വെറുതെയൊരു കോൾ നടത്തം.. (കണ്ടതും കേട്ടതും)
മഴ നടത്തമെനിക്ക് ഭയമില്ലെങ്കിലും എന്റെ ക്യാമറക്കുള്ളിൽ ഒരു ഭയമുണ്ടെന്ന് തോന്നുന്നു 🙂
അതുകൊണ്ടുതന്നെ മഴയുടെ ശക്തി കുറഞ്ഞപ്പോൾ സൂര്യൻ ഇടക്കണ്ണിട്ട് ഇടക്കൊന്നു നോക്കിയപോൾ ക്യാം എടുത്തു കോൾപ്പാടത്തേയ്ക്ക് ഇറങ്ങി, ഏകദേശം 4 കിലോമീറ്റർ കാഴ്ചകൾ കണ്ടു നടന്നു. കണ്ണെത്താ വയലുകളെല്ലാം ജലസമാധിയിലാണ് അടുത്തകൃഷികാലത്തു വേരോടാനിരിക്കുന്ന പുത്തൻ വിത്തുകളെ കുറിച്ചും കൃഷിയിറക്കവും വിളവെടുപ്പും വരെയുള്ള മനുഷ്യസൗഹൃദങ്ങളും കിളിക്കാലൊച്ചകളും ഒരുപാട് മിസ്സ് ചെയ്യുകയാകും മണ്ണ് , എന്നാലും ജലസമാധികാലത്ത് കൂട്ടുകൂടാൻ, ഇടമാറിലൂടെ ഇഴുകി ചേർന്ന് ഒഴുകി നടന്നു ഇക്കിളിപെടുത്താൻ ഒരുപാടുകൂട്ടുകാർ എത്താറുണ്ട്, കഴിഞ്ഞ കുറേവർഷങ്ങളായി നിരോധിച്ച മാർഗങ്ങൾ ഉപയോഗിച്ചുള്ള ഊത്ത പിടുത്തം നിങ്ങൾ തിമർത്താഘോഷിച്ചപ്പോൾ, എനിക്ക് നഷ്ടപെട്ടത് വിലപെട്ട എന്റെ കൂട്ടുകാരാണ്, ഇനത്തിലും എണ്ണത്തിലും ഉണ്ടായ കുറവ് എനിക്ക് മാത്രമല്ല മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കി ജീവിക്കുന്ന ഒരുപാട് ജീവിതങ്ങൾക്കുമേൽ വച്ച കത്തിയാണ്, പാവപെട്ടവരുടെ ആഹാരമാണ്, പ്രജനന കാലത്തുള്ള മൽസ്യങ്ങളുടെ കൂട്ട സഞ്ചാരം തടസപ്പെടുത്തി, നിറഞ്ഞ ഉദരത്തോടെയുള്ള യാത്രയിൽ എളുപ്പത്തിൽ ഞങ്ങളെ ബന്ധിച്ചു വംശവർദ്ധനവ് തടസ്സപ്പെടുത്തുന്നത്, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതുമായി ഉദാഹരിച്ചുകൂടെ ? നമ്മൾ എളുപ്പവഴികൾ ഇഷ്ടപെടുന്നവർ ഊത്ത പിടുത്തം ആഘോഷിച്ചില്ലെങ്കിലേ ഉള്ളൂലെ ?
(*മണ്ണിന്റാത്മഗതം ഞാൻ മാത്രം കേട്ടു)
പാടത്തു തികഞ്ഞ നിശബ്ദതയായിരുന്നു, പുതുനാമ്പുകളും അവയുടെ ജലാശയത്തിലുള്ള പ്രതിബിംബങ്ങളും കൂടിച്ചേരുമ്പോൾ ജ്യോയോമെട്രിക്കൽ രൂപങ്ങളും മോഡേൺ ആർട്ടും ഒന്നിച്ച് പുതിയ ഒരു കലാരൂപം ആവിർഭവിച്ച പോലെ. ഓരോ പ്രാവശ്യവും ഇളം കാറ്റടിക്കുമ്പോൾ ഓളപരപ്പിലെ ചിത്രങ്ങൾക്കു പുതിയ മാനങ്ങൾ കൈവരുന്നുണ്ടായിരുന്നു . കുറച്ചു നടന്നു, ഒരു കാലിമുണ്ടിയെ പോലും കാണുന്നില്ല, കാലിയുണ്ടെങ്കിലല്ലേ കാലിമുണ്ടി വരൂ എന്നോർത്തു , പേരിനുപോലും ഒരു ചേരാകൊക്കനെ കണ്ടില്ല, കാവൽകാരെ പോലെ ഛായമുണ്ടി ഓരോന്ന് അടുത്തെത്തുമ്പോൾ മാത്രം