രണ്ടില കൊണ്ട് രണ്ടായിരം വർഷം

രണ്ടില കൊണ്ട് രണ്ടായിരം വർഷം

ഒരു സാധാരണ സസ്യം അതിന്റെ ജീവിത കാലഘട്ടത്തിൽ ആയിരക്കണക്കിന് ഇലകൾ ഉണ്ടാക്കുന്നുണ്ട്. പ്രകാശ സംശ്ലേഷണം എന്ന അവശ്യ പ്രവര്‍ത്തനം നടക്കുന്ന ഭാഗങ്ങള്‍ എന്ന നിലയില്‍ വളരെയധികം പ്രാധാന്യം ഉള്ളവയാണല്ലോ ഇലകള്‍. ഓരോ ഇലയും സസ്യങ്ങളുടെ മെരിസ്റ്റമിക കലകളില്‍ രൂപം കൊള്ളുകയും ഏതാനും ആഴ്ചകളോ ചില മാസങ്ങളോ വളരെ ക്രിയാത്മകമായ പ്രകാശ സംസ്ലേഷന പ്രവർത്തനത്തിന് ശേഷം പഴുത്തിലയായി താഴെ വീണു പോകുന്നു. ഒരു സാധാരണ മരത്തിന്‍റെ ആയുസ്സ് അന്‍പതോ അറുപതോ വര്‍ഷം ആണെങ്കില്‍ ചില പൈൻ മരങ്ങൾ നാലായിരം വർഷത്തിനുമപ്പുറം ഇപ്പോളും ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ കോടിക്കണക്കിന് ഇലകൾ വളരുകയും പൊഴിഞ്ഞു പോവുകയും ചെയ്തു കാണണം.

കേവലം രണ്ടിലകൾ കൊണ്ടു രണ്ടായിരം വർഷത്തിലധികം ജീവിക്കുന്ന ഒരു സസ്യമുണ്ട്. ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറെ തീര പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വെൽവിച്ചിയ (Welwitchia mirabilis) ആണ് ഈ വിദ്വാൻ. സസ്യ വർഗ്ഗീകരണ ക്രമത്തിൽ പുഷ്പിത സസ്യങ്ങളെക്കാൾ പരിണാമ പിന്നോക്ക വിഭാഗമായ ജിംനോസ്പേം വിഭാഗത്തിൽ വരുന്നവയാണ് ഇവ. വിഖ്യാത സസ്യ ശാസ്ത്രകാരനായ വെൽവിച്ച്‌ 1859 ലെ ഇന്നത്തെ അങ്കോളയിൽ നടത്തിയ പര്യവേഷണത്തിൽ ആണ് ഈ സസ്യം ആദ്യമായി കണ്ടെത്തിയത്. ആദ്യ ദർശനത്തിൽ തന്നെ വിസ്മയിച്ചു പോയ വെൽവിച്ച് പിന്നീട് ഇതേക്കുറിച്ച് എഴുതിയത് “ഒന്നു തൊട്ടാൽ ഇതൊരു മായിക സ്വപ്നമായി മറഞ്ഞു പോകുമോ എന്ന പകുതി ഭയത്താൽ മറ്റൊന്നും ചെയ്യാനാവാതെ മുട്ടുകുത്തി അതിനെ നോക്കിയിരുന്നു” എന്നാണ്.

പ്രാദേശിക ഭാഷയിലെ ഈ സസ്യത്തിന്റെ പേരായ ടുമ്പോ എന്ന വാക്കിൽ നിന്നും ടുമ്പോവ എന്ന പേരാണ് വെൽവിച്ച്‌ ഇതിനു നൽകിയത്. എന്നാൽ പിന്നീട് വിഖ്യാത സസ്യ വർഗ്ഗീകരണ ശാസ്ത്രകാരനായ ജെ ഡി ഹുക്കർ വേൽവിച്ചിന്റെ അനുമതിയോടെ വെൽവിച്ചിയ എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു. ഈ വിഭാഗത്തിലെ ഏക സ്പീഷീസ് ആണ് Welwitchia mirabilis.
Welwitschia mirabilis0425

