതസുകളാണ്. പക്ഷികൾക്ക് ആവശ്യമായ എനർജി(ഊർജം) നൽകുന്നതാണു കാർബോഹൈഡ്രേറ്റ്. പഴവർഗങ്ങൾ,തേൻ എന്നിവയിലൊക്കെ ഇതടങ്ങിയിരിക്കുന്നുണ്ട്. കൊഴുപ്പ് പക്ഷികൾക്ക് ഊർജ സ്രോതസും, ഭക്ഷണത്തിന്റെ രുചി നൽകാനും പ്രധാനമായും ഫാറ്റി ആസിഡുകളുടെ സ്രോതസായും വർത്തിക്കുന്നു. വൈറ്റമിൻ, മിനറൽസ് എന്നിവ അവയുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്കു ഒരു കാറ്റലിസ്റ്റായി(ഉൽപ്രേരകം) പ്രവർത്തിക്കുന്നു.

വീട്ടുവളപ്പിലെ മീന്‍കുളത്തില്‍ വീണ ചെമ്പൻനത്ത് [Jungle owlet]. ചിത്രം : Prasanth Sachindranath
ഓരോ സ്പീഷീസിൽ ഉൾപെട്ട പക്ഷികൾക്കും അവയുടെ ശരീര ഘടനയിലുള്ള വ്യത്യാസം കാരണം ഭക്ഷണ രീതിയും വ്യത്യസ്തമായിരിക്കും. ഒരു റെസ്ക്യൂ ചെയ്ത പക്ഷിക്ക് ഭക്ഷണം നൽകുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അത് ഏത് ഭക്ഷണക്രമപ്പട്ടികയിൽ വരുന്ന പക്ഷിയാണെന്നതാണ്. പ്രധാനമായും ഭക്ഷണക്രമം അനുസരിച്ച് പക്ഷികളെ ഹെർബിവോറസ് (സസ്യഭുക്കുകൾ), ഫോണിവോറസ്(മാംസഭോജികൾ), ഒമ്നിവോറസ്(മിശ്രഭുക്കുകൾ) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

ഇതിൽ ഹെർബിവോറസുകളിൽ തന്നെ വിവിധ ഇനം തിരിവുകളുണ്ട്.

  • ഫ്രൂജിവോറസ് അഥവാ പഴം തീനികൾ – മൈന,ചില ഇനം തത്തകൾ, കുയില്‍, കുട്ടുറുവന്‍;
  • ഗ്രാനിവോറസ്(സീഡ് ഈറ്റേഴ്സ്/വിത്ത് തീനികൾ) – പ്രാവുകൾ, തത്തകൾ;
  • ഗ്രാമ്നിവോറസ്(ഗാസ് ഈറ്റേഴ്സ്/പുല്ലു തീനികൾ) – ഗീസ്, ചിലയിനം താറാവുകൾ;
  • നെക്റ്ററിവോറസ്( പൂന്തേൻ ഭോജികൾ) – സൺബേർഡ് അഥവാ തേൻ കുരുവികൾ;
  • ഫോളിവോറസ്(ഇലതീനികൾ)-ഒട്ടകപക്ഷി,കോഴി എന്നിവയൊക്കെ ചില സമയങ്ങളിൽ തളിരില തിന്നാൻ ഇഷ്ട്ടപ്പെടുന്നവരാണു.

രണ്ടാമത്തെ ഇനമായ മാംസഭോജികളിൽ തന്നെ വീണ്ടും തരം തിരിവുകളുണ്ട്.

പാടത്ത് വലിച്ചുകെട്ടിയ ചരടില്‍ കുടുങ്ങിയ കാക്കമീന്‍കൊത്തി. Image: Laiju Pallithode
  • ഇൻസെക്ടിവോറസ്(കീട ഭോജികൾ) – പാസെറിൻ ഇനത്തിൽ പെടുന്ന പക്ഷികൾ (വേലിത്തത്തകള്‍, പാറ്റപ്പിടിയന്മാര്‍ Flycatchers..)
  • ഏവിവോറസ്(പക്ഷിതീനികൾ) – ഫാൽകൺസ്,ഈഗിൾസ്,കൈറ്റ്സ്
  • പിസിവോറസ്(മീൻ തീനികൾ) – വെള്ളരിപ്പക്ഷികള്‍(Herons), താലിപ്പരുന്ത് (Osprey), കടൽ പക്ഷികൾ
  • സ്കാവഞ്ചേഴ്സ് (ശവം തീനികൾ) – കഴുകൻ

മൂന്നമത്തെ ഇനമാണു ഒമ്നിവോറസ്. ഇവ എല്ലാതരം ഭക്ഷണവും കഴിക്കുന്നവരാണ്. ഓറിയോൾസ്(മഞ്ഞക്കിളികള്‍), മാഗ്പൈ റോബിൻ(മണ്ണാത്തിപ്പുള്ള്), കാക്ക ഒക്കെ ഉദാഹരണങ്ങളാണ്.