പെട്ടെന്നുയന്നുപൊങ്ങി പറക്കുന്നത് അവിടവിടെയായി കണ്ടു. മീൻ നോക്കി കുത്തിയിയിരുപ്പു സമരം പോലെ മൂന്നു തരം മീൻകൊത്തികളെ ‘ഓൺലൈനിൽ’ കാണാനായി, കാക്കതമ്പുരാട്ടിയും തോഴിമാരും എന്നത്തേയും പോലെ തിരക്കിലാണ്, ഒന്നോ രണ്ടോ ചെങ്കണ്ണി തിത്തിരികൾ എന്നെ കാണുമ്പോ ടേക്ക്ഓഫ് കാൾ ആർഭാടാക്കി, നിശ്ശബ്ദതയുടെ നിബിഢതയെ കീറിമുറിച്ചുകൊണ്ടിരുന്നു കതിർവാലൻമാർ കുറച്ചേ ഉള്ളെങ്കിലും ശാന്തരായി കാണപ്പെട്ടു, ഒരിടത്ത് പോത പൊട്ടന്മാരും കതിർവാലൻമാരും ചങ്ങാത്തത്തിൽ കഴിയുന്ന പോലെ തോന്നി, കുറേ കഴിഞ്ഞാണ് നാലഞ്ചു കുളകൊക്കുകളും നീലക്കോഴികളും ദർശനം തന്നത്, എരണ്ടകൾ പച്ചയും ചൂളനും ഓളപ്പരപ്പിൽ അന്നം തേടുന്നുണ്ടായിരുന്നു, അതുപോലെ തന്നെ നീർകാക്കയും
നീർകാക്കയുടെ മുഖത്തു ദാരിദ്ര്യം നിഴലിച്ചു, കൂടുനെയ്തു മതിവരാതെ തുച്ഛം ചില വീവേഴ്‌സ് അവിടെ നെസ്റ്റിങ് മെറ്റീരിയൽസ് അന്വേഷിച്ചു കറങ്ങി നടക്കുന്നുണ്ടായിരുന്നു , കുറച്ചു നേരം അതു നോക്കിനിന്നു, അങ്ങിനെ ഒരിക്കൽ അവയുടെ വീവിങ് നോക്കിനിന്നിട്ടാണ് വെള്ളകറുപ്പൻ മേടുത്തപ്പിയെ കാണാതെ പോയത് 🙁 ഓർമവരുന്നു . വെള്ളം കയറിയപ്പോൾ താമര കോഴിക്കു നടക്കാൻ താമരയിലയില്ലാതെ പോയതിന്റെ പരാതിയും പരിഭവോം പേറുന്ന ഭാവം . അങ്ങകലെ ആകാശത്തു ഉയരത്തിൽ ഒരു കൃഷ്ണപ്പരുന്തും വേറൊരു തരം പരുന്തും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു , കുറച്ചു നേരം ക്യാം ഉയർത്തി പിടിച്ചപോൾ ഇതു ഞങ്ങളെമാത്രം ഉന്നം വക്കുന്നതാണെന്നു തോന്നിയിട്ടാകാം അവയേ പിന്നെ കാണാതായി, വലിയ കാഴ്ച ശക്തിയാണെ പരുന്തുകൾക് 🙂 അതാണവരുടെ ശക്തിയും. ഇണയെ കാത്തിരിക്കുന്ന ഒരു ഇണകാത്തേവനെ ഇലക്ട്രിക് പോളിൽ കണ്ടു , അകലെയൊരു ചേരക്കോഴി വിശന്നിട്ടാകണം മുങ്ങി തപ്പുന്നുണ്ട്, കുറച്ചുമൈനകളും ആറ്റചെമ്പൻ മാരും വഴിയരികിൽ ഭക്ഷണം പരതി നടപ്പുണ്ടായി, ഒട്ടിച്ചേർന്ന തുമ്പികൾ ഉയരത്തിൽ പാറി നടക്കുമ്പോൾ ശലഭങ്ങൾ പയ്യെ വെയിൽകായാൻ ഒരുങ്ങിയിരുന്നു.
പാതയോരത്തെ സസ്യവൈവിധ്യങ്ങൾ മഴനൂലിനാൽ വരിഞ്ഞു മുറുക്കപ്പെട്ടപ്പോൾ അവയുടെ ഹരിതാഭ ശോഭ വീണ്ടെടുത്തിരുന്നു .
നടന്നു തിരിച്ചു നടക്കേണ്ട പോയിന്റിൽ സ്ഥിരമായി ചൂണ്ടാൻ വരുന്ന ഒന്നുരണ്ടു പേരെ കണ്ടു, മൽസ്യങ്ങൾ ഇല്ലാതായി, കിട്ടുന്നില്ല
എന്നുള്ള സങ്കടവും…