ഒറ്റ നോട്ടത്തിൽ ആരെയും വിസ്മയിപ്പിക്കുന്നതാണ് ഈ സസ്യം. ശാസ്ത്ര ഭാവന കഥകളിലെ സസ്യമാണോ എന്നു സംശയിച്ചു പോകും. വിത്തു മുളച്ചു കഴിഞ്ഞാൽ ഉടനെ ഭ്രൂണത്തിന്റെ ഭാഗമായ 2 കൊട്ടിലിടൺ ഇലകൾ (പയർ എല്ലാം മുളക്കുമ്പോൾ ആദ്യം വരുന്ന വ്യത്യസ്തമായ 2 ഇലകൾ കൊട്ടിലിടൺ ആണ്) ആണ് ആദ്യം ഉണ്ടാവുക. ഏതാനും ഇഞ്ചുകൾ മാത്രമേ ഇവ വളരുകയുള്ളൂ. കുറച്ചു നാളുകളിൽ യഥാർത്ഥ ഇലകൾ വികസിച്ചു വരുന്നു, ചെടിയുടെ തണ്ടിന്ന് അറ്റത്തുള്ള മെരിസ്റ്റമിക കലകളിൽ നിന്നുമാണ് ഇലകൾ വികസിക്കുക. ഇലകൾ രൂപം കൊള്ളുന്നതോടെ തണ്ടിന്നു അറ്റത്തുള്ള മെരിസ്റ്റമിക കലകൾ ഭാഗികമായി നശിച്ചു പോവുകയും ഇലകൾക്ക് താഴെ മാത്രമായി ഇവ നിജപ്പെടുകയും ചെയ്യും. അതോടെ സസ്യത്തിന്റെ വളർച്ച മുരടിക്കുന്നു. പിന്നീട് ഇലകൾ മാത്രമാവും വളരുക. മെരിസ്റ്റമിക കലകളുടെ നിരന്തര പ്രവർത്തനത്തിന്റെ ഫലമായി തണ്ടിന്റെ ഇരുവശത്തും ഉള്ള ഇലകൾ ഒരു നാട പോലെ വളരുകയും പലപ്പോഴും നീളത്തിൽ നെടുകെ പിളരുകയും ചെയ്യും.

ഇപ്പോൾ കാണുന്ന പല വെൽവിച്ചിയ സസ്യത്തിന്റെയും പ്രായം 1000 വർഷത്തിന് അടുത്താണ്, 2000 വർഷം പ്രായം കണക്കാക്കുന്നവയും ഉണ്ട്. ഈ കാലമത്രയും രണ്ടിലകളും നിരന്തരം വളരുകയാണ്. ഒരു അറ്റത്തു സസ്യം മെരിസ്റ്റമിക കലകളുടെ പ്രവർത്തനം മൂലം ഇലകളിൽ പുതിയ കലകൾ ചേർത്ത് വെച്ചു കൊണ്ട് ഇലകളുടെ നീളം വർധിപ്പിക്കുന്നു, മറ്റേ അറ്റത്തു ജീവിത കാലാവധി കഴിഞ്ഞു പ്രവർത്തനം നിലച്ച കലകൾ ഉണങ്ങി കൊണ്ടും ഇരിക്കും.
ഏകദേശം 4 മീറ്റർ വരെ ഇത്തരത്തിൽ ഇലകൾ നീളം ഉണ്ടാകും. മണ്ണിൽ നിന്നും 1-1.5 മീറ്റർ മാത്രമാണ് തണ്ടിന്നു നീളം കാണുക. കൂടുതലും മരുസസ്യങ്ങളുടെ അനുരൂപണം ആണ് ഇവക്ക്. ആണ്‍ പെണ്‍ സസ്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു. ആലങ്കാരിക ആവശ്യത്തിനായി ഇപ്പോൾ ഉദ്യാനങ്ങളിൽ ഇവ വളർത്തുന്നുണ്ട്. ഇലകളുടെ നിത്യ യൗവ്വനം മൂലം ആവാം ഒരു പക്ഷെ ഇവക്ക് ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ കഴിയുന്നത്.

കടപ്പാട്: ഏകദേശം ഒരു വർഷം മുൻപ് ഇതേക്കുറിച്ചു എഴുതാൻ പ്രചോദനം തന്ന പ്രിയ Vinaya Raj V R നു.
ചിത്രങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ.

Back to Top