ഏത് ഭക്ഷണക്രമപട്ടികയിൽ വരുന്ന പക്ഷിയാണെന്ന് മനസിലാക്കിയാൽ പിന്നെ അറിയേണ്ടത് അതിന്റെ ഫിസിക്കൽ സ്റ്റാറ്റസാണ്. അതായതു ഏകദേശ പ്രായം, എന്തെങ്കിലും അസുഖമുണ്ടോ, മുറിവേറ്റതണോ, മുട്ടയിടുന്ന സമയമാണോ അങ്ങനെയെല്ലാം ശ്രദ്ധിച്ചു വേണം തീറ്റ എത്ര അളവ്, എത്ര സമയം കൂടുമ്പോൾ നൽകണം എന്നെല്ലാം തീരുമാനിക്കാൻ. റസ്ക്യൂ ചെയ്ത പക്ഷി കൂടുതൽ ക്ഷീണിച്ചോ, മുറിവേറ്റതോ ആണെങ്കിൽ എത്രയും പെട്ടെന്ന് വെറ്ററനറി ഡോക്ടറെ കാണിക്കുന്നതാകും ഉചിതം.
ചിറകു മുളക്കാത്ത ഉടൻ വിരിഞ്ഞിറങ്ങിയ ചെറിയ കുഞ്ഞുങ്ങളാണെങ്കിൽ അവയെ സിറിഞ്ച് ഫീഡ് ചെയ്യുന്നതാണ് നല്ലത്. അതൊരു ഹെർബിവോറസ് ഇനത്തിൽ പെട്ടതാണെങ്കിൽ പഴച്ചാറുകൾ, പച്ചക്കറികൾ ഉടച്ച് വെള്ളം ചേർത്തത്, വളർത്ത് പക്ഷികൾക്കുള്ള സ്റ്റാർട്ടർ റേഷനുകൾ ചെറു ചൂട് വെള്ളതിൽ കുഴമ്പ് പരുവത്തിലാക്കിയത് ഒക്കെ സിറിഞ്ചിലാക്കി കൊടുക്കാവുന്നതാണ്. ധാന്യം ഭക്ഷിക്കുന്ന കിളികള്‍ ആണെങ്കിലും അവയുടെ കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പ്രോട്ടീന്‍ ആവശ്യമാണ്.

പരിക്കുപ്പറ്റിയ വെള്ളിമൂങ്ങ [Barn Owl]. ചിത്രം: Malabar Awareness and Rescue Centre for Wildlife
ഫോണിവോറസ്(മാംസഭോജികൾ) ഇനത്തിലുള്ള ചെറിയ കുഞ്ഞുങ്ങളാണെങ്കിൽ കോഴിയിറച്ചി ചെറുതായ് നുറുക്കി അരച്ചെടുത്തത്, ചെറിയ പുൽച്ചാടി, ചിതൽ എന്നിവ കൊടുക്കാം. മീൻ തീനി പക്ഷിയെങ്കിൽ പൊടിമീനുകൾ കൊടുക്കാം. ഏത് സ്പീഷിസ് പക്ഷിയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതിനെ ഒരു ഒമ്നിവോറസ് ആയി പരിഗണിച്ച് ഭക്ഷണം കൊടുക്കാവുന്നതാണ്. മുട്ട പുഴുങ്ങിയത് ഉടച്ച് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയത്, ചെറു പ്രാണികൾ,പഴച്ചാറുകൾ എന്നിവയെല്ലം ഒമ്നിവോറസുകൾക്ക് കൊടുക്കാം.

നെല്‍പ്പാടത്ത് ചിറകിന് പരുക്കുപറ്റിയ നിലയില്‍ കണ്ടെത്തിയ മീവല്‍ക്കാട [Oriental Pratincole]. ചിത്രം: Manoj Karingamadathil
വിരിഞ്ഞിറങ്ങുമ്പോൽ തന്നെ തൂവലുകളുള്ള പക്ഷികുഞ്ഞുങ്ങൾ (Precocial birds) സിറിഞ്ചിനു പകരം ചെറിയ സ്പൂണുകളിൽ നൽകിയാലും കഴിക്കും. അവ ചെറുപ്രായത്തിൽ തന്നെ സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തരാണ്. വളരെ പെട്ടെന്ന് തന്നെ അവ കൂട്ടിൽ വെക്കുന്ന ഭക്ഷണം കഴിക്കാൻ ശീലിക്കും. താറാവ് വർഗത്തിൽ പെട്ട പക്ഷികൾ, കോഴികള്‍ എന്നിവ ഉദാഹരണമാണ്. എന്നാൽ വിരിഞ്ഞിറങ്ങുമ്പൊൾ തൂവലുകളില്ലത്ത പക്ഷികൾ (Altricial birds) പൂർണ്ണമായും അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ മാത്രം ഭക്ഷണം കഴിക്കുന്നവരായിരിക്കും. അങ്ങനെയുള്ളവയ്ക്ക് വലുതാകുന്നതു വരെ സിറിഞ്ച് ഫീഡിംഗ് തന്നെയാണു നല്ലത്.

വളർച്ചയെത്തിയ പക്ഷികൾ ആണെങ്കിൽ അവയ്ക്ക് സിറിഞ്ച് ഫീഡിംഗിന്റെ ആവശ്യമില്ല. ഹെർബിവോറസ് ഇനത്തിൽ പെട്ടതാണെങ്കിൽ പഴവർങ്ങൾ മുറിച്ചത്, അരിഞ്ഞ പച്ചക്കറികൾ, തളിരിലകൾ, സൺഫ്ലവർ സീഡ്സ്, മുളപ്പിച്ച പയർ എന്നിവയൊക്കെ നൽകാം.

കാക്കകള്‍ ഉപദ്രവിക്കുന്നതിനിടയില്‍ രക്ഷപ്പെടുത്തിയ ചെവിയൻ നത്തിന്റെ കുഞ്ഞ് [Indian Scops-Owl]. ചിത്രം: Manoj Karingamadathil
ഫോണിവോറസ്(മാംസഭോജികൾ) ഇനത്തിൽ പെട്ടവയ്ക്ക് ഇറച്ചി തുണ്ടുകളാക്കിയത്, പുൽച്ചാടി, പെറ്റ് ഫീഡ് ഷോപ്പുകളിൽ വാങ്ങാൻ കിട്ടുന്ന മീൽ വേമുകൾ എന്നിവ കൊടുക്കാം. ഇവയൊന്നും ലഭ്യമല്ലെങ്കില്‍ പെറ്റ്ഷോപ്പില്‍ വാങ്ങാന്‍ കിട്ടുന്ന ക്യാറ്റ് ഫുഡോ ഡോഗ് ഫുഡോ ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് ആക്കിക്കൊടുക്കാം. മീൻ തീനികളാണെങ്കിൽ മീൻ കഷ്ണങ്ങളും കൊടുക്കാം.

ഒമ്നിവോറസുകൾക്ക് പച്ചക്കറികളും,പഴങ്ങളും,മാംസവും കൊടുക്കാം. ചെറിയ പക്ഷിക്കുഞ്ഞുങ്ങൾക്ക് ഓരോ 2-3 മണിക്കൂറുകളിൽ സിറിഞ്ച് ഫീഡ് ചെയ്യുന്നതാണു നല്ലത്. വിശക്കുമ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ കരയുന്നത് ഒരു ഇൻഡിക്കേഷനായ് എടുത്ത് വേണം ഫീഡിംഗ് സമയം തീരുമനിക്കാൻ. എല്ലാ ഭക്ഷണവും ദ്രവ രൂപത്തിലായതിനാൽ പ്രത്യേകം വെള്ളം സിറിഞ്ചിൽ കൊടുക്കേണ്ട ആവശ്യമില്ല. സിറിഞ്ച് ഫീഡ് ചെയ്യുമ്പോൾ വളരെ സാവധാനം കൊടുക്കേണ്ടതാണ്. ഒറ്റയടിക്ക് വെള്ളം അടിച്ച് കൊടുക്കുന്നത് അത് ശ്വാസകോശത്തിലെത്താനും ബേർഡ്സിന്റെ പെട്ടെന്നുള്ള മരണത്തിനും കാരണമാകും.

മരം മുറിച്ചപ്പോള്‍ കൂട്ടില്‍നിന്ന് താഴെവീണ കന്യാസ്ത്രിക്കൊക്കിന്റെ  [Woolly-necked stork] കുഞ്ഞ്. ചിത്രം: Manoj Karingamadathil
വലിയ പക്ഷികൾക്ക് ഓരോ 5 മണിക്കൂർ കൂടുമ്പോഴും വെച്ച് കൊടുത്ത ഭക്ഷണം തീർന്നിട്ടുണ്ടോ എന്ന് നോക്കണം. അവയുടെ തീറ്റ സഞ്ചി(ക്രോപ്) നിറഞ്ഞിട്ടുണ്ടോ എന്ന് നോക്കിയും അടുത്ത തീറ്റ കൊടുക്കേണ്ട സമയം തീരുമാനിക്കാം. (മൂങ്ങ പോലുള്ള പക്ഷികൾക്ക് തീറ്റ സഞ്ചി ഉണ്ടാകില്ല). വെള്ളം പ്രത്യേകം ഒരു പാത്രത്തിൽ കൊടുക്കണം. പഴകിയ തീറ്റ, ഒരു ദിവസം കഴിഞ്ഞ വെള്ളം ഇതൊക്കെ ഒഴിവാക്കണം.

റെസുക്യൂ ചെയ്ത് കൊണ്ടു വന്നതിനു ശേഷം പക്ഷികൾക്ക് വൈറ്റമിൻ ബി-കോമ്പ്ളക്സ്, ഗ്ളൂക്കോസ് എന്നിവ കുടിക്കുന്ന വെള്ളത്തിൽ കലർത്തിക്കൊടുക്കുന്നത് അവയുടെ ക്ഷീണം അകറ്റാൻ ഉപകരിക്കും. ചെറിയ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് തെര്‍മ്മോ റെഗുലേഷന്‍ സംവിധാനം വികാസം പ്രാപിക്കാത്തതിനാല്‍ പ്രത്യേക ചൂട് നല്‍കേണ്ടതാണ്. പക്ഷികുഞ്ഞുങ്ങൾക്ക് ചൂട് നൽകാനായ് അവയെ ഒരു കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ വെച്ചതിനു ശേഷം ചൂട് കിട്ടുന്ന തുണികൾ കൊണ്ട് പൊതിയുകയോ, മുകളിലായ് ഒരു 60 വാട്ട് ബൾബ് വെച്ച് കൊടുക്കുകയോ ചൂടുവെള്ളം നിറച്ച കുപ്പികള്‍ക്ക് മുകളില്‍ തുണിവിരിച്ച് കിടത്തുകയോ ചെയ്യാം. രാത്രി സഞ്ചാരിയായ പക്ഷിയാണെങ്കിൽ അവയെ ഒരു ഇരുണ്ട മുറിയിൽ പാർപ്പിക്കാം. കാർഡ്ബോർഡ് പെട്ടിക്ക് മുകളിലായ് വെളിച്ചം മറയുന്ന രീതിയിൽ തുണിയിട്ട് മറയ്ക്കാവുന്നതുമാണ്.

ചിറകിന് പരിക്കുപറ്റിയ കാലങ്കോഴി [Mottled Owl]. Image: Joju Mukkattukara
സ്പീഷിസുകളുടെ ശരീര ഘടനാ വൈവിധ്യം കൊണ്ട് അവയുടെ ഭക്ഷണ രീതികളും സങ്കീർണ്ണമാണ്. അതുകൊണ്ട് തന്നെ ഒരു പക്ഷിയെ റെസ്ക്യൂ ചെയ്ത് കിട്ടുമ്പോൾ അവയുടെ ആവാസവ്യവസ്ഥയെ പറ്റിയും, ഭക്ഷണരീതികളെ പറ്റിയും വിശദമായി ഒരു പഠനം നടത്തുന്നതും ഒരു ഏവിയൻ വെറ്റിനെ സമീപിക്കുന്നതും നല്ലതാണ്. ഇന്ത്യയിലെ നിയമമനുസരിച്ച് വന്യജീവികളെ വളര്‍ത്താന്‍ നിയമനുവദിക്കാത്തതിനാല്‍ റെസ്ക്യുവിനോടൊപ്പം വിവരം, വനം വകുപ്പിനെയോ വൈല്‍ഡ് ലൈഫ് റെസ്ക്യുവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയേയോ അറിയിക്കുന്നതും ഉചിതമായിരിക്കും.


പൂക്കോട് കോളേജ് ഓഫ് വെറ്റ്നറി ആന്റ് അനിമല്‍ സയന്‍സില്‍ വെറ്റ്നറി ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ് ഡോ. അശ്വതി എസ്.

Back to Top
%d bloggers like